പാർശ്വത്തെ സ്നേഹിച്ചവൻ !!!

നിന്റെ നോട്ടങ്ങളിൽ ഞാനില്ലെന്നുള്ള പരാതിയിലാണ് യോഹന്നാൻ ,

എന്റെ പാർശ്വത്തിലേക്ക് ചാഞ്ഞുകിടന്നു ഉറവ വറ്റാത്ത സ്നേഹ ഊഷ്മ്ളതയെ
ആസ്വദിക്കാൻ തക്കം പാർത്തിരിക്കുകയാണ് നീയെന്ന് ഈശോ ,

ഈയിടെ പത്രോസിനെ കൂടുതൽ ശ്രദ്ധിക്കുന്നത് പതിവായിരിക്കുന്നുവെന്ന്
കണ്ണ് നിറഞ്ഞു പറഞ്ഞാണ് അവൻ കലഹിച്ചത് ,
സ്വർഗത്തിന്റെതിനെക്കാളും വലിയ താക്കോലാണ്
നിന്നെ എല്പ്പിക്കാൻ പോവുന്നതെന്ന് ഓർത്താണ് കർത്താവു ചിരിച്ചത് ,

വീണ്ടും വീണ്ടും അവൻ കരയുന്നുണ്ട് ,
ഈശോയാണെങ്കിൽ എല്ലാം ഒരു കുസൃതി ചിരിയിൽ ഒളിപ്പിക്കുന്നുമുണ്ട് ,

അവനറിയാം ആ നെഞ്ചിലൊരു ഭാഗം തനിക്കു ചായാൻ ചോദിക്കുന്നത്
ലോകം മുഴുവൻ ചോദിക്കുന്നത് പോലെയാണെന്ന് ,
എങ്കിലും സ്നേഹത്തിനു പകരമാവില്ലല്ലോ വെള്ളി കാശും, കുശവന്റെ പറമ്പും !

അവൻ വാവിട്ടു കരയുകയാണ് ,വീണ്ടു വീണ്ടും ചങ്കു പുളഞ്ഞു കരയുന്നുണ്ട് ,
തനിക്കു വേണമെന്ന് കരുതിയ ദൈവ സ്നേഹത്തിനുവേണ്ടി …..
ധീരരായ തോമായും മത്തായിയുമൊക്കെ ഇതുകേട്ട് ചിരിക്കുന്നുമുണ്ട്
നീയെന്തിനാ ഇങ്ങനെ ജറുസലേമിലെ കന്യകളെ പോലെ കരയുന്നതെന്ന് ?

അവൻ അതൊക്കെ ഗൗനിക്കുന്നതെയില്ല ,
കണ്ണുകളിൽ ദൈവ സ്നേഹം മാത്രം ,
തന്റെ മുന്നിലിരിക്കുന്ന ദൈവ പുത്രനെ
ധ്യാനിച്ച് ധ്യാനിച്ച്,
അവിടുത്തെ പാർശ്വത്തിൽ ചാഞ്ഞുകിടക്കുന്നതാണ്
എന്റെ സ്വർഗം എന്ന് തീരുമാനിച്ചുറച്ച മനസ് !

കാലം പിന്നീട് തെളിയിക്കുന്നുണ്ട് ,
കാൽവരി വരെ പിന്തുടർന്ന അരുമ ശിഷ്യന്റെ സ്നേഹം ,

ലോകത്തിൽ നല്കപ്പെട്ടതിൽ വച്ചേറ്റവും
വലിയ സമ്പന്നൻ ആണവൻ ,
ആ സ്നേഹത്തിനു പ്രതിഫലമായ് ഈശോ നല്കിയതോ ,
മാനവരാശിയുടെ തന്നെ സഹരക്ഷകയായ് മാറിയ പരിശുദ്ധ അമ്മയെയും ,

അവന്റെ സമ്പത്താണ്‌ , തീക്ഷ്ണമായ ആ സ്നേഹത്തിന്റെ
വികാരഭേരിതമായ യാത്രയുടെ സ്നേഹത്തിൽ മുദ്രണം ചെയ്യപ്പെട്ട
അവകാശമാണ്, നാം തലമുറ തോറും അനുഭവിച്ചു വരുന്ന മാതൃ സ്നേഹത്തിന്റെ
ഭാഗ ഭാഗിത്വം ……..

എനിക്ക് മുന്നേ നടന്നു നീങ്ങിയവനെ ,
നിനക്ക് പിന്നേ വരുന്നുണ്ട് ഒരുപറ്റം ,
അമ്മയെയും സഹോദരനെയും സ്നേഹിച്ചു
ജീവിക്കാനായി ജന്മം എടുത്തവർ !!!!

കാണാം ഒരു രാവിനപ്പുറം , മേശയ്ക്കു ചുറ്റും
വിരുന്നൊരുക്കി ,കൂട്ട് കുടുംബത്തിന്റെ ഉഷ്മളതയിൽ
സ്നേഹം പങ്കിടുന്നൊരു സ്വർഗം ,
അന്ന് അവന്റെ മാറിനു ചാരെ ചായാൻ ഒരുങ്ങുമ്പോൾ
ഓര്ക്കുക, ഞാൻ നിന്റെ ഇപ്പുറം ഉണ്ടാവും,
നമുക്കും മത്സരിക്കാം പരസ്പരം ,ആരവനെ കൂടുതൽ സ്നേഹിക്കുന്നെന്നു
ആരാദ്യം ആവന്റെ മാറിൽ ചേർന്നിരിക്കുമെന്നു !!!

 .

You must be logged in to post a comment Login