പാട്ടു കേട്ടു, ആത്മഹത്യ വേണ്ടെന്ന് തീരുമാനിച്ചു

നക്ഷത്രങ്ങള്‍ വിരിഞ്ഞു നിന്ന രാത്രിയായിരുന്നു അത്. പക്ഷേ വഴിയിലെങ്ങും ഇരുള്‍ മാത്രമേ ഉള്ളൂവെന്നാണ് അയാള്‍ക്ക് തോന്നിയത്. കാരണം അയാള്‍ക്ക് അത് അങ്ങനെയൊരു രാത്രിയായിരുന്നു..

പുലരി കാണില്ല എന്ന് തീരുമാനിച്ചുറപ്പിച്ച് വീട്ടിലേക്ക് നടക്കുന്ന ഒരാള്‍ക്ക് അല്ലെങ്കില്‍ എങ്ങനെയാണ് ദീപക്കാഴ്ചകള്‍ കണ്ണു നിറയ്ക്കുന്നതായി മാറുന്നത്? അയാളുടെ കയ്യില്‍ അപ്പോള്‍ ഉണ്ടായിരുന്നത് പൊറോട്ടയും ഇറച്ചിക്കറിയും. പിന്നെ പെപ്‌സിയുടെ വലിയൊരു ബോട്ടില്‍. വീട്ടില്‍ തന്റെ വരവും കാത്തിരിക്കുന്ന മൂന്ന് പെണ്‍മക്കള്‍.ഭാര്യ.

അയാളുടെ കണ്ണു നിറഞ്ഞു. അയാള്‍ കയ്യിലെ പൊതിയിലേക്ക് ഒരിക്കല്‍ക്കൂടി
നോക്കി. ജീവിതം അവസാനിപ്പിക്കാനുള്ള മാര്‍ഗ്ഗം കലര്‍ത്തിയിരിക്കുന്ന ആഹാരപദാര്‍ത്ഥങ്ങള്‍.. ഇനിയൊരു പുലരി തങ്ങള്‍ കാണില്ല..

കടക്കാരുടെ ചോദ്യങ്ങളില്‍ നിന്ന്.. അപമാനങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ ഒരേയൊരു മാര്‍ഗ്ഗം. ആത്മഹത്യ…

വീട്ടിലേക്കുള്ള വഴിയിലേക്ക് പ്രവേശിച്ചപ്പോള്‍ ഒരു ഗാനം അയാളെ തേടിയെത്തി. ഇരുളില്‍ ആരോ വിളക്ക് കൊളുത്തിയതുപോലെയായിരുന്നു അത്.. ആ ഗാനം അയാളുടെ കാതുകളിലേക്കല്ല ആത്മാവിലേക്കാണ് പടര്‍ന്നിറങ്ങിയത്. ആ ഗാനം ഇങ്ങനെയായിരുന്നു.

എന്തിന് കേഴുന്നു മകനേ മകളേ എല്ലാ നൊമ്പരവും നിന്‍ നന്മയാക്കാന്‍ ഞാനുണ്ട് നിന്നോടുകൂടെ.. എവിടെ നിന്നാണാ ഗാനം? ആരാണ് അത് പറയുന്നത്?

അയാള്‍ പരിഭ്രാന്തിയോടെ ചുറ്റും നോക്കി. അടുത്തവീട്ടില്‍ നിന്ന് ടേപ്പ് റിക്കോര്‍ഡര്‍ വച്ചിരിക്കുന്നതാണ്. അയാള്‍ ആ വീട്ടിലേക്കോടി കയറി. ഗാനം തീര്‍ന്നിരുന്നു. എങ്കിലും അയാള്‍ ആവശ്യപ്പെട്ടത് അനുസരിച്ച് ആ ഗാനം വീണ്ടും അവിടെ ഉയര്‍ന്നു. എന്തിന് കേഴുന്നു മകനേ മകളേ എല്ലാ നൊമ്പരവും നിന്‍ നന്മയാക്കാന്‍ ഞാനുണ്ട് നിന്നോടുകൂടെ..

അയാള്‍ പൊട്ടിക്കരഞ്ഞുപോയി.പിന്നെ അയാള്‍ ഇറങ്ങിയോടി.. കയ്യിലിരുന്ന പൊതി ദൂരേയ്ക്ക് വലിച്ചെറിഞ്ഞു..മരണത്തിലേക്കായിരുന്നില്ല ജീവിതത്തിലേക്കായിരുന്നു അയാള്‍ ഓടിപ്പോയത്.

അയാളെയും കുടുംബത്തെയും ആത്മഹത്യയില്‍ നിന്ന് രക്ഷിച്ച ആ ഗാനം എഴുതിയത് കൂമ്പാറ ബേബി എന്ന പ്രതിഭാസമ്പന്നനായ ഗാനരചയിതാവായിരുന്നു. അഞ്ഞൂറിലധികം ക്രൈസ്തവഭക്തിഗാനങ്ങള്‍ രചിച്ചിട്ടുള്ള കൂമ്പാറ ബേബി തന്റെ ഗാനവഴികളിലൂടെ സഞ്ചരിക്കവെ വെളിപ്പെടുത്തിയതായിരുന്നു ഈ അനുഭവം.

“പുല്ലൂരാംപാറ ബഥാനിയായില്‍ ഞാന്‍ ഒരു ദിവസം ഇരിക്കുകയായിരുന്നു. അപ്പോഴാണ്  കൗണ്ടറിലിരിക്കുന്ന പെണ്‍കുട്ടിയോട് ഒരാള്‍ ചോദിക്കുന്നത് കേട്ടത്. എന്തിന് കേഴുന്നു മകനേ മകളേ എന്ന പാട്ടുള്ള കാസറ്റ് ഇവിടെയുണ്ടോ? ഞാന്‍ മുഖമുയര്‍ത്തി നോക്കി. ആജാനുബാഹുവായ ഒരാള്‍. അത് തീര്‍ന്നുപോയെന്നും എന്നാല്‍ അതെഴുതിയ സാറാണ് ഈ ഇരിക്കുന്നതെന്നും പെണ്‍കുട്ടി പറഞ്ഞപ്പോള്‍ അയാള്‍ എനിക്ക് നേരെ കൈകള്‍ കൂപ്പിക്കൊണ്ട് ചോദിച്ചു., സാറേ ഒന്ന് പുറത്തേയ്ക്ക് വരാമോ? ഇറങ്ങിച്ചെന്ന എന്നോട് അയാള്‍ ആ കഥ പറഞ്ഞു. ആ പാട്ട് കേട്ട് ആത്മഹത്യയില്‍ നിന്ന് പിന്തിരിഞ്ഞ കഥ”.

ഇങ്ങനെ എത്രയോ സംഭവങ്ങള്‍, അനുഭവങ്ങള്‍.. കൂമ്പാറ ബേബി തുടര്‍ന്നു

“എന്റെ ഓരോപാട്ടുകള്‍ക്കും ജീവിതാനുഭവവുമായി ബന്ധമുണ്ട്. അതിലൊന്നാണ് ദൈവമേ നീ തരുന്നതെന്തും നിറഞ്ഞ മനസ്സോടെ എന്ന ഗാനം.

ദിനവും രാവിലെ ദിവ്യബലിയില്‍ പങ്കെടുക്കുന്ന ശീലമുണ്ട് ബേബിക്ക്. അന്നും പതിവുപോലെ പള്ളിയിലേക്ക് പോകുമ്പോള്‍ ഒരു അയല്‍ക്കാരനെയും കണ്ടുമുട്ടി. അദ്ദേഹം അപ്പോള്‍ കാല്‍ മുഴുവന്‍ പഴുത്ത് വ്രണമായിക്കൊണ്ടിരിക്കുന്ന ഒരു രോഗാവസ്ഥയിലൂടെ കടന്നുപോവുകയായിരുന്നു. അസുഖമെങ്ങനെയുണ്ട് എന്ന ബേബിയുടെ ചോദ്യത്തിന് അയാള്‍ മറുപടി പറഞ്ഞത് ഇപ്രകാരമായിരുന്നു. ദൈവം തരുന്നതെന്തും നിറഞ്ഞമ നസ്സോടെഏറ്റുവാങ്ങാനുള്ള കൃപ കിട്ടിയാല്‍ മതിയായിരുന്നു എനിക്ക്. മറ്റൊന്നും വേണ്ടെനിക്ക്.. തനിക്ക് അപ്രാപ്യമായ ഒരു ചിന്തയാണല്ലോ ഈ അയല്‍ക്കാരന്‍ പറഞ്ഞിരിക്കുന്നത് എന്ന ചിന്ത ബേബിയുടെ മനസ്സില്‍ നിറഞ്ഞു.

അയാള്‍ പറഞ്ഞതത്രയും ബേബിയുടെ വിരലുകളില്‍ നിന്ന് അക്ഷരങ്ങളായി അടര്‍ന്നുവീണു. ദൈവമേ നീ തരുന്നതെന്തും കൈകള്‍ നീട്ടി വാങ്ങുവാനൊരു ഹൃദയമേകണേ.. കുര്‍ബാനയ്ക്ക് മുമ്പായി പള്ളിമേടയിലിരുന്ന് തന്നെ ആ ഗാനത്തിന്റെ പല്ലവിയും അനുപല്ലവിയും ബേബി എഴുതിത്തീര്‍ത്തു. കുര്‍ബാനയ്ക്ക് ശേഷം ഫാ. ജോയി ചേര്‍പ്പുങ്കല്‍ അത് ഹാര്‍മ്മോണിയത്തില്‍ ഈണമിട്ടു. കാരണം അച്ചന്റെ ഒരാഗ്രഹമായിരുന്നു ബേബിയെക്കൊണ്ട് ഗാനങ്ങള്‍ എ ഴുതിച്ച് ഒരു കാസറ്റ് പുറത്തിറക്കണമെന്നത്. അച്ചന്‍ സംഗീതജ്ഞന്‍ കൂടിയായിരുന്നു.

സ്‌നേഹപ്രവാഹം എന്ന കാസറ്റ് മലയാളത്തില്‍ തരംഗമായി മാറിയ കാലമായിരുന്നു അത്. എങ്കിലും ബലിദാനം എന്ന പേരില്‍ കൂമ്പാറ ബേബിയും ഫാ. ജോയി ചേര്‍പ്പുങ്കലും ചേര്‍ന്നൊരുക്കിയ കാസറ്റും ഹിറ്റായി.ജീവിതഗന്ധിയായ ഗാനങ്ങള്‍ കൊണ്ടും ഹൃദയസ്പര്‍ശിയായ ഈണം കൊണ്ടും. ദൈവത്തിന് മുമ്പില്‍ സ്വയം സമര്‍പ്പിക്കാന്‍ ഏതൊരാളെയും പ്രേരിപ്പിക്കുന്ന ദൈവമേ നീ തരുന്നതെന്തും എന്ന ഗാനം ആലപിച്ചത് മധുബാലകൃഷ്ണനാണ്. അതിലെ തന്നെ മനോഹരമായ മറ്റൊരു ഗാനമാണ് കെസ്റ്റര്‍ ആലപിച്ച ദിവ്യകാരുണ്യനായകനേ എന്നുള്ളം കാത്തിരിപ്പൂ എന്നത്.

ഇന്നും പല കണ്‍വന്‍ഷന്‍ പന്തലുകളിലും ദേവാലയങ്ങളിലും കൂമ്പാറ ബേബിയുടെ പാട്ടുകള്‍ അതിമനോഹരമായി ആലപിക്കപ്പെടാറുണ്ട്. ഉദാഹരണത്തിന് ഓശാനയുടെ അവസരങ്ങളില്‍ മിക്ക ദേവാലയങ്ങളിലും കേള്‍ക്കുന്ന ഗാനമാണ് അധരങ്ങളില്‍ സ്തുതി കീര്‍ത്തനം എന്നു തുടങ്ങുന്ന ഗാനം. അതുപോലെ ആത്മനാഥനേശുവേ തിരുമുമ്പിലെന്റെയീ ആത്മാര്‍ച്ചന, നിത്യജീവന്റെ ആഹാരമേ മണ്ണില്‍ മര്‍ത്ത്യന്റെ തിരുഭോജ്യമേ, ഇടയഗീതം കേള്‍ക്കാനണയൂ, ആത്മീയജീവന്റെ ഭോജ്യമേ, പാവനാത്മാവേ എന്നില്‍ നിറയണേ..ജീവിക്കുന്ന ദൈവമേ..ഇങ്ങനെ പ്രശസ്തമായ, ഒളിമങ്ങാതെ ശോഭിക്കുന്ന അനേകം ഗാനങ്ങളുടെ രചയിതാവാണ് കൂമ്പാറ ബേബി.

പക്ഷേ പാടുന്നവരോ കേള്‍ക്കുന്നവരോ അതാരാണ് രചിച്ചതെന്ന് പലപ്പോഴും അന്വേഷിക്കാറില്ല. കോക്കസുകളിലും ചര്‍ച്ചകളിലും പ്രത്യക്ഷപ്പെടാറില്ലാത്തതുകൊണ്ട് കൂമ്പാറ ബേബി പലയിടത്തും പരാമര്‍ശിക്കപ്പെടാറുമില്ല.

പുല്ലൂരാംപാറ ബഥാനിയ റിട്രീറ്റ് സെന്ററുമായി ചേര്‍ന്നാണ് ഒട്ടുമിക്ക ഗാനങ്ങളും പുറത്തിറക്കിയിട്ടുള്ളത്. ചില ഗാനങ്ങള്‍ക്ക് ഈണം നല്കിയിട്ടുമുണ്ട്. മറ്റുള്ളവരുടെ വേദനകളും സങ്കടങ്ങളും പലപ്പോഴും തന്റെ രചനകള്‍ക്ക് വിഷയമായി മാറാറുണ്ടെന്ന് ബേബി സാക്ഷ്യപ്പെടുത്തുന്നു.

അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ നടന്ന ഒരു സംഭവമാണ് തന്നെ എഴുത്തുകാരനാക്കി മാറ്റിയതെന്ന് ബേബി പറയുന്നു. ക്ലാസിലിരുന്ന് കവിതയെഴുതുകയായിരുന്ന കുഞ്ഞുബേബിയെ കണിശക്കാരനായ ഹെഡ്മാസ്റ്റര്‍ വൈദികന്‍ ശിക്ഷിക്കാനായി ഏല്പിച്ചത് അസിസ്റ്റന്റ് ഹെഡ്മാസ്റ്ററെ. നിശീഥിനി എന്നു തുടങ്ങുന്ന കവിത ഏതോ പ്രണയലേഖനമാണെന്നാണ് ഹെഡ്മാസ്റ്റര്‍ കരുതിയത്. പരിശോധിച്ചുനോക്കിയ അസിസ്റ്റന്റ് ഹെഡ്മാസ്റ്ററാണ് അത് പ്രണയലേഖനമല്ലെന്നും കവിതയാണെന്നും കണ്ടെത്തിയത്. ക്ലാസ് റൂമില്‍ അധ്യാപകന്‍ പഠിപ്പിച്ചുകൊണ്ടിരുന്നപ്പോള്‍ എഴുതിയത് ശരിയായില്ലെങ്കിലും എഴുതിയത് കവിതയായതുകൊണ്ട് അധ്യാപകര്‍ ശിക്ഷിക്കാതെ പറഞ്ഞയച്ചു. ഒപ്പം അനുഗ്രഹവും നല്കി.

” നീ ഭാവിയില്‍ വലിയൊരു കവിയായിത്തീരും. “ആ അനുഗ്രഹമാണ് തനിക്ക് വെളിച്ചമായി മാറിയതെന്ന് ബേബി. രണ്ടുമക്കളാണ് കൂമ്പാറയില്‍ പോസ്റ്റ്മാസ്റ്ററായി ജോലി നോക്കുന്ന ബേബിക്കുള്ളത്. അതില്‍ ഒരാള്‍ വൈദികനാണ്. ഫാ. ലിബിന്‍ കൂമ്പാറ.

മകന്റെ പട്ടത്തിന് പാടുന്നത് താന്‍ എഴുതിയ പാട്ടായിരിക്കണമെന്ന് ഈ പിതാവിന് ഒരു മോഹമുണ്ടായിരുന്നു. ആ ആഗ്രഹവും ദൈവം സാധിച്ചുകൊടുത്തു. അഭിഷിക്തം എന്ന പേരില്‍ അക്കാലത്ത് ഇറങ്ങിയ കാസറ്റിലെ പാട്ടുകളായിരുന്നു അഭിഷേകച്ചടങ്ങുകളില്‍ ആലപിച്ചത്.

എഴുതുന്ന പാട്ടുകള്‍ ദൈവികചിന്ത ഉണര്‍ത്തുന്നതായിരിക്കണം..മനുഷ്യരെ ദൈവത്തിങ്കലേക്ക് അടുപ്പിക്കുന്നതായിരിക്കണം..ബേബിക്ക് അതുമാത്രമേ ആഗ്രഹമുള്ളൂ. പേരിനും പ്രശസ്തിക്കും പിന്നാലെ പോകാതെ ദൈവം നല്കിയ താലന്തുകളെ ദൈവത്തിന് വേണ്ടി വിനിയോഗിച്ച് ആരുമറിയാതെ തിരശ്ശീലകള്‍ക്ക് മറവില്‍ ജീവിക്കുന്ന ഇത്തരം പ്രതിഭാധനന്മാരെ നാം അറിയാതെ പോകരുത്..

ബിജു

You must be logged in to post a comment Login