പാദ്രെ പിയോ: സഭയിലെ പ്രവര്‍ത്തനനിരതനായ വിശുദ്ധന്‍

പാദ്രെ പിയോ: സഭയിലെ പ്രവര്‍ത്തനനിരതനായ വിശുദ്ധന്‍

ജീവിച്ചിരുന്നപ്പോഴും മരിച്ചതിനു ശേഷവും, വളരെയധികം അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചിരുന്ന വിശുദ്ധനാണ് പാദ്രെ പിയോ. സഭയിലെ തന്നെ ഏറ്റവും പ്രവര്‍ത്തനനിരതനായ വിശുദ്ധനാണിദ്ദേഹം. ക്രിസ്തുവിന്റെ പഞ്ചക്ഷതങ്ങള്‍ ശരീരത്തിലുണ്ടായ വിശുദ്ധന് ഒരേ സമയം പലസ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെടുവാനും, വെള്ളത്തിന് മീതെ നടക്കുവാനും, രോഗശാന്തി നല്‍കുവാനുമുള്ള പ്രത്യേക വരമുണ്ടായിരുന്നതായി പറയപ്പെടുന്നു. പാപത്തെ മണത്തറിയുവാനുള്ള കഴിവ് പോലും അദ്ദേഹത്തിനുണ്ടായിരുന്നുവെന്നും ചിലര്‍ പറയുന്നു.

1887 , മെയ് 25ന് ഇറ്റലിയിലെ പിയട്രെല്‍സിനയില്‍ ഒരു കത്തോലിക്ക കുടുംബത്തില്‍ വിശുദ്ധന്‍ ജനിച്ചു. ചെറുപ്പത്തിലേ ക്രിസ്തുവിന് സ്വയം സമര്‍പ്പിച്ച വിശുദ്ധന്‍ തന്റെ കുട്ടിക്കാലത്ത് യേശുവിന്റെ പീഡനം സ്വയം അനുഭവിക്കുന്നതിന് കല്ല് തലയിണയായിപ്പോലും ഉപയോഗിച്ചാണ് ഉറങ്ങിയിരുന്നത്. മെര്‍ക്കോണയിലെ കപ്പൂച്ചിന്‍ സന്യാസ സമൂഹത്തില്‍  15-ാം വയസ്സില്‍ ചേര്‍ന്ന പാദ്രെ പിയോ 22-ാം വയസ്സില്‍ വൈദികനായി.

1918ല്‍ സെപ്റ്റംബര്‍ 20-ാം തീയ്യതി കുരിശിനു മുന്നില്‍ പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കെ വിശുദ്ധ പാദ്രെ പിയോയുടെ ശരീരത്ത് ആദ്യമായി പഞ്ചക്ഷതമുണ്ടായി. എല്ലാവരും ഈ വാര്‍ത്തയറിഞ്ഞ് വിശുദ്ധന്റെ അടുക്കലേക്ക് ഉഴുകിയെത്തി. 1968 സെപ്റ്റംബര്‍ 23-ാം തീയ്യതി  81-ാം വയസ്സില്‍ വിശുദ്ധന്‍ മരിച്ചു. അദ്ദേഹം സ്ഥാപിച്ച പ്രാര്‍ത്ഥനാ സംഘത്തില്‍ ഇപ്പോള്‍ 400,000 അംഗങ്ങള്‍ ഉള്ളതായി കണക്കാക്കപ്പെടുന്നു.

1956 വിശുദ്ധന്‍ സ്ഥാപിച്ച ഹൗസ് ഫോര്‍ റിലീഫ് ഓഫ് സഫറിങ്ങ് എന്ന ആശുപത്രിയില്‍ ശുശ്രൂഷ ചെയ്തിരുന്ന ഡോക്ടറുടെ മകന് ലഭിച്ച രോഗശാന്തി അദ്ദേഹത്തെ വിശുദ്ധനായി പ്രാഖ്യാപിക്കുന്നതിന് പാപ്പ അംഗീകരിച്ച അത്ഭുതമാണ്. മാത്തിയോ എന്ന പേരിലുള്ള ഡോക്ടറുടെ മകനെ മെനെജൈറ്റിസ് ബാധിച്ച് അതേ ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയില്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ ആരോഗ്യനില പെട്ടന്ന് വഷളാവുകയും ശരീരത്തില്‍ ജീവന്റെ എല്ലാ ലക്ഷണങ്ങളും അപ്രത്യക്ഷമാവുകയും ചെയ്തു. ഡോക്ടര്‍മാര്‍ നിസ്സഹായതയോടെ കൈമലര്‍ത്തി.

അന്ന് രാത്രി മാത്തിയോയുടെ അമ്മ കപ്പൂച്ചിന്‍ സന്യാസ ആശ്രമത്തില്‍ സന്യാസികളോടൊത്ത് പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കെ കുട്ടിയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു. അബോധാവസ്ഥയില്‍ നിന്നും ഉണര്‍ന്ന കുട്ടി തന്റെയടുത്ത് വെളുത്ത താടിയും, തവിട്ടു നിറത്തിലുള്ള വസ്ത്രങ്ങളും ധരിച്ചയൊരാള്‍ വരികയും, രോഗം പെട്ടന്ന് ഭേദമാകും എന്ന് പറയുകയും ചെയ്തതായി മറ്റുള്ളവരെ അറിയിച്ചു. 2001ല്‍ വി. ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ അത്ഭുതം അംഗീകരിക്കുകയും 2002 ജൂണ്‍ 16ന് അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിക്കുകയും ചെയ്തു.

 

നീതു മെറിന്‍

You must be logged in to post a comment Login