ജയിലിലെ രഹസ്യബലിയര്‍പ്പണങ്ങള്‍

ജയിലിലെ രഹസ്യബലിയര്‍പ്പണങ്ങള്‍

വിശ്വാസത്തിന്റെ പ്രതിസന്ധികളിലും ക്രിസ്തുവിനോടുള്ള സ്‌നേഹം കാറ്റില്‍ കെടാതെ കാത്തുസൂക്ഷിച്ച വിശ്വാസധീരരുടെ കഥകള്‍. രോഗമോ പട്ടിണിയോ വരള്‍ച്ചയോ ക്രിസ്തുവിനോടുള്ള സ്‌നേഹത്തില്‍ നിന്ന് ഒരിക്കലും അകറ്റുകയില്ലെന്ന് ജീവിതം കൊണ്ട് സാക്ഷ്യപ്പെടുത്തിയവര്‍.. ക്രിസ്തുവിനോടൊപ്പം പീഡാസഹനങ്ങളില്‍ പങ്കുചേര്‍ന്നവര്‍.. ഈ നോമ്പുകാലത്ത് നമുക്ക് ഇവരുടെ ഒപ്പം യാത്ര ചെയ്യാം…

യേശുവിന് കുറവുകളോ? സംശയിക്കണ്ട. ഒരു പക്ഷേ യേശുവിന് കുറവുകളുണ്ടെന്ന് ആദ്യമായി കണ്ടെത്തിയത് ഇദ്ദേഹമായിരിക്കും. ഇത് വിയറ്റ്‌നാമീസ് ആര്‍ച്ച് ബിഷപ് ഫ്രാന്‍സീസ് സേവ്യര്‍ ങൂയെന്‍ വാന്‍ തൂവാന്‍. തൂവാന്‍ എന്ന് പരക്കെ അറിയപ്പെടുന്ന, വിശ്വാസത്തിന്റെ ധീരസാക്ഷി. കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ കിരാതഭരണത്തിന് കീഴില്‍ പതിമൂന്ന് വര്‍ഷകാലം ജയില്‍വാസം അനുഭവിക്കേണ്ടി വന്ന വ്യക്തി. അതില്‍ ഒന്‍പതു വര്‍ഷവും ഏകാന്തതടവ്..

എന്നിട്ടും ഒരു നിയമത്തിനോ ഏകാന്തതയ്‌ക്കോ ഭരണകൂടത്തിന്റെ കാടത്തത്തിനോ അദ്ദേഹത്തില്‍ രൂഢമൂലമായിരുന്ന വിശ്വാസത്തിന്റെ അഗ്നിയെ കെടുത്താനായില്ല. രണ്ടായിരമാണ്ടിലെ മഹാജൂബിലി വര്‍ഷത്തില്‍ വര്‍ഷം തോറും തനിക്കും റോമന്‍ കൂരിയായ്ക്കും വേണ്ടി നടത്തുന്ന ധ്യാനത്തില്‍ പ്രസംഗിക്കാന്‍ വേണ്ടി ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ക്ഷണിച്ചത് ഇദ്ദേഹത്തെയായിരുന്നു.

വാര്‍ഷികധ്യാനം നടത്തുന്നതിനായി ജോണ്‍പോള്‍ തന്നെ ക്ഷണിച്ചപ്പോള്‍ താന്‍ അനുഭവിച്ച വികാരത്തെക്കുറിച്ച് പില്ക്കാലത്ത് തൂവാന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. 1999 ഡിസംബര്‍ പതിനഞ്ചിനായിരുന്നു മാര്‍പാപ്പയുടെ ക്ഷണം തൂവാന് ലഭിച്ചത്. അന്ന് അദ്ദേഹത്തിന്റെ മനസ്സ് ഇരുപത്തിനാല് വര്‍ഷം പിന്നിലേക്ക് പോയി. ആ ഓര്‍മ്മയെക്കുറിച്ചുള്ള തുവാന്റെ വാക്കുകള്‍ ഇങ്ങനെയാണ്:

ഇന്ന് കൃത്യം അതേ തീയതിയില്‍ വത്തിക്കാനില്‍ വാര്‍ഷികധ്യാനം പ്രസംഗിക്കുമെന്ന് ഇരുപത്തിനാല് കൊല്ലങ്ങള്‍ക്ക് മുമ്പ് ഞാനൊരിക്കലും സങ്കല്പിച്ചിട്ടുണ്ടാവില്ല..

വിയറ്റ്‌നാമിലെ ഹ്യു കാം ഇടവകയില്‍ 1928 ഏപ്രില്‍ 17നാണ് തുവാന്റെ ജനനം. വിശ്വാസത്തിന് വേണ്ടി രക്തസാക്ഷിത്വം വരിച്ച ഒരു തലമുറയിലെ കണ്ണിയായിരുന്നു അദ്ദേഹം. വിശ്വാസത്തിന് വേണ്ടി ജീവന്‍ ബലി കഴിച്ച ധീരരക്തസാക്ഷികളുടെ കഥ അമ്മ പറഞ്ഞുകേട്ടാണ് ആ കുട്ടി വളര്‍ന്നത്. രാജ്യത്തോടും സഭയോടുമുള്ള സ്‌നേഹം അങ്ങനെയാണ് അവനില്‍ രൂപപ്പെട്ടത്. മതവിശ്വാസവും ജീവനും നിലനിര്‍ത്താന്‍ വേണ്ടി കുടുംബാംഗങ്ങളെ തന്നില്‍ നിന്ന് വേര്‍പെടുത്തി ക്രൈസ്തവരല്ലാത്തവരുടെ വിവിധ ഭവനങ്ങളില്‍ പാര്‍പ്പിച്ച വ്യക്തിയായിരുന്നു തുവാന്റെ പിതാവിന്റെ മുത്തച്ഛന്‍. വിശ്വാസവഞ്ചകരാല്‍ വധിക്കപ്പെട്ട തന്റെസഹോദരന്മാരെ സംസ്‌കരിച്ച ധീരവനിത കൂടിയായിരുന്നു തുവാന്റെ അമ്മ എലിസബത്ത്.

എന്നാല്‍ അതോടൊപ്പം അപാരമായ ക്രിസ്തുസ്‌നേഹത്താല്‍ അവരെ സ്‌നേഹിക്കാനും ആ മഹതിക്ക് കഴിഞ്ഞിരുന്നു. അമ്മ പകര്‍ന്നുനല്കിയ ആ സാക്ഷ്യം സ്വജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുവാന്‍ തൂവാന് അവസരമുണ്ടായി എന്നത് വേറൊരു കാര്യം.
ജയില്‍ ജീവിതകാലത്ത് അധികാരികള്‍ രു ദിവസം അദ്ദേഹത്തോട് ചോദിച്ചു, നിങ്ങള്‍ ഞങ്ങളെ സ്‌നേഹിക്കുന്നുവോ എന്ന്. സ്‌നേഹക്കുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അത് അധികാരികള്‍ക്ക് ദഹിക്കുന്ന ഒന്നായിരുന്നില്ല.

വിചാരണ കൂടാതെ, ശിക്ഷാവിധിയില്ലാതെ നിരവധി വര്‍ഷം നിങ്ങളെ ഞങ്ങള്‍ ജയിലിട്ടിട്ടും നിങ്ങള്‍ക്ക് ഞങ്ങളോട് സ്‌നേഹമാണെന്നോ..അവര്‍ക്ക് അത് വിശ്വസിക്കാനേ കഴിഞ്ഞില്ല. നിങ്ങള്‍ എന്നെ കൊല്ലാന്‍ ആഗ്രഹിച്ചാല്‍ പോലും ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നു. കാരണം ക്രിസ്തു അങ്ങനെയാണ് ഞങ്ങളെ പഠിപ്പിച്ചിരിക്കുന്നത് എന്നായിരുന്നു തുവാന്റെ മറുപടി. ക്രിസ്തുവിനൊപ്പം അമ്മയും ഇപ്രകാരം പറയുവാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചിട്ടുണ്ടാവും എന്ന് നിസ്തര്‍ക്കമാണ്.

അന്യായമായ ജയില്‍വാസത്തിന് തൂവാന്‍ വിധിക്കപ്പെട്ടപ്പോള്‍ അദ്ദേഹത്തിന് ആശ്വാസമേകാനും ആ അമ്മയ്ക്ക് സാധിച്ചിരുന്നു. എന്റെ മകന്‍ സഭയോട് സത്യസന്ധനായിരിക്കുവാനും ദൈവം ആവശ്യപ്പെടുന്നിടത്ത് നിലകൊള്ളാനും പ്രാര്‍ത്ഥിക്കൂ എന്നുമായിരുന്നു മകന് വേണ്ടി മറ്റുള്ളവരോടുള്ള അവരുടെ അഭ്യര്‍ത്ഥന.

1953 ജൂണ്‍ 11 ന് വൈദികനായ തൂവാന്‍ 1976 ജൂണ്‍ നാലിന് ബിഷപ്പായി അഭിഷിക്തനായി. 1975 മുതല്ക്കാണ് തുവാന്റെ ജീവിതം തലകീഴായ് മറിഞ്ഞത്. എന്നാല്‍ ആ വിപരീതങ്ങളാണ് അദ്ദേഹത്തിന്റെ ആത്മീയജീവിതത്തിന് കരുത്തായി മാറിയതും പിന്നീട് സഭ, വിശ്വാസത്തിന്റെ ധീരസാക്ഷി എന്ന് വിശേഷിപ്പിക്കുവാന്‍ കാരണമായിത്തീര്‍ന്നതും. കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ നോട്ടപ്പുള്ളിയായിരുന്ന തുവാന്‍ 1975 ഓഗസ്റ്റ് പതിനഞ്ചാം തീയതിയാണ് അറസ്റ്റ് ചെയ്യപ്പെട്ടത്.

ളോഹയും ഒരു ജപമാലയും മാത്രമായിരുന്നു അപ്പോള്‍ അദ്ദേഹത്തിന്റെ സമ്പാദ്യം. എല്ലാം നഷ്ടപ്പെടുകയാണെന്ന് മനസ്സിലാക്കിയിട്ടും എല്ലാം ദൈവഹിതത്തിന് സമര്‍പ്പിക്കുക എന്ന തീരുമാനമാണ് അദ്ദേഹം കൈക്കൊണ്ടത്. അറസ്റ്റ് ചെയ്യപ്പെടുമ്പോള്‍ എട്ടുകൊല്ലം മാത്രം സഭാപരിചയമുള്ള ഒരു യുവബിഷപ്പായിരുന്നു തുവാന്‍. അറസ്‌ററിനെ തുടര്‍ന്ന് അദ്ദേഹം അച്ചനോ മെത്രാനോ അല്ലാതെ വെറും മിസ്റ്റര്‍ തുവാന്‍ മാത്രമായിത്തീര്‍ന്നു.

അറസ്റ്റിന് ശേഷം രണ്ടുപോലീസുകാര്‍ക്കിടയിലിരുത്തി 450 കിലോമീറ്റര്‍ അകലെയുള്ള ഞാട്രാങ്ങിലേക്കാണ് അദ്ദേഹത്തെ കൊണ്ടുപോയത്. തടവുപുള്ളിയുടെ ജീവിതം താന്‍ ആരംഭിക്കുകയാണെന്ന് അദ്ദേഹത്തിന് മനസ്സിലായി.

ജനലുകളില്ലാത്ത ഒരു തടവറയിലായിരുന്നു തൂവാന്‍ അടയ്ക്കപ്പെട്ടിരുന്നത്. ചൂടും പുഴുകലും കൊണ്ട് ഭ്രാന്തിന്റെ വക്കോളമെത്തിയ ദിനരാത്രങ്ങള്‍. ജയിലിലെ ഒരു ദിവസം സ്വാതന്ത്ര്യത്തിലെ ആയിരം ശരത്ക്കാലത്തിന്റെ മൂല്യമുള്ളതാണ് എന്ന വിയറ്റ്‌നാമീസ് പഴഞ്ചൊല്ലിന്റെ പൊരുള്‍ അപ്പോഴാണ് തൂവാന് മനസ്സിലായത്. ദൈവത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ ആഗ്രഹിച്ചിട്ട് അവയെല്ലാം ഒന്നുമായിത്തീരാതെ നശിക്കുന്നതോര്‍ത്ത് അദ്ദേഹം ആത്മാവില്‍ അസ്വസ്ഥത അനുഭവിച്ചിരുന്ന ഒരു ദിനം വ്യക്തമായും കൃത്യമായും ദൈവത്തിന്റെ സ്വരം കേട്ടു.
ദൈവവും ദൈവത്തിന്റെ പ്രവൃത്തികളും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാത്തതുകൊണ്ടാണ് നീയിങ്ങനെ പീഡ അനുഭവിക്കുന്നത്. ഇടയനെന്ന നിലയില്‍ നീ ചെയ്യാന്‍ പദ്ധതിയിട്ടിരുന്നതെല്ലാം- ഭവനസന്ദര്‍ശനം, ഇടവകസന്ദര്‍ശനം, സ്‌കൂള്‍ നിര്‍മ്മാണം, സുവിശേഷപ്രസംഗം-ദൈവത്തിന്റെ പ്രവൃത്തികളാണ്. എന്നാല്‍ അവയൊന്നും ദൈവമല്ല..

ഈ വാക്കുകള്‍ അമാവാസി നിറഞ്ഞ തൂവാന്റെ ജീവിതത്തില്‍ പൗര്‍ണ്ണമിയായി വന്നുദിക്കുകയായിരുന്നു. പുതിയൊരു ശക്തി ആത്മാവില്‍ നിറയുന്നത് അദ്ദേഹമറിഞ്ഞു. അതൊടൊപ്പം വര്‍ത്തമാനകാലത്തില്‍ ജീവിക്കുന്നത് വിശുദ്ധിയിലേക്കുള്ള ഏറ്റവും ലളിതവും സുരക്ഷിതവുമായ വഴിയാണെന്നും അദ്ദേഹത്തിന് മനസ്സിലായി. പിന്നീടുള്ള പതിമൂന്ന് വര്‍ഷം ജയില്‍ജീവിതത്തെ ആനന്ദദായകമാക്കാന്‍ അദ്ദേഹത്തിന് കരുത്തുനല്കിയത് ഈ വാക്കുകളും ബോധ്യങ്ങളുമായിരുന്നു.ദൈവത്തിന്റെ പ്രവൃത്തികളെക്കാള്‍ ദൈവമാണ് വലുതെന്ന തിരിച്ചറിവ് നമ്മളില്‍ എത്ര പേര്‍ക്കുണ്ടാവും?

കെയ്വോങ് ഗ്രാമത്തില്‍ വീട്ടുതടങ്കലില്‍ ആയിരുന്നപ്പോള്‍ രാപകല്‍
തൂവാന്‍ പോലീസ് നിരീക്ഷണത്തിലായിരുന്നു. ഇത് അദ്ദേഹത്തില്‍ വലിയൊരു അസ്വസ്ഥതയ്ക്ക് കാരണമായിത്തീര്‍ന്നു.വര്‍ത്തമാനകാലത്തെ സന്തോഷഭരിതമാക്കാന്‍ എന്താണ് മാര്‍ഗ്ഗമെന്ന് മനസ്സ് ആശങ്കപ്പെട്ടപ്പോള്‍ മനസ്സ് തന്നെ അദ്ദേഹത്തിന് വഴി പറഞ്ഞുകൊടുത്തു. വിശുദ്ധ പൗലോസ് ജയിലില്‍ ആയിരുന്നപ്പോള്‍ വിവിധ സമൂഹങ്ങള്‍ക്ക് കത്തെഴുതിയതുപോലെ കത്തെഴുതൂ. ഇത് അദ്ദേഹത്തിന് മറ്റൊരു പൊന്‍വെളിച്ചം പകര്‍ന്നു. അദ്ദേഹത്തിന് എഴുതാന്‍ പേപ്പര്‍ ഉണ്ടായിരുന്നില്ല.

എന്നാല്‍ ഏഴുവയസുകാരനായ ക്വാങ്ങ് വഴി അവന്റെ അമ്മയില്‍ നിന്ന് പഴയ കലണ്ടര്‍ വാങ്ങി അതില്‍ ഓരോ സന്ദേശമെഴുതി തന്റെ ജനത്തോട് രഹസ്യമായും ധീരമായും അദ്ദേഹം സംവദിച്ചുകൊണ്ടിരുന്നു. ഓരോ ദിനവും പ്രഭാതത്തില്‍ ആ കുറിപ്പുകള്‍ ഏറ്റുവാങ്ങാന്‍ ക്വാങ്ങ് എത്തിയിരുന്നു. ഇപ്രകാരമെഴുതിയ കുറിപ്പുകളാണ് പ്രത്യാശയുടെ പാത എന്നപേരില്‍ പില്ക്കാലത്ത് പ്രസിദ്ധീകരിക്കപ്പെട്ടത്.

തുവാന്‍ ഏകാന്തതടവിലായിരുന്നപ്പോള്‍ സ്ഥിരമായി രണ്ടു പോലീസുകാരുടെ നിരീക്ഷണത്തിലായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. സ്ഥിരമായി അവര്‍ അവിടെ നിന്നാല്‍, അവരുടെ ജീവിതത്തെകൂടി തൂവാന്‍ സ്വാധീനിക്കുമെന്ന് ആശങ്കപ്പെട്ടിരുന്നതിനാല്‍ ഊഴമനുസരിച്ച് അവര്‍ മാറിമാറിവന്നുകൊണ്ടിരുന്നു. പോലീസുകാര്‍ അദ്ദേഹത്തോട് ആദ്യമാദ്യം സംസാരിക്കാന്‍ മടികാണിച്ചിരുന്നു. പരിമിതമായ വാക്കുകളില്‍ അവര്‍ ഏതു മറുപടിയും ഒതുക്കിയിരുന്നു. അവരോട് സ്‌നേഹവും ദയവും കാണിക്കാന്‍ ആഗ്രഹിച്ച തൂവാനെ ഇത് സങ്കടപ്പെടുത്തി. യേശു നിങ്ങളെ സ്‌നേഹിക്കുന്നതുപോലെ അവരെയും സ്‌നേഹിക്കുക എന്ന വാക്ക് തുവാന്റെ മനസ്സില്‍ മുഴങ്ങി. പിറ്റേന്ന് മുതല്‍ അവരോട് പുഞ്ചിരിച്ചുംആര്‍ദ്രമായ വാക്കുകളാല്‍ സംസാരിച്ചും ആ കാവല്‍ക്കാരോട് കൂടുതലായി ഇടപഴകുവാന്‍ തൂവാന്‍ ആരംഭിച്ചു. ക്രമേണ അവരിലും മാറ്റം വന്നു. അവര്‍ പരസ്പരം നല്ല സുഹൃത്തുക്കളായി.

ഒരു ദിവസം ജയിലില്‍ മരം മുറിക്കുന്നതിനിടയില്‍ തൂവാന്‍ കാവല്‍ക്കാരനോട് ചോദിച്ചു
കുരിശാകൃതിയില്‍ ഒരു കഷ്ണം മരം വെട്ടിയെടുക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു..
പക്ഷേ മതചിഹ്നങ്ങള്‍ ജയിലില്‍ ഉപയോഗിക്കാന്‍ അനുവാദമില്ലാത്തതിനാല്‍ അയാളത് ആദ്യം സമ്മതിച്ചില്ല. അപ്പോള്‍ നമ്മള്‍ തമ്മിലുള്ള സൗഹൃദത്തിന്റെ പേരില്‍ അപ്രകാരം ചെയ്യാന്‍ അനുവദിക്കണമെന്ന് തുവാന്‍ കാവല്‍ക്കാരനോട് അപേക്ഷിച്ചു.
ഞാനത് ഒളിപ്പിച്ചുവച്ചോളാം.. തൂവാന്‍ ഉറപ്പ് പറഞ്ഞു. സമ്മതം വ്യക്തമാക്കിക്കൊണ്ട് കാവല്‍ക്കാരന്‍ അദ്ദേഹത്തെ കടന്നുപോയി. തൂവാന്‍ സന്തോഷത്തോടെ കുരിശ് വെട്ടിയെടുത്ത് ഒരു കഷ്ണം സോപ്പില്‍ ഒളിപ്പിച്ചുവച്ചു. ജയില്‍ മോചിതനാകും വരെ തൂവാന്‍ അത് സ്വകാര്യമായി സൂക്ഷിച്ചിരുന്നു. പില്ക്കാലത്ത് ഒരു ലോഹച്ചട്ടക്കൂട്ടില്‍വച്ച് അദ്ദേഹം അത് മാറിലണയുകയും ചെയ്തു.

മറ്റൊരിക്കല്‍ കാവല്‍ക്കാരനോട് ഒരു വൈദ്യുതവയറിന്റെ കഷ്ണം അദ്ദേഹം ആവശ്യപ്പെട്ടു.ജയിലില്‍ വൈദ്യുതവയറിന്റെ ആവശ്യം ആത്മഹത്യയ്ക്കാണെന്ന് ചില അനുഭവങ്ങള്‍ കൊണ്ട് അയാള്‍ക്ക് മനസ്സിലായിരുന്നു. പക്ഷേ ബിഷപ് പറഞ്ഞു, ഒരു കത്തോലിക്കാ വൈദികന്‍ ഒരിക്കലും ആത്മഹത്യ ചെയ്യുകയില്ല. പിന്നെ താങ്കള്‍ക്ക് എന്തിനാണ് വയര്‍?
അപ്പോള്‍ തൂവാന്‍ പറഞ്ഞു, ഒരു കുരിശുതൂക്കാനാണ്.
അത് എങ്ങനെയെന്ന് കാവല്‍ക്കാരന് മനസ്സിലായില്ല.അപ്പോള്‍ തുവാന്‍ പറഞ്ഞു,

നിങ്ങള്‍ ഒരു ചവണ കൊണ്ടുവരൂ.ഞാന്‍ കാണിച്ചുതരാം..
തൂവാനോടുള്ള സ്‌നേഹത്താല്‍ അപ്രകാരം ചെയ്യാന്‍ അയാള്‍ സന്നദ്ധനായി. അയാള്‍ അനുവദിച്ചുതന്ന നാലുമണിക്കൂറിനുള്ളില്‍ വൈദ്യുതവയര്‍ തീപ്പെട്ടിക്കൊള്ളിവലുപ്പത്തില്‍ കഷ്ണങ്ങളാക്കി തന്റെ ലക്ഷ്യംസാധിച്ചിരുന്നു. ഇപ്രകാരം ഉണ്ടാക്കിയ കുരിശും ചെയിനും എല്ലാ ദിവസും തൂവാന്‍ കൂടെ കൊണ്ടുനടന്നു.

ആഴമേറിയ ക്രൈസ്തവവിശ്വാസത്തെ വിളംബരം ചെയ്യാന്‍ വേണ്ടിയായിരുന്നു അതെന്ന് ആ കാലത്തെ പില്ക്കാലത്ത് തൂവാന്‍ അനുസ്മരിച്ചു.ജയിലിലെ കത്തോലിക്കര്‍ രഹസ്യമായി പുതിയനിയമത്തിന്റെ ഒരു കോപ്പി കൊണ്ടുവന്നിരുന്നു. അവര്‍ ഗ്രന്ഥം ചെറുതുണ്ടുകളായി വിഭജിച്ച് പരസ്പരം വിതരണം ചെയ്തുകൊണ്ടിരുന്നു. ഇതിലെ ഭാഗങ്ങള്‍ അവര്‍ ഹൃദിസ്ഥമാക്കുകയും ചെയ്തുകൊണ്ടിരുന്നു.

കാവല്‍ക്കാരുടെ കാലൊച്ച കേള്‍ക്കുമ്പോള്‍ ബൈബിള്‍ഭാഗം അവര്‍ തറയില്‍ കുഴിച്ചുമൂടും. രാത്രിയില്‍ ഓരോരുത്തരും ഊഴമനുസരിച്ച് ഈ ഭാഗങ്ങള്‍ ചൊല്ലിക്കൊടുത്തുകൊണ്ടിരുന്നു. ജയിലിലെ നിശ്ശബ്ദതയിലും അന്ധകാരത്തിലും ദൈവത്തോട് അവര്‍ ചേര്‍ന്നുനിന്നിരുന്നത് ഇപ്രകാരമായിരുന്നു. ഈ ആത്മീയമുന്നേറ്റത്തിന് നേതൃത്വം നല്കിയത് തൂവാനായിരുന്നു. സ്വയം വിശ്വാസിയായിക്കൊണ്ട് അനേകരുടെ വിശ്വാസത്തിന്റെ കാവല്‍ക്കാരനായി മാറുകയായിരുന്നു തുവാന്‍.
അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ വെറും കയ്യോടെയാണ് ജയിലിലേക്ക് പോവേണ്ടി വന്നതിനാല്‍ അദ്ദേഹത്തിന് വസ്ത്രങ്ങളോ പേസ്റ്റോ മറ്റ്‌സാധനങ്ങളോ കൂടെ കൊണ്ടുവരാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ അവ ആവശ്യപ്പെട്ടുകൊണ്ട് രൂപതയിലേക്ക് കത്തെഴുതാന്‍ തൂവാന് അനുവാദം ലഭിച്ചു. അത്യാവശ്യസാധനങ്ങളുടെ ലിസ്റ്റിന്റെ കൂടെ എന്റെ വയറ് വേദനയ്ക്കുള്ള മരുന്ന് എന്ന നിലയില്‍ ഇത്തിരി വീഞ്ഞ് എനിക്ക് കൊടുത്തയ്ക്കണം എന്നും അദ്ദേഹം എഴുതി. ആ വീഞ്ഞ് എന്താണെന്ന് വിശ്വാസികള്‍ക്ക് മനസ്സിലായി. അവര്‍ വയറുവേദനയ്ക്കുള്ള മരുന്ന് എന്ന് പേരെഴുതി ബലിയര്‍പ്പിക്കാനുള്ള ചെറിയൊരുകുപ്പി വീഞ്ഞ് കൊടുത്തുവിട്ടു. കുറച്ച് തിരുവോസ്തിയും അവര്‍ രഹസ്യമായി കൊടുത്തുവിട്ടിരുന്നു.

അത് രണ്ടും കിട്ടിയപ്പോള്‍ തുവാനുണ്ടായ സന്തോഷം അവര്‍ണ്ണനീയമായിരുന്നു. എല്ലാ ദിവസവും തന്റെ ഉളളംകയ്യില്‍ മൂന്നുതുള്ളി വീഞ്ഞും ഒരു തുള്ളി ജലവും എടുത്ത് എല്ലാ ദിവസവും രഹസ്യമായി തുവാന്‍ ബലിയര്‍പ്പിച്ചു. ജയില്‍ അങ്ങനെ അദ്ദേഹത്തിന് അള്‍ത്താരയും ഭദ്രാസനപ്പള്ളിയുമായി. കര്‍ത്താവിന്റെ ശരീരം കൂടാതെ ആര്‍ക്കും ജീവിക്കാനാവില്ലെന്ന് തുവാന്‍ തിരിച്ചറിയുകയായിരുന്നു.യേശുവില്‍ ജീവന്‍ ഉണ്ടായിരിക്കാനുള്ള സാധ്യതയാണ് വിശുദ്ധ കുര്‍ബാനയെന്നും അദ്ദേഹത്തിന് മനസ്സിലാവുകയായിരുന്നു. നാം കഷ്ടതയനുഭവിച്ച എല്ലായിടവും നമുക്ക് ആഘോഷിക്കാനുള്ള ഒരു ഇടമായിത്തീര്‍ന്നു..അതൊരു വയലായാലും മരുഭൂമിയായാലും കപ്പലായാലും സത്രമായാലും ജയിലായാലും എന്ന് സെസാറിയായിലെ എവുസേബി എഴുതിയത് സ്വജീവിതത്തില്‍ തൂവാന്‍ അനുഭവിച്ചറിയുകയായിരുന്നു.

സഭയുടെ വിവരങ്ങള്‍ അറിയാന്‍ താന്‍ എന്തുമാത്രം ആഗ്രഹിച്ചിരുന്നു എന്ന് വ്യക്തമാക്കുന്ന ഒരു സംഭവവും അദ്ദേഹത്തിന്റെ ജീവിതത്തിലുണ്ടായിട്ടുണ്ട്. ഹനോയിയില്‍ ഏകാന്തതടവിലായിരുന്നപ്പോള്‍ ഒരു പോലിസുകാരി ചെറിയൊരു മത്സ്യം പാകം ചെയ്യാന്‍ അദ്ദേഹത്തിന് കൊണ്ടുവന്നു കൊടുത്തു. ആ പൊതി കണ്ടപ്പോള്‍ അദ്ദേഹം അത്യധികം സന്തോഷിച്ചു. കാരണം ഒസ്സര്‍വത്താരോ റൊമാനോയിലാണ് അത് പൊതിഞ്ഞുകൊണ്ടുവന്നിരുന്നത്.

വത്തിക്കാന്റെ ആ മുഖപത്രം അക്കാലത്ത പോസ്റ്റോഫീസുകളില്‍ നിന്ന് ബലമായി പിടിച്ചെടുക്കുകയും നശിപ്പിക്കുകയും ചെയ്തിരുന്നത് പതിവായിരുന്നു. അത്തരമൊരു ഷീറ്റാണ് മീന്‍ പൊതിഞ്ഞ് തൂവാന്റെ കൈയില്‍ കിട്ടിയത്. ഉള്ളിലെ ആനന്ദം പുറമെ കാണിക്കാതെ പേപ്പറിന്റെ നാറ്റം കളയാനായി അത് കഴുകി വെയിലത്തുണക്കി. ഒരു തിരുശേഷിപ്പ് എന്നാണ് തൂവാന്‍ ആ പേപ്പറിനെ പില്ക്കാലത്ത് വിശേഷിപ്പിച്ചത്.

ക്രിസ്തുവിന്റെ കുറവുകളെ സ്‌നേഹിച്ച വ്യക്തിയാണ് തൂവാന്‍ എന്നാണല്ലോ നാം പറഞ്ഞുതുടങ്ങിയത്. എന്തായിരുന്നുവെന്നോ തുവാന്‍ കണ്ടെത്തിയ ക്രിസ്തുവിന്റെ കുറവുകളെന്നോ.. 1യേശു ഒരു മറവിക്കാരനായിരുന്നു.നല്ല കള്ളനെയുംപാപിനിയായ സ്ത്രീയെയും ധൂര്‍ത്തപുത്രനെയും എല്ലാം ഒരേപോലെ സ്വീകരിക്കാന്‍ കഴിയുന്നത് അവരുടെ ഭൂതകാലത്തെക്കുറിച്ച് ഓര്‍മ്മയില്ലാത്തതുകൊണ്ടാണ്.2 യേശുവിന് കണക്ക് അറിയില്ല. തൊണ്ണുറ്റൊമ്പതിനെ വിട്ടിട്ട് ഒന്നിന്റെ പുറകെ പോകുന്നത് അതുകൊണ്ടാണല്ലോ.3 യേശുവിന് യുക്തിബോധമില്ലായിരുന്നു. കാരണം കാണാതെപോയ വെള്ളിനാണയം-അതത്രമേല്‍ വിലയുള്ളതാണോ- കണ്ടുകിട്ടിക്കഴിയുമ്പോള്‍ അത് സുഹൃത്തുക്കളോട് വിളിച്ചുകൂവേണ്ട കാര്യമുണ്ടോ4യേശുവിന് ധനകാര്യമോ സാമ്പത്തികശാസ്ത്രമോ മനസ്സിലാവില്ല. അതുകൊണ്ടാണല്ലോ ഒന്നാം മണിക്കൂറില്‍ വന്നവനും ഏഴാം മണിക്കൂറില്‍ വന്നവനും ഒരേ വേതനം കൊടുക്കുന്നത്….ഇങ്ങനെപോകുന്നു യേശുവിന്റെ കുറവുകളെക്കുറിച്ചുള്ള തൂവാന്റെ ധ്യാനങ്ങള്‍..

മരിയഭക്തന്‍ കൂടിയായിരുന്നു തൂവാന്‍. ഒരു ദിനം മാതാവിനോട് തൂവാന്‍ ഇപ്രകാരം പ്രാര്‍ത്ഥിച്ചു, മാതാവേ നിന്റെ സഭയ്ക്ക് ഇനിമേല്‍ ഞാന്‍ പ്രയോജനപ്രദമല്ലെന്ന് നിനക്ക് തോന്നുകയാണെങ്കില്‍ ജയിലില്‍ എന്റെ ജീവിതം നീ അവസാനിപ്പിക്കണമേ.. അല്ലായെങ്കില്‍ നിന്റെ പെരുനാളില്‍ എന്നെ ജയില്‍ വിമുക്തനാക്കണമേ..

അതിന്‌ശേഷം ഒരു ദിവസം അദ്ദേഹം ജയില്‍ഭക്ഷണം തയ്യാറാക്കിക്കൊണ്ടിരിക്കുമ്പോള്‍ ഫോണ്‍ ബെല്ലടിക്കുന്നത് കേട്ടു. അത് തനിക്കുള്ള ഫോണായിരിക്കുമെന്ന് തുവാന് തോന്നി. അത് ശരിയുമായിരുന്നു. ഉച്ചകഴിഞ്ഞ് ആഭ്യന്തരമന്ത്രിയെ ചെന്ന് കാണാനുള്ള നിര്‍ദ്ദേശമായിരുന്നു ആഫോണ്‍ കോള്‍. അപ്രകാരം തുവാന്‍ മന്ത്രിക്ക് മുമ്പിലെത്തി.
എന്തെങ്കിലും ആവശ്യമുണ്ടോ? മന്ത്രി ചോദിച്ചു

ഉവ്വ്‌സര്‍, എനിക്ക് സ്വാതന്ത്ര്യം ആവശ്യമുണ്ട്.
എപ്പോള്‍?
ഇന്ന് തന്നെ..
എന്നാല്‍ അത് അസാധ്യമാണെന്ന് മന്ത്രി പറഞ്ഞു.

ജയില്‍വിമോചനത്തിന്റെ ചര്‍ച്ചകള്‍ക്ക് സമയം ആവശ്യമുണ്ട്. പക്ഷേ തുവാന്റെ മനസ്സ് അപ്പോഴും പറഞ്ഞു.താന്‍ ഇന്ന് മോചിതനാകുമെന്ന്.കാരണം ഇന്നേ ദിവസം നവംബര്‍ 21 മറിയത്തിന്റെ തിരുനാള്‍ ദിനമാണല്ലോ. മാതാവ് തന്റെ പ്രാര്‍ത്ഥന കേള്‍ക്കാതിരിക്കില്ല.തൂവാന്‍ മന്ത്രിയോട് പറഞ്ഞു.

ദീര്‍ഘകാലമായി ഞാന്‍ ജയിലിലായിരുന്നു. മൂന്ന് മാര്‍പാപ്പമാരുടെ ഭരണത്തിന്‍ കീഴില്‍.. പോള്‍ ആറാമന്‍, ജോണ്‍ പോള്‍ ഒന്നാമന്‍, ജോണ്‍ പോള്‍ രണ്ടാമന്‍… ഇതിന് പുറമെസോവ്യറ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടയുടെ നാല് സെക്രട്ടറി ജനറല്‍മാരുടെ കീഴിലും. ബ്രഷ്‌നേവ്,ആന്‍ഡ്രേപോവ്, ചെര്‍നെന്‍കോ, ഗോര്‍ബച്ചേവ്..

മന്ത്രിക്ക് പെട്ടെന്ന് ചിരി പൊട്ടി. അന്ന് തന്നെ ജയില്‍മോചനത്തിനുള്ള അനുവാദം അദ്ദേഹം നല്കി.മാതാവിനോടുളള നന്ദിയാല്‍ ഹൃദയം നിറഞ്ഞാണ് തുവാന്‍ തിരികെ നടന്നത്.1988 നവംബര്‍ 21 ആയിരുന്നു ആ ദിനം.200സെപ്റ്റംബര്‍ 16 ന് കാന്‍സര്‍രോഗബാധിതനായിട്ടായിരുന്നു തുവാന്റെ അന്ത്യം. അതിനിടയില്‍ സഭയിലെ വിവിധ സമ്മുന്നത പദവികളും അദ്ദേഹം അലങ്കരിച്ചു.

2007 സെപ്റ്റംബര്‍ 16 ന് അദ്ദേഹത്തിന്റെ നാമകരണനടപടികള്‍ക്ക് ആരംഭം കുറിച്ചു.

You must be logged in to post a comment Login