പാപ്പാ-ഫിഡെല്‍ കാസ്‌ട്രോ കൂടിക്കാഴ്ചയ്ക്ക് കളമൊരുങ്ങുന്നു

പാപ്പാ-ഫിഡെല്‍ കാസ്‌ട്രോ കൂടിക്കാഴ്ചയ്ക്ക് കളമൊരുങ്ങുന്നു

POPചരിത്രപരമായ കണ്ടുമുട്ടലാകും, അത്. രണ്ടും പേരും ലാറ്റിന്‍ അമേരിക്കന്‍ ഇതിഹാസങ്ങള്‍. അടിച്ചമര്‍ത്തപ്പെട്ടവരുടെയും പാവങ്ങളുടെയും പക്ഷം ചേര്‍ന്നവര്‍. അര്‍ജന്റീനക്കാരനായ ഫ്രാന്‍സിസ് പാപ്പയും ക്യൂബയുടെ മുന്‍ പ്രസിഡന്റും വിപ്ലവനേതാവുമായ ഫിഡെല്‍ കാസ്‌ട്രോയും കൂടിക്കാഴ്ച നടത്തുമെന്ന് സൂചനകള്‍. വത്തിക്കാന്‍ വക്താവായ ഫാ. ഫെഡറിക്കോ ലൊമ്പാര്‍ഡിയാണ് ഇക്കാര്യം അറിയിച്ചത്.

ഫിഡലുമായി പാപ്പാ കൂടിക്കാഴ്ച നടത്തുമോ എന്ന ചോദ്യത്തിന് ഫാ. ലൊമ്പാര്‍ഡി നല്‍കിയ മറുപടി ഇപ്രകാരമായിരുന്നു: ‘അത് സംഭവിക്കാന്‍ തന്നെയാണ് സാധ്യത. ഹവാന സന്ദര്‍ശനവേളയിലായിരിക്കുമത.്’ എന്നാല്‍ കൃത്യമായ തീയതിയോ സമയമോ അദ്ദേഹം വ്യക്തമാക്കിയില്ല.

ഈ കൂടിക്കാഴ്ചയ്ക്ക് ക്യൂബന്‍ സ്റ്റേറ്റ് തന്നെയാണ് മുന്‍കൈ എടുത്തതെന്നും വത്തിക്കാന്‍ വക്താവ് അറിയിച്ചു. ക്യൂബന്‍ പ്രസിഡന്റ് റൗള്‍ കാസ്‌ട്രോ റോം സന്ദര്‍ശിച്ച വേളയില്‍ ഇക്കാര്യം അറിയിച്ചിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്യൂബന്‍ തലസ്ഥാനമായ ഹവാനയില്‍ പാപ്പാ സെപ്തംബര്‍ 19 ന് എത്തിച്ചേരും.

ഫ്രാന്‍സിസ് പാപ്പായോട് ഏറെ ആദരവ് പ്രകടിപ്പിക്കുന്ന ഫിഡെല്‍ കാസ്‌ട്രോ പാപ്പായുടെ സ്വാധീനം തന്നെ വീണ്ടും പ്രാര്‍ത്ഥനയിലേക്ക് മടങ്ങാന്‍ പ്രേരിപ്പിക്കുന്നുവെന്ന് അഭിപ്രായപ്പെട്ടിരുന്നു. വി. ജോണ്‍ പോള്‍ പാപ്പാ നിര്യാതനായ വേളയില്‍ അന്നത്തെ ക്യൂബന്‍ ഭരണാധികാരിയായിരുന്ന ഫിഡെല്‍ കാസ്‌ട്രോ ഹൃദയം തൊട്ടുള്ള അനുശോചനം പ്രകടിപ്പിച്ചിരുന്നു.

You must be logged in to post a comment Login