പിശാചിനെ ഒഴിപ്പിക്കല്‍ ഹെലിക്കോപ്റ്ററില്‍ പറന്ന്…

പിശാചിനെ ഒഴിപ്പിക്കല്‍ ഹെലിക്കോപ്റ്ററില്‍ പറന്ന്…

Helicopterപലവിധം ഭൂതോച്ചാടനങ്ങളെ കുറിച്ച് നാം കേട്ടിട്ടുണ്ട്. എന്നാല്‍ ഇതാദ്യമായാണ് ഹെലിക്കോപ്റ്ററില്‍ പറന്ന് ഒരു പട്ടണം മുഴുവന്റെ മേലും ഭൂതോച്ചാടനം നടത്തുന്നത്. ഇറ്റാലിയന്‍ പട്ടണമായ കാസ്റ്റെല്‍മാരെ ഡി സ്റ്റാബിയയിലാണ് ഈ അപൂര്‍വ ക്രിയ അരങ്ങേറിയത്. ഒരു വൈദികന്‍ ഹെലിക്കോപ്റ്ററില്‍ പട്ടണത്തിനു മീതെ പറന്ന് ഭൂതോച്ചാടന കര്‍മം നിര്‍വഹിക്കുകയായിരുന്നു. പട്ടണത്തില്‍ ഈ അടുത്ത കാലത്തായി പള്ളിമോഷണങ്ങളും ദേവാലയാക്രമങ്ങളും പെരുകിയ സാഹചര്യത്തിലാണ് ഇത്തരം ഒരു കര്‍മം ചെയ്യാന്‍ താന്‍ തയ്യായതെന്ന് വൈദികന്‍ പറഞ്ഞു.

സ്ഥലത്തെ പ്രാര്‍ത്ഥനാ ഗ്രൂപ്പിന്റെ പ്രേരണയാലാണ് താന്‍ പട്ടണം മുഴുവനുമായുള്ള പിശാചിനെ ഒഴിപ്പിക്കല്‍ കര്‍മം ചെയ്തതെന്ന് വൈദികന്‍ വെളിപ്പെടുത്തി. ‘സാത്താന്‍ ഉണ്ടെങ്കില്‍ അത് ഈ പട്ടണത്തിന്റെ മേല്‍ ആധിപത്യം നേടിയിരിക്കുന്നു. ഇനി ഭൂതോച്ചാടനമല്ലാതെ വേറെ വഴിയില്ല’ പ്രാര്‍ത്ഥനാ ഗ്രൂപ്പ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

വിശുദ്ധമായവയ്‌ക്കെതിരെ കടുത്ത ആക്രമങ്ങളാണ് കുറച്ചു നാളുകളായി ഈ പട്ടണത്തില്‍ കെട്ടഴിച്ചു വിട്ടിരുന്നത്. സംഘം ചേര്‍ന്നുള്ള ആക്രമണങ്ങള്‍, പള്ളികളില്‍ നിരന്തരമുള്ള മോഷണം, സെമിത്തേരി അക്രമങ്ങള്‍, കുരിശുകള്‍ ഊരിയെടുത്ത് തലകീഴായി വലിച്ചെറിയല്‍, മാതാവിന്റെ രൂപം മുകളില്‍ നിന്നു താഴേക്കെറിയല്‍ തുടങ്ങിയ ദ്രോഹപ്രവര്‍ത്തികള്‍. അവസാനം, ഇതെല്ലാം പൈശാചിക ശക്തികളുടെ പ്രവര്‍ത്തനമാണെന്ന നിഗമനത്തില്‍ പ്രാര്‍ത്ഥനാ ഗ്രൂപ്പ് അംഗങ്ങള്‍ എത്തിച്ചേരുകയായിരുന്നു. തുടര്‍ന്നാണ് പട്ടണം മുഴുവന്റെ മേലും ഭൂതോച്ചാടനം നടത്താന്‍ അവര്‍ വൈദികനെ സമീപിച്ചത്. ഇതു വഴി പട്ടണത്തിന്റെ നന്മയും വിശുദ്ധിയും മടങ്ങി വരുമെന്ന് അവര്‍ പ്രതീക്ഷിക്കുന്നു.

കഴിഞ്ഞ മെയ് മാസത്തില്‍ സമാനമായ ഒന്ന് മെക്‌സിക്കോയില്‍ നടന്നിരുന്നു. രാജ്യം മുഴുവനുമായാണ് അന്ന് ഭൂതോച്ചാടനം നടത്തിയത്.

You must be logged in to post a comment Login