പാദ്രെ പിയോ ജോണ്‍ പോള്‍ രണ്ടാമനോട് പറഞ്ഞ രഹസ്യം എന്തായിരുന്നു?

പാദ്രെ പിയോ ജോണ്‍ പോള്‍ രണ്ടാമനോട് പറഞ്ഞ രഹസ്യം എന്തായിരുന്നു?

രണ്ടാം ലോകമഹായുദ്ധത്തിന്റെ ഭീകരതകള്‍ക്ക് ശേഷം ഫാ. കരോള്‍ വൊയ്റ്റീവോ തുടര്‍ന്നുള്ള വിദ്യാഭ്യാസം നടത്തിയത് റോമിലായിരുന്നു. അക്കാലങ്ങളില്‍ ഇറ്റലിയിലെ ഗ്രാമപ്രദേശങ്ങളിലേക്ക് അദ്ദേഹം യാത്ര ചെയ്യാറുണ്ടായിരുന്നു. വൊയ്റ്റീവോയുടെ പ്രധാനപ്പെട്ട ഒരു ഇടത്താവളമായിരുന്നു പാദ്രെ പിയോ താമസിച്ചിരുന്ന സാന്‍ ജിയോവാനി റോട്ടോന്‍ഡോ.

അന്ന് ഭക്തരുടെ തിരക്ക് അത്രയധികമായി പാദ്രെ പിയോയെ ബുദ്ധിമുട്ടിക്കാത്ത കാലമായിരുന്നതുകൊണ്ട് അദ്ദേഹവുമായി ദീര്‍ഘനേരം സംസാരിക്കാന്‍ ഫാ. വൊയ്റ്റീവോയ്ക്ക് അവസരം ലഭിച്ചിരുന്നു.

വര്‍ഷങ്ങള്‍ പലതു കടന്നുപോയി. വൊയ്റ്റീവോ പത്രോസിന്റെ പിന്‍ഗാമിയായി അവരോധിതനായി. അപ്പോള്‍ ജനങ്ങള്‍ അഭിപ്രായപ്പെട്ടത് വൊയ്റ്റീവോ മാര്‍പാപ്പയാകുമെന്ന് പാദ്രെ പിയോ പ്രവചിച്ചിരുന്നു എന്നാണ്. കാരണം പല ഭാവിപ്രവചനങ്ങളും പാദ്രെ പിയോ നടത്തിയിരുന്നു.

എന്നാല്‍ പാദ്രെ പിയോ തന്റെ ഭാവിയെക്കുറിച്ച് അത്തരമൊരു പ്രവചനം നടത്തിയിട്ടില്ല എന്ന് പില്ക്കാലത്ത് ജോണ്‍ പോള്‍ രണ്ടാമന്‍ വ്യക്തമാക്കുകയുണ്ടായി. പക്ഷേ അതിനെക്കാള്‍ പ്രധാനപ്പെട്ട ഒരു കാര്യം പാദ്രെ പിയോ തന്നോട് പങ്കുവച്ചിട്ടുണ്ടെന്ന് ജോണ്‍ പോള്‍ പറഞ്ഞു.

പാദ്രെ പിയോയ്ക്ക് അനുഭവിക്കേണ്ടി വന്ന പഞ്ചക്ഷതങ്ങളില്‍ ഏറ്റവും വേദനാകരമായിട്ടുള്ളത് ഏതാണ് എന്ന് ചോദിച്ചപ്പോള്‍ പാദ്രെ പറഞ്ഞത് തന്റെ തോളിലെ മുറിവിന്റെ വേദനയാണ് അതെന്നായിരുന്നു.

ആരും ആ മുറിവ് കണ്ടിട്ടില്ല. ആര്‍ക്കും ആ മുറിവ് സുഖപ്പെടുത്താനോ ചികിത്സിക്കാനോ കഴിയുകയില്ല.

പാദ്രെ പിയോ പറഞ്ഞുവത്രെ.

പാദ്രെ പിയോയുടെ ജീവിതത്തില്‍ ഈ മുറിവിനെക്കുറിച്ച് അദ്ദേഹം തുറന്നുപറഞ്ഞിട്ടുള്ള ഏക വ്യക്തിയും ഫാ. കരോള്‍ വൊയ്റ്റീവോ ആയിരുന്നു. ഇക്കാര്യം തുറന്നുപറയാന്‍ പാദ്രെ പിയോയെ പ്രേരിപ്പിച്ചതും ഒരു പക്ഷേ വൊയ്റ്റീവോയുടെ ജീവിതവിശുദ്ധിയും അദ്ദേഹം പില്ക്കാലത്ത് മാര്‍പാപ്പയായിത്തീരുമെന്ന ദൈവികസന്ദേശവുമായിരിക്കാം.

തോളിലെ തിരുമുറിവാണ് തനിക്ക് ഏറ്റവും വേദനാകരമായിട്ടുള്ളത് എന്ന് ഈശോയും വെളിപ്പെടുത്തിയിട്ടുണ്ട്.

ബിജു

You must be logged in to post a comment Login