പാപ്പാ അന്ന് കരഞ്ഞു, ഒരു രാവ് മുഴുവന്‍….

ഫ്രാന്‍സിസ് പാപ്പാ അന്ന് വൈദികന്‍ പോലുമായിട്ടില്ല. പ്രായം വെറും പതിനേഴ്. അക്കാലത്താണ് ബെര്‍ഗോളിയോ ബ്യുവനോസ് അയേഴ്‌സില്‍ വച്ച് ഫാ. കാര്‍ലോസ് ഡുവാര്‍ത്തേ ഇബാറയെ കണ്ടുമുട്ടുന്നത്. 1953 സെപ്തംബര്‍ 21ാം തീയതി, വി. മത്തായിയുടെ തിരുനാള്‍ ദിവസം.

ഫാ. ഇബാറയുടെ അടുക്കല്‍ ചെന്ന് ഹോര്‍ഗെ ബെര്‍ഗോളിയോ കുമ്പസാരിച്ചു. കാരുണ്യത്തിന്റെ അവര്‍ണനീയമായ അനുഭവമാണ് ആ കുമ്പസാരം കൊച്ചു ബര്‍ഗോളിയോയുടെ ഹൃദയത്തില്‍ പകര്‍ന്നത്. കൊറിയന്റസ് കാരനായ ഫാ. ഇബാറ രക്താര്‍ബുദത്തിനുള്ള ചികിത്സയ്ക്കായാണ് ബുവനോസ് അയേഴ്‌സില്‍ എത്തിയത്.

ആ കുമ്പസാരം കഴിഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞ് ഫാ. ഇബാറ മരിച്ചു. അദ്ദേഹത്തിന്റെ സംസ്‌കാരം കഴിഞ്ഞ് വീട്ടിലേക്കു മടങ്ങിയ ബെര്‍ഗോളിയോയുടെ ഹൃദയം ആഴമായ വിരഹദുഖം കനത്തു കിടന്നു. കരുണയുടെ അനുഭവം തൊട്ടറിഞ്ഞ താന്‍ അനാഥനായി പോയെന്നതു പോലെ അദ്ദേഹത്തിനു തോന്നി. തന്റെ മുറിക്കുള്ളില്‍ കടന്ന് കതകടച്ച് ആ രാത്രി മുഴുവന്‍ തോരാതെ ബെര്‍ഗോളിയോ കണ്ണീര്‍ വാര്‍ത്തു.

‘ദൈവത്തിന്റെ നാമം കരുണ എന്നാണ്’ എന്ന തന്റെ പുതിയ പുസ്തകത്തിലാണ് ഫ്രാന്‍സിസ് പാപ്പാ ഈ സംഭവം വിവരിക്കുന്നത്.

You must be logged in to post a comment Login