പാക്കിസ്ഥാനിലുണ്ടൊരു റോബിന്‍ഹുഡ്

പാക്കിസ്ഥാനിലുണ്ടൊരു  റോബിന്‍ഹുഡ്

കറാച്ചി: റോബിന്‍ഹുഡ്. കേള്‍ക്കുന്ന മാത്രയില്‍ തന്നെ നമുക്ക് അര്‍ത്ഥം മനസ്സിലായി. ദരിദ്രരെ സഹായിക്കാന്‍ സമ്പന്നരെ കൊള്ളയടിക്കുകയോ അവരുടെ പണം കൈക്കലാക്കുകയോ ചെയ്യുന്ന വ്യക്തി. ഇതാ അത്തരമൊരു റോബിന്‍ഹുഡ് കറാച്ചിയിലുമുണ്ട്.

20 മില്യന്‍ ആണ് ഇവിടത്തെ ജനസംഖ്യ. അതില്‍ പാതിയും ദരിദ്രരാണ്. ആയിരക്കണക്കിന് കുടുംബങ്ങള്‍ ഒരു നേരമെങ്കിലും ഭക്ഷണം കഴിക്കുന്നതിന് വേണ്ടി പടപൊരുതുന്നവരാണ്. ഇവര്‍ക്കിടയിലേക്കാണ് ഈ അഭിനവ റോബിന്‍ഹുഡ് സംഘം കടന്നുവന്നിരിക്കുന്നത്.

ദരിദ്രരുടെ ഈ അവസ്ഥയ്ക്ക് മാറ്റം വരുത്തണം എന്നത് മാത്രമായിരുന്നു ഉദ്ദേശ്യം. റോബിന്‍ഹുഡ് ആര്‍മി എന്നാണ് ഇത് അറിയപ്പെടുന്നത്. ആറ് പേരായിരുന്നു തുടക്കത്തില്‍ സംഘത്തിലുണ്ടായിരുന്നത്. കഴിഞ്ഞവര്‍ഷമായിരുന്നു റോബിന്‍ഹുഡ് ആര്‍മിയുടെ തുടക്കം. ഇന്ന് അതില്‍ 70 പേര്‍ അംഗങ്ങളാണ്.

പറയാന്‍ മറന്നു, ഈ റോബിന്‍ഹുഡ് സംഘം എന്താണ് ചെയ്യുന്നതെന്ന്.. ഹോട്ടലുകളില്‍ നിന്നും റെസ്‌റ്റോറന്റുകളില്‍ നിന്നും പാഴായി പോയ ഭക്ഷണം ശേഖരിച്ച് ചേരികളില്‍ വിതരണം ചെയ്യുകയാണ് ഇവര്‍ ചെയ്യുന്നത്. കറാച്ചിയിലെ 25 ചേരികളില്‍ ഇവര്‍ ഇപ്രകാരം ഭക്ഷണം വിതരണം ചെയ്യുന്നു.

സമ്പന്നന്‍ പാഴാക്കിക്കളയുന്ന ഭക്ഷണം ദരിദ്രനെ കൊള്ളയടിക്കുന്നതാണെന്നാണല്ലോ ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞിരിക്കുന്നത്. സമ്പന്നരുടെ മേശയില്‍ നിന്നും ദരിദ്രരുടെ പാത്രങ്ങളിലേക്ക് അന്നമെത്തിക്കുന്ന ഈ റോബിന്‍ഹുഡ് സംഘത്തെ എത്ര അഭിനന്ദിച്ചാലും മതിയാവുകയില്ല തന്നെ..

You must be logged in to post a comment Login