പറക്കും വിശുദ്ധന്റെ വിശേഷങ്ങള്‍

പറക്കും വിശുദ്ധന്റെ വിശേഷങ്ങള്‍

പഠിക്കാന്‍ മണ്ടനായ ഒരാള്‍ വിദ്യാര്‍ത്ഥികളുടെ മധ്യസ്ഥനായി മാറിയതിന്റെ അത്ഭുതമാണ് വിശുദ്ധ ജോസഫ് കൂപ്പര്‍ത്തിനോയുടെ ജീവിതകഥയുടെ ഹൈലൈറ്റ്. ദൈവവുമായുള്ള അത്യാനന്ദത്തില്‍ മുഴുകിയിരിക്കുന്ന വേളയില്‍ ഇരിക്കുന്ന ഇടങ്ങളില്‍ നിന്ന് ഉയര്‍ന്നുപൊങ്ങുന്ന അവസ്ഥയെ ദുര്‍മന്ത്രവാദമായി മറ്റുള്ളവരാല്‍ തെറ്റിദ്ധരിക്കപ്പെട്ട വ്യക്തി വിമാനയാത്രക്കാരുടെ പ്രത്യേക മധ്യസ്ഥനായതും വിശുദ്ധ ജോസഫ് കൂപ്പര്‍ത്തിനോയുടെ ജീവിതകഥയുടെ തുടര്‍ച്ച.

ചെറുപ്പം മുതല്‍ക്കേ മിസ്റ്റിക് അനുഭവങ്ങളിലൂടെ കടന്നുപോയ വ്യക്തിയായിരുന്നു അദ്ദേഹം. അത്തരം അനുഭവങ്ങളില്‍ മുഴുകിയിരിക്കുമ്പോള്‍ ചുറ്റുപാടുകള്‍ പോലും അദ്ദേഹത്തിന് നഷ്ടമായിരുന്നു.

സമപ്രായക്കാരായ പല കുട്ടികള്‍ക്കും മനസ്സിലാവാത്തതായിരുന്നു ജോസഫിന്റെ ഇത്തരം പെരുമാറ്റങ്ങള്‍. അവര്‍ അതുകൊണ്ട് അദ്ദേഹത്തെ പല പേരുകള്‍ വിളിച്ചും കളിയാക്കിക്കൊണ്ടിരുന്നു.

ആകര്‍ഷണീയമായ രൂപഭാവങ്ങളൊന്നും ജോസഫിനുണ്ടായിരുന്നില്ല. ദരിദ്രകുടുംബത്തിലായിരുന്നു ജനിച്ചുവളര്‍ന്നത്. പിതാവിന്റെ മരണശേഷം അമ്മ കുടുംബം നോക്കാന്‍ നന്നേ ബുദ്ധിമുട്ടിയിരുന്നു.

ക്ഷിപ്രകോപിയുമായിരുന്നു ജോസഫ്. വിദ്യാഭ്യാസം ഇല്ലാത്തതിന്റെ പേരില്‍ ഫ്രാന്‍സിസ്‌ക്കന്‍ സെമിനാരിയില്‍ നിന്ന് പുറത്തുപോവേണ്ടിയും വന്നിട്ടുണ്ട്. കണ്‍വന്‍ച്വല്‍ ഫ്രിയാറില്‍ കുറെക്കാലം കുതിരാലയത്തില്‍ ജോലി ചെയ്തതാണ് സന്യാസജീവിതത്തിന് പ്രവേശനം കിട്ടാന്‍ കാരണമായത്.

ജോസഫിന്റെ ലാളിത്യവും എളിമയും ഭക്തിയും മേലധികാരികള്‍ ശ്രദ്ധിക്കാനിടയായതാണ് ആ അവസരമൊരുക്കിയത്.1628 മാര്‍ച്ച് 28 ന് അദ്ദേഹം വൈദികനായി. തുടര്‍ന്നുള്ള കാലം നിരവധിയായ ദൈവാനുഭവങ്ങളുടെ അതീന്ദ്രിയതലങ്ങളിലേക്ക് ജോസഫ് ഉയര്‍ന്നുപൊങ്ങുകയുണ്ടായി.

പലപ്പോഴും ജോസഫിന്റെ ആത്മീയാനുഭവങ്ങള്‍ സഹസന്യാസിമാര്‍ക്ക് മനസ്സിലാക്കാന്‍ വിഷമമുള്ള കാര്യമായിരുന്നു. അതുകൊണ്ട് നിന്ദനങ്ങളും തെറ്റിദ്ധാരണകളും അവഗണനകളും ജോസഫിന് സ്ഥിരമായി ലഭിച്ചുകൊണ്ടിരുന്നു. ആഴ്ചയില്‍ രണ്ടു തവണ മാത്രമേ അദ്ദേഹം ഭക്ഷണം കഴിച്ചിരുന്നുള്ളൂ.

അറുപതാമത്തെ വയസില്‍ 1663 സെപ്തംബര്‍ 18 നായിരുന്നു മരണം. പോപ്പ് ക്ലമന്റ് പതിമൂന്നാമന്‍ 1767 ജൂലൈ 16 ന് വിശുദ്ധ പദവിയിലേക്കുയര്‍ത്തി.

തിരുനാള്‍ ദിനം സെപ്തംബര്‍ 18.

ബിജു

You must be logged in to post a comment Login