‘പാവപ്പെട്ടവരെ നിന്ദിക്കുന്നവര്‍ ദൈവത്തെയാണ് നിന്ദിക്കുന്നത്’ ഫ്രാന്‍സിസ് പാപ്പാ

‘പാവപ്പെട്ടവരെ നിന്ദിക്കുന്നവര്‍ ദൈവത്തെയാണ് നിന്ദിക്കുന്നത്’ ഫ്രാന്‍സിസ് പാപ്പാ

‘പാവങ്ങളെ കണ്ടില്ലെന്ന് നടിച്ചു കൊണ്ട് വേണമെങ്കില്‍ ഈ ഭൂമിയില്‍ നിങ്ങള്‍ക്കു സുഖജീവിതം നയിക്കാം. എന്നാല്‍ ഒന്നോര്‍ത്തോളൂ, നിത്യതയുടെ ഫലം വരുമ്പോള്‍ കാര്യങ്ങള്‍ ഇങ്ങനെയൊന്നും ആയിരിക്കില്ല. മറ്റുള്ളവരോട് കരുണ കാണിക്കുന്നില്ലെങ്കില്‍ ദൈവത്തില്‍ നിന്നും കരുണ പ്രതീക്ഷിക്കാനാവില്ല. പാവങ്ങളെ നിന്ദിക്കുമ്പോള്‍ നാം ദൈവത്തെ തന്നെയാണ് നിന്ദിക്കുന്നത്.’ ഫ്രാന്‍സിസ് പാപ്പാ പറഞ്ഞു. സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ തീര്‍ത്ഥാടകരോട് ലാസറിന്റെയും ധനവാന്റെയും ഉപമ വിശദീകരിച്ച് സംസാരിക്കുകയായിരുന്നു പാപ്പാ.

എല്ലാ സൗഭാഗ്യങ്ങളും അനുഭവിച്ച ധനവാനും ദരിദ്രനായ ലാസറും അവസാനം മരിക്കുന്നു. ലാസറിനെ ദൈവത്തിന്റെ മാലാഖമാര്‍ സ്വര്‍ഗീയാനന്ദത്തിലേക്ക്് വഹിച്ചു കൊണ്ടു പോകുമ്പോള്‍ ധനവാന്‍ കെടാത്ത തീയില്‍ കനത്ത ദാഹത്താല്‍ പൊരിയുന്നു. ജീവിച്ചിരിക്കുന്ന കാലത്ത് ധനവാന്റെ വാതില്‍ ലാസറിന്റെ നേര്‍ക്ക് എന്നും അടഞ്ഞു കിടന്നിരുന്നു, പാപ്പാ നിരീക്ഷിച്ചു. ആഢംബര വസ്ത്രങ്ങളണിഞ്ഞ്, എന്നും വിരുന്നുകള്‍ ആസ്വദിച്ചു ജീവിച്ചപ്പോള്‍ ലാസറര്‍ ദേഹമാസകലം നായ്ക്കള്‍ നക്കുന്ന മുറിവുകളോയെ വിശന്നു പൊരിഞ്ഞ് കഴിഞ്ഞുകൂടുകയായിരുന്നു.

ഈ രംഗം അവസാനത്തെ വിധിയെ ഓര്‍മിപ്പിക്കുന്നതാണെന്ന് പാപ്പാ പറഞ്ഞു. എല്ലാ കാലത്തും മുഴങ്ങുന്ന പാവപ്പെട്ടവരുടെ നിശബ്ദമായ നിലവിളിയാണ് ലാസര്‍ ഓര്‍മിപ്പിക്കുന്നത്. കുറച്ചു പേര്‍ കൈവശം വയ്ക്കുന്ന വലിയ സമ്പത്തിനെ കുറിച്ചു ധനവാനും ഓര്‍മപ്പെടുത്തുന്നു. എന്നാല്‍ ലാസറിനെയും ധനവാനെയും പോലെ എല്ലാവരും ഒരു ദിവസം മരിക്കും.

മരിച്ച് കഴിയുമ്പോള്‍ പാതാളാഗ്നിയില്‍ കിടന്നു കൊണ്ട് ധനവാന്‍ ദൈവത്തെ പിതാവേ എന്നു വിളിക്കുന്നുണ്ട്. താനും ദൈവമക്കളിലൊരുവനാണ് എന്ന ചിന്തയോടെയാണ് അയാള്‍ അങ്ങനെ വിളിക്കുന്നത്. എന്നാല്‍ ജീവിതകാലത്ത് അയാളുടെ മനസ്സില്‍ ദൈവചിന്തയുണ്ടായിരുന്നില്ല. അയാള്‍ തന്നെയായിരുന്നു, അയാളുടെ ജീവിതത്തിന്റെ കേന്ദ്രം.

മറ്റൊരു ശ്രദ്ദേയമായ കാര്യം ധനവാന് പേരില്ല എന്നതാണ്. ധനവാന്‍ എന്നു മാത്രമാണ് അയാള്‍ക്കുള്ള വിശേഷണം. എന്നാല്‍ ലാസറിന്റെ പേരാകട്ടെ അഞ്ചു തവണ ആവര്‍ത്തിക്കുന്നുണ്ട്.

സത്യത്തില്‍ ധനവാന്റെ മുന്നില്‍ ദൈവത്തെ കുറിച്ചുള്ള ഒരോര്‍മ പോലെയാണ് ലാസര്‍ കിടന്നിരുന്നത്. എന്നാല്‍ ധനാവന്‍ അത് കാണാതെ പോയി. ധനികനായതിന്റെ പേരിലല്ല, ലാസറിനോട് കരുണ തോന്നാതെ പോയതിന്റെയും അയാളെ സഹായിക്കാന്‍ മനസ്സു തോന്നാത്തതിന്റെയും പേരിലായിരിക്കും ധനവാന്‍ വിധിക്കപ്പെടുന്നത്!

പാവങ്ങള്‍ നമ്മുടെ ചുറ്റും ഉണ്ട്. അവരെ കാണാതെ പോകുന്നതാണ് ദൈവത്തിനെതിരായ തിന്മ. കണ്ടില്ലെന്നും നടിച്ച് സ്വന്തം സ്വാര്‍ത്ഥങ്ങളില്‍ മുഴുകി ജീവിക്കുന്നവരെ കാത്ത് ദൈവവിധിയുണ്ട്. നാം മറ്റുള്ളവരോട് എത്രത്തോളം കരുണ കാണിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു നമുക്ക് ദൈവത്തില്‍ നിന്ന് ലഭിക്കുന്ന കരുണ.

 

ഫ്രേസര്‍

You must be logged in to post a comment Login