പാപവും പാപികളും തമ്മിലുള്ള വ്യത്യാസമെന്ത്..? ഫ്രാന്‍സിസ് പാപ്പ പറയുന്നു

പാപവും പാപികളും തമ്മിലുള്ള വ്യത്യാസമെന്ത്..? ഫ്രാന്‍സിസ് പാപ്പ പറയുന്നു

വത്തിക്കാന്‍: പാപവും പാപികളും തമ്മില്‍ ഏതെങ്കിലും വിധത്തിലുള്ള വ്യത്യാസം ഉണ്ടോ? ഉണ്ടെന്നാണ് ഫ്രാന്‍സിസ് പാപ്പ പറയുന്നത്. ദൈവത്തിന്റെ കരുണ പാപത്തെയോ പാപികളെയോ ഭയപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ പൊതുസമ്മേളനത്തിനായി ഒന്നിച്ചുകൂടിയ ജനങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാപത്തിന്റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയുമില്ല. എന്നാല്‍ പാപികളുടെ കാര്യം അങ്ങനെയല്ല. ദൈവത്തിന്റെ കരുണ അവരെ തൊടുന്നു. പാപികള്‍ രോഗികളെപ്പോലെയാണ്, മുറിവേറ്റവരെപ്പോലെയാണ്. അവര്‍ക്ക് സൗഖ്യം ലഭിക്കണമെങ്കില്‍ ഡോക്ടറുടെ പരിചരണം ലഭിക്കണം. ചികിത്സ ലഭ്യമാകണം. പാപം ചെയ്തു മുറിവേറ്റവരുടെ കാര്യവും ഇങ്ങനെ തന്നെയാണ്. നമ്മെ പരിചരിക്കുന്ന വൈദ്യന്‍ ദൈവമാണ്.

സുഖമാക്കപ്പെടണമെങ്കില്‍ രോഗി ആദ്യം തന്നെ ഡോക്ടറുടെ സഹായവും ചികിത്സയും തനിക്കാവശ്യമുണ്ടെന്ന് മനസ്സിലാക്കണം. ശിമയോന്റെ ഭവനത്തില്‍ വെച്ച് പാപിനിയായ സ്ത്രീ ഈശോയുടെ പാദങ്ങള്‍ കഴുകിയതും ഈശോ അവളുടെ പാപങ്ങള്‍ ക്ഷമിച്ചതും ഫ്രാന്‍സിസ് പാപ്പ ഓര്‍മ്മിപ്പിച്ചു, ഒപ്പം രണ്ട് വിപരീത വ്യക്തിത്വങ്ങളെക്കുറിച്ചും. വിശ്വാസിയും നിയമങ്ങള്‍ അനുസരിക്കുന്നവനുമായ ശിമയോന്‍ ആയിരുന്നു ആദ്യത്തേത്. പാപിനിയായ സ്ത്രീയാണ് അടുത്തത്. ആദ്യത്തെയാള്‍ മറ്റുള്ളവരെക്കുറിച്ച് മുന്‍വിധികളുള്ളയാളാണ്. എന്നാല്‍ പാപിനിയായ സ്ത്രീ ഹൃദയത്തില്‍ സത്യസന്ധതയുള്ളവളായിരുന്നു.

പാപത്തെയും പാപിയെയും കുറിച്ചുള്ള ദൈവത്തിന്റെ കാഴ്ചപ്പാടും പാപികളോടുള്ള ദൈവത്തിന്റെ സമീപനവും ഈ ഒരൊറ്റ സംഭവത്തില്‍ നിന്നും മനസ്സിലാക്കാം. പാപികളാണെന്നു മുദ്ര കുത്തി ജനങ്ങളെ സമൂഹത്തില്‍ നിന്നും ഒറ്റപ്പെടുത്തിയ ഫരിസേയര്‍ ദൈവത്തിന്റെ കരുണയെപ്പറ്റി ശരിയായ അറിവ് ഇല്ലാത്തവരായിരുന്നു. എന്നാല്‍ ഈ ഒറ്റപ്പെടലില്‍ നിന്നായിരുന്നു ക്രിസ്തു പാപിനിയായ സ്ത്രീയെ രക്ഷപെടുത്തിയതെന്നും ഫ്രാന്‍സിസ് പാപ്പ കൂട്ടിച്ചേര്‍ത്തു.

You must be logged in to post a comment Login