പിശാചിനെതിരെ പോരാടാന്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ മാദ്ധ്യസ്ഥം!

പിശാചിനെതിരെ പോരാടാന്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ മാദ്ധ്യസ്ഥം!

john plസാത്താന്റെ ആക്രമണങ്ങളില്‍ നിന്നും ആത്മാക്കളെ രക്ഷിക്കാന്‍ വാഴ്ത്തപ്പെട്ട ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ മാദ്ധ്യസ്ഥം നമുക്കു ശക്തി പകരുമെന്ന് വത്തിക്കാനിലെ മുഖ്യഭൂതോച്ചാടകനായ ഫാദര്‍ ഗബ്രിയേല്‍ അമോര്‍ത്ത്. കഴിഞ്ഞ 26 വര്‍ഷമായി 70,000 ഭൂതാവേശിതരെ ചികിത്സിച്ചിട്ടുള്ള ആളാണ് അദ്ദേഹം. 86കാരനായ ഫാദര്‍ ഗബ്രിയേല്‍ അമോര്‍ത്ത് റോമിലെ ഔദ്യോഗിക ഭൂതോച്ചാടകനാണ്.

‘സാത്താന്‍ എന്ന ശക്തി തീര്‍ച്ചയായും ഈ ഭൂമുഖത്തുണ്ട്. നന്‍മയും തിന്‍മയും തമ്മില്‍ നിരന്തരം പോരാട്ടം നടക്കുകയാണ്. സാധാരണവും അതിസാധാരണവുമായ ശക്തി ഈ ദുഷ്ടാത്മാക്കള്‍ക്കുണ്ട്. മനുഷ്യനെ ദൈവത്തില്‍ നിന്നും അകറ്റാന്‍ ശ്രമിക്കുന്നതാണ് സാധാരണ ശക്തി. അത് സകല മനുഷ്യരേയും നിരന്തരം പ്രലോഭിപ്പിച്ചുകൊണ്ടിരിക്കുന്നു. അതിസാധാരണമായത് ഇതിലും സങ്കീര്‍ണമായ അവസ്ഥയാണ്. അത് നാലു തരത്തിലുണ്ട്: പൈശാചികഅധീനത, പൈശാചികഅലട്ടല്‍, മനുഷ്യനെ നിരാശയിലേക്കു കൂപ്പു കുത്തിക്കുന്ന ഭൂതാവേശം, ഒരു ശരീരത്തില്‍ മുഴുവന്‍(മനുഷ്യരോ മൃഗങ്ങളോ ആകാം)സാത്താന്‍ ആവേശിക്കുന്ന അവസ്ഥ എന്നിവയാണത്’, ഫാദര്‍ ഗബ്രിയേല്‍ അമോര്‍ത്ത് പറയുന്നു. അതിസാധാരണമായ അവസ്ഥകള്‍ വളരെ അപൂര്‍വ്വമായി മാത്രമേ സംഭവിക്കാറുള്ളുവെങ്കിലും ഇന്ന് അത്തരം സംഭവങ്ങള്‍ വര്‍ദ്ധിച്ചുവരികയാണെന്നും കൂടുതലായും യുവജനങ്ങളാണ് ഇതിന് ഇരകളാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രലോഭനങ്ങള്‍ സാധാരണമാണ്, മനുഷ്യന്‍ അപൂര്‍ണ്ണനും. പ്രലോഭനങ്ങളെ പ്രാര്‍ത്ഥന കൊണ്ടാണ് കീഴ്‌പ്പെടുത്തേണ്ടത്. വിശുദ്ധരുടെ മാദ്ധ്യസ്ഥവും നമുക്കു ശക്തി പകരും. ഇക്കാര്യത്തില്‍ വാഴ്ത്തപ്പെട്ട ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ മദ്ധ്യസ്ഥം വിശ്വാസികള്‍ക്ക് ഏറെ കരുത്തു പകരുന്നതായി സമീപകാലങ്ങളില്‍ തെളിയിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും ഫാദര്‍ ഗബ്രിയേല്‍ അമോര്‍ത്ത് പറയുന്നു. ‘എന്തുകൊണ്ടാണ് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയെ ഭയപ്പെടുന്നതെന്ന് പിശാചുക്കളോട് ഞാന്‍ ചോദിച്ചു. വ്യത്യസ്തങ്ങളായ രണ്ട് ഉത്തരങ്ങളാണ് അവര്‍ എനിക്കു നല്‍കിയത്. അവന്‍ എന്റെ പദ്ധതികളെല്ലാം തകര്‍ക്കുന്നു എന്നതായിരുന്നു ആദ്യത്തെ ഉത്തരം. റഷ്യയിലും കിഴക്കന്‍ യൂറോപ്പിലുമുണ്ടായ കമ്മ്യൂണിസത്തിന്റെ പതനത്തിലേക്കാകാം ഇത് വിരല്‍ ചൂണ്ടുന്നത്. അവന്‍ യുവജനങ്ങളെ എന്റെ പക്കല്‍ നിന്നും അകറ്റുന്നു എന്നതായിരുന്നു രണ്ടാമത്തെ ഉത്തരം’, ഫാദര്‍ ഗബ്രിയേല്‍ അമോര്‍ത്ത് പറഞ്ഞു. ക്രിസ്തുവിനേക്കാളധികം മാതാവിനെ ഭയപ്പെടുന്നത് എന്തുകൊണ്ടാണെന്ന ചോദ്യത്തിനുത്തരമായി ദൈവത്തെക്കാളധികം ഒരു ദൈവസൃഷ്ടിയാല്‍ തോല്‍പ്പിക്കപ്പെടുന്നത് തനിക്ക് അപമാനകരമാണെന്നാണ് സാത്താന്‍ പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിശ്വാസത്തിലൂടെയും പ്രാര്‍ത്ഥനയിലൂടെയും ഉപവാസത്തിലൂടെയും പിശാചിന്റെ പ്രലോഭനങ്ങളെ അതിജീവിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു..

One Response to "പിശാചിനെതിരെ പോരാടാന്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ മാദ്ധ്യസ്ഥം!"

  1. Rajan Mathew   June 5, 2015 at 1:24 pm

    The only way to get rid of evil spirits is concrete belief and consistant prayer and also fasting. …..

You must be logged in to post a comment Login