പീഡനങ്ങള്‍ക്ക് നടുവിലും പാക്കിസ്ഥാനിലെ സഭ വളരുന്നു

പീഡനങ്ങള്‍ക്ക് നടുവിലും പാക്കിസ്ഥാനിലെ സഭ വളരുന്നു

ലാഹോര്‍: അനുദിനജീവിതത്തിലെ വിവിധ പ്രതികൂലങ്ങള്‍ നേരിടുമ്പോഴും പാക്കിസ്ഥാനിലെ സഭയെ അതൊന്നും ബാധിച്ചിട്ടില്ലെന്നാണ് ഇവിടെത്തെ സഭയുടെ വളര്‍ച്ച കാണിക്കുന്നത്. തൊണ്ണൂറ്റിയഞ്ച് ശതമാനം മുസ്ലീങ്ങളുള്ള പാക്കിസ്ഥാനില്‍ ഓരോ വര്‍ഷവും വൈദികജീവിതത്തിലേക്ക് കടന്നുവരുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. ഇത് ദൈവത്തിന്റെ അനുഗ്രഹമാണ്.

അവിടുന്ന് തന്റെ ജനത്തിനൊപ്പം ഉണ്ട് എന്നതിന്റെ തെളിവാണ്. ലാഹോറിലെ മൈനര്‍ സെമിനാരിയായ സാന്താ മരിയായുടെ റെക്ടര്‍ ഫാ. ഇനിയാറ്റ് ബെര്‍നാര്‍ഡ് പറയുന്നു. കഴിഞ്ഞവര്‍ഷം സന്ന്യാസസഭകളിലും ഇടവകകളിലുമായി 23 പേരാണ് പുരോഹിതരായി അഭിഷേകം ചെയ്യപ്പെട്ടത്.

ഈവര്‍ഷം 15 ഡീക്കന്മാര്‍ പുരോഹിതരാകും. കറാച്ചി നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജിയില്‍ 79 പേരും ലാഹോറിലെ സെന്റ് ഫ്രാന്‍സിസ് സേവ്യറില്‍ 96 പേരും പൗരോഹിത്യത്തിനായി തയ്യാറെടുപ്പുകള്‍ നടത്തുന്നു. ഇതുപോലെ തന്നെ സന്യാസിനികളുടെ കാര്യത്തിലും വര്‍ദ്ധനവുണ്ടായിട്ടുണ്ട്.

പാക്കിസ്ഥാനിലെ കത്തോലിക്കാസഭയുടെ പ്രത്യാശഭരിതമായ ഭാവിയെയാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത് എന്ന് ഫാ. ബെര്‍നാര്‍ഡ് പറയുന്നു.

You must be logged in to post a comment Login