പള്ളിയില്‍ പോലീസെത്തി വിവാഹം തടഞ്ഞു,പാസ്റ്ററെയും വധുവിന്റെ ബന്ധുക്കളെയും അറസ്റ്റ് ചെയ്തു

പള്ളിയില്‍ പോലീസെത്തി വിവാഹം തടഞ്ഞു,പാസ്റ്ററെയും വധുവിന്റെ ബന്ധുക്കളെയും അറസ്റ്റ് ചെയ്തു

ഭോപ്പാല്‍: പരിശുദ്ധമായ വിവാഹച്ചടങ്ങുകള്‍ ദേവാലയത്തില്‍ നടന്നുകൊണ്ടിരിക്കവെ പോലീസ് എത്തി തിരുക്കര്‍മ്മങ്ങള്‍ തടയുകയും പത്തുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. സത്‌ന പള്ളിയില്‍ ബുധനാഴ്ചയാണ് അനിഷ്ടകരമായ ഈ സംഭവം നടന്നത്.

ബജറംഗ്ദളിന്റെ പരാതിയെതുടര്‍ന്നാണ് തങ്ങള്‍ വിവാഹം തടഞ്ഞതെന്നാണ് മധ്യപ്രദേശ് പോലീസിന്റെ വിശദീകരണം. നിയമപരമല്ലാതെയാണ് വധൂവരന്മാര്‍ ക്രിസ്തുമതത്തിലേക്ക് മതപ്പരിവര്‍ത്തനം നടത്തിയത് എന്നാണ് ബജ്‌റംഗദള്‍പ്രവര്‍ത്തകരുടെ പരാതി. പാസ്റ്ററും വരന്റെ മാതാപിതാക്കളും ഉള്‍പ്പടെ പത്തുപേരെയാണ് അറസ്റ്റ് ചെയ്തത്.

വധു പ്രായപൂര്‍ത്തിയാകാത്ത ആളാണെന്നും 18 തികയാന്‍ പത്തുദിവസം കൂടിയുണ്ടെന്നും പരാതിയില്‍ പറയുന്നുണ്ട്. വധുവിന്റെ കുടുംബം നാലു വര്‍ഷം മുമ്പ് ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തതാണ്. എന്നാല്‍ ഇക്കാര്യം ജില്ലാ അധികാരികളെ അറിയിച്ചിട്ടില്ല. ഇക്കാരണത്താല്‍ വധു ഹിന്ദുവാണെന്നും മൈനറാണെന്നുമാണ് പരാതി.

കുശവസമുദായാംഗമാണ് വധു. ബജറംഗദളും ആര്‍എസ്എസും ചേര്‍ന്നു നടത്തിയ കെട്ടിച്ചമച്ച കേസാണിതെന്നും വധുവരന്മാര്‍ ക്രൈസ്തവരാണെന്നും ചര്‍ച്ച് വക്താവ് മേരിയോഷ് ജോസഫ് പറഞ്ഞു.

You must be logged in to post a comment Login