“പാവങ്ങൾക്കു വേണ്ടി ഉപയോഗിക്കാതെ പണം കൂട്ടിവച്ചാൽ ദൈവം ശിക്ഷിക്കും!” സൂസപാക്യം

“പാവങ്ങൾക്കു വേണ്ടി ഉപയോഗിക്കാതെ പണം കൂട്ടിവച്ചാൽ ദൈവം ശിക്ഷിക്കും!” സൂസപാക്യം

തിരുവനന്തപുരം: പാവങ്ങൾക്കുവേണ്ടി ഉപയോഗിക്കാതെ പൊതുപണം കൂട്ടിവച്ചാൽ ദൈവം ശിക്ഷിക്കുമെന്ന് തിരുവനന്തപുരം അതിരൂപത മെത്രാപ്പൊലീത്ത ഡോ. സൂസപാക്യം. വെള്ളയമ്പലം ആനിമേഷൻ സെന്ററിൽ നടന്ന തീരപരിപാലനവും സംരക്ഷണവും എന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

“കഴിഞ്ഞ ദിവസം നായ്ക്കൾ കടിച്ചുകൊന്ന സഹോദരിയുടെ വീടും കടപ്പുറവും സന്ദർശിച്ചപ്പോൾ ലജ്ജ കൊണ്ട്‌ തലകുനിച്ചുപോയി. 26 വർഷമായി വൈദികപട്ടത്തിൽ സമുദായത്തെ സേവിക്കുന്നു. തീരദേശത്തൊക്കെ പ്രാഥമിക ആവശ്യങ്ങൾ സാധിക്കാൻപോലും ഗതിയില്ലാത്ത സമുദായാംഗങ്ങൾ ഇപ്പോഴുമുണ്ടെന്ന യാഥാർത്ഥ്യം എന്റെ കണ്ണുനനയിക്കുന്നു” ഡോ. സൂസപാക്യം പറഞ്ഞു.

“എന്തിനാണ് ഇടവകകളിൽ പണംകൂട്ടിവയ്ക്കുന്നത്?  നമ്മുടെ സഹോദരിയെ കാട്ടിലോ മേട്ടിലോ വച്ചല്ല മൃഗങ്ങൾ കടിച്ചു കീറിയത്, കടപ്പുറത്തുവച്ചാണ്. അവർ പ്രാഥമികാവശ്യം വിനിയോഗിക്കാൻ പോയപ്പോഴാണ്. ഇതിനേക്കാൾ ദയനീയമായി മറ്റെന്തുണ്ട്. ഇടവകകൾ ഇടപെട്ട് അടിസ്ഥാനസൗകര്യങ്ങൾ എല്ലാവരിലും എത്തിക്കണം. പാവങ്ങൾക്ക് വേണ്ടി ഉപയോഗിക്കാതെ പണം കൂട്ടിവയ്ക്കുന്നവർക്ക് ദൈവശിക്ഷകിട്ടും!” ആര്‍ച്ചബിഷപ്പ് പറഞ്ഞു.

“എല്ലാം ശരിയാക്കി എന്ന എന്റെ വിചാരമാണ് പുല്ലുവിള കടപ്പുറത്തുവച്ച് ഇല്ലാതായത്. ജപമാല ജപിക്കുന്നത് നല്ലതാണ്. പക്ഷേ, അതു മാത്രം ജപിച്ചിരുന്നിട്ട് കാര്യമില്ല. മടികൂടാതെ ത്യാഗത്തോടെ ഇറങ്ങി പ്രവർത്തിക്കണം” ഡോ. സൂസപാക്യം ആഹ്വാനം ചെയ്തു.

You must be logged in to post a comment Login