പിണറായി വിജയനും സര്‍ക്കാരിനും കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിയുടെ വിജയാശംസ

പിണറായി വിജയനും സര്‍ക്കാരിനും കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിയുടെ വിജയാശംസ

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാര്‍ക്കും എല്‍ഡിഎഫ് സര്‍ക്കാരിനും സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ വിജയാശംസ. ജനാധിപത്യരീതിയില്‍ ജനഹിതം നിറവേറ്റാനും വികസനത്തിന്റെ പാതയില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പദ്ധതികള്‍ പൂര്‍ത്തിയാക്കാനും പുതിയ പദ്ധതികള്‍ ആവിഷ്‌കരിച്ച് കേരളജനതയുടെ പുരോഗതി സാക്ഷാത്കരിക്കാനും പുതിയ സര്‍ക്കാരിനു കഴിയട്ടെ എന്ന് മാര്‍ ആലഞ്ചേരി ആശംസിച്ചു.

സാമുദായിക വിഭാഗീയതകള്‍ ഉണ്ടായിട്ടുണെ്ടങ്കില്‍ അവ പരിഹരിക്കുന്നതിനും ഭാവിയില്‍ സമുദായസൗഹാര്‍ദം അഭംഗുരം കാത്തുസൂക്ഷിക്കുന്നതിനും പുതിയ സര്‍ക്കാരിനു കഴിയുമെന്നു പ്രതീക്ഷിക്കുന്നു. ഇക്കാര്യത്തില്‍ കേരളം ഇതരസംസ്ഥാനങ്ങള്‍ക്കും ഒരു മാതൃകയാകട്ടെ. കര്‍ദിനാള്‍ ആശംസിച്ചു.

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം, വിഷമയമില്ലാത്ത ഭക്ഷ്യ വിഭവങ്ങളുടെ വിതരണം, മാലിന്യ നിര്‍മാര്‍ജനം, കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് ഉചിതമായ വിലനിര്‍ണയം, കുട്ടികളുടെയും സ്ത്രീകളുടെയും സുരക്ഷ, ജനനന്മ ഉറപ്പുവരുത്തിക്കൊണ്ടുള്ള പരിസ്ഥിതി സംരക്ഷണം, സര്‍ക്കാര്‍ നടപടികളിലെ സുതാര്യത, സമാധാനപരമായ സാമൂഹിക അന്തരീക്ഷം എന്നിവ പുതിയ സര്‍ക്കാരിന്റെ മുഖ്യ പരിഗണനകളായിരിക്കുമെന്നു മാര്‍ ആലഞ്ചേരി ഓര്‍മ്മിപ്പിച്ചു.

മദ്യനയം നടപ്പാക്കുന്നതില്‍ എന്തു നടപടിവ്യത്യാസം വന്നാലും അതു മദ്യ ഉപയോഗം ക്രമാനുഗതമായി കുറയ്ക്കുന്നതിനും സമ്പൂര്‍ണ മദ്യരഹിത ജീവിതശൈലി കേരളത്തില്‍ നടപ്പില്‍ വരുത്തുന്നതിനും ലക്ഷ്യം വയ്ക്കുന്നതായിരിക്കണം. മാര്‍ ആലഞ്ചേരി നിര്‍ദേശിച്ചു.

You must be logged in to post a comment Login