പിഒസി ബൈബിളിലെ മറിയത്തിന്റെ സ്തോത്രഗീതം മോഷ്ടിച്ചതാര്?

പിഒസി ബൈബിളിലെ മറിയത്തിന്റെ സ്തോത്രഗീതം മോഷ്ടിച്ചതാര്?
മലയാളം ബൈബിളിന്റെ മൊബൈൽ ആപ്പ്ലിക്കേഷനിൽ ‘അബദ്ധങ്ങളുടെ സ്തോത്രഗീതം’!
ജീസസ് യൂത്ത് പ്രസ്ഥാനം കേരളസഭക്കു നൽകിയ അനുഗ്രഹങ്ങളിലൊന്നാണ് മലയാളം ഓൺലൈൻ ബൈബിൾ. കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ (കെസിബിസി) ബൈബിൾ കമ്മീഷൻ തയാറാക്കിയ മലയാളം വിവർത്തനമാണ് പിന്നീട് ഇൻറർനെറ്റിൽ ലഭ്യമാക്കിയത്.
ജീസസ് യൂത്തിലെ ഒരുപറ്റം ചെറുപ്പക്കാരുടെ ശ്രമഫലമായിരുന്നു അത്. പിന്നീട് അവയുടെ ആൻഡ്രോയിഡ്, ഐഫോൺ വേർഷനുകൾകൂടി ലഭ്യമായി. തികച്ചും അഭിനന്ദനീയം.
കഴിഞ്ഞ വാരാന്ത്യത്തിൽ ഞാനും എന്റെ രണ്ടു സുഹൃത്തുക്കളുംകൂടി പ്രാർത്ഥിക്കാൻ ഒരുമിച്ചിരുന്നു. വിശുദ്ധ ലൂക്കായുടെ സുവിശേഷം ഒന്നാമത്തെ അധ്യായത്തിലെ ‘മറിയത്തിന്റെ സ്തോത്രഗീതം’ ഞങ്ങൾ ഒരുമിച്ചുചൊല്ലി. ഒരാൾ, അച്ചടിച്ച ബൈബിളിൽനിന്നും മറ്റുരണ്ടുപേർ മൊബൈൽ ആപ്ലിക്കേഷനിൽ നിന്നും.
ഞങ്ങൾ നടുങ്ങി; കാരണം അച്ചടിച്ച ബൈബിളിലുള്ള വചനങ്ങൾ പലതും മൊബൈൽ ആപ്ലിക്കേഷനിൽ ഇല്ലേയില്ല!  മറിയത്തിന്റെ സ്തോത്രഗീതം വല്ലാതെ ശുഷ്കിച്ചുപോയിട്ടുണ്ട് മൊബൈൽ ആപ്ലിക്കേഷനിൽ!
നാല്പത്തിയാറാം വചനം എല്ലാ ബൈബിളുകളിലും ഇങ്ങനെയാണ്: “മറിയം പറഞ്ഞു: എന്റെ ആത്മാവ് കർത്താവിനെ മഹത്വപ്പെടുത്തുന്നു.
നാല്പത്തിയേഴാം വചനം: “എന്റെ ചിത്തം എന്റെ രക്ഷകനായ ദൈവത്തിൽ ആനന്ദിക്കുന്നു.”
പിഒസി ബൈബിളിന്റെ മൊബൈൽ ആപ്ലിക്കേഷനിൽ ഇത് ഇങ്ങനെ:
46 മറിയം പറഞ്ഞു:
47 എന്റെ ചിത്തം എന്റെ രക്ഷകനായ ദൈവത്തിൽ ആനന്ദിക്കുന്നു.
നഷ്ടമായത്, “എന്റെ ആത്മാവ് കർത്താവിനെ മഹത്വപ്പെടുത്തുന്നു” എന്ന ഭാഗം!
അച്ചടിച്ച ബൈബിളിൽ നാല്പത്തിയെട്ടാം വചനം ഇങ്ങനെയാണ്:
“അവിടുന്ന് തന്റെ ദാസിയുടെ താഴ്‌മയെ കടാക്ഷിച്ചു.
ഇപ്പോൾ മുതൽ സകലതലമുറകളും എന്നെ ഭാഗ്യവതി എന്നു പ്രകീർത്തിക്കും.”
സങ്കടകരമെന്നു പറയട്ടെ, മൊബൈൽ ആപ്പ്ലിക്കേഷനിൽ വചനത്തിന്റെ രണ്ടാം ഭാഗമില്ല!
“ഇപ്പോൾ മുതൽ സകലതലമുറകളും എന്നെ ഭാഗ്യവതി എന്നു പ്രകീർത്തിക്കും” എന്ന ഭാഗം നഷ്ടമായിരിക്കുന്നു!
ഞങ്ങൾ ഇഗ്ളീഷിലെ ഓൺലൈൻ ബൈബിളുകൾ പരതി; എല്ലാത്തിലുമുണ്ട്, ഇപ്പോൾ മുതൽ സകലതലമുറകളും എന്നെ ഭാഗ്യവതി എന്നു പ്രകീർത്തിക്കും” എന്ന രണ്ടാം ഭാഗം.
ഇന്നലെ ഞാൻ www.pocbible.com/ എന്ന വെബ് സൈറ്റ് പരിശോധിച്ചു. ഈ രണ്ടാം ഭാഗം അതിലുമുണ്ട്. കത്തോലിക്ക പരിഭാഷയല്ലാത്ത സത്യവേദപുസ്തകത്തിലുമുണ്ട് മറിയത്തിന്റെ സ്തോത്രഗീതം അതിന്റെ പൂർണതയിൽ.
എന്റെ മനസ്സിൽ രണ്ടുമൂന്നു ചോദ്യങ്ങളുണ്ടായി.
മൊബൈൽ ആപ്ലിക്കേഷനിൽ നിന്ന് ഈ വചനഭാഗം ആരാണ് ‘മോഷ്ടിച്ചത്’?
ആരെങ്കിലും ബോധപൂർവം ചെയ്തതാണോ അത്?
അതോ ഒരു സാങ്കേതിക പിഴവ് മാത്രമോ?
കൂടുതൽ ഭാഗങ്ങളിൽ ഇത്തരത്തിലുള്ള കുറവുകളും പിഴവുകളും ഉണ്ടാവുമോ?
പിഒസിയും ജീസസ് യൂത്തും ഇക്കാര്യത്തിൽ ഗൗരവപൂർണമായ ഒരു നിലപാട് എടുക്കും എന്ന് പ്രതീക്ഷിക്കുന്നു.
തെറ്റുകൾ ഉള്ളതുകൊണ്ട് ഓൺലൈൻ ബൈബിൾ വിലക്കിയേക്കാം എന്ന മട്ടിലുള്ള ‘തുക്ലക് തീരുമാനങ്ങൾ’ ഒന്നും പിഒസി തിടുക്കത്തിൽ എടുക്കരുതെന്നും അപേക്ഷിക്കുന്നു.
ശാന്തി മോന്‍ ജേക്കബ്

You must be logged in to post a comment Login