പരിസ്ഥിതിയെ സംബന്ധിച്ച പാപ്പ ഫ്രാന്‍സിസിന്റെ ചാക്രിക ലേഖനം -ഒരു അവലോകനം

tumblr_mk98b6tdtF1s9uhqyo1_400ആമുഖം
ഏതു തരത്തിലുള്ളൊരു ലോകമാണ് നാം വരും തലമുറയ്ക്ക് കൈമാറുവാന്‍ പോകുന്നത്? ഈ ചോദ്യമാണ് ‘Laudato Si’ ‘അങ്ങേയ്ക്കു സ്തുതി’ എന്ന പരിസ്ഥിതിയുടെ പൊതുസംരക്ഷണം സംബന്ധിച്ച പാപ്പാ ഫ്രാന്‍സിസിന്റെ ചാക്രിക ലേഖനത്തിന്റെ കേന്ദ്രസ്ഥാനത്തു നില്ക്കുന്നത്. എന്നാല്‍ ഈ പ്രശ്‌നം ലോകത്തിന്റെ പരിസ്ഥിതിയെക്കുറിച്ചുള്ള ഭാഗികമായ പ്രശ്‌നമല്ല. മറിച്ച് അത് ജീവിതത്തിന്റെ അര്‍ത്ഥം, മൂല്യം എന്നിവയെയും സ്പര്‍ശിക്കുന്നുണ്ടെന്നാണ് പാപ്പാ ഫ്രാന്‍സിസ് പ്രസ്ഥാവിക്കുന്നത്. മനുഷ്യ ജീവിതത്തിന്റെ ലക്ഷ്യം എന്താണ? നമ്മുടെ അദ്ധ്വാനത്തിന്റെയും കഷ്ടപ്പാടിന്റെയും അര്‍ത്ഥമെന്താണ്? ഭൂമിക്ക് നമ്മെ ആവശ്യമുണ്ടോ?

ഈ അടിസ്ഥാന ചോദ്യങ്ങള്‍ നാം ഉന്നയിച്ചില്ലെങ്കില്‍ പാരിസ്ഥിതികമായ നമ്മുടെ ആശങ്കകള്‍ക്ക് പ്രസക്തിയുണ്ടാവില്ലെന്ന് പാപ്പാ പ്രസ്താവിക്കുന്നു. അസ്സീസ്സിയിലെ വിശുദ്ധ ഫ്രാന്‍സിസിന്റെ സൃഷ്ടിയെ പ്രകീര്‍ത്തിക്കുന്ന ഭൂമിഗീതത്തില്‍ നിന്നും (Canticle of the Earth) പ്രചോദനം ഉള്‍ക്കൊണ്ടാണ് ചാക്രിക ലേഖനത്തിന് ‘അങ്ങേയ്ക്ക് സ്തുതി!’ Laudato Si എന്ന ശീര്‍ഷകം നല്‍കിയിരിക്കുന്നത്. വിശുദ്ധന്‍ അങ്ങനെയാണ് അത് തുടങ്ങുന്നതത്.

വിശുദ്ധ ഫ്രാന്‍സിസ് രചിച്ച അങ്ങേയ്ക്ക് സ്തുതി! ദൈവമെ…! (Laudato Si’, Mi Signore!) എന്നു തുടങ്ങുന്ന ഗീതത്തില്‍ ഭൂമിയെ ‘മനുഷ്യകുലത്തിന്റെ പൊതുഭവനം’ എന്നാണ് വിശേഷിപ്പിക്കുന്നത്. കൂടെ പാര്‍ക്കുന്ന സഹോദരിയും, ഓമനിച്ച് ആശ്ലേഷിക്കുന്ന സ്‌നേഹമുള്ള അമ്മയും പോലെയാണ് ഭൂമിയെന്ന് സിദ്ധന്‍ തന്റെ വിശ്വോത്തര പ്രാര്‍ത്ഥനയില്‍ ചൂണ്ടിക്കാട്ടുന്നു (1). മനുഷ്യന്‍ പൂഴിയാണ് (ഉല്പത്തി 2,7), ഭൂമിയിലെ ധാതുക്കള്‍കൊണ്ടാണ് മനുഷ്യ ശരീരം രൂപപ്പെടുത്തിയിരിക്കുന്നത്. അതിലെ വായുവാണ് നാം ശ്വസിച്ചു ജീവിക്കുന്നത്. പിന്നെ അതിലെ ജലം ജീവന്റെ പാനീയവുമാണ്.

ഇന്ന് ഏറെ മലീമസമാക്കപ്പെടുകയും കൊള്ളയടിക്കപ്പെടുകയും ചെയ്തിട്ടുള്ള ഭൂമിയമ്മ കേഴുകയും ലോകത്തുള്ള പാവങ്ങളും പരിത്യക്തരുമായവരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുകയുമാണ്. അതിനാല്‍ നമ്മെ – വ്യക്തികളെയും കുടുംബങ്ങളെയും ദേശീയ പ്രാദേശിക സമൂഹങ്ങളെയും അന്താരാഷ്ട്ര സമൂഹത്തെയും പാരിസ്ഥിതികമായ മാനസാന്തരത്തിനായി വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയുടെ വാക്കുകളില്‍. പാപ്പാ ഫ്രാന്‍സിസും ക്ഷണിക്കുകയാണ്. മനുഷ്യന്റെ പൊതുഭവനമായ ഭൂമിയുടെ സുത്ഥിരതക്കും ഭദ്രതക്കുമായി നമ്മെത്തന്നെ സമര്‍പ്പിച്ചുകൊണ്ട് അതിന്റെ മനോഹാരിത സംരക്ഷിക്കത്തക്ക വിധത്തില്‍ ജീവിതരീതിയില്‍ മാറ്റം വരുത്തണമെന്ന് പാപ്പാ അഭ്യര്‍ത്ഥിക്കുന്നു. പരിസ്ഥിതി സംരക്ഷണവും, പ്രകൃതി പരിപാലനയും വര്‍ദ്ധിച്ചുവരുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്, എന്നാല്‍ നമ്മുടെ ഭൂമിക്ക് സംഭവിക്കുന്ന വിനാശത്തെക്കുറിച്ച് വേദനാപൂര്‍ണ്ണവും ആത്മാര്‍ത്ഥവുമായ കരുതല്‍ ഉണ്ടായിരിക്കണമെന്ന് പാപ്പാ ഫ്രാന്‍സിസ് ചാക്രിക ലേഖനത്തില്‍ സകലോരോടും പ്രത്യേകം അഭ്യര്‍ത്ഥിക്കുന്നു. (19).

ഭൂമിയെ സംരക്ഷിക്കുവാന്‍ ഒരുമിച്ചു പരിശ്രമിക്കുവാനുള്ള കരുത്തും കഴിവും, ഇനിയും മനുഷ്യനുണ്ട് എന്ന വ്യക്തമായ സന്ദേശവും പൂര്‍ണ്ണമായ പ്രത്യാശയുമാണ് പാപ്പായുടെ ചാക്രിക ലേഖനം തരുന്നത്. (13), ക്രിയാത്മകമായ ഇടപെടാനുള്ള കരുത്ത് മനുഷ്യന്റേതാണ് (58), എല്ലാം നഷ്ടമായിട്ടില്ല, മാത്രമല്ല അധഃപതനത്തിന്റെ അഗാഥ ഗര്‍ത്തത്തില്‍നിന്നും തിരികെ വരുവാനും, തെറ്റുകള്‍ തിരുത്തുവാനും, നന്മ വളര്‍ത്തുവാനും നവോന്മേഷം പ്രാപിക്കുവാനുമുള്ള കരുത്ത് മനുഷ്യനുണ്ട് (205). ക്രൈസ്തവര്‍ക്ക് സൃഷ്ടിയോടും പ്രകൃതിയോടുമുള്ള ഉത്തരവാദിത്തം അവരുടെ വിശ്വാസത്തിന്റെയും ഭാഗമാണ് എന്ന വിശുദ്ധനായ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയുടെ ചിന്തകള്‍ ചാക്രിക ലേഖനത്തിന്റെ അഞ്ചാം അദ്ധ്യായത്തില്‍ വിസ്തരിക്കുന്നുണ്ട്(64), പാരിസ്ഥിതികമായ ഇന്നിന്റെ പ്രശ്‌നങ്ങളുമായി സംവദിക്കുവാനും, അതിനുള്ള പരിഹാരമാര്‍ഗ്ഗങ്ങള്‍ തേടുവാനും പ്രബോധത്തിന്റെ ഈ ഭാഗം ഉപയോഗപ്രദമാണ് (3).

പരിസ്ഥിതിയുടെ കാര്യത്തില്‍ ഇതര സഭകളും ക്രിസ്ത്യന്‍ സമൂഹങ്ങളും, മറ്റു മതങ്ങള്‍പോലും കാണിക്കുന്ന ശുഷ്‌കാന്തി പാപ്പാ പ്രബോധനത്തില്‍ ശ്ലാഘിക്കുന്നുണ്ട (7), അതുപോലെ ഈ പ്രസ്ഥാനത്തിനായി സമര്‍പ്പിതരായിരിക്കുന്ന വ്യക്തികളും സ്ഥാപനങ്ങളും സംഘടനകളുമായ പാരിസ്ഥിതിക സുസ്ഥിതിയുടെ എല്ലാ പ്രയോക്താക്കള്‍ക്കും പാപ്പാ നന്ദിയര്‍പ്പിക്കുന്നുമുണ്ട്. സഭയുടെ പ്രബോധനങ്ങളെ പിന്‍തുണയ്ക്കത്തക്ക വിധത്തില്‍ സഹകരിക്കുന്ന ശാസ്ത്രജ്ഞന്മാരെയും താത്വികരെയും ദൈവശാസ്ത്ര പണ്ഡിതന്മാരെയും സാമൂഹ്യ പ്രവര്‍ത്തകരെയും ചാക്രിക ലേഖനം അനുസ്മരിക്കുന്നുണ്ട്. കാരണം സമഗ്രമായ പാരിസ്ഥിതിക പുരോഗതിക്കും മനുഷ്യകുലത്തിന്റെ സമ്പൂര്‍ണ്ണ വികസനത്തിനും ഇവരുടെയെല്ലാം വിലപ്പെട്ട സംഭാവനകള്‍ അനിവാര്യമാണ്. (62).

ചാക്രികലേഖനത്തിന്റെ പ്രതിപാദ്യശൈലി ആമുഖത്തിന്റെ 15ാമത്തെ ഖണ്ഡത്തില്‍ രേഖപ്പെടുത്തുകയും തുടര്‍ന്നുള്ള ആറ് അദ്ധ്യായങ്ങളിലായി പ്രതിപാദ്യ വിഷയം വിവരിച്ചു തരികയും ചെയ്യുന്നു. പരിസ്ഥിതിയുടെ ഇന്നത്തെ അവസ്ഥയെക്കുറിച്ച് നിലവിലുള്ള ശാസ്ത്രീയമായ അറിവുകളുടെ വെളിച്ചത്തിലും ബൈബിളിന്റെയും യഹൂദ-ക്രൈസ്തവ സംസ്‌ക്കാരങ്ങളുടെ പശ്ചാത്തലത്തിലും മനസ്സിലാക്കിക്കൊണ്ടാണ് ആരംഭിക്കുന്നത് (അദ്ധ്യ 2) പിന്നെ പ്രശ്‌നങ്ങളുടെ അടിവേരു കണ്ടെത്തിയശേഷം (അദ്ധ്യ 3) അമിതമായ സാങ്കേതിക ആധിപത്യത്തിലേയ്ക്ക് എപ്രകാരം ഇന്ന് മനുഷ്യന്‍ പിന്‍വലിയുന്നുവെന്നും വിവരിക്കുന്നുണ്ട്. ജീവിത പരിസരങ്ങളില്‍ നിന്ന് അവിഭക്തനായ മനുഷ്യനെയും അവന്റെ സാമൂഹ്യതലങ്ങളെയും (137) മനസ്സിലാക്കുന്ന സമഗ്രമായോരു പരിസ്ഥിതിയാണ് ചാക്രികലേഖനം നിര്‍ദ്ദേശിക്കുന്നത് (അദ്ധ്യ. 4) ഈ കാഴ്ചപ്പാടിലാണ് ജീവിതത്തിന്റെ സാമൂഹ്യ, സാമ്പത്തിക, രാഷ്ട്രീയ തലങ്ങളെക്കുറിച്ചുള്ള (അദ്ധ്യ. 5), മനഃസാക്ഷിയില്‍ കേന്ദ്രീകൃതവും രൂപീകൃതവുമായ, സത്യന്ധവും സുതാര്യവും ഉത്തരവാദിത്വപൂര്‍ണ്ണവുമായ പാരിസ്ഥിതിക സംവാദം നടത്തുന്നതിന് പാപ്പാ ഫ്രാന്‍സിസ് പരിശ്രമിക്കുന്നത് (അദ്ധ്യ. 6). കൂടാതെ ഈ മേഖലയില്‍ നിര്‍ദ്ദേശിക്കുന്ന ആശയങ്ങള്‍ വൈജ്ഞാനികവും, ആദ്ധ്യാത്മികവും, ദൈവശാസ്ത്രപരവും ആയിരിക്കണമെന്നും പാപ്പാ ഫ്രാന്‍സിസ് നിഷ്‌കര്‍ഷിക്കുന്നു. ഈ ഭാഗം അവസാനിക്കുന്നത് രണ്ടു പ്രാര്‍ത്ഥനകളോടെയാണ്. പിതാവും സൃഷ്ടാവാമുയ ദൈവത്തില്‍ വിശ്വസിക്കുന്ന സകലരുമായും, ക്രിസ്തുവിലുള്ള വിശ്വാസം പ്രഘോഷിക്കുന്നവരുമായും ഈ ആശയം പങ്കുവയ്ക്കുവാനുമുള്ള പ്രാര്‍ത്ഥനയോടെയാണ് ചാക്രിക ലേഖനം തുടങ്ങന്നതും സമാപിക്കുന്നതും.

ആമുഖം അവസാനിക്കുന്നത് പ്രതിപാദ്യ വിഷയത്തിന്റെ വിലപ്പെട്ടതും വൈവിധ്യമാര്‍ന്നതുമായ ചിന്തകളോടെയാണ്: ഭൂമിയിലെ പാവങ്ങളും എളിയവരുമായുള്ള ബന്ധം. ഈ പ്രപഞ്ചത്തിലെ സകലതും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. സാങ്കേതികതയുടെ അധിനിവേശത്തോടും നവമായ അധികാര പ്രമത്തതയ്ക്ക് എതിരായ വിമര്‍ശനം, സമ്പത്തിനെയും വികസനത്തെയും വ്യത്യസ്തമായ മനസ്സിലാക്കുവാനുള്ള കരുത്ത്, സൃഷ്ടിയുടെ മാഹാത്മ്യം, പരിസ്ഥിതിയുടെ മാനുഷികമായ കാഴ്ചപ്പാട്, വലിച്ചെറിയല്‍ സംസ്‌ക്കാരത്തെ വിമര്‍ശിക്കുവാനുള്ള ഗൗരവപൂര്‍വ്വമായ ഉത്തരവാദിത്വവും പുതിയ ജീവിതശൈലിയും (16).

 

തുടരും…

ഫാ. വില്യം നെല്ലിക്കല്‍
(കടപ്പാട്: വത്തിക്കാന്‍ റേഡിയോ, മലയാളം വിഭാഗം)

You must be logged in to post a comment Login