പളളി അടച്ചുപൂട്ടല്‍; ആര്‍ച്ച് ബിഷപ് ബെര്‍നാര്‍ഡ് മോറസിന് വിശ്വാസികളുടെ പിന്തുണ

പളളി അടച്ചുപൂട്ടല്‍; ആര്‍ച്ച് ബിഷപ് ബെര്‍നാര്‍ഡ് മോറസിന് വിശ്വാസികളുടെ പിന്തുണ

ബെംഗളൂര്: നാഗെന്‍ഹള്ളിയിലെ സെന്റ് പോള്‍ ദ ഹെര്‍മിറ്റ് ചര്‍ച്ച് അടച്ചിട്ടതു സംബന്ധിച്ച് സഭയ്ക്കും ആര്‍ച്ച് ബിഷപ് ബെര്‍നാര്‍ഡ് മോറസിനുമെതിരെ പ്രചരിച്ചുകൊണ്ടിരിക്കുന്ന വ്യാജആരോപണങ്ങള്‍ക്കെതിരെ ബെംഗളൂരിലെ കത്തോലിക്കര്‍ രംഗത്ത്. ആന്റി സോഷ്യല്‍ ശക്തികളുടെ പിന്തുണയോടെ വിവരങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കുകയും പ്രചരിപ്പിക്കുകയുമാണ് ചിലര്‍ ചെയ്തുകൊണ്ടിരിക്കുന്നതെന്ന് ജൂണ്‍ 29 ന് ഇറക്കിയ പ്രസ്താവനയില്‍ അവര്‍ പറഞ്ഞു.

സഭയുടെയും ബെംഗളൂര് ആര്‍ച്ച് ബിഷപ്പിന്റെയും മുഖഛായയെ അപമാനിക്കുന്ന രീതിയിലുള്ള ദുഷ്പ്രചരണങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും അവര്‍ ആരോപിച്ചു. അടുത്തയിടെ മരണമടഞ്ഞ ഫാ. ചൗരപ്പ സെല്‍വരാജിന്റെ പ്രതിമ പള്ളി കോമ്പൗണ്ടില്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങളെ തുടര്‍ന്നാണ് പള്ളി അടച്ചിടാന്‍ ആര്‍ച്ച് ബിഷപ് ഉത്തരവിറക്കിയത്. കാനന്‍ നിയമപ്രകാരം സഭ ഔദ്യോഗികമായി വിശുദ്ധരായി പ്രഖ്യാപിക്കുന്നവരുടേതല്ലാതെ പ്രതിമകള്‍ പള്ളിയിലോ അങ്കണത്തിലോ പ്രതിഷ്ഠിക്കുവാന്‍ പാടുള്ളതല്ല. എന്നാല്‍ ഇതിന് വിപരീതമായാണ് ഫാ. ചൗരപ്പയുടെ പ്രതിമ സ്ഥാപിക്കാനുള്ള നീക്കം നടന്നത്.

2013 ല്‍ സെന്റ് പീറ്റേഴ്‌സ് സെമിനാരി റെക്ടര്‍ ഫാ. കെ.ജെ തോമസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതിയായി പേരു ചേര്‍ക്കപ്പെട്ട വ്യക്തിയാണ് ഫാ. ചൗരപ്പ.

ഫാ ചൗരപ്പയെയും അനുയായികളെയും സംബന്ധിച്ച യാഥാര്‍ത്ഥ്യങ്ങള്‍ പൊതുജനങ്ങള്‍ അറിയണം. ഫാ. അംബ്രോസ് പിന്റോ പറഞ്ഞു. ഫാ. ചൗരപ്പയുടെ പ്രതിമ സ്ഥാപിക്കാനുള്ള ന്യായീകരണമായി അദ്ദേഹത്തെ പിന്തുണയ്ക്കുന്നവര്‍ പറയുന്നത് സെന്റ് പോള്‍ ദേവാലയം പണിയിപ്പിച്ചത് അദ്ദേഹമാണെന്നാണ്. ലോകത്തിലെ ഏതു പള്ളിയും പണികഴിപ്പിച്ചത് ഏതെങ്കിലും ഒരു വൈദികനും അതിന് പിന്നില്‍ പിന്തുണയ്ക്കാനുള്ള ഒരു വിശ്വാസസമൂഹവും കൂടി ചേര്‍ന്നാണ്. അതുമാത്രമേ ഇവിടെയും നടന്നിട്ടുള്ളൂ. പക്ഷേ പള്ളി പണികഴിപ്പിച്ച വൈദികരുടെ പ്രതിമകളൊന്നും ഒരിടത്തും സ്ഥാപിക്കപ്പെട്ടിട്ടില്ല.

ഫാ. അംബ്രോസ് വ്യക്തമാക്കി.

You must be logged in to post a comment Login