പരിശുദ്ധ മറിയം സെലിനോട് സംസാരിച്ചപ്പോള്‍( സെലിന്റെ കഥ; മാര്‍ട്ടിന്റെയും 8)

പരിശുദ്ധ മറിയം സെലിനോട് സംസാരിച്ചപ്പോള്‍( സെലിന്റെ കഥ; മാര്‍ട്ടിന്റെയും 8)

st maryഒരു വര്‍ഷം കഴിഞ്ഞാണ് തെരേസയെ സെലിനും മാര്‍ട്ടിനും തിരികെ കിട്ടിയത്. അപ്പോഴേയ്ക്കും ബാലപീഡകള്‍ അവസാനിച്ച് ആരോഗ്യമുള്ള ഒരു കുഞ്ഞായി മാറിയിരുന്നു തെരേസ. ഒരുപാട് സ്‌നേഹത്തിലേക്കും വാത്സല്യത്തിലേക്കുമാണ് തെരേസ മടങ്ങിവന്നത്. അവളെ കാണാന്‍ കാത്തിരിക്കുകയായിരുന്നു മാതാപിതാക്കളും കൂടപ്പിറപ്പുകളും. അവര്‍ എല്ലാവരും അവളെ വാരിയെടുക്കുകയും ഉമ്മ വച്ച് സ്‌നേഹിക്കുകയും ചെയ്തു.

മാസങ്ങള്‍ കടന്നുപോയി. സെലിന്‍ പതിവുപോലെ വെളുപ്പിന് അഞ്ചരമണിക്കുള്ള കുര്‍ബാനയ്ക്ക് പോകാനായി ഉണര്‍ന്നപ്പോള്‍ തെരേസ നല്ല ഉറക്കമായിരുന്നു. അവളെ ഉണര്‍ത്താതെയാണ് സെലിന്‍ എണീറ്റത്. കുഞ്ഞ് കട്ടിലില്‍നിന്ന് വീണുപോകാതിരിക്കാനായി തലയണ തട വച്ചിട്ടാണ് സെലിന്‍ പോയത്. പള്ളി കഴിഞ്ഞ് തിരികെ എത്തിയ സെലിന്‍ നോക്കിയപ്പോള്‍ കുഞ്ഞിനെ കട്ടിലില്‍ കണ്ടില്ല. മുതിര്‍ന്ന മക്കള്‍ ആരെങ്കിലും തെരേസയെ എടുത്തുകൊണ്ടുപോയിക്കാണുമോ എന്ന് വിചാരിച്ച് ആകുലപ്പെടുമ്പോള്‍ ഒരു കരച്ചില്‍.

സെലിന്‍ നോക്കുമ്പോള്‍ കട്ടിലിന്റെ തലയ്ക്കലുള്ള ഒരു കസേരയില്‍ ഇരുന്ന് ചിണുങ്ങുകയാണ് തെരേസ. അവള്‍ എങ്ങനെയാണ് അവിടെ എത്തിയതെന്ന് സെലിന്‍ അമ്പരന്നു. സെലിന്‍ ഓടി്‌ച്ചെന്ന് തെരേസയെ പുണര്‍ന്നു. കാവല്‍മാലാഖമാര്‍ക്കും ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കള്‍ക്കും സെലിന്‍ നന്ദി പറഞ്ഞു. കാരണം എല്ലാ ദിവസവും മക്കളുടെ സുരക്ഷയ്ക്കുവേണ്ടി കാവല്‍മാലാഖമാരുടെയും ശുദ്ധീകരണാത്മാക്കളുടെയും മാധ്യസ്ഥം സെലിന്‍ തേടാറുണ്ടായിരുന്നു.

പെണ്‍കുട്ടികളാണെങ്കിലും അവരെ മനോഹരമായി അണിയിച്ചൊരുക്കി നടത്തുന്നതില്‍ സന്തോഷം കണ്ടെത്തിയിരുന്ന അമ്മ കൂടിയായിരുന്നു സെലിന്‍. തള്ളേണ്ടതിനെ തളളിയും കൊള്ളേണ്ടതിനെ കൊണ്ടും ഈ ലോകത്ത് ജീവിക്കുവാന്‍ സെലിന് സാധിച്ചിരുന്നു. ആത്മീയമായ കുടുംബപരിസരം മക്കളുടെ വളര്‍ച്ചയ്ക്കായി സൃഷ്ടി്ച്ചുകൊടുക്കുമ്പോഴും അവരെ വീട്ടിനുള്ളില്‍ കെട്ടിപ്പൂട്ടിവയ്ക്കുവാന്‍ സെലിന്‍ ആഗ്രഹിച്ചിരുന്നുമില്ല.

മക്കളുടെ തീരെ ചെറിയ പാപങ്ങള്‍ പോലും അവരുടെ ആത്മാവിന് ദോഷം ചെയ്യുമോ എന്ന ആകുലത സെലിനുണ്ടായിരുന്നു. അഞ്ചുവയസില്‍ മരണമടഞ്ഞുപോയ ഹെലന്‍ ഒരു ചെറിയ നുണ പറഞ്ഞതോര്‍ത്ത് സെലിന്‍ ഉത്കണ്ഠാകുലയായിരുന്നു. അവളെ കുമ്പസാരിപ്പിക്കാന്‍ സാധിച്ചില്ലല്ലോ എന്നതായിരുന്നു സെലിന്റെ വിഷമം. ഈ സങ്കടം മാതാവിന്റെ രൂപത്തിന് മുമ്പില്‍ നിന്ന് സെലിന്‍ പലപ്പോഴും പറയാറുണ്ടായിരുന്നു. മാര്‍ട്ടിന് വിവാഹത്തിന് മുമ്പേ സ്വന്തമായുണ്ടായിരുന്ന മാതൃരൂപമായിരുന്നു അത്.

പതിവുപോലെ മാതാവിന്റെ രൂപത്തിന് മുമ്പില്‍ നിന്ന് സങ്കടം പറയുകയായിരുന്നു സെലിന്‍..എന്റെ മാതാവേ എന്റെ കുഞ്ഞ് ശുദ്ധീകരണസ്ഥലത്ത് വല്ലതുമായിരിക്കുമോ.. അവള്‍ക്കുവേണ്ടി അമ്മ പ്രാര്‍ത്ഥിക്കണേ.. പെട്ടെന്ന് ആ രൂപത്തില്‍ നിന്ന് സെലിന്‍ ഇങ്ങനെയൊരു സ്വരം കേട്ടു.’ ഹെലന്‍ ഇതാ എന്റെ അടുത്തുണ്ട്..’ സെലിന് ആശ്വാസവും സന്തോഷവും അനുഭവപ്പെട്ടു. തന്റെ കുഞ്ഞ് സ്വര്‍ഗ്ഗത്തിലെത്തിയല്ലോ?

മക്കളുടെ ഭൗതികക്ഷേമത്തെയോര്‍ത്ത് മാത്രം ആശങ്കാകുലരാകുന്ന അമ്മമാരാണല്ലോ നമുക്കുള്ളത്? പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞാല്‍.. ജോലി ലഭിക്കാതെ വന്നാല്‍.. വിവാഹം വൈകിയാല്‍..അതെല്ലാമോര്‍ത്ത് ഉത്കണ്ഠാകുലരാകുന്ന അനേകം അമ്മമാരുണ്ട്. എന്നാല്‍ മക്കളുടെ ആത്മീയസ്ഥിതിയോര്‍ത്ത് ആശങ്കാകുലരാകുന്ന എത്ര അമ്മമാരുണ്ട്..തങ്ങളുടെ മക്കള്‍ ഇപ്പോള്‍ മരിച്ചാല്‍ അവരുടെ ആത്മാവ് എവിടെയായിരിക്കും എന്ന് ആശങ്കപ്പെടുന്നവര്‍?

ഇവിടെയല്ലേ സെലിന്‍ എന്ന അമ്മ അനുകരണീയമായ മാതൃകയാകുന്നത്?( തുടരും)

വിനായക് നിര്‍മ്മല്‍

You must be logged in to post a comment Login