പാദക്ഷാളനം

പാദക്ഷാളനം

TOPSHOTS This handout picture released bപെസഹാ വ്യാഴാഴ്ച വൈദികന്‍ പാദങ്ങള്‍ കഴുകുന്നത് കണ്ട് പലരുടെയും കണ്ണുകള്‍ ഈറനണിയാറുണ്ട്. അങ്ങനെയെങ്കില്‍ ദൈവപുത്രന്‍ പാദക്ഷാളനം നടത്തിയപ്പോള്‍ ശിഷ്യന്മാര്‍ തീര്‍ച്ചയായും വികാരാധീനരായിട്ടുണ്ടാവണം. അതുകൊണ്ടാണല്ലോ ശുദ്ധനായപത്രോസ് തടസ്സം പിടിക്കുന്നത്‌. കാലത്തെ അതിജീവിക്കുന്ന ഗുരുമാതൃകയായിരുന്നു യേശുനാഥന്‍റെത്. ഏറ്റവും കൂടുതല്‍ ഈ സംഭവം ഓര്‍മ്മിക്കപ്പെടുന്നത് എളിമയുടെ ഉദാത്ത മാതൃക എന്ന നിലയിലാണ്‌ താനും. എളിമയ്ക്കും അപ്പുറത്ത് മനോഹരമായ ഒരു ജീവിതദര്‍ശനത്തിന്‍റെ ചിന്തകളാണ്‌ ഇതിലുള്ളത്‌. യാത്രികനായ ദൈവപുത്രന്‍റെ വിടവാങ്ങല്‍ സന്ദേശമായിരുന്നു ഈ കാലുകഴുകല്‍. ഒരേ സമയം അത് നമ്മെ ഒരു യാത്രയെക്കുറിച്ച് ഓര്‍മ്മിപ്പിക്കുകയും യാത്രയിലേക്ക് ക്ഷണിക്കുകയുമായിരുന്നു. ക്രിസ്തുനാഥന്‍ ലോകത്തിനു നല്‍കിയ ഏറ്റവും വലിയ സമ്മാനം തന്‍റെ ജീവിതമാണ്. ജീവിതമായിരുന്നു അവിടുത്തെ സന്ദേശം. അതുകൊണ്ട് പ്രത്യേകം ശ്രദ്ധ ക്ഷണിച്ച് നല്‍കിയ ഈ മാതൃകയില്‍ വലിയ പഠിപ്പിക്കലുകള്‍ അവിടുന്ന് ഉദ്ദേശിച്ചിട്ടുള്ളതുപോലെ തോന്നുന്നു.

യഹൂദ പാരമ്പര്യമനുസരിച്ച് സാധരണ യഹൂദ അടിമകള്‍ പോലും പാദങ്ങള്‍ കഴുകാറില്ലായിരുന്നു. അത് വിജാതീയ അടിമകള്‍ ചെയ്യേണ്ടിയിരുന്ന ജോലിയാണ്. അടിമയാണ് എന്നതിന്‍റെ അടയാളമാണ് അരയില്‍ കെട്ടുന്ന തുണി. തന്‍റെ സ്വത്വബോധം പോലും അടിയറവു വയ്ക്കേണ്ടി വന്ന വ്യക്തിയാണ് അടിമ. എല്ലാ ഭൌതിക സമൃദ്ധിയും നഷ്ടപെട്ടാലും പിടിച്ചു നില്‍ക്കുവാന്‍ മനുഷ്യന് അവന്‍റെ ആത്മാഭിമാനമുണ്ട്. അതും നഷ്ടപ്പെടുമ്പോഴാണ് അവന്‍ മരണത്തെക്കുറിച്ച് ചിന്തിക്കുന്നത്. മാനുഷികമായ കാഴ്ചപ്പാടില്‍ ആത്മാഭിമാനം നഷ്ടപെടുമ്പോഴും മനുഷ്യനെ താങ്ങാന്‍ ദൈവം നല്‍കുന്ന മൂല്യബോധത്തിന് കഴിയും എന്നു ഈശോ പഠിപ്പിക്കുകയാണ് കാലുകഴുകലിലൂടെ. മനുഷ്യന് മൂല്യം നിശ്ചയിച്ചിരിക്കുന്നത് ദൈവമാണ്. അത് ദൈവത്തിന്‍റെ തന്നെ മൂല്യമാണ്. മനുഷ്യന്‍ ആര്‍ജ്ജിക്കുന്ന സ്വത്വബോധത്തിലും വലുതാണ് ദൈവം നല്‍കുന്ന അസ്തിത്വത്തിന്‍റെ മൂല്യബോധം എന്നു ഈശോ പഠിപ്പിക്കുന്നു. അതുകൊണ്ടാണ് നഷ്ടപ്പെടലുകളുടെ ദീര്‍ഘയാത്രയിലും വിജയിയായി അവന്‍ കാണപ്പെടുന്നത്. നഷ്ടപ്പെടലുകളിലൂടെയാണ് അവന്‍ ഈ പ്രപഞ്ചത്തില്‍ നിറയുന്നത്. ഇല്ലയ്മകളിലേക്കുള്ള ഈ യാത്രയെപ്പറ്റി ശരിക്കും നാം ചിന്തിക്കേണ്ടിയിരിക്കുന്നു. അതിസ്വാഭാവികമായ അടയാളങ്ങളുടെ അകമ്പടിയോടെയായിരുന്നു അവിടുത്തെ ജനനം. മാലാഖമാര്‍, വാല്‍നക്ഷത്രം, രാജാക്കന്മാരുടെ സന്ദര്‍ശനം തുടങ്ങി അത്ഭുതകരമായ പലതും സംഭവിക്കുന്നുണ്ട് തുടക്കത്തില്‍. പക്ഷെ അവിടുത്തെ ജീവിതാവസാനത്തില്‍ അത്ഭുതങ്ങള്‍ പോലും അവഗണിക്കപ്പെടുന്നു. ശക്തമായ വാക്കുകളും പ്രവര്‍ത്തികളുമെല്ലാം ഒരാക്രോശത്തില്‍ നഷ്ടപ്പെട്ടു പോവുകയാണ്. ഭൌമികമായ ഈ നഷ്ടപ്പെടലിന്‍റെ ഓരോര്‍മ്മപ്പെടുത്തലായിരുന്നു അവിടുന്നു നടത്തിയ പാദക്ഷാളനം. ആദരിക്കപ്പെടലില്‍ നിന്നും അവഗണിക്കപ്പെടലിലൂടെ ഒരു തിരോധാനം. നിരാശായുടെ പടുകുഴിയില്‍ ആണ്ടുപോകാമായിരുന്നിട്ടുകൂടി താന്‍ ആരാണ് എന്ന ബോധം ഈശോയ്ക്കു നഷ്ടമായില്ല. അതുകൊണ്ടാണ് ഉത്ഥാനത്തിന്‍റെ മാറ്റത്തിലേയ്ക്ക് നിര്‍ബാധം കടന്നു പോകുവാന്‍ അവിടുത്തേക്ക്‌ കഴിയുന്നത്‌. താന്‍ ദൈവപുത്രനാണ്‌ എന്ന ബോധ്യവും പിതാവ് എന്നും തന്നെ തങ്ങും എന്ന വിശ്വാസവും അവിടുത്തേക്ക്‌ ഒരിക്കലും നഷ്ടമായില്ല. അതുകൊണ്ടാണ് മരണത്തിന്‌ അവിടുത്തെ കീഴ്പ്പെടുത്താന്‍ കഴിയാതെ പോയത്. എല്ലാ നഷ്ടപ്പെടലിലും നഷ്ടപ്പെടാത്ത ചിലതെല്ലാം ഉണ്ട്, ഉണ്ടാവണം എന്നു അവിടുന്ന് ഓര്‍മ്മപ്പെടുത്തുന്നു. ഗോതമ്പുമണി നിലത്തു വീണാഴിയുന്നതിനെക്കുറിച്ചുള്ള ഈശോയുടെ പരാമര്‍ശവും ഇത് തന്നെയാണ് സൂചിപ്പിക്കുന്നത്. ഭൌതികമായ നഷ്ടപ്പെടലുകള്‍ക്കിടയില്‍ അതിഭൌതികതയുടെ കവാടങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞാല്‍ പിന്നെ ജീവിതം ഒരനുഗ്രഹമായി മാറും. ദൈവരാജ്യം പോലും നമ്മുടെ ഉള്ളിലാണെന്നാണ് തമ്പുരാന്‍ ഓര്‍മ്മപ്പെടുത്തുന്നത്‌ (ലൂക്കാ. 17:21).
ഭൌതികതയുടെ കൂടാരങ്ങള്‍ ഉപേക്ഷിച്ച് ക്രിസ്തു യാത്രയാകുന്നതിനു മുന്‍പ് എന്തുകൊണ്ടാണ് ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകിയത്? ഒരു യാത്രയെക്കുറിച്ച് ഓര്‍മ്മപ്പെടുതാനാണ്. ഓരു മഹായത്രികന്‍റെ വിളിയാണ് എന്നെ അനുഗമിക്കുക എന്ന്. ശരീരം മുഴുവന്‍ തല്ലിത്തകര്‍ക്കപ്പെട്ടിട്ടും അവന്‍ തേജസ്വിയായി തിരിച്ചുവന്നത് ഉപേക്ഷിക്കലിന്‍റെ മഹത്വത്തെക്കുറിച്ച് ഓര്‍മ്മപ്പെടുത്താനാണ്. അല്ലെങ്കില്‍ മഹത്തായ ഉപേക്ഷിക്കലുകളില്‍ പടുത്തുയര്‍ത്തപ്പെടുന്ന തേജസ്സിന്‍റെ കൂടാരങ്ങള്‍ കാണിച്ചുതരുന്നതിന് വേണ്ടിയാണ്. പാദങ്ങള്‍ കഴുകി ചുംബിച്ച് അവന്‍ പറയുന്നു; ഓര്‍ക്കുക, നീ എന്നും യാത്രികനാണ്. പാദങ്ങള്‍ കഴുകുമ്പോള്‍ നിന്നെ അവന്‍ ആദരിക്കുന്നു, നീ ഒന്നുമല്ലാതിരുന്നിട്ടുകൂടി. ഗുരു നിന്നെ ഓര്‍മ്മപ്പെടുത്തുന്നു നിന്‍റെ പാദങ്ങളില്‍ അവന്‍റെ സ്നേഹത്തിന്‍റെ ഗന്ധമുണ്ടെന്ന്. ഒരിക്കല്‍ക്കൂടി ഗുരുചുംബനത്തിനു വേണ്ടി ഇങ്ങനെ ഇരുന്നു കൊടുക്കുവാന്‍ നിനക്കാവരുത്. അതിനും മുമ്പ് നിന്‍റെ ഊഴം ആരംഭിക്കണം. ആദരിക്കപ്പെട്ടാല്‍ ആദരിക്കുക എന്നതാണ് നിയോഗം. സ്വീകരിച്ചുവോ, കൊടുത്തു തുടങ്ങുക. അപ്പോള്‍ മാത്രമാണ് ജീവിതം ഒരു പ്രവാഹമാവുക. അപ്പോള്‍ മാത്രമാണ് ജീവിതം ഒരു യാത്രയാവുക. വളര്‍ച്ചയുടെ പാദയില്‍ ഉപേക്ഷിക്കലുകളുടെ ഒരു ചരിത്രമുണ്ടായിരുന്നുവെന്നു തിരിച്ചറിയുക. അതൊരു ദര്‍ശനമാണ്. നിന്‍റെ ഓരോ തിരഞ്ഞെടുപ്പിലും ഒരായിരം ഉപേക്ഷിക്കലുകളുണ്ട്. ഒന്ന് വേണമെന്നു പറയുമ്പോള്‍ മറ്റു പലതും വേണ്ടെന്നു പറയുക കൂടിയാണ് നീ. അത് കൂടി തിരിച്ചറിഞ്ഞാല്‍ പിന്നെ ഉപേക്ഷിക്കലിനു നിനക്ക് ശങ്കയുണ്ടാകില്ല.
ആര്ജ്ജിക്കലിന്‍റെ ജീവശാസ്ത്രമാണ് ആദ്യം നാം നമ്മുടെ ശരീരത്തില്‍ തിരിച്ചറിയുന്നത്‌. അതുകൊണ്ടു തന്നെ വളര്‍ച്ചയുടെ നിയമമായി ആര്‍ജിക്കലിനെ നാം കാണുന്നു. ഒരു കുട്ടിയെ സംബന്ധിച്ചിടത്തോളം സ്വന്തമാക്കുക എന്നതാണ് അതിന്‍റെ സന്തോഷത്തെ നിശ്ചയിക്കുന്നത്. പിന്നീട് കൂടുതല്‍ മൂല്യമുള്ളവ സ്വന്തമാക്കാന്‍ ചിലതു ത്യജിക്കേണ്ടി വരുമെന്ന് പഠിച്ചു തുടങ്ങുന്നു. അങ്ങിനെയാണ് ഉപേക്ഷിക്കലുകളുടെ ആദ്യപാഠം നമ്മളെല്ലാം സ്വന്തമാക്കിയത്.നഷ്ടം ദു:ഖം കൊണ്ടുവരുന്നു. ദു:ഖം ജീവിതത്തെക്കുറിച്ച് ചിന്തിക്കാന്‍ നമ്മളെ പഠിപ്പിക്കുന്നു. ജീവിതത്തിന്‍റെ രഹസ്യങ്ങള്‍ അറിയുമ്പോള്‍ ദു:ഖം വിശുദ്ധീകരിക്കപ്പെടുന്നു. പിന്നെയുള്ള കാഴ്ചകള്‍ വ്യത്യസ്തമാണ്. അപ്പോഴാണ്‌ ഭൌതികതയുടെ കെട്ടുകള്‍ പൊട്ടിച്ച്‌ വലിയ സത്യങ്ങളെ നമ്മള്‍ തേടുന്നത്. ക്രിസ്തുവിന്‍റെ വേര്‍പാടില്‍ ശിഷ്യന്മാര്‍ക്കുണ്ടായ ദു:ഖമാണ് അവരുടെ കാഴ്ച്ചപ്പാടുകളെ വിശുദ്ധീകരിച്ചത്. ക്രിസ്തുവിന്‍റെ നഷ്ടം അവരുടെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമായി. അനിവാര്യമായ ആ നഷ്ടമാണ് ദൈവരാജ്യത്തിന്‍റെ പല രഹസ്യങ്ങളും പ്രായോഗികതയും അവര്‍ക്ക് മനസ്സിലാക്കിക്കൊടുത്തത്.
ഉണ്ടായത് നഷ്ടപ്പെടുമ്പോഴാണ് അത് നമ്മുടെ കൈയിലുണ്ടായിരുന്ന സമയത്തെക്കാളും അതിന്‍റെ മൂല്യം നമ്മള്‍ അറിയുന്നത്‌. അത് പരിമിതികളുടെ വിസ്മയ ശാസ്ത്രമാണ്. ബാല്യം നഷ്ടമായിക്കഴിയുമ്പോഴാണ് ബാല്യത്തിന്‍റെ മൂല്യം നമ്മള്‍ അറിയുന്നത്‌. ജീവിതാവസ്ഥകളെക്കാളും വലുതാണ്‌ ജീവിതമെന്ന് ഈശോ നമ്മെ ഓര്‍മപ്പെടുത്തുന്നു. അതുകൊണ്ട് ജീവിതം നഷ്ടമാകുന്നതിന് മുന്‍പ് അതിന്‍റെ മൂല്യമറിയണം എന്ന് മനുഷ്യവംശത്തിനുള്ള ഓര്‍മ്മപ്പെടുത്തലാണ് ദൈവപുത്രന്‍റെ പാദക്ഷാളനം. എല്ലാം പിടിച്ചടക്കിവച്ചഹങ്കരിക്കുമ്പോഴും ഏറ്റവും പ്രധാനപ്പെട്ടത് നഷ്ടമായിക്കൊണ്ടിരിക്കുകയാണെന്ന് തിരിച്ചറിയുക. എല്ലാം നഷ്ടപ്പെട്ടാലും നഷ്ടപ്പെടാത്ത ചിലതുണ്ടെന്ന് മനസ്സിലാക്കുക. യവ്വനത്തിന്‍റെ തീക്ഷ്ണതയിലും നഷ്ടങ്ങള്‍ തിരിച്ചറിയാനും ചിലതൊക്കെ നഷ്ടപ്പെടുത്താനും നമുക്കു കഴിയണം. ജീവിതം ഒരു യാത്രയാണെന്ന് ഓര്‍മിക്കണം. പാദങ്ങള്‍ കഴുകി ചുംബിക്കാന്‍ ഒരു മുപ്പത്തിമൂന്നുകാരനു കഴിഞ്ഞു എന്നതാണ് യവ്വനത്തോടുള്ള തമ്പുരാന്‍റെ വെല്ലുവിളി. നീ തലകുനിച്ച് ഒരു പാദം കൈയ്യിലെടുത്ത് യാത്രയെക്കുറിച്ച് ധ്യാനിക്കുക, ചുംബിക്കുന്നതിനു മുന്‍പ് നീ ആരാണ് എന്നു ചിന്തിക്കുക.

 .

You must be logged in to post a comment Login