പാചക മത്സരത്തില്‍ മാറ്റുരക്കാന്‍ കന്യാസ്ത്രിയും!

ചിക്കാഗോ: പാകത്തിന് ഉപ്പ്, പഞ്ചസാര, വെള്ളം…. പല വിധത്തിലുള്ള റസിപ്പികളുമായി ചാനലുകളില്‍ കുക്കറി ഷോകള്‍ അരങ്ങു തകര്‍ക്കുന്ന കാലമാണ്. അമേരിക്കയിലും ഈ ട്രെന്‍ഡിന് വ്യത്യാസമൊന്നുമില്ല. മിക്ക കുക്കറി ഷോകളിലും വീട്ടമ്മമാരാണ് താരങ്ങള്‍. എന്നാല്‍ പാചകം വീട്ടമ്മമാരുടെ മാത്രം കുത്തകയൊന്നുമല്ല എന്ന മട്ടില്‍ മത്സരിക്കാന്‍ രംഗത്തിറങ്ങിയിരിക്കുകയാണ് ഫ്രാന്‍സിസ്‌കന്‍ സന്യാസിനിയായ സിസ്റ്റര്‍ അലീസിയ ടോറസ്.

ചിക്കാഗോയിലെ സ്വാകാര്യ ചാനല്‍ നടത്തുന്ന പുതിയ റിയാലിറ്റി ഷോയിലെ മത്സരാര്‍ത്ഥികളിലൊരാളാണ് സിസ്റ്റര്‍ ടോറസ്. 10,000 ഡോളറാണ് കുക്കറി ഷോയിലെ വിജയിക്ക് സമ്മാനമായി ലഭിക്കുക.

വെറുതേയൊരു രസത്തിന് മത്സരിക്കാനിറങ്ങിയതല്ല സിസ്റ്റര്‍. മത്സരത്തില്‍ വിജയിച്ചാല്‍ ആ തുക ഏതെങ്കിലും സന്നദ്ധ പ്രവര്‍ത്തനത്തിനായി വിനിയോഗിക്കുകയാണ് സിസ്റ്ററുടെ ലക്ഷ്യം.

ചെറുപ്പം മുതലേ ഭക്ഷണമുണ്ടാക്കാനും വ്യത്യസ്തമായ റസിപ്പികള്‍ പരീക്ഷിക്കാനും തനിക്ക് ഏറെ ഇഷ്ടമായിരുന്നു എന്ന് സിസ്റ്റര്‍ ടോറസ് പറയുന്നു. എന്നാല്‍ ഈ മത്സരം കേവലമൊരു വിനോദമെന്നതിനപ്പുറം മഹത്തായ ഒരു ലക്ഷ്യത്തിനു വേണ്ടിയാണ്. ‘ഞാന്‍ കര്‍ത്താവിനു വേണ്ടിയാണ് ഇതു ചെയ്യുന്നത്. പാവപ്പെട്ടവരായ ആളുകള്‍ക്കളെ എനിക്കാവും വിധം സഹായിക്കണം’, സിസ്റ്റര്‍ ടോറസ് കൂട്ടിച്ചേര്‍ത്തു.

You must be logged in to post a comment Login