പിറന്നാള്‍

പിറന്നാള്‍

Poor+man_d8f4a3_4751352ഒരിക്കലെങ്കിലും സ്വന്തം പിറന്നാളിനെ ഓര്‍ത്തു സങ്കടപ്പെടാത്ത മനുഷ്യരുണ്ടാകുമോ? ഉണ്ടെങ്കില്‍ അവര്‍ ഭാഗ്യവാന്‍മാര്‍. ജനിച്ച ദിവസത്തെ ശപിച്ചൊരാളുടെ പേര് ഇയ്യോബ്. ദൈവം പോലും ആദരവോടെ ഗണിച്ച ഒരു പിതാമഹന്‍. എന്നിട്ടും ഒരു നിമിഷം അയാള്‍ ജനിച്ച ദിവസത്തെ ഓര്‍ത്തു വിലപിച്ചു. ദുരിതങ്ങള്‍ പേമാരി പോലെ വന്നു പെയ്ത്, സൗഹൃദങ്ങള്‍ ഓരോായി അകന്ന്, പ്രിയപ്പെട്ടതും പ്രിയപ്പെട്ടവരും നഷ്ടമായി കനത്ത ഏകാന്തതയുടെയും പരിത്യക്തതയുടെയും ചാരക്കൂമ്പാരത്തിലേക്ക് എറിയപ്പെട്ട നാളില്‍ ഇയ്യോബ് തേങ്ങി: ഞാന്‍ ജനിക്കാതിരുന്നെങ്കില്‍…!

ബഷീറിന്റെ ജന്മദിനം എന്ന കഥ നെഞ്ചില്‍ ആഴമേറിയൊരു നോവായി വന്നു വിങ്ങുന്നു. തുള്ളി വെള്ളം കിട്ടാതെ, അനാഥമായ അലച്ചിലുകളുടെ പിറന്നാള്‍! ഓര്‍മയില്‍ വരുന്നുണ്ട് പഴയ അധ്യാപകനായിരുന്ന ഒരു പാതിരി. യാതൊരു കാരണവശാലും അദ്ദേഹം പിറന്നാള്‍ ആഘോഷിക്കാന്‍ സമ്മതിക്കില്ല. സഹപാഠികളായ സന്ന്യാസാര്‍ത്ഥികള്‍ അക്ഷരാര്‍ത്ഥത്തില്‍ അദ്ദേഹത്തെ ഓടിച്ചിട്ടു പിടിച്ചു പിറന്നാള്‍ ആശംസിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. എന്നിട്ടും രക്ഷയില്ല. ഒന്നുകില്‍ കുതറിയോടി രക്ഷപ്പെടും. അല്ലെങ്കില്‍ മുറിയില്‍ കയറി വാതിലടച്ചു കുറ്റിയിടും. പിന്നെ, അടുത്ത ദിവസമേ പുറത്തു വരൂ. എന്തായിരിക്കും ഈ പിറന്നാള്‍ വിദ്വേഷങ്ങളുടെ കാരണമൊലോചിച്ചിട്ടുണ്ട്. ചോദിച്ചിട്ടുണ്ട്. പക്ഷേ, ഉത്തരം കിട്ടിയിട്ടില്ല. ഓരോരുത്തര്‍ക്കും ഓരോ കാരണങ്ങളാണ്!

ഫേസ്ബൂക്ക് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായ ഷെറില്‍ സാന്‍ഡ് ബര്‍ഗിന്റെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഫേസ്ബുക്ക് പോസറ്റുണ്ട്. ഭര്‍ത്താവിന്റെ മരണശേഷം മുപ്പതു നാളത്തെ ദുഖാചരണത്തിന് അന്ത്യം കുറിച്ചു കൊണ്ട് എഴുതിയ ആ സന്ദേശത്തില്‍ ഒരു സംഭവം വിവരിക്കുന്നുണ്ട്. തന്റെ പിറന്നാളുകളെ താന്‍ വെറുക്കുന്നുവെന്ന് പറഞ്ഞ ഒരു സുഹൃത്തിനെ നോക്കി സാന്‍ഡ്ബര്‍ഗ് നിറകണ്ണുകളോടെ പറഞ്ഞു: ‘നിന്റെ പിറന്നാള്‍ തീര്‍ച്ചായും ആഘോഷിക്കണം! പിറന്നാളുണ്ടാകുക എന്നതൊരു ഭാഗ്യമാണ്!’

 

പിറന്നാള്‍ തിയതി കുറിച്ചു വയ്ക്കാന്‍ ആരെങ്കിലുമൊക്കെ ഉണ്ടായി എന്നത് തന്നെ ഒരു ഭാഗ്യമാണ്. പിറന്ന ദിനം പോയിട്ട് പിറന്ന ഇടവും പിറക്കാന്‍ കാരണമായ വ്യക്തികളെ കുറിച്ചു പോലും യാതൊരു ധാരണയുമില്ലാത്തവരെ ഓര്‍മിക്കുമ്പോള്‍ പിറന്നാളുണ്ടായിരിക്കുക എന്നത് വരമാണ്. പിറന്നയുടനെ മരിച്ചു പോയവരും പിറക്കും മന്‍പേ ഗര്‍ഭത്തില്‍ വച്ചു കൊല്ലപ്പെടുന്നവരും ജനിച്ചിട്ടും മരിച്ചു ജീവിക്കുവരും ഉള്ള ഈ ഭൂമിയില്‍ ജീവനുണ്ടായിരിക്കുക എന്നതും ആരോഗ്യത്തോടെയുള്ള ജീവന്‍ ഉണ്ടായിരിക്കുക എതും ഭാഗ്യമാണ്.

‘എന്റെ അടുത്ത പിറന്നാള്‍ അതീവ ദുഖകരമായിരിക്കും എന്നെനിക്കറിയാം. എന്നാല്‍ ഇതുവരെ ആഘോഷിക്കാത്ത വിധത്തില്‍ ഹൃദയപൂര്‍വം അത് ആഘോഷിക്കാന്‍ ഞാന്‍ തീരുമാനിച്ചു കഴിഞ്ഞു’ ഭര്‍ത്താവ് മരിച്ച് ജീവിതം ഉണങ്ങിവരണ്ടു രാത്രിയുറക്കം നഷ്ടപ്പെട്ട ഷെറില്‍ സാന്‍ഡ്ബര്‍ഗ് അവസാനം ഉണരുന്നത് ഈ തീരുമാനത്തിലേക്കാണ്.

കടുത്ത ജീവിതപ്രതിസന്ധിയിലൂടെ കടന്നു പോയ, കനത്ത പരിത്യക്തതയുടെ കയ്പുനീര്‍ കുടിച്ച് പിറന്ന നാളിനെ ശപിച്ച ഒരാള്‍ അവസാനം ജീവിതത്തിലേക്ക് ഉണര്‍ന്ന് പ്രഭാതം കണ്ടപ്പോള്‍ മനസ്സില്‍ കുറിച്ചിട്ടു: ‘എല്ലാ ദുഖങ്ങള്‍ക്കിടയിലും ജീവിതം സുന്ദരമാണ്. ജീവന്‍ അമൂല്യമാണ്.’ ജീവന്റെ അമൂല്യതയെ കുറിച്ചുള്ള അവബോധം ഉള്ളിടത്തോളം പിറന്നാള്‍, അതു തനിച്ചാണെങ്കില്‍ പോലും ദൈവത്തിന് നന്ദിയര്‍പ്പിക്കാനുള്ള ഒരു ദിനമാകുന്നു.

ഇറ്റാലിയന്‍ മഹാപ്രതിഭയായ റോബര്‍ട്ടോ ബെനിഞ്ഞീനിയുടെ ‘ലൈഫ് ഈ ബ്യൂട്ടിഫുള്‍’ എന്ന ചിത്രം നെഞ്ചില്‍ ആഴത്തില്‍ പതിയുന്നത് ഇക്കാരണത്താലാണ്. നാസി തടങ്കല്‍ പാളയത്തില്‍ അവസാനം പെട്ടു പോകുന്നു, അപ്പനും മകനും. മഹാദുരന്തമാണ് തങ്ങളെ കാത്തിരിക്കുതെറിഞ്ഞിട്ടും ഒരു കളിയുടെ കഥ കെട്ടിച്ചമച്ച് ജയില്‍ ദിനങ്ങളെ മകനു വേണ്ടി പ്രസാദാത്മകമാക്കുന്നു, അപ്പന്‍. മകന്റെ മനസ്സില്‍ ഒരു നിമിഷം പോലും തങ്ങള്‍ കടന്നു പോകുന്ന കഠോരവിധിയുടെ നിഴല്‍ വീഴാന്‍ അപ്പന്‍ അനുവദിക്കുന്നില്ല; അവസാനം അപ്പന്‍ മരിച്ചു വീഴുമ്പോള്‍ പോലും. കയ്പാര്‍ന്ന ജീവിതത്തില്‍ പ്രസാദാത്മകതയുടെ സൂര്യപ്രകാശം കൊണ്ട് നമ്മെ ത്രസിപ്പിക്കുുണ്ട്, ഈ ചിത്രം.

അനാഥരും വികലാംഗരും മഹാരോഗികളും അശരണരുമുള്ള ഈ ലോകത്തിലേക്ക് കാഴ്ചകളെ വിശാലമാക്കുകയാണ് പിറന്നാളിനെ സ്‌നേഹത്തോടെ കാണാന്‍ ഏറ്റവും നല്ല ഔഷധം. എവിടെയെങ്കിലും ഇത്തിരി സ്‌നേഹം ബാക്കിയുണ്ടെന്ന അറിവു തന്നെ ധാരാളം പോരെ ഒരു പിറന്നാള്‍ ആഘോഷിക്കാന്‍! ഒന്നുമില്ലെങ്കിലും ഈ പ്രാണന്‍ ബാക്കി കിടക്കുന്നു എന്ന അറിവു തന്നെ ഒരാളുടെ സ്‌നേഹത്തിന്റെ തെളിവല്ലേ – ദൈവത്തിന്റെ!

 
അഭിലാഷ് ഫ്രേസര്‍

You must be logged in to post a comment Login