പിതാവേ മാപ്പ്…

പിതാവേ മാപ്പ്…

2015 ലെ സെപ്തംബറിലെ ഒരു ദിനമാണ് ഞാന്‍ ആദ്യമായി ബിഷപ് മാര്‍ ജെയിംസ് പഴയാറ്റിലിനെ കാണുന്നത്. രൂപതയുടെ ആവശ്യപ്രകാരം അദ്ദേഹത്തിന്റെ ഔദ്യോഗികജീവചരിത്രം രചിക്കുന്നതിന് വേണ്ടിയുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായിട്ടായിരുന്നു അത്. ഇരിങ്ങാലക്കുട രൂപതയുടെ മാധ്യമവിഭാഗം കൈകാര്യം ചെയ്യുന്ന സെബിയച്ചനായിരുന്നു എനിക്ക് അത്തരമൊരു ദൗത്യം ഏല്പിച്ചുതന്നത്.

അതിന് മുമ്പോ അതിന ശേഷം ഇതുവരെയും ഞാന്‍ മറ്റൊരു മെത്രാനെയും അടുത്തു നിന്ന് കാണുകയോ ഇടപെടുകയോ ചെയ്തിട്ടുമില്ല. ഒരു ബിഷപ്പിനെ അദ്ദേഹത്തിന്റെ ജീവചരിത്രവുമായി ബന്ധപ്പെട്ട് കാണുകയും സംസാരിക്കുകയും ചെയ്യുമ്പോള്‍ എനിക്ക് ചില മുന്‍വിധികളൊക്കെയുണ്ടായിരുന്നു.

അദ്ദേഹം കണിശക്കാരനായിരിക്കുമോ..ഉള്ള് തുറന്ന് സംസാരിക്കുമോ..ദേഷ്യപ്പെടുമോ.. ഇത്യാദി ഒരുപാട് സംശയങ്ങളും ആകുലതകളുമായിട്ടായിരുന്നു അന്ന് ആദ്യമായി പഴയാറ്റില്‍ പിതാവിനെ ഞാന്‍ കാണാന്‍ പോയത്.

പക്ഷേ സെന്റ് പോള്‍ മൈനര്‍ സെമിനാരിയില്‍ വച്ച് ഞാന്‍ ആദ്യമായി കണ്ട മാത്രയില്‍ തന്നെ എന്റെ എല്ലാ സംശയങ്ങളും ഒരു പുഴയിലെന്നപോലെ ഒലിച്ചുപോയി. എന്റെ വരവ് കാത്തിരുന്നതുപോലെ, പറയാനുളളവയെല്ലാം ഓര്‍മ്മിച്ചുവച്ച് അദ്ദേഹം പറഞ്ഞുതുടങ്ങി.
വ്യത്യസ്തവും വൈവിധ്യം നിറഞ്ഞതുമായ ഒരു ജീവിതകഥ മറയില്ലാതെ അദ്ദേഹം പറഞ്ഞുതുടങ്ങുകയായിരുന്നു. ആഡംബരങ്ങളും വെച്ചുകെട്ടലുകളുമില്ലാതെ.. ആത്മപ്രശംസയോ അഹങ്കാരമോ ഇല്ലാതെ.. ദൈവത്തില്‍ മുഴുവനായും ശരണപ്പെട്ട ഒരു മനുഷ്യന്റെ ജീവിതകഥ ഒരു രൂപതയുടെ ചരിത്രമായി കൂടി മാറുകയായിരുന്നു.

മണിക്കൂറുകള്‍ പലതു കടന്നുപോയി. യാത്രയുടെ ക്ഷീണം കാരണം സംസാരം അവസാനിപ്പിക്കാമെന്ന് ഞാനാണ് പറഞ്ഞത്. അന്നേ ദിവസത്തെ സംഭാഷണം അവസാനിപ്പിക്കാന്‍ നേരത്ത് അദ്ദേഹം ചോദിച്ചു.

കുമ്പസാരിക്കണോ..

ഒരു മെത്രാന്‍ എന്നോട് ഇങ്ങോട്ട് ആവശ്യപ്പെട്ടത് എന്നെ അത്ഭുതപ്പെടുത്തി. ഞാന്‍ കുമ്പസാരിക്കാനുള്ള തയ്യാറെടുപ്പുകളിലായിരുന്നുമില്ല. പക്ഷേ കുമ്പസാരത്തിനൊരുങ്ങാന്‍ എനിക്ക് സമയം നല്കി ദീര്‍ഘനേരമെടുത്ത് അദ്ദേഹം എന്നെ കുമ്പസാരിപ്പിച്ചു.

ആത്മാവ് വല്ലാതെ സ്വതന്ത്ര്യമായെന്ന് തോന്നിയ അസുലഭനിമിഷങ്ങളിലൊന്നായിരുന്നു അത്. അവസാനം ഗോഡ് ബ്ലസ് യൂ എന്ന് അനുഗ്രഹിച്ച് ആ മോതിരവിരല്‍ എനിക്ക് ചുംബിക്കാനായി ഉയര്‍ത്തിക്കാട്ടി. ആനന്ദത്തോടും സ്‌നേഹത്തോടും കൂടി ഞാനതില്‍ ഉമ്മവച്ചു.

തന്റെ പേരില്‍ ഒരു ജീവചരിത്രം ഇറങ്ങുന്നത് കാണാന്‍ അദ്ദേഹം അതിയായി ആഗ്രഹിച്ചു എന്നത് സത്യമാണ്. ആരൊക്കെയോ അതിന് മുമ്പ് ചില ക്രമീകരണങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. പക്ഷേ അവയൊന്നും വെളിച്ചം കണ്ടില്ല.
അവരില്‍ ചിലരുടെ പേരുകളൊക്കെ പറഞ്ഞിട്ട് പിതാവ് അപൂര്‍വ്വമായി മുഖത്തു തെളിയുന്ന ചിരിയോടെ പറഞ്ഞു.

അവരെല്ലാം മരിച്ചുപോയി.

ആദ്യസന്ദര്‍ശനത്തിന് ശേഷം വലിയൊരു ഇടവേളയ്ക്ക് ശേഷമാണ് ഞാന്‍ രണ്ടാം തവണ അദ്ദേഹത്തെ കാണാന്‍ പോയത്. അതിനിടയില്‍ എന്നെ പിതാവ് തിരക്കിയെന്ന് സെക്രട്ടറിയായ ജോസഫച്ചന്‍ ഫോണ്‍ ചെയ്തപ്പോള്‍ പറഞ്ഞു. എന്റെ ഒരു വിവരവും ഇല്ലല്ലോയെന്ന്.

ഇല്ല പിതാവേ പുള്ളി വരും. നന്നായി ചെയ്യും എന്ന് ജോസഫച്ചന്‍ പറയുകയും ചെയ്തുവത്രെ.

അന്ന് ഞാന്‍ പിതാവിന് ഞാനെഴുതിയ അവന്റെ പേര് യോഹന്നാന്‍ എന്നാണ് എന്ന ജോണ്‍ ഇരുപത്തിമൂന്നാമന്‍ പാപ്പയെക്കുറിച്ചുള്ള പുസ്തകം സമ്മാനിച്ചു. പിതാവിന് സെബിയച്ചനും ജോസഫച്ചനും പറഞ്ഞ അറിവു മാത്രമേ എന്റെ എഴുത്തിനെക്കുറിച്ച് ഉണ്ടായിരുന്നുള്ളൂ.

വായന ഇപ്പോള്‍ കുറവാ..എങ്കിലും ഞാന്‍ നോക്കട്ടെ എന്നാണ് പുസ്തകം വാങ്ങുമ്പോള്‍ പിതാവ് പറഞ്ഞത്.

അടുത്തതവണ ചെന്നപ്പോള്‍ പക്ഷേ പിതാവ് പറഞ്ഞു

പുസ്തകം വായിച്ചു. നന്നായിട്ടുണ്ട്. കുറെ ചരിത്രമൊക്കെ അതില്‍ പറയുന്നുണ്ടല്ലോ. എനിക്ക് അനല്പമായ സന്തോഷം തോന്നി.

സഭാചരിത്രം നന്നായി അറിയാവുന്ന, ചരിത്രം രചിച്ച ഒരു മെത്രാനാണല്ലോ അങ്ങനെ പറയുന്നത്!

പിതാവിനെക്കൂടാതെ പിതാവുമായി ബന്ധപ്പെട്ടവരുടെ ഇടയിലും ജീവചരിത്രനിര്‍മ്മിതിക്കുള്ള ഉപാദാനങ്ങള്‍ തേടി ഞാന്‍ സഞ്ചരിച്ചിരുന്നു. അക്കൂട്ടത്തില്‍ സെന്റ് പോള്‍സ് സെമിനാരിയിലെ വൈദികവിദ്യാര്‍ത്ഥികളില്‍ ചിലര്‍ പറഞ്ഞ ഒരു കാര്യം എനിക്ക് വളരെ ശ്രദ്ധേയമായി തോന്നി.

പിതാവ് ആശുപത്രിയില്‍ അഡ്മിറ്റാകുമ്പോള്‍ ചിലപ്പോഴൊക്കെ ഇന്‍ജക്ഷന്‍ എടുക്കേണ്ടതായി വരും. അങ്ങനെ ഇന്‍ജക്ഷന്‍ എടുക്കാന്‍ വരുന്ന നേഴ്‌സുമാര്‍ക്ക് ഓരോ ഇഞ്ചക്ഷനും അദ്ദേഹം ഓരോ മിഠായി സമ്മാനിക്കുമെത്ര.

പിതാവ് ഒരു വിശുദ്ധനാ.. ചേട്ടന്‍ നോക്കിക്കോ ഇന്നല്ലെങ്കില്‍ നാളെ പിതാവ് വിശുദ്ധനാകും.ഇപ്പഴേ ഞങ്ങള്‍ പിതാവിന്റെ നഖവും മുടിയും ഒക്കെ എടുത്തു സൂക്ഷിച്ചുവച്ചിട്ടുണ്ട്.നിഷ്‌ക്കളങ്കതയോടെ ആ കുട്ടികള്‍ എന്നോട് പറഞ്ഞു.

അല്‍ഫോന്‍സാമ്മയുടെ വിശുദ്ധിയെ ആദ്യം മനസ്സിലാക്കിയത് അമ്മയുമായി സഹവസിച്ച ഏതാനും കുട്ടികളായിരുന്നുവല്ലോ എന്ന ചിന്തയാണ് എന്റെ മനസ്സിലേക്ക് അപ്പോള്‍ കടന്നുവന്നത്. ഒരുപാട് വിശുദ്ധരുടെ നാമകരണനടപടികളുമായി ബന്ധപ്പെട്ട, വിശുദ്ധനാകാന്‍ വേണ്ടി വൈദികനായ അദ്ദേഹം നാളെ ഒരു വിശുദ്ധനായിതീരുമെന്ന് വിശ്വസിക്കുന്നവരുടെ കൂടെ ഞാനുമുണ്ട്.

പല രാത്രികളില്‍ ഉറക്കമിളച്ച് അദ്ദേഹവുമായി സംസാരിച്ചതിന്റെയും ഞാന്‍ മനസ്സിലാക്കിയ അദ്ദേഹത്തിന്റെ ആത്മീയതയുടെയും വെളിച്ചത്തിലാണ് ഞാനിത് പറയുന്നത്.

തിരുഹിതം പോലെയെന്നോ തിരുഹൃദയദര്‍ശനമെന്നോ പുസ്തകത്തിന് പേരുകൊടുക്കണം. പിതാവ് ഒരിക്കല്‍ അങ്ങനെ നിര്‍ദ്ദേശിച്ചിരുന്നു.

പിതാവേ അങ്ങ് ജീവിച്ചിരിക്കുമ്പോള്‍ ആ പുസ്തകം ഇറങ്ങിയിരുന്നുവെങ്കില്‍ ഒരുപക്ഷേ മറ്റൊരു പേരായിരുന്നിരിക്കാം ഞാന്‍ ശീര്‍ഷകമായി തിരഞ്ഞെടുക്കുക. പക്ഷേ അങ്ങ് ഇല്ലാത്ത ഈ ഭൂമിയില്‍ ഇനി ആ പുസ്തകം ഇറങ്ങുകയാണെങ്കില്‍ അങ്ങ് നിര്‍ദ്ദേശിച്ച പേരുകളോട് നീതിപുലര്‍ത്തിക്കൊണ്ടുള്ള ഒരു പേരോ അല്ലെങ്കില്‍ അങ്ങ് പറഞ്ഞ പേരുതന്നെയോ ആയിരിക്കും ആ കൃതിക്ക് ഞാന്‍ നല്കുക.

എഴുത്ത് എവിടം വരെയായി എന്ന് അവസാനത്തെ മീറ്റിംങിലും പിതാവ് ചോദിച്ചു. അപ്പോള്‍ ഞാന്‍ സങ്കടത്തോടെ പറഞ്ഞു,

പിതാവേ ഒരിടത്തും എത്തുന്നില്ല. ഇതെനിക്ക് പതിവില്ലാത്തതാണ്. എഴുത്തിലെ വേഗതയുടെ കാര്യത്തില്‍ എനിക്ക് തന്നെ അഭിമാനം തോന്നിയിട്ടുണ്ടെങ്കില്‍ അത് ഇവിടെ സാധിക്കാതെവരുന്നു,. എന്തെന്നില്ലാത്ത തടസ്സങ്ങള്‍..കഷ്ടപ്പെട്ട് എഴുതിയതു കൂടി സിസ്റ്റത്തില്‍ നിന്ന് ഡിലേറ്റായിപോയി. എങ്ങനെയെന്നറിയില്ല. അതുകൊണ്ട് പിതാവ് പ്രത്യേകം പ്രാര്‍ത്ഥിക്കണം. നന്നായി എഴുതി പൂര്‍ത്തിയാക്കാന്‍.

അപ്പോള്‍ പിതാവ് പറഞ്ഞത് ഇതാണ്.

ദൈവഹിതം പോലെ എല്ലാം സംഭവിക്കട്ടെ. ജൂലൈ 26 നാണ് എന്റെ എണ്‍പത്തിരണ്ടാം പിറന്നാള്‍. അതുകഴിഞ്ഞ് ഞാനുണ്ടാവുമോയെന്ന് ദൈവത്തിന് മാത്രമറിയാം.

സത്യമാണ്. മരണത്തെ മുന്‍കൂട്ടി അറിവുണ്ടായിരുന്നതുപോലെയായിരുന്നു പിതാവിന്റെ വാക്കുകള്‍. എന്റെ നെഞ്ചിലും ഒരു കരട് വീണു.

ദൈവമേ എന്ന് ഞാന്‍ വിളിച്ചു. പിതാവിന്റെ മരണത്തിന് മുമ്പ് എനിക്ക് അദ്ദേഹത്തിന്റെ ജീവചരിത്രം പുറത്തിറക്കാന്‍ കഴിയണേ എന്ന പ്രാര്‍ത്ഥന കൊണ്ടായിരുന്നു അത്. എന്നിട്ടും..

ഓരോ തവണയും യാത്രപറഞ്ഞിറങ്ങുമ്പോള്‍ പിതാവ് എനിക്ക് കാശുരൂപങ്ങളും കൊന്തയും നല്കി. പിതാവ് തന്നെ എഴുതിയ തിരുഹൃദയത്തോടുള്ള പ്രാര്‍ത്ഥനയും തരും. ഭാര്യയ്ക്ക് ഇതുവരെയും ജോലിയായില്ലെന്ന് കുടുംബവിശേഷങ്ങള്‍ പറഞ്ഞകൂട്ടത്തില്‍, അത്തരമൊരു പ്രാര്‍ത്ഥനാകാര്‍ഡ് വീണ്ടും നല്കിപിതാവ് പറഞ്ഞു.

ഇത് വിശ്വാസത്തോടെ ചൊല്ലി പ്രാര്‍തഥിക്കാന്‍ പറയൂ. ഇത് പ്രാര്‍തഥിച്ച പലര്‍ക്കും ഉദ്ദിഷ്ടകാര്യങ്ങള്‍ സാധിച്ചുകിട്ടിയിട്ടുണ്ട്.

പിതാവ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലാണെന്ന് വിളിച്ചുപറഞ്ഞ കൂട്ടത്തില്‍ സെബിയച്ചന്‍ എന്നോട് പറഞ്ഞ ഒരു കാര്യം എനിക്ക് വലിയ അഭിമാനബോധമുളവാക്കി.

പിതാവ് വിനായകിനോടാണ് എല്ലാം തുറന്നു പറഞ്ഞിരിക്കുന്നത്. അത്രയ്ക്കും നന്നായി പിതാവിനെ ആരും കേട്ടിട്ടുമുണ്ടാവില്ല.

എനിക്കറിയാം വലിയൊരു ഉത്തരവാദിത്തമാണ് എന്റെ ചുമലിലുള്ളതെന്ന്.. ഇരിങ്ങാലക്കുടരൂപതയുടെ കൂടി ചരിത്രമായി മാറുന്ന ജയിംസ് പിതാവിന്റെ ജീവചരിത്രം എഴുതുക. മറ്റൊരു പുസ്തകവും എന്നെ ഇത്രമേല്‍ ഭാരപ്പെടുത്തിയിട്ടില്ല. ഇത്രയും കാലതാമസം മറ്റൊരു രചനയ്ക്കായിഞാന്‍ എടുത്തിട്ടുമില്ല.

പിതാവേ, മാപ്പ് അങ്ങ് ജീവിച്ചിരിക്കുമ്പോള്‍ പുസ്തകം പൂര്‍ണ്ണമായി എഴുതിപൂര്‍ത്തിയാക്കാന്‍ എനിക്ക് സാധിച്ചില്ല. കാരണം എന്തായാലും ഞാന്‍ എന്നെ മാത്രമേ അതിന് കുററപ്പെടുത്തുന്നുള്ളൂ. എന്‍റെ അലസതയോ ആലസ്യമോ എന്തുമാകാം.

എഴുതിയ കുറെഭാഗങ്ങള്‍ വായിച്ച്  അങ്ങ് നല്ലതു പറഞ്ഞു എന്നത് എന്നെ സന്തുഷ്ടനാക്കുന്നു. കഴിവതും വേഗം ആ രചന പൂര്‍ത്തിയാക്കാന്‍ സ്വര്‍ഗ്ഗത്തിലിരുന്ന് അങ്ങ് എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണേ.. അതാണ് ഇപ്പോള്‍ അങ്ങയോടുള്ള എന്റെ ആദ്യത്തെ പ്രാര്‍ത്ഥന.

വിനായക് നിര്‍മ്മല്‍

You must be logged in to post a comment Login