പാസ്റ്റര്‍ ക്ഷമിച്ചു, പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചു

പാസ്റ്റര്‍ ക്ഷമിച്ചു, പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചു

റായ്പ്പൂര്‍: ബാസ്റ്റര്‍ ചര്‍ച്ച് ആക്രമിക്കുകയും വിശുദ്ധ ഗ്രന്ഥവും മറ്റ് പൂജ്യവസ്തുക്കളും നശിപ്പിക്കുകയും പാസ്റ്ററെയും അദ്ദേഹത്തിന്റെ ഏഴുമാസം ഗര്‍ഭിണിയായ ഭാര്യയെയും മണ്ണെണ്ണയൊഴിച്ച് തീ കൊളുത്താന്‍ ശ്രമിക്കുകയും ചെയ്ത കേസിലെ പ്രതികള്‍ക്ക് പാസ്റ്റര്‍ മാപ്പ് നല്കിയതിന്റെ പേരില്‍ ഛത്തീസ്ഘട്ട്‌കോടതി ജാമ്യം അനുവദിച്ചു. ബാസ്റ്റര്‍ പോലീസ് അറസ്റ്റ് ചെയ്ത മ്രിയാം ബോറായ് എന്ന മുപ്പത്തിരണ്ടുകാരനും ആകാശ് സിങ് എന്ന ഇരുപത്തിയേഴുകാരനുമാണ് കോടതി ജാമ്യം അനുവദിച്ചത്.

ഇരകള്‍ നല്കിയ തെളിവുകള്‍ അനുസരിച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. എന്നാല്‍ കോടതിയിലെത്തിയ പ്രതികള്‍ക്ക് പാസ്റ്റര്‍ ദീന്‍ബന്ധു മാപ്പ് നല്കുകയായിരുന്നു. കോടതിയില്‍ എഴുതി നല്കിയ കത്തില്‍ ബൈബിള്‍ ക്ഷമയുടെ പാഠമാണ് നല്കുന്നത് എന്നും അതുകൊണ്ടാണ് ഇവരോട് ക്ഷമിക്കുന്നതെന്നും പാസ്റ്റര്‍ വ്യക്തമാക്കി. പാസ്റ്റര്‍ ക്ഷമ നല്കിയതുകൊണ്ടാണ് അവര്‍ക്ക് ജാമ്യം ലഭിച്ചതെന്ന് ഇന്‍സ്‌പെക്ടര്‍ അബ്ദുള്‍ ഖാന്‍ അറിയിച്ചു.

എന്നാല്‍ പ്രതികളില്‍ നിന്നും കുടുംബത്തില്‍ നിന്നും ഉണ്ടായ ഭീഷണിയെ തുടര്‍ന്ന് മാപ്പ് നല്കാന്‍ പാസ്റ്റര്‍ നിര്‍ബന്ധിക്കപ്പെടുകയായിരുന്നുവെന്നാണ് ക്രിസ്റ്റ്യന്‍ ഫോറത്തിന്റെ ആരോപണം. ക്രൈസ്തവസമുദായത്തെ മുഴുവന്‍ ബാധിക്കുന്ന വിഷയമായതിനാലും ന്യൂനപക്ഷത്തിന് നേരെയുള്ള അക്രമമായതിനാലും ഉന്നതനീതിപീഠത്തെ സമീപിക്കാനാണ് ഫോറത്തിന്റെ തീരുമാനം.

You must be logged in to post a comment Login