പാസ്‌പോര്‍ട്ടില്ലാതെ സഞ്ചരിച്ചവള്‍

സുഹൃത്തുമായി സംസാരിക്കുകയായിരുന്നു, മദര്‍ തെരേസയെക്കുറിച്ച്. മദര്‍ ലോകത്തു നിന്ന് വേര്‍പിരിഞ്ഞിട്ട് പതിനെട്ട് വര്‍ഷമായെന്ന് പറഞ്ഞപ്പോള്‍ സുഹൃത്തിന് അത് വിശ്വസിക്കാനായില്ല. കാരണം ഇന്നലെ മരിച്ചതുപോലെ ഇന്നും മദറിന്റെ വേര്‍പാട് ഹൃദയങ്ങളില്‍ ഒരു മുറിവിന്റെ വേദനയുണ്ടാക്കുന്നു എന്നായിരുന്നു അവന്റെ വിശദീകരണം. ജീവന്റെ കിളി പറന്നുപോയിട്ടും ശരീരത്തില്‍ അതിന്റെ ചൂട് ന്ഷ്ടപ്പെട്ടിട്ടില്ലാത്തവിധം മദര്‍ മരിച്ചുപോയിട്ട് വര്‍ഷം അത്രയുമായെന്ന് വിശ്വസിക്കാനാവുന്നില്ലത്രെ.

സംശയനിവൃത്തിക്കായി വിക്കിപീഡിയയുടെ സഹായം തേടി. അത് കൃത്യമായി മദറിന്റെ മരണദിനം പറഞ്ഞുതന്നു. 1997 സെപ്തംബര്‍ 5 .

ചില മരണങ്ങള്‍ അങ്ങനെയാണ്. കാലമെത്ര കഴിഞ്ഞാലും വേര്‍പാടിന്റെ വേദന കുറയുകയില്ല. വ്യക്തികള്‍ക്കോ സാഹചര്യങ്ങള്‍ക്കോ പദവികള്‍ക്കോ ആ വേര്‍പാടിന്റെ കുറവ് പരിഹരിക്കാന്‍ കഴിയുകയുമില്ല.

ഒരുപക്ഷേ നന്മമാത്രം ചെയ്തും സ്‌നേഹിച്ചു മാത്രം ജീവിച്ചും കടന്നുപോയവരുടെയെല്ലാം കാര്യവും ഇങ്ങനെ തന്നെയായിരിക്കാം. അവരുടെ ഓര്‍മ്മകള്‍ പോലും നമ്മെ പുണ്യപ്പെടുത്തും. മദര്‍ തെരേസയെക്കുറിച്ചുള്ള ഓര്‍മ്മകളുടെ കാര്യവും അങ്ങനെ തന്നെ.

ക്രിസ്തുസ്‌നേഹത്തിന്റെ വര്‍ത്തമാനകാലസാക്ഷ്യമായിരുന്നു മദര്‍ തെരേസ. വരി തെറ്റിയും ഇടറിയും ഒക്കെ നടന്നുപോയവരുടെ ഇടയിലേക്ക്, ഉപേക്ഷിക്കപ്പെട്ടവരുടെയും പരിത്യക്തരുടെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും ഇടയിലേക്ക് സ്‌നേഹം മാത്രം ആയുധമാക്കി കടന്നുചെന്നവളായിരുന്നു മദര്‍ തെരേസ. ലോകത്തിന്റെ നിയമങ്ങളെക്കാള്‍ സ്‌നേഹത്തിന്റെ നിയമങ്ങളെ മദര്‍ കൂട്ടുപിടിച്ചു. അതിനാല്‍ മദറിന് വേണ്ടി ലോകം തന്റെ നിയമങ്ങളും മാറ്റിയെഴുതി. മദര്‍ സ്‌നേഹമായതുകൊണ്ടാണ് ലോകം അതിന്റെ നിയമങ്ങളെ മാറ്റിയെഴുതുവാന്‍ സന്നദ്ധമായത്.

ഏതുരാജ്യത്തിലേക്കും പാസ്‌പോര്‍ട്ടില്ലാതെ സഞ്ചരിക്കുവാന്‍ അനുവാദമുണ്ടായിരുന്ന വ്യക്തിയായിരുന്നു മദര്‍ തെരേസ. നിയമത്തിന്റെ ഭാരങ്ങള്‍ ചില സഞ്ചാരസ്വാതന്ത്ര്യങ്ങളുടെ പോലും സ്വച്ഛത കവരും. നിയമം അതില്‍ തന്നെ തെറ്റല്ലാതിരിക്കുമ്പോഴും സ്‌നേഹത്തിന് മുമ്പില്‍ എല്ലാ നിയമങ്ങളും തല കുനിക്കുക തന്നെ ചെയ്യും.

ലോറെറ്റോ കോണ്‍വെന്റില്‍ നിന്ന് അഞ്ചുരൂപ മാത്രം കൈയില്‍ പിടിച്ച് ലോകത്തിന്റെ അനിശ്ചിതത്വത്തിലേക്ക് ഇറങ്ങിച്ചെല്ലാന്‍ ആഗ്‌നസിനെ പ്രേരിപ്പിച്ചതും സ്‌നേഹം മാത്രമായിരുന്നു. അല്ലെങ്കില്‍ ഏതൊരാള്‍ക്കാണ് അതിനുള്ള ധൈര്യമുണ്ടാവുക? സുരക്ഷിതമായ ലാവണങ്ങളില്‍ നിന്ന് നാളെയെന്ത് സംഭവിക്കുമെന്ന് നിശ്ചയമില്ലാത്ത ഒന്നിലേക്ക് ഇറങ്ങിത്തിരിക്കാന്‍ പ്രായോഗികബുദ്ധിയുള്ള ആര്‍ക്കും സാധി്ക്കുകയില്ല. സ്‌നേഹം ചിലതിനൊക്കെ നമ്മെ നിര്‍ബന്ധിക്കാറുണ്ട് എന്ന് പറയുന്നത് ഇതുപോലെയുള്ള ചില സന്ദര്‍ഭങ്ങളിലാണ്.

ആര്‍ച്ച് ബിഷപ് തുവാന്‍ പറഞ്ഞതുപോലെ കണക്കുകൂട്ടലുകള്‍ കൃത്യമായറിയാത്ത ക്രിസ്തുവിനെ കണക്കെ തൊണ്ണൂറ്റൊമ്പതിനെയും വിട്ടിട്ട് കാണാതെ പോയ ഒന്നിന് പിന്നാലെ പോകുന്ന പ്രായോഗികതയില്ലായ്മ ആ വഴിക്ക് തന്നെയാണ് ആഗ്‌നസും നടന്നുനീങ്ങിയത്. പക്ഷേ ആ ഇറങ്ങിപ്പോക്ക് ഒരു വഴിത്തിരിവായിരുന്നു. വ്യക്തികളില്‍ നിന്നാരംഭിക്കുന്ന ഇദൃശ്യമായ വിപ്ലവങ്ങള്‍ ലോകത്തിന്റെ മുഴുവന്‍ മാറ്റത്തിനു കാരണമാകുന്നുവെന്ന് ചരിത്രം സാക്ഷി. ആഗ്‌നസ് അങ്ങനെ ഇറങ്ങിപ്പോയില്ലായിരുന്നുവെങ്കില്‍ മിഷനറീസ് ഓഫ് ചാരിറ്റി പിറക്കുകയില്ലായിരുന്നു. മദര്‍ തെരേസ ജനിക്കുകയില്ലായിരുന്നു. ലോകത്തിന് ഇത്രമേല്‍ പ്രകാശം ലഭിക്കുകയുമില്ലായിരുന്നു.

ലോകത്തിന്റെ നിയമങ്ങളെ മറി കടക്കുന്ന സ്‌നേഹത്തിന്റെ നിയമങ്ങളായിരുന്നു മദറിന്റെ സമ്പാദ്യം. അല്ലെങ്കില്‍ സ്‌നേഹത്തിന് കടന്നുചെല്ലാനാവാത്ത ഏത് ഇടങ്ങളാണ് ഈ ലോകത്തിലുള്ളത്? പുള്ളിപ്പുലികളുടെ വിഹാരകേന്ദ്രങ്ങളിലേക്കും ചെങ്കുത്തായ മലഞ്ചെരിവിലേക്കും കുറുകുന്ന വെണ്‍പ്രാവുകളുടെ ഇടയിലേക്കും ഒന്നുപോലെ കടന്നുചെല്ലാന്‍ സ്‌നേഹത്തിന് മാത്രമേ കഴിയൂ. സ്‌നേഹം സ്‌നേഹമാകുന്നത് ഇത്തരം ചില പ്രവൃത്തികള്‍ വഴിയാണ് താനും.

സ്‌നേഹം കൊണ്ട് മദര്‍ ലോകത്തെ വിസ്മയിപ്പിച്ചു. സ്‌നേഹമാണ് എല്ലാറ്റിനും മീതെ നില്‌ക്കേണ്ട ഗുണമെന്നും മദര്‍ ലോകത്തെ പഠിപ്പിച്ചു. സ്‌നേഹത്തിന് മാത്രം ചെയ്യാന്‍ കഴിയുന്ന വഴികളിലൂടെ സ്‌നേഹത്തോടെ സഞ്ചരിച്ച് സ്‌നേഹത്തിന്റെ പ്രതിഷ്ഠയായി.

You must be logged in to post a comment Login