പരിശുദ്ധ മാതാവിന്റെ ജീവിതം മാതൃകയാക്കണമെന്ന് വിശ്വാസികളോട് ഫ്രാന്‍സിസ് പാപ്പ

പരിശുദ്ധ മാതാവിന്റെ ജീവിതം മാതൃകയാക്കണമെന്ന് വിശ്വാസികളോട് ഫ്രാന്‍സിസ് പാപ്പ

pope 1ദൈവം നമ്മെ ഉപേക്ഷിച്ചിട്ടില്ല എന്നതിനു തെളിവാണ് പരിശുദ്ധ മാതാവിന്റെ ജീവിതമെന്ന് ഫ്രാന്‍സിസ് പാപ്പ. ലാറ്റിനമേരിക്കന്‍ സന്ദര്‍ശനങ്ങളുടെ ഭാഗമായി പരാഗ്വേയിലെത്തിയ മാര്‍പാപ്പ പരാഗ്വേയിലെ കാക്കുപ്പേ നഗരത്തിലെ പരിശുദ്ധ മാതാവിന്റെ നാമത്തിലുള്ള ദേവാലയത്തില്‍ ദിവ്യവലിയര്‍പ്പിച്ച് ജനങ്ങളോടു സംസാരിക്കുകയായിരുന്നു. ‘തന്നെക്കുറിച്ചുള്ള ദൈവത്തിന്റെ പദ്ധതി എന്താണെന്ന് പരിശുദ്ധമാതാവിന് പൂര്‍ണ്ണമായും അറിയില്ലായിരുന്നു. എന്നിട്ടും അവള്‍ ദൈവത്തില്‍ വിശ്വസിച്ചു. ദൈവത്തിന്റെ തിരുഹിതം നിറവേറാന്‍ അവളാഗ്രഹിച്ചു’, മാര്‍പാപ്പ പറഞ്ഞു. പരിശുദ്ധമാതാവിന്റെ ജീവിതത്തിലെ 3 സുപ്രധാന സംഭവങ്ങള്‍ അദ്ദേഹം വിശ്വാസികളോടു പങ്കുവെച്ചു.
ഒന്നാമത്തെ സംഭവം യേശുവിന്റെ ജനനമാണ്. മേരിക്കും ജോസഫിനും തല ചായ്ക്കാന്‍ ഒരിടം പോലും ഇല്ലായിരുന്നു. എങ്കിലും ദൈവം നിന്നോടു കൂടിയുണ്ട് എന്ന മാലാഖയുടെ വാക്കുകള്‍ മാതാവിന്റെ വിശ്വാസത്തെ ദൃഢപ്പെടുത്തി. രണ്ടാമത്തെ സംഭവം ഉണ്ണിയേശുവിനെയും കൊണ്ട് ഈജിപ്തിലേക്കു പലായനം ചെയ്തതാണ്. ആ വെല്ലുവിളിയേയും മാതാവ് അതിജീവിച്ചു. യേശുവിന്റെ കുരിശുമരണമാണ് മൂന്നാമത്തേത്. തന്റെ പ്രിയപുത്രന്‍ കഠോരമായ വേദനകള്‍ അനുഭവിച്ചപ്പോളും എല്ലാം ദൈവേഷ്ടമാണെന്നു മനസ്സിലാക്കി മാതാവ് സകലതും സഹിച്ചു. പരിശുദ്ധ മാതാവിന്റെ ഈ ശ്രേഷ്ഠമാതൃക നമ്മുടെ വിശ്വാസത്തെ ദൃഢപ്പെടുത്തണമെന്നും മാര്‍പാപ്പ പറഞ്ഞു.

You must be logged in to post a comment Login