പാവങ്ങളെ സഹായിക്കേണ്ടത് സമ്പന്നര്‍: ഫ്രാന്‍സിസ് പാപ്പ

കെനിയ: ലോകത്ത് ദുരിതവും പട്ടിണിയും അനുഭവിക്കുന്ന പാവപ്പെട്ട ജനങ്ങളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം സമ്പന്നര്‍ക്കാണെന്ന് ഫ്രാന്‍സിസ് പാപ്പ. ആറു ദിവസത്തെ ആഫ്രിക്കന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി കെനിയയിലെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു. നയ്‌റോബിയിലെ ചേരികളിലുള്ള പാവപ്പെട്ടവരുടെ അവസ്ഥ മനസ്സിലാക്കിയതിനു ശേഷമായിരുന്നു ഫ്രാന്‍സിസ് പാപ്പയുടെ പരാമര്‍ശം.

ഏതൊരു രാജ്യത്തെയും സര്‍ക്കാറുകള്‍ പ്രഥമ പരിഗണന കൊടുക്കേണ്ടത് ദാരിദ്യവും അസമത്വവും ഇല്ലായ്മ ചെയ്യുന്നതിനായിരിക്കണം. ഒരു നേരത്തെ ആഹാരത്തിനു പോലും വകയില്ലാത്ത, ധരിക്കാന്‍ വസ്ത്രങ്ങളില്ലാത്ത, കുടിക്കാന്‍ വെള്ളമില്ലാത്ത ആളുകള്‍ നമുക്കിടയിലുണ്ട്. അവരെ പുനരുദ്ധരിക്കേണ്ടത് രാഷ്ട്രത്തിന്റെ കടമയാണ്. കെനിയയിലെ നെയ്‌റോബിയിലുള്ള ചേരിപ്രദേശങ്ങള്‍ സന്ദര്‍ശിച്ചതിനു ശേഷം ഫ്രാന്‍സിസ് പാപ്പ പറഞ്ഞു.

അധികാരമുള്ളവര്‍ ചേര്‍ന്നു പൊതുസമൂഹത്തിനുമേല്‍ സൃഷ്ടിച്ച മുറിപ്പാടുകളാണ് ചേരികള്‍. അര്‍ഹിക്കുന്നവരുടെ നീതി നിഷേധിക്കലാണത്. അവരുടെ അടിസ്ഥാനാവകാശങ്ങള്‍ പോലും നിഷേധിക്കപ്പെട്ടിരിക്കുന്നു. അത്തരമാളുകളുടെ ജീവിതങ്ങളെക്കുറിച്ച് നാം ചിന്തിക്കുന്നില്ല.

ആഫ്രിക്കയിലെ മാത്രം അവസ്ഥയല്ലിത്. ലോകത്തെമ്പാടുമുള്ള ചേരിനിവാസികളുടെ അവസ്ഥ പരിതാപകരമാണ്. ഇവരുടെ ജീവിതത്തെക്കുറിച്ച് ചിന്തിക്കാനും അവര്‍ക്കു നീതി നടപ്പിലാക്കാനും എല്ലാവര്‍ക്കും ബാധ്യതയുണ്ടെന്നും മാര്‍പാപ്പ പറഞ്ഞു.

You must be logged in to post a comment Login