പാപ്പയെ കാത്ത് മെക്‌സിക്കോയിലൊരു തച്ചന്‍…

മെക്‌സിക്കോ: അഗസ്റ്റിന്‍ പര യൂച്ചരി എന്ന ആശാരിക്ക് വയസ്സ് 55. നാളേറയായി തന്റെ കുലത്തൊഴില്‍ ആത്മാര്‍ത്ഥതയോടെ ചെയ്തു വരികയാണ് അദ്ദേഹം. അതിനിടെ ചില ബോണസുകള്‍ കിട്ടും. ഈ വര്‍ഷവും ലഭിച്ചു അത്തരത്തിലൊന്ന്. ഫെബ്രുവരിയില്‍ മെക്‌സിക്കോ സന്ദര്‍ശിക്കുന്ന ഫ്രാന്‍സിസ് പാപ്പയ്ക്കു വേണ്ടി ഫര്‍ണീച്ചറുകള്‍ ഉണ്ടാക്കുന്ന തിരക്കിലാണ് അഗസ്റ്റിനിപ്പോള്‍. മാര്‍പാപ്പക്കായി ഫര്‍ണീച്ചറുകള്‍ നിര്‍മ്മിക്കുന്ന ഉത്തരവാദിത്വം ഏല്‍പ്പിക്കപ്പെട്ടിരിക്കുന്നതില്‍ ഒരാളാണ് അഗസ്റ്റിന്‍.

ഇതാദ്യമായല്ല ഒരു മാര്‍പാപ്പക്കു വേണ്ടി അഗസ്റ്റിന്‍ ഫര്‍ണീച്ചറുകളുണ്ടാക്കുന്നത്. 1999 ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ മെക്‌സിക്കോയിലെത്തിയപ്പോഴും 2012 ല്‍ ബനഡിക്ട് പതിനാറാമന്‍ പാപ്പ രാജ്യം സന്ദര്‍ശിച്ചപ്പോഴും അഗസ്റ്റിന്റെ നിര്‍മ്മാണ വൈദഗ്ധ്യം വത്തിക്കാന്‍ അധികൃതര്‍ നേരിട്ടറിഞ്ഞിട്ടുണ്ട്. അതുകൊണ്ടു തന്നെയാവാം ഫ്രാന്‍സിസ് പാപ്പയെത്തുമ്പോഴും രണ്ടാമതൊന്നാലോചിക്കാതെ അവര്‍ അഗസ്റ്റിനെ സമീപിച്ചത്.

ഒരുപാട് സന്തോഷത്തോടെയും അഭിമാനത്തോടെയുമാണ് ഈ ജോലി ചെയ്യുന്നതെന്ന് അഗസ്റ്റിന്‍ പറയുന്നു. പാപ്പക്കായി എട്ട് ഫര്‍ണീച്ചറുകളുടെ നിര്‍മ്മാണമാണ് അഗസ്റ്റിന്റെ പണിശാലയില്‍ പുരോഗമിച്ചു കൊണ്ടിരിക്കുന്നത്.

മൂന്ന് മാര്‍പാപ്പമാരുടേയും അഭിരുചികള്‍ വ്യത്യസ്തമാണെന്നാണ് അഗസ്റ്റിന്‍ പറയുന്നത്. ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പക്കായി നവോത്ഥാന കാലഘട്ടത്തിലുള്ള മാതൃകയിലാണ് ഫര്‍ണീച്ചറുകള്‍ നിര്‍മ്മിച്ചത്. ബനഡിക്ട് പാപ്പക്കായി നിര്‍മ്മിച്ചതിലേറെയും ആധുനിക രീതിയിലുള്ളതായിരുന്നു. ലാളിത്യമുള്ളതും എന്നാല്‍ കാഴ്ചയില്‍ സുന്ദരമായതുമായ ഫര്‍ണീച്ചറുകളാണ് ഫ്രാന്‍സിസ് പാപ്പക്കായി നിര്‍മ്മിക്കുന്നത്.

You must be logged in to post a comment Login