പീഡിത ക്രിസ്ത്യാനികള്‍ക്കായി മാര്‍പാപ്പയുടെ പ്രത്യേകപ്രാര്‍ത്ഥന

പീഡിത ക്രിസ്ത്യാനികള്‍ക്കായി മാര്‍പാപ്പയുടെ പ്രത്യേകപ്രാര്‍ത്ഥന

pope prayingലോകമെമ്പാടും പീഡനങ്ങളനുഭവിക്കുന്ന ക്രിസ്ത്യാനികള്‍ക്കായി മാര്‍പാപ്പ പ്രത്യേകം പ്രാര്‍ത്ഥനകള്‍ നടത്തി. ചൊവ്വാഴ്ച റോമില്‍ ക്രിസ്തുവിന്റെ തിരുശരീരരക്തങ്ങളുടെ ഓര്‍മ്മത്തിരുനാള്‍ ആചരിക്കുന്ന വേളയില്‍ തിരുശരീരവും തിരുരക്തവുമായി നടത്തിയ എഴുന്നള്ളത്തിനിടെയാണ് വിശ്വാസത്തിന്റെ പേരില്‍ പീഡനങ്ങള്‍ സഹിക്കുന്ന ക്രിസ്ത്യാനികള്‍ക്കായി മാര്‍പാപ്പ പ്രത്യേകം പ്രാര്‍ത്ഥിച്ചത്. വത്തിക്കാനിലെ സെന്റ് ജോണ്‍ ലാറ്റെറന്‍ കത്തീഡ്രലില്‍ ആരംഭിച്ച പ്രദക്ഷിണം സെന്റ് മേരീസ് മേജര്‍ ബസലിക്കയിലാണ് സമാപിച്ചത്. ‘വിശ്വാസത്തിന്റെ പേരില്‍ പീഡനങ്ങളനുഭവിക്കുന്ന നമ്മുടെ സഹോദരീ സഹോദരന്‍മാര്‍ക്കു വേണ്ടി നമുക്കു പ്രാര്‍ത്ഥിക്കാം. അവരുടെ രക്തം ക്രിസ്തുവിന്റെ രക്തത്തോടു ചേര്‍ന്ന് ലോകത്തിന്റെ പാപപരിഹാരത്തിനു കാരണമാകട്ടെ’മാര്‍പാപ്പ പറഞ്ഞു. വിശ്വാസത്തിനു വേണ്ടി രക്തസാക്ഷികളായവരെയും മാര്‍പാപ്പ പ്രത്യേകം അനുസ്മരിച്ചു.

സകല മനുഷ്യര്‍ക്കും വേണ്ടിയാണ് ക്രിസ്തു രക്തം ചിന്തിയത്. ആ വേദനകള്‍ വര്‍ത്തമാനകാലപീഡനങ്ങളെ നേരിടാന്‍ നമുക്കു കരുത്തു പകരും. അവിടുത്തെ വചനങ്ങള്‍ അനുസരിക്കാതെയും അവിടുത്തേക്കു സാക്ഷികളാകാതെയും ജീവിച്ചാല്‍ നാം ദൈവസ്‌നേഹത്തില്‍ നിന്നും അകലുകയെ ഉള്ളൂ. ദിവ്യകാരുണ്യം നമ്മെ ഏവരെയും ഒന്നിപ്പിച്ചു നിര്‍ത്തുന്ന ശക്തിയാണ്. ഭിന്നതങ്ങളും കലഹങ്ങളും ഇല്ലാതാക്കി ഏകസഹോദരങ്ങളായി ജീവിക്കാന്‍ അതു നമുക്കു ശക്തി പകരും. നാമെല്ലാവരും പാപികളാണ്. എന്നാല്‍ ക്രിസ്തു നമുക്കു വേണ്ടി ചിന്തിയ രക്തം ആ പാപങ്ങളില്‍ നിന്നും നമുക്കു മോചനം നല്‍കുമെന്നും മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു..

You must be logged in to post a comment Login