പാഴാക്കപ്പെടുന്ന ഭക്ഷണം

പാഴാക്കപ്പെടുന്ന ഭക്ഷണം

ചിന്താമൃതം – 3

content-food-wasteആകാശ യാത്രക്കിടയിൽ പതിവുപോലെ എയർ ഹോസ്റ്റസുമാർ ഭക്ഷണം വിളമ്പി. ആകെ അസ്വസ്ഥനായിരുന്നതിനാൽ എനിക്ക് മുന്പിലിരിക്കുന്ന ഭക്ഷണം കഴിക്കാനോ തുറന്നു നോക്കാനോ പോലും തോന്നിയില്ല; വാങ്ങിച്ചു പോയല്ലോ? ഇനി അത് മാലിന്യ പാത്രത്തിൽ നിക്ഷേപിക്കുക അല്ലാതെ മറ്റു മർഗ്ഗമില്ലല്ലൊ എന്നോക്കെ ഓർത്തപ്പോൾ ദുഃഖം തോന്നി.ഇരു വശങ്ങളിലും ഇരിക്കുന്നവർ വളരെ ആവേശത്തോടെ ഭക്ഷണം കഴിക്കുന്നു. എന്റെ വലതു വശത്തിരുന്നത് ദുബൈയിൽ ജോലി ചെയ്യുന്ന ഒരു തൊഴിലാളിയായിരുന്നു . വളരെ വേഗം ഭക്ഷണം കഴിച്ച് അദ്ദേഹം എന്നെയും എന്റെ ഭക്ഷണ പൊതിയും മാറി മാറി നോക്കികൊണ്ട്‌ ചോദിച്ചു “എന്തേ ചങ്ങാതീ ഭക്ഷണം കഴിക്കുന്നില്ലേ?. “ഇല്ല; കഴിക്കാൻ നല്ല വിശപ്പു തോന്നുന്നില്ല” എന്ന് മറുപടി പറഞ്ഞ ഞാൻ ഒരുൾപ്രേരണയാൽ അദ്ദേഹത്തോട് ചോദിച്ചു , താങ്കൾ ഇത് കഴിക്കുമോ?.വളരെ സന്തോഷത്തോടെ അദ്ദേഹം എന്റെ ഭക്ഷണ പൊതി കയ്യിലെടുത്തു കഴിച്ചു തുടങ്ങി, ഇന്നുച്ചക്ക് ഒന്നും കഴിക്കാൻ സാധിച്ചില്ല, അതിനാൽ നല്ല വിശപ്പ്. വളരെ സന്തോഷത്തോടെ അത് കൂടി കഴിച്ച് അയാൾ സുഖമായി ഉറങ്ങി.

ഇരമ്പുന്ന വിമാനത്തിന്റെ ജാലകങ്ങളിലൂടെ പുറത്തേക്ക് നോക്കി ഇരിക്കുമ്പോൾ എന്റെ ഉള്ളിൽ കുറ്റബോധത്തിന്റെ ഒരു നൊമ്പരം മിന്നൽ പിണരുപോലെ കടന്നുപോയി. എത്രയോ പ്രാവിശ്യം ഞാൻ ഭക്ഷണം പാഴാക്കിയിട്ടുണ്ട്. ഭക്ഷണം ലഭിക്കാതെ ഓരോ നിമിഷവും ആയിരങ്ങൾ മരിച്ചു വീഴുന്ന ഈ ലോകത്ത് ഞാൻ ഇത് വരെ പാഴാക്കിയ ഭക്ഷണ സാധനങ്ങൾ ആയിരങ്ങൾക്ക് ഉപകരിക്കേണ്ടവ ആയിരുന്നില്ലേ. ദൈവത്തോടും മനുഷ്യരോടും ഒരു പോലെ ചെയ്ത മഹാ അപരാധം!. അടുത്തിരിക്കുന്നവന്റെ വിശപ്പകറ്റേണ്ട അന്നം നശിപ്പിച്ചു കളഞ്ഞ ഭൂതകാലത്തിന്റെ ഓർമകൾ എന്നെ വല്ലാതെ വേട്ടയാടുന്നു.

ഓരോ തവണ ഭക്ഷണം കഴിക്കാതെ നഷ്ടപെടുത്തുമ്പോളും ഞാൻ എന്റെ പണം മാത്രമല്ല നഷ്ടപെടുത്തുക; അതിനു പിന്നിലുള്ള കർഷകരുടെ അദ്ധ്വാനം, ഊർജ്ജം, വെള്ളം, അത് പാചകം ചെയ്തവർ തുടങ്ങി അനേക ഘടകങ്ങൾ നാം പാഴാക്കുകയാണ്.ഇതൊരു സാമുഹിക തിന്മയായി നാം കരുതണം,

അടുത്തയിടെ ചേതൻ ഭഗത്തിന്റെ ബ്ലോഗിൽ വന്ന ഒരു സംഭവം ഓർകുന്നു. സമ്പന്ന രാഷ്ട്രമായ ജർമനിയിൽ വ്യവസായിക സന്ദർശനതിനു പോയ ഇന്ത്യൻ വ്യവസായി ഭക്ഷണം കഴിക്കാൻ ഒരു ഹോട്ടലിൽ കയറുന്നു; അവിടെയുള്ളവരുടെ മേശപ്പുറത്ത് വളരെ ലഘുവായ രീതിയിലുള്ള ഭക്ഷണ സാധനങ്ങൾ മാത്രം.സൂപ്പും, സാന്റ്വിച്ചും, ഫ്രഞ്ച് ഫ്രൈയും ഒക്കെ അടങ്ങിയ ലഘുവായ ഭക്ഷങ്ങങ്ങൾ. എന്നാൽ നമ്മുടെ ഇന്ത്യൻ സംഘം വളരെയധികം വിഭവങ്ങൾ വാങ്ങുകയും അതിൽ പകുതിയിലധികം ബാക്കി വച്ചിട്ട് എഴുന്നേറ്റ് പോകുകയും ചെയ്തു. ഇത് കണ്ട ഒരു പ്രായമായ സ്ത്രീ ഇതിനെ ചോദ്യം ചെയ്തപ്പോൾ “നിങ്ങൾക്കെന്തെ ഇത് ഞങ്ങളുടെ പണമല്ലേ? എന്ന മറു ചോദ്യമാണ് ഇന്ത്യൻ സംഘത്തിലെ ഒരംഗം തിരിച്ചു ചോദിച്ചത്. ഉടൻ തന്നെ ആ സ്ത്രീ തന്റെ ഫോണിൽ നിന്നും ആരെയോ വിളിക്കുകയും സാമുഹിക സുരക്ഷാ പോലീസ് (Social Security Police) എത്തി ഇന്ത്യൻ സംഘത്തിൽ നിന്നും പിഴ ഈടാകുകയും ചെയ്തു എന്നാണ് അതിൽ എഴുതിയിരിക്കുന്നത്. പിഴ ഈടാക്കുമ്പോൾ ആ ഉദ്യോഗസ്ഥൻ അവരോടു പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാണ് ” പണം നിങ്ങളുടേ തായിരിക്കാം, പക്ഷെ ഈ ഭക്ഷണം പൊതു സമൂഹത്തിന്റെതാണ്”.

നമ്മുടെ ഭാരതത്തിൽ തന്നെ 50,000 കോടി രൂപയുടെ ഭക്ഷണ സാധനങ്ങളാണ് ഓരോ വർഷവും പാഴാക്കി കളയുന്നത്. ഇത്രയും തുകയുണ്ടെങ്കിൽ ബ്രിട്ടനിലെ മുഴുവൻ ആളുകൾക്കും ഒരു വർഷം മുഴുവൻ സംതൃപ്തമായി ഭക്ഷണം കഴിക്കാൻ സാധിക്കും എന്ന് ഐക്യ രാഷ്ട്ര സഭ ചൂണ്ടിക്കാണിക്കുന്നു.

ഫ്രാൻസിസ് മാർപ്പാപ്പയുടെ പ്രശസ്തമായ ഒരു വാക്യം ഇവിടെ ഉദ്ധരിക്കട്ടെ “ഭക്ഷണം പാഴാക്കുക എന്ന് പറഞ്ഞാൽ ദരിദ്രന്റെ മേശയിൽ നിന്നും മോഷ്ടിക്കുന്നതിനു തുല്യമാണ്”
(Pope Francis: ‘Wasting Food Is Like Stealing From The Poor’)

ഭക്ഷണം പാഴക്കാതിരിക്കാൻ നമുക്ക് ശ്രമിക്കാം, ഒപ്പം നമ്മുടെ കുഞ്ഞുങ്ങളെ പഠിപ്പിക്കാം . ചവിറ്റു കൊട്ടയിൽ നാം കളയുന്ന ഭക്ഷണസാധങ്ങൾ നമ്മുടെ അടുത്തിരിക്കുന്ന അപരന്റെ വയറിന്റെ വിശപ്പകറ്റേന്ടതാനെന്ന ഒർമ്മ നമുക്കുണ്ടാകട്ടെ.

 

ജോ കാവാലം

You must be logged in to post a comment Login