പിതൃത്വം നഷ്ടമാക്കിയതില്‍ ഞാന്‍ ഖേദിക്കുന്നു’ ഒരു വൈദികന്റെ കുമ്പസാരം

വാഷിംങ്ടണ്‍: റവ. സ്റ്റീഫന്‍ ഇംബാരറ്റോയെ അമേരിക്കക്കാര്‍ക്ക് അറിയാം. പത്തുവര്‍ഷമായി വൈദികനായി സേവനം ചെയ്യുന്ന വ്യക്തി. അല്‍ബുക്വറെക്ക് അതിരൂപതയില്‍ രണ്ട് പ്രോ ലൈഫ് സംഘടനകളുടെ സ്ഥാപകന്‍- പ്രോജക്ട് ഡിഫെന്‍ഡിംങ് ലൈഫും പ്രൊട്ടസ്റ്റ് എബിക്യൂവും. അങ്ങനെയുള്ള അദ്ദേഹമാണ് പറയുന്നത് താന്‍ അബോര്‍ഷന് കൂട്ടുനിന്നിട്ടുണ്ട് എന്നും അതില്‍ ഖേദിക്കുന്നുവെന്നും.

ഇന്നലെ നടന്ന മാര്‍ച്ച് ഫോര്‍ ലൈഫ് യൂത്ത് റാലിയിലായിരുന്നു അദ്ദേഹത്തിന്റെ ഈ കുമ്പസാരം. കേട്ടവര്‍ അത്ഭുതപ്പെട്ടു, ആശ്ചര്യപ്പെട്ടു.. അപ്പോള്‍ അദ്ദേഹം ആ കഥ പറഞ്ഞു. കണ്ണീരിന്റെ നനവുള്ള ഒരു ജീവിതസാക്ഷ്യം.

സെമിനാരിയില്‍ ചേരുകയും വൈദികനാകുകയും ചെയ്തതിന് മുമ്പുള്ള കഥ..

അന്ന് അദ്ദേഹത്തിന് ഒരു ഗേള്‍ഫ്രണ്ടുണ്ടായിരുന്നു. ഗര്‍ഭിണിയാണെന്ന വിവരം ഒരുനാള്‍ അവള്‍ അറിയിച്ചപ്പോള്‍ കാമുകന്‍ എന്ന നിലയില്‍ സ്റ്റീഫന് നിര്‍ദ്ദേശിക്കാനുണ്ടായിരുന്നത് ഒരു വഴി മാത്രമായിരുന്നു. അബോര്‍ഷന്‍.

കാമുകി തടസ്സമൊന്നും പറയാതെ യാത്രപറഞ്ഞുപോയി. പിന്നീട് ഇരുവരും വേര്‍പിരിഞ്ഞു. വൈദികജീവിതാന്തസിലേക്കാണ് ദൈവം തന്നെ വിളിക്കുന്നതെന്ന് സ്റ്റീഫന് മനസ്സിലായി. വൈകാതെ സെമിനാരിയില്‍ ചേര്‍ന്നു, വൈദികനായി.കാലം പിന്നെയും മുന്നോട്ടു പാഞ്ഞു. പ്രോലൈഫുമായി ബന്ധപ്പെട്ട് പ്രവര്‍ത്തനം ആരംഭിച്ചു.

ഒരു യുവതിക്ക് അബോര്‍ഷനുമായി ബന്ധപ്പെട്ട് കൗണ്‍സലിംങ് നടത്തിക്കൊണ്ടിരുന്ന വേളയിലാണ് ദൈവം അക്കാര്യം സ്റ്റീഫനച്ചന് ഓര്‍മ്മപ്പെടുത്തിക്കൊടുത്തത്. കാമുകി ഗര്‍ഭച്ഛിദ്രം നടത്തിയതില്‍ തനിക്കുള്ള പങ്ക്. അച്ചന്റെ മനസ്സ് അസ്വസ്ഥമായി. അധികാരികളുടെ അനുവാദത്തോടെ ഇരുവരുടെയും പൊതുസൂഹൃത്തുക്കള്‍ വഴി അച്ചന്‍ പഴയ കാമുകിയെ തേടിപിടിച്ച് അവളുടെ മുമ്പിലെത്തി.

‘ ഞാന്‍ അവളോട് മാപ്പ് പറഞ്ഞു. അബോര്‍ഷന്‍ നടത്തിയതിന്റെ മുഴുവന്‍ ഉത്തരവാദിത്തവും ഞാന്‍ ഏറ്റെടുക്കുന്നു എന്ന് അവളോട് പറഞ്ഞു. ‘ അച്ചന്‍ യുവജനങ്ങളോട് പറയുകയായിരുന്നു.’

അതുകേട്ടപ്പോള്‍ അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. ഇങ്ങനെയൊന്ന് കേള്‍ക്കാനായിരുന്നു അവള്‍ ഇത്രയും വര്‍ഷം കാത്തിരുന്നത് എന്ന് തോന്നി. സ്വര്‍ഗ്ഗത്തില്‍ എനിക്കൊരു കുട്ടിയുണ്ടായതില്‍ ഞാനേറെ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നുവെന്ന് ഞാന്‍ അവളോട് പറഞ്ഞു. അപ്പോള്‍ അവള്‍ തൊണ്ട ഇടറിക്കൊണ്ട് പറഞ്ഞു, അല്ല നമുക്ക് സ്വര്‍ഗ്ഗത്തില്‍ രണ്ട് കുട്ടികളുണ്ട്. എനിക്കൊന്നും മനസ്സിലായില്ല. രണ്ട് വട്ടം അബോര്‍ഷന്‍ നടത്തിയോ? ഞാന്‍ ചോദിച്ചു, ഇല്ല അവള്‍ പറഞ്ഞു, ഞാനത് താങ്കളോട് പറഞ്ഞില്ല എന്നേയുള്ളൂ.  അബോര്‍ഷന്‍ ചെയ്തത് ഇരട്ടകളെയായിരുന്നു. കഴിഞ്ഞ മുപ്പത്തിയഞ്ച് വര്‍ഷമായി അവള്‍ സൂക്ഷിച്ചുവച്ചിരിക്കുകയായിരുന്നു ആ രഹസ്യം..എന്തൊരു പ്രയാസങ്ങളിലൂടെയാണ് അവള്‍ കടന്നുപോയതെന്ന് എനിക്ക് മനസ്സിലായി..

സ്റ്റീഫനച്ചന്റെ ജീവിതസാക്ഷ്യം അനേകരുടെ കണ്ണ് നനയിച്ചു. ജനിക്കാതെ പോയ തന്റെ മക്കള്‍ക്ക് അച്ചന്‍ പേരു നല്കിയിരിക്കുന്നത് മേരി എന്നും തോമസ് എന്നുമാണ്.

ഞാനെന്റെ പിതൃത്വം നഷ്ടമാക്കിയതില്‍ ഖേദിക്കുന്നു..അദ്ദേഹം പറയുന്നു.

You must be logged in to post a comment Login