പല്ലവി ….അനുപല്ലവി…

പല്ലവി ….അനുപല്ലവി…

857991_421104464695714_1121969810_oകൊട്ടാരക്കര സ്വദേശിനി ശ്രീപാര്‍വതി കൂത്താട്ടുകുളം താമരക്കാട് കുഞ്ചരക്കാട് മനയിലെ ജയേഷ് എന്ന ഉണ്ണിയുടെ ഭാര്യയായത് ദൈവം അനാദിയിലെ അവരെ കൂട്ടിച്ചേര്‍ത്തിരുന്നതുകൊണ്ടുതന്നെയായിരുന്നു. അല്ലെങ്കില്‍ അസാധാരണമാം വിധം അവര്‍ സ്‌നേഹത്തില്‍ ഒന്നാവുകയും ജീവിതത്തില്‍ സംഗമിക്കുകയും ചെയ്യുമായിരുന്നില്ല. അത്ഭുതകരമായ ആ ദാമ്പത്യജീവിതത്തിന്റെ കഥ ഇങ്ങനെയാണ്…

********************************
ചാറ്റിംങ് ചീറ്റിംങായി ഇന്ന് പ്രചരിപ്പിക്കപ്പെടുന്നതിനും വളരെ മുമ്പാണ് ഈ സംഭവങ്ങള്‍.. അന്ന്, ബിരുദപഠനത്തിന് ശേഷം കോഴിക്കോട് ആകാശവാണിയില്‍ ജോലി ചെയ്യുകയായിരുന്നു പാര്‍വതി. അത്തരമൊരു ദിവസം സുഹൃത്തിന്റെ ഇന്റര്‍നെറ്റ് കഫേയില്‍ ചാറ്റിംങിനായി പോയപ്പോഴാണ് ഉണ്ണിക്കുട്ടന്‍ എന്ന പേരില്‍ ഒരു കുട്ടിയുമായി ഇന്റര്‍നെറ്റ് ലോകത്ത് സൗഹൃദം സ്ഥാപിക്കുന്നത്. ഒരു കുട്ടി തന്നെ എന്ന വിചാരത്തില്‍ കൗതുകകരമായ സൗഹൃദത്തിന്റെ ആരംഭമായിരുന്നു അത്. പിന്നെ ചാറ്റ് റൂമില്‍ ഇടയ്ക്കിടെയുള്ള സന്ദര്‍ശനങ്ങള്‍… ആരോഗ്യകരവും കൗതുകകരവുമായ സന്ദേശങ്ങള്‍… വൈകാതെ പാര്‍വതി തിരിച്ചറിഞ്ഞു താന്‍ കരുതിയതുപോലെ ഉണ്ണി ഒരു കുട്ടിയല്ല യുവാവാണെന്ന്. ആ നടുക്കം മാറും മുമ്പേ മറ്റൊന്നുകൂടി അവള്‍ മനസ്സിലാക്കി,സ്‌പൈനല്‍കോഡിന് ക്ഷതം സംഭവിച്ച് മരുന്നും പ്രാര്‍ത്ഥനയുമായി കഴിഞ്ഞുകൂടുന്ന ഒരു ചെറുപ്പക്കാരനാണ് ഉണ്ണിയെന്ന്. അതറിഞ്ഞതാകട്ടെ ഉണ്ണിയുടെ അച്ഛന്‍ കഥകളി സംഗീതജ്ഞനായ കോട്ടയ്ക്കല്‍ പരമേശ്വരന്‍ നമ്പൂതിരിയെക്കുറിച്ചുള്ള ഒരു ലേഖനത്തില്‍നിന്നും.
********************

വര്‍ഷം 1997. പാട്ടും ചിത്രമെഴുത്തും കളികളുമെല്ലാമായി സജീവമായി കഴിഞ്ഞിരുന്ന ജയേഷിന്റെ ജീവിതം തലകീഴമേലായി മറിഞ്ഞത് ആ വര്‍ഷമായിരുന്നു. ആശുപത്രിയില്‍ കഴിയുന്ന സുഹൃത്തിനെ സന്ദര്‍ശിച്ച് ഓട്ടോയില്‍ മടങ്ങുകയായിരുന്നു ഉണ്ണിയും മറ്റ് സുഹൃത്തുക്കളും. വഴിയില്‍ ഒരപകടം കെഎസ് ആര്‍ടിസി ബസിന്റെ രൂപത്തില്‍ ജയേഷിനെ കാത്തുനിന്നിരുന്നു. വണ്ടി ഓട്ടോറിക്ഷയെ വന്നിടിച്ചു. ഇടിയുടെ ആഘാതത്തില്‍ ജയേഷ് പുറത്തേയ്ക്ക് തെറിച്ചുപോയി. ഡിഗ്രിവിദ്യാര്‍ത്ഥിയായിരുന്നു അപ്പോള്‍ ജയേഷ്.
ഏതൊരാളെയും പോലെ അപകടത്തെ അതിജീവിക്കുമെന്നും സാധാരണപോലെ തിരികെജീവിതത്തിലേക്ക് മടങ്ങുമെന്നും ഉണ്ണി പ്രതീക്ഷിച്ചു. പക്ഷേ ആ അപകടം അവന്റെ ജീവിതത്തെ മാറ്റിയെഴുതുകയായിരുന്നു. സ്‌പൈനല്‍ കോഡിന് ക്ഷതം സംഭവിച്ചിരിക്കുന്നുവെന്ന് ഡോക്‌ടേഴ്‌സ് അറിയിച്ചപ്പോള്‍ സ്വഭാവികമായും അവന്‍ തളര്‍ന്നുപോയിരുന്നു.
വഴിയരികില്‍ ചിതറിത്തെറിച്ചത് തന്റെ ജീവിതസ്വപ്നങ്ങള്‍ കൂടിയായിരുന്നുവെന്ന് വേദനയോടെ ഉണ്ണി അറിഞ്ഞു. സര്‍ജറികള്‍ക്കോ മരുന്നുകള്‍ക്കോ കാര്യമായിട്ടൊന്നും ചെയ്യാനായില്ല. ഇനി യാഥാര്‍ത്ഥ്യത്തെ അംഗീകരിക്കുകയും ബാക്കിയുള്ള ജീവിതത്തെ ധൈര്യപൂര്‍വ്വം നേരിടുകയുമാണ് വേണ്ടതെന്ന് ഉണ്ണി വൈകാതെ തീരുമാനിച്ചു. അതിന്റെ ഫലമായിരുന്നു വീട്ടില്‍ ഒരു ഇന്റര്‍നെറ്റ് കഫേ ആരംഭിച്ചത്. അതാണ് പാര്‍വതിയുമായുള്ള സൗഹൃദത്തിന് കാരണമായി മാറിയത്.
പിഞ്ചുകുഞ്ഞിനെപ്പോലെ എല്ലാ അര്‍ത്ഥത്തിലും ജയേഷ് ജീവിതത്തിലേക്ക് പിച്ചവച്ച് നടക്കുകയായിരുന്നു. തന്നെപ്പോലെ തന്നെ ജീവിക്കുന്ന തൊടുപുഴയിലെ റെജി എന്ന വ്യക്തിയുമായി പരിചയപ്പെട്ടത് ജീവിതത്തില്‍ ധൈര്യം നല്കിയ ഒരു സംഭവമാണെന്ന് ജയേഷ് ഓര്‍മ്മിക്കുന്നു. സ്‌പൈനല്‍ കോഡിന് ക്ഷതം പറ്റിയ റെജി ഒരു റീഹാബിലിറ്റേഷന്‍ സെന്റര്‍ നടത്തുന്നതും സ്വന്തം കാര്യങ്ങള്‍ എല്ലാം തനിയെ ചെയ്യുന്നതും കണ്ടപ്പോള്‍ അതിജീവിക്കുവാനുള്ള ത്വര ഉണ്ണിയിലും ശക്തമായി. തന്നെതോല്പിച്ച ജീവിതത്തോട് പൊരുതിജയിക്കുക. അര്‍ത്ഥമില്ലാത്ത സഹതാപങ്ങളില്‍ നിന്നും പ്രയോജനം ചെയ്യാത്ത നിരാശതാബോധത്തില്‍ നിന്നും മുക്തിപ്രാപിക്കുക.. ജയേഷ് തീരുമാനിച്ചു.
അച്ഛനില്‍ നിന്ന് പകര്‍ന്നുകിട്ടിയ ചിത്രമെഴുത്തിന്റെ പാരമ്പര്യത്തെ ജീവിതായോധനത്തിനുള്ള മാര്‍ഗ്ഗമായി പരീക്ഷിക്കാന്‍ തീരുമാനിച്ചത് അങ്ങനെയാണ്. ഫോട്ടോഷോപ്പും ഗ്രാഫിക് ഡിസൈനിഗും അങ്ങനെ അവന്റെ വഴികള്‍ക്ക് കരുത്തായി മാറി. പുസ്തകങ്ങളില്‍ നിന്ന് വായിച്ചുമനസ്സിലാക്കിയവയും ആവര്‍ത്തനങ്ങളിലൂടെ പരീക്ഷിച്ചുനോക്കിയുമായിരുന്നു ആ അറിവുകള്‍. ആക്‌സിഡന്റ് ക്ലെയിം കിട്ടിയപ്പോള്‍ ആദ്യം ചെയ്തത് ഒരു കാറ് വാങ്ങുകയായിരുന്നു. കൈ കൊണ്ട് മാത്രം ഓടിക്കാവുന്ന വിധത്തിലുള്ള പ്രത്യേകം സജ്ജമാക്കിയതായിരുന്നു ആ കാര്‍. ഇങ്ങനെ ജീവിതം കാറും കോളും അടങ്ങി ശാന്തമായി കടന്നുപോകുമ്പോഴാണ് പ്രണയത്തിന്റെ കാറ്റ് ജയേഷിന്റെ ജീവിതത്തിലേക്ക് വീശുന്നത്…
**********************
സൗഹൃദക്കതകുകളില്‍ പ്രണയത്തിന്റെ കാറ്റ് വീശുന്നത് പതുക്കെ പതുക്കെ ജയേഷും പാര്‍വതിയും അറിയുന്നുണ്ടായിരുന്നു. പക്ഷേ സ്വഭാവികമായും എതിര്‍പ്പുകളുമുണ്ടായിരുന്നു. എന്നിട്ടും ആ പ്രണയത്തിന് മുമ്പില്‍ എതിര്‍പ്പുകകള്‍ മുട്ടുമടക്കി. 2006 ല്‍ ആയിരുന്നു ഇവരുടെ വിവാഹം. സ്വന്തം പരിമിതികളെ മറന്നുകൊണ്ടും വെല്ലുവിളിച്ചുകൊണ്ടുള്ളതുമായിരുന്നു ഉണ്ണിയുടെയും പാര്‍വതിയുടെയും പില്ക്കാലജീവിതം. കൈ കൊണ്ട് ഓടിക്കാവുന്ന വിധത്തിലുള്ള ആ കാറില്‍ ഇരുവരും ചുറ്റിസഞ്ചരിക്കാത്ത ദേശങ്ങള്‍ കുറവാണ്. വിവാഹാനന്തരം എന്തെങ്കിലുമൊക്കെ ക്രിയാത്മകമായി ചെയ്യണമെന്ന പാര്‍വതിയുടെ ആഗ്രഹത്തിനുള്ള സാക്ഷാത്ക്കാരമായാണ് മലയാള സാഹിത്യരചനകളും ലേഖനങ്ങളും അടങ്ങിയ ഒരു വെബ്‌സൈറ്റ് ഉണ്ണി ഭാര്യയ്ക്ക് സമ്മാനമായി നല്കിയത്. വിഷുക്കാലത്ത് ഒരു രാത്രികൊണ്ട് ഡിസൈന്‍ ചെയ്ത ആ വെബ്‌സൈറ്റിന് സ്വഭാവികമായി അവര്‍ നല്കിയ പേര് കണിക്കൊന്ന എന്നായിരുന്നു. ഇന്ന് മലയാളികള്‍ക്കിടയില്‍ ഏറെ ചര്‍ച്ചചെയ്യപ്പെടുന്ന ഒരു സാഹിത്യവെബ്‌സൈറ്റാണ് കണിക്കൊന്ന. കോം.
അറിയപ്പെടുന്ന കോളമിസ്റ്റും എഴുത്തുകാരിയുമാണ് ശ്രീപാര്‍വതി. ഉടനെ തന്നെ പാര്‍വതിയുടേതായ ഒരു കവിതാസമാഹാരം പുറത്തിറങ്ങും. തന്റെ എഴുത്തിന് വലിയ പ്രോത്സാഹനമാണ് ഉണ്ണി നല്കുന്നതെന്നാണ് പാര്‍വതിയുടെ സാക്ഷ്യം. എഴുത്തുകാരിയുടേതായ മൂഡ് വ്യതിയാനങ്ങള്‍ക്കിടയില്‍ തന്നെ തന്റേതായ ലോകത്തിലേക്ക് വിട്ടുകൊടുക്കാനുള്ള തുറവിയും പിന്നെ അകാരണമായ വിഷാദങ്ങള്‍ക്കിടയില്‍ തന്നെ സ്‌നേഹത്തോടെ അണച്ചുപിടിക്കാനുള്ള സന്നദ്ധതയും…. ഉണ്ണിയെക്കുറിച്ച് പാര്‍വതി പറയുന്നു.. അതൊരു വലിയ അനുഗ്രഹമാണെനിക്ക്..
ജീവിതത്തിന് മുഴുവന്‍ നിറവും നല്കിയത് ശ്രീപാര്‍വതിയാണെന്നാണ് ഉണ്ണി പറയുന്നത്. സ്‌നേഹത്തിന് വേണ്ടി എല്ലാം ത്യാഗവും അനുഷ്ഠിക്കാന്‍ ഭാര്യ തയ്യാറായതാണ് തന്റെ ഇപ്പോഴത്തെ എല്ലാ സന്തോഷങ്ങള്‍ക്ക് കാരണവും. ഉണ്ണി പറയുന്നു.

ജീവിതത്തെക്കുറിച്ചുള്ള ഇരുവരുടെയും പ്രസാദാത്മകമായ മനോഭാവം അവരെ മാത്രമല്ല പ്രകാശിപ്പിക്കുന്നത്. ചുറ്റുപാടുകളെ മുഴുവനുമാണ്. ജീവിതത്തിന്റെ വിവിധതലങ്ങളില്‍ ഒറ്റപ്പെട്ടുപോയവരെ പുറംലോകത്തിലേക്ക് കൂട്ടിക്കൊണ്ടുവരികയും അവര്‍ക്ക് സ്വന്തം കാലില്‍ നില്ക്കാനുള്ള കരുത്ത് നേടിക്കൊടുക്കുകയും ചെയ്യുക എന്ന ഉദ്ദേശ്യത്തോടെ ഇവര്‍ തണല്‍ എന്ന സംഘടനയ്ക്ക് രൂപം കൊടുത്തിട്ടുണ്ട്. സോപ്പുപൊടി നിര്‍മ്മാണം, ജ്വല്ലറിമേക്കിംങ്, ഡിസൈനിംങ് എന്നിവ പഠിപ്പിക്കുകയും അവരെ സ്വയം പര്യാപ്തരാക്കുകയും ചെയ്യുക എന്നതാണ് തണലിന്റെ ലക്ഷ്യങ്ങള്‍. മൂന്ന് മാസത്തിലൊരിക്കല്‍ ഇവരുടെ കൂട്ടായ്മയുണ്ടാകും. തുടക്കത്തില്‍ പതിനഞ്ച് പേരായിരുന്നു ഉണ്ടായിരുന്നതെങ്കില്‍ ഇന്ന് കേരളത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുള്ള നാല്പത്തിയഞ്ചുപേര്‍ ഇതില്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്.
സ്വന്തം ജീവിതത്തില്‍ സംഭവിച്ച അപകടമാണ് ഇത്തരത്തിലുള്ള മറ്റുള്ളവരെക്കുറിച്ച് കൂടി ചിന്തിക്കുവാന്‍ ഉണ്ണിയെ പ്രേരിപ്പിച്ചത്. പാര്‍വതിയും ഇത്തരം പ്രവര്‍ത്തനങ്ങളും തന്റെ ജീവിതത്തിന് കൂടുതല്‍ അര്‍ത്ഥം നല്കുന്നതായി ഉണ്ണി പറയുന്നു. ചെറുപ്പകാലത്തില്‍ മൃദംഗം, ഘടം, ഡോലക്ക് എന്നിവയില്‍ ഉണ്ണി പരിശീലനം നേടിയിരുന്നു. അടുത്തകാലത്ത് ഏതാനും ചില പ്രോഗ്രാമുകളില്‍ പങ്കെടുക്കാനും ഇതുവഴി ഉണ്ണിക്ക് കഴിഞ്ഞു.
ചാറ്റിംങില്‍ ഒരുപാട് ചതിക്കുഴികളുണ്ട്. നെറ്റ് വലയില്‍ കുടുങ്ങിപ്പോകുന്ന വരോടായി ഇരുവരും പറയുന്നു. വിവേകവും ത്യാജ്യഗ്രാഹ്യവിവേചനവും ഇക്കാര്യത്തില്‍ നമുക്കുണ്ടായിരിക്കണം. അല്ലെങ്കില്‍ പിന്നെ ജീവിതകാലം മുഴുവന്‍ നാം കണ്ണീരുകുടിക്കേണ്ടിവരും..ഇവര്‍ ഓര്‍മ്മപ്പെടുത്തുന്നു.
ദുരിതങ്ങളോ അപകടങ്ങളോ ജീവിതത്തില്‍ നിന്ന് പിന്തിരിയുവാനുള്ള കാരണങ്ങളല്ല. അതിന് ശേഷവും ജീവിതം ബാക്കിയാണ്. ആ ജീവിതത്തില്‍ കിട്ടുന്ന എല്ലാ സാധ്യതകളും ഉപയോഗിച്ച് മുഴുകുക..പ്രവര്‍ത്തിക്കുക..സന്തോഷിക്കാന്‍ നമുക്ക് കാരണങ്ങള്‍ അതില്‍ നിന്ന് കിട്ടും. ഉണ്ണി പറയുന്നു. വെളിയിലേക്ക് വരിക… ജീവിതം നിങ്ങളെ കാത്തുനില്ക്കുന്നു.. ശയ്യാവലംബികളായി കഴിഞ്ഞുകൂടുന്നവരെ ഉണ്ണി ആഹ്വാനം ചെയ്യുന്നു..

You must be logged in to post a comment Login