പാപ്പയുടെ പുതിയ ബുക്ക് സമര്‍പ്പിച്ചത് രോഗികളായ കുട്ടികള്‍ക്ക്

പാപ്പയുടെ പുതിയ ബുക്ക് സമര്‍പ്പിച്ചത് രോഗികളായ കുട്ടികള്‍ക്ക്

വത്തിക്കാന്‍: കുട്ടികള്‍ക്കു വേണ്ടിയുള്ള ഫ്രാന്‍സിസ് പാപ്പയുടെ ഏറ്റവും പുതിയ പുസ്തകം ‘ഡിയര്‍ പോപ്പ് ഫ്രാന്‍സിസ്‘ മാര്‍പാപ്പ സമര്‍പ്പിച്ചത് രോഗികളായ കുട്ടികള്‍ക്കു വേണ്ടി. വത്തിക്കാന്റെ ഉടമസ്ഥതയിലുള്ള ബാംബിനോ ജെസു ഹോസ്പിറ്റലിലെ കുട്ടികള്‍ക്കായാണ് ഫ്രാന്‍സിസ് പാപ്പ തന്റെ പുസ്തകം സമര്‍പ്പിച്ചിരിക്കുന്നത്. ‘ഉണ്ണിയേശുവിന്റെ എല്ലാ കുട്ടികള്‍ക്കു വേണ്ടിയും അവരെ ശുശ്രൂഷിക്കുന്നവര്‍ക്കു വേണ്ടിയും’ എന്നാണ് പുസ്തകത്തിന്റെ ആദ്യപേജില്‍ എഴുതിയിരിക്കുന്നത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള കുട്ടികള്‍ ഫ്രാന്‍സിസ് പാപ്പയോട് ഉന്നയിച്ച ചോദ്യങ്ങളും അതിന് അദ്ദേഹം നല്‍കിയ കുസൃതി നിറഞ്ഞ ഉത്തരങ്ങളുമാണ് പുസ്തകത്തിന്റെ ഉള്ളടക്കം. ഫ്രാന്‍സിസ് പാപ്പ ഒപ്പിട്ട കോപ്പിക്കു പുറമേ പുസ്തകത്തിന്റെ 500 കോപ്പികള്‍ ബാംബിനോ ജെസു ഹോസ്പിറ്റലിന് വത്തിക്കാന്‍ സമ്മാനമായി നല്‍കും.

‘ഇത് ഫ്രാന്‍സിസ് പാപ്പയുടെ ആശുപത്രിയാണ്. ഇവിടുത്തെ കുട്ടികള്‍ ഫ്രാന്‍സിസ് പാപ്പയുടെ കുട്ടികളാണ്. ചില സമയങ്ങളില്‍ ഇവരുടെ സംശയങ്ങള്‍ക്ക് ഞങ്ങള്‍ക്കു മറുപടി പറയാന്‍ പറ്റാറില്ല. ഏതായാലും ഫ്രാന്‍സിസ് പാപ്പ ഇക്കാര്യത്തില്‍ ഞങ്ങളെ സഹായിച്ചിരിക്കുകയാണ്’, ബാംബിനോ ജെസു ഹോസ്പിറ്റല്‍ പ്രസിഡന്റ് മരിയെല്ല എനോക് പറഞ്ഞു.

You must be logged in to post a comment Login