പാതിരാത്രിയിലൊരു വിവാഹം ( സെലിന്റെ കഥ മാര്‍ട്ടിന്റെയും 3)

പാതിരാത്രിയിലൊരു വിവാഹം ( സെലിന്റെ കഥ മാര്‍ട്ടിന്റെയും 3)

 

o-FAMILY-WEDDINGS-facebookസെലിന്റെയും മാര്‍ട്ടിന്റെയും കണ്ടുമുട്ടലിനെക്കുറിച്ചാണല്ലോ നാം പറഞ്ഞുവന്നത്.

സംഭവിക്കാനുള്ളത് സംഭവിക്കുക തന്നെ ചെയ്യും. കാരണം ദൈവം ഒരോ വ്യക്തികളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന വഴികള്‍ വ്യത്യസ്തമാണ്.. ഓരോരുത്തരെയും കൂട്ടിയോജിപ്പിക്കുന്നതിന് ദൈവത്തിന് ദൈവത്തിന്റേ തായ വഴികളുമുണ്ട.്

പ്രത്യേകിച്ച് വിവാഹം പോലെയുള്ള ബന്ധങ്ങളില്‍.. സെലിനെയും മാര്‍ട്ടിനെയും തമ്മില്‍ വിവാഹത്തിലൂടെ ഒന്നിപ്പിക്കുന്നതിന് വേണ്ടിയാണ് ദൈവം അങ്ങനെയൊരു കണ്ടുമുട്ടല്‍ ഒരുക്കിയത് തന്നെ.വിവാഹമേ വേണ്ടെന്ന് കരുതി ജീവിച്ചിരുന്ന രണ്ടുപേര്‍ അല്ലെങ്കില്‍ പിന്നെ വിവാഹിതരാകാന്‍ തീരുമാനിക്കുമായിരുന്നില്ലല്ലോ..
മാര്‍ട്ടിനെ കണ്ട മാത്രയില്‍ ദൈവത്തിന്റെ പരിശുദ്ധാത്മാവ് സെലിന് വ്യക്തമായ അടയാളം നല്കിയിരുന്നു, ”താ ഞാന്‍ നിനക്കുവേണ്ടി ഒരുക്കിക്കൊണ്ട് വന്നവന്‍.”

ആ സ്വരത്തിന് കീഴടങ്ങുമ്പോള്‍ സെലിന്‍ മറ്റൊന്നും ചിന്തിച്ചിരുന്നില്ല. മാര്‍ട്ടിന്റെ കുടുംബം, പദവി, സാമ്പത്തികം, ആരോഗ്യം..ഒന്നും..
ഇന്ന് പല ആലോചനകള്‍ വരുമ്പോഴും അതില്‍ ഏര്‍പ്പെടാന്‍ പോകുന്നവരും അവരുടെ ബന്ധുക്കളും ആദ്യമേ തിരക്കുന്നത് സാമ്പത്തികസ്ഥിതിയും പദവിയും കുടുംബമഹിമയും സൗന്ദര്യവും മറ്റ് പലതുമാണല്ലോ.

ഇക്കൂട്ടത്തില്‍ മറ്റൊന്ന് കൂടി പറയട്ടെ, സെലിനെ മാര്‍ട്ടിന്റെ അമ്മയ്ക്ക് പരിചയമുണ്ടായിരുന്നു. ലെയ്‌സ് ക്ലാസില്‍ വച്ചായിരുന്നു ഈ പരിചയം. മറ്റുള്ളവരോടുള്ള ഈ പെണ്‍കുട്ടിയുടെ ഇടപെടലും പരിഗണനയും സ്‌നേഹപൂര്‍വ്വമായ സമീപനവും ആ അമ്മയെ ആകര്‍ഷിച്ചിരുന്നു. ഈ പെണ്‍കുട്ടി തന്റെ മരുമകളായി വന്നിരുന്നുവെങ്കിലെന്ന് വരെ ആലോചിച്ചുപോയ സമയം.

എന്തായാലും ആദ്യദര്‍ശനത്തില്‍ തന്നെ മാര്‍ട്ടിന്റെ ഹൃദയത്തിലും സെലിന്‍ സ്ഥാനം പിടിച്ചിരുന്നു.

ഹൃദയത്തില്‍ ഇതിന് മുമ്പ് ഒരിക്കലും അനുഭവപ്പെട്ടിട്ടില്ലാത്തതെന്തോ അനുഭവപ്പെടുന്നു.. അതിന്റെ തിരയിളക്കങ്ങള്‍..മൂന്നുമാസങ്ങള്‍ക്ക് മുമ്പ് അങ്കുരിച്ച പ്രണയം വിവാഹം എന്ന ഉടമ്പടിയില്‍ നട്ടുവളര്‍ത്താന്‍ അവര്‍ തീരുമാനിച്ചു.

ഒടുവില്‍ ആ ദിനം വന്നെത്തി. 1858 ജൂലൈ 13 ഫ്രാന്‍സിലെ അലെങ്കോയിലെ നോട്ടര്‍ഡാം ദൈവാലയത്തില്‍ വച്ച് സെലിനും മാര്‍ട്ടിനും വിവാഹിതരായി. പാതിരാത്രിയിലായിരുന്നു അവരുടെ വിവാഹം. അപ്പോള്‍ മാര്‍ട്ടിന് മുപ്പത്തിയഞ്ചും സെലിന് ഇരുപത്തിയേഴുമായിരുന്നു പ്രായം.

(വിവാഹത്തിന്റെ ദിനം തന്റെ സഹോദരിയെ കെട്ടിപിടിച്ച് സെലിന്‍ കരഞ്ഞു. എന്താണ് തന്റെ ജീവിതത്തില്‍ സംഭവിക്കാന്‍ പോകുന്നത് എന്ന് കൃത്യമായറിയാത്തതുപോലെ.. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം ആ സഹോദരിക്ക് എഴുതിയ കത്തില്‍ സെലിന്‍ ഇങ്ങനെ കുറിച്ചുവച്ചു.: വിവാഹം കഴിച്ചതില്‍ ഞാന്‍ ഒരിക്കലും പശ്ചാത്തപിക്കുന്നില്ല.)

പരിശുദ്ധമായ ഹൃദയവും മനസ്സും ശരീരവുമായി അവര്‍ അള്‍ത്താരയ്ക്ക് മുമ്പില്‍ നിന്ന് ദെവത്തോട് ആമ്മേന്‍ പറഞ്ഞു.. വരാനുള്ള വസന്തങ്ങള്‍ക്കും ശിശിരങ്ങള്‍ക്കും നന്ദി പറഞ്ഞു. എതിരെ വരുന്ന മലവെള്ളപ്പാച്ചിലുകളെ ഇരുകരങ്ങളും കോര്‍ത്തുപിടിച്ച് നിന്ന് നേരിടുമെന്ന് വാക്കു നല്കി.. പൊള്ളിക്കുന്ന വെയിലുകളിലും നനയിക്കുന്ന പെരുമഴകളിലും ഒരുമിച്ചായിരിക്കുമെന്ന്് വാഗ്ദാനം നടത്തി..

വിശുദ്ധമായ ജീവിതത്തിലേക്കാണ് ദൈവം തങ്ങളെ നയിക്കുന്നതെന്ന് അവര്‍ക്കറിയാമായിരുന്നു. ദാമ്പത്യം എന്നത് ഏറ്റവും വിശുദ്ധിയോടെ അനുഷ്ഠിക്കേണ്ട കര്‍മ്മമാണെന്നും. സ്വന്തം ശരീരത്തിന്റെ ആസക്തികളും ഇഷ്ടാനിഷ്ടങ്ങളും മറ്റേയാളില്‍ വച്ചുകെട്ടുന്നതിനുള്ള ലൈസന്‍സല്ല വിവാഹജീവിതമെന്ന് ഉള്‍വെളിച്ചവും അവര്‍ക്കുണ്ടായിരുന്നു.
ശരീരത്തിന്റെ ദാഹങ്ങളെ തൃപ്തിപ്പെടുത്താനുളള ഒരു മാര്‍ഗ്ഗമായിരുന്നില്ല അവര്‍ക്ക് വിവാഹജീവിതം. അതുകൊണ്ടുതന്നെ വിവാഹം കഴിഞ്ഞ് ഒരു വര്‍ഷത്തോളം അവര്‍ സഹോദരീസഹോദരന്മാരെപ്പോലെയാണ് ജീവിച്ചത്. ശരീരങ്ങളെ അവര്‍ അത്രത്തോളം ഗൗരവമായി എടുത്തില്ലെന്ന് അര്‍ത്ഥം.

പക്ഷേ അവരുടെ കുമ്പസാരക്കാരന്‍ അവരുടെ ജീവിതത്തെ മറ്റൊരു ദിശയിലേക്ക് നയിച്ചു.

സ്ത്രീയെയും പുരുഷനെയും വിവാഹത്തിലൂടെ ദൈവം ഒന്നിപ്പിക്കുന്നതിന് ദൈവത്തിന് കൃത്യമായ പദ്ധതികളുണ്ട്. ആ പദ്ധതിക്ക് വിരുദ്ധമായി മനുഷ്യന്‍ നില്ക്കരുത്. ദാമ്പത്യബന്ധം വിശുദ്ധമാണ്. വിശുദ്ധമായവ വിശുദ്ധിയോടെ ചെയ്യുന്നവരാണ് വിശുദ്ധര്‍.. അതുകൊണ്ട് പരസ്പരമുള്ള കടമ നിര്‍വഹിക്കുന്നതില്‍ മടി വിചാരിക്കരുത്. അല്ലെങ്കില്‍ സാത്താന്‍ നിങ്ങളെ വഴിതെറ്റിക്കും. കുറെക്കാലത്തേക്ക് പ്രാര്‍ത്ഥനയ്ക്കും ധ്യാനത്തിനുമായിട്ടല്ലാതെ പരസ്പരം നിര്‍വഹിക്കേണ്ട ദാമ്പത്യധര്‍മ്മത്തില്‍ നിന്ന് ഒഴിഞ്ഞുനില്ക്കരുതെന്ന് വിശുദ്ധ ഗ്രന്ഥം ഓര്‍മ്മപ്പെടുത്തുന്നുണ്ടല്ലോ. ഭര്‍ത്താവിന്റെ ശരീരത്തിന്മേല്‍ ഭര്‍ത്താവിനല്ല ഭാര്യയ്ക്കാണ് അവകാശം. അതുപോലെ തിരിച്ചും. അതുകൊണ്ട് ദൈവഹിതത്തിന് അനുസൃതമായി ദാമ്പത്യജീവിതത്തിലേക്ക് പ്രവേശിക്കുക.

കുമ്പസാരക്കാരന്റെ വാക്കുകള്‍ ഇരുവരുടെയും ഹൃദയവിചാരങ്ങളെ പുതുക്കിപ്പണിതു. ദൈവത്തിന്റെ പദ്ധതികള്‍ക്ക് സ്വയമേ സമര്‍പ്പിക്കാന്‍ അവര്‍ തീരുമാനിച്ചു. തങ്ങള്‍ സ്വീകരിച്ച നിലപാട് ദൈവഹിതത്തിന് വിരുദ്ധമായിരുന്നു എന്നവര്‍ മനസ്സിലാക്കി. ദൈവത്തോട് അവര്‍ മാപ്പു പറഞ്ഞു.

ജഡികമായ അഭിലാഷത്താലല്ല നിഷ്‌ക്കളങ്കമായ പ്രേമത്താലാണ് ഞാന്‍ ഇവളെ സ്വീകരിക്കുന്നതെന്ന് മാര്‍ട്ടിന്‍ ഏറ്റുപറഞ്ഞു.

അടുത്തവര്‍ഷം അവര്‍ക്ക് ആദ്യത്തെ കുട്ടി പിറന്നു. മേരി.( തുടരും..)

വിനായക് നിര്‍മ്മല്‍

You must be logged in to post a comment Login