പീലാത്തോസ് കൈ കഴുകി, ഈശോ കാലും

പീലാത്തോസ് കൈ കഴുകി, ഈശോ കാലും

കാലങ്ങളായി നാം അതുചെയ്തുകൊണ്ടേയിരിക്കുന്നു.. പീലാത്തോസിനെ പോലെ കൈ കഴുകുക. പക്ഷേ കാലു കഴുകുന്ന യേശുവാകാന്‍ നമുക്കിനിയും കഴിഞ്ഞിട്ടില്ല. കാരണം കൈകഴുകുന്ന പീലാത്തോസുമാര്‍ നമ്മുടെയെല്ലാം വ്യക്തിത്വത്തിന്റെ  ഭാഗമാണ്.

കാലുകഴുകുന്ന യേശുവാകാന്‍ നമുക്കിനിയും ഏറെ ദൂരം താണ്ടേണ്ടിയിരിക്കുന്നു.  കൈ കഴുകാന്‍ ഏറെ എളുപ്പമാണ്.കാല്‍ കഴുകാനാകട്ടെ ഏറെ ബുദ്ധിമുട്ടുകള്‍ സഹിക്കേണ്ടതുണ്ട്.
കൈ കഴുകുന്നത് എല്ലായ്‌പ്പോഴും സ്വന്തം കളിസ്ഥലം സുരക്ഷിതമാക്കലാണ്. കാല്‍ കഴുകുമ്പോഴാകട്ടെ പലതും വിട്ടുകൊടുക്കേണ്ടതായിവരും.

അധികാരം നിലനിര്‍ത്താന്‍ പീലാത്തോസിന് കൈ കഴുകേണ്ടതായിവന്നു. – ഈ നീതിമാന്റെ രക്തത്തില്‍ എനിക്ക് പങ്കില്ല.

അധികാരം വിട്ടൊഴിഞ്ഞുകൊണ്ട് യേശു കാല്‍ കഴുകി.- ഞാന്‍ നിന്നെ കഴുകുന്നില്ലെങ്കില്‍ നിനക്ക് എന്നോടുകൂടിപങ്കില്ല..

നാം ആയിരിക്കുന്നതും നാം ആയിത്തീരേണ്ടതുമായ രണ്ടു മുഖങ്ങള്‍. യേശുവും പീലാത്തോസും. നാം ചെയ്യുന്നതും ചെയ്യേണ്ടതുമായ രണ്ട് പ്രവൃത്തികള്‍. കൈ കഴുകുക..  കാല്‍ കഴുകുക.

ഒരര്‍ത്ഥത്തില്‍ ഇങ്ങനെ പറയാമെന്ന് തോന്നുന്നു, പീലാത്തോസില്‍ നിന്ന് യേശുവിലേക്കുള്ള ദൂരമാണ് നമ്മുടെ ക്രിസ്തീയതയുടെ അകലം.

അല്ലെങ്കില്‍ ഒന്ന് ആലോചിച്ചു നോക്കൂ, ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളില്‍ എവിടെയെങ്കിലും കൈ കഴുകിയിട്ടുള്ള പീലാത്തോസുമാരായിട്ടില്ലേ നാമെല്ലാം? ഒരുപക്ഷേ നാം അത് മറന്നുപോയിട്ടുണ്ടാവാം.. പക്ഷേ ഓര്‍മ്മിക്കേണ്ട ഒരുകാര്യമുണ്ട്.

ഓരോ പീലാത്തോസുമാര്‍ നമ്മുടെ എല്ലാം വ്യക്തിത്വത്തിന്റെ ഭാഗമായുണ്ട്.  അറിഞ്ഞോ അറിയാതെയോ നാം പീലാത്തോസുമാരായിട്ടുണ്ട്..അറിഞ്ഞോ അറിയാതെയോ നാം പീലാത്തോസിനെ പോലെ കൈ കഴുകി ന മ്മുടെ സ്ഥാനം സുരക്ഷിതമാക്കിയിട്ടുണ്ട്..അധികാരം നിലനിര്‍ത്തിയിട്ടുണ്ട്. നഷ്ടങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്..

നഷ്ടങ്ങള്‍ ഒഴിവാക്കാന്‍ ആഗ്രഹിക്കുന്നവന്റെ പേരാണ് പീലാത്തോസ്..അധികാരം നിലനിര്‍ത്താന്‍ ശ്രമിക്കുന്നവന്റെ പേരാണ് പീലാത്തോസ്. സെയ്ഫ് സോണില്‍ എന്നും നിലയുറപ്പിക്കുന്നവന്റെ പേരാണ് പീലാത്തോസ്. പ്രായോഗികമതിയുടെ  പേരാണ് പീലാത്തോസ്.

വഴിയരികില്‍ അപകടത്തില്‍ പെട്ടു ചോരവാര്‍ന്ന് കിടക്കുന്ന മനുഷ്യനെ കണ്ടില്ലെന്ന് നടിച്ച്  വണ്ടിയോടിച്ച് പോകുമ്പോള്‍ ഞാനൊരു പീലാത്തോസാണ്.. തൊട്ടടുത്തിരിക്കുന്നവന്റെ വേദനകളില്‍ പങ്കുചേരാനോ അവനെ സഹായിക്കാനോ  തയ്യാറാകാതെ വരുമ്പോള്‍ ഞാനൊരു പീലാത്തോസാണ്. സത്യസന്ധമായ ഒരു അഭിപ്രായം പറയുന്നതുവഴി എനിക്ക് മേലധികാരികളുടെ പ്രീതി നഷ്ടപ്പെടുമെന്നോ എന്റെ സ്ഥാനത്തിന് ഇളക്കം തട്ടുമെന്നോ മനസ്സിലാക്കി  അഭിപ്രായം മാറ്റിപറയുമ്പോള്‍ ഞാനൊരു പീലാത്തോസാണ്.

നീതി അര്‍ഹതപ്പെട്ടവന് വേണ്ടി സംസാരിക്കുമ്പോള്‍, ആരുടെയെങ്കിലും പ്രീതിക്ക് വിരുദ്ധനാകുമെന്ന് കരുതി നിശ്ശബ്ദനാകുമ്പോള്‍ ഞാനൊരുപീലാത്തോസാണ്. സംശയമെന്ത്?

നമ്മുടെ ഒരുവാക്ക്,നമ്മുടെചില ചെറിയ കൈതാങ്ങലുകള്‍ അതൊക് കെആരെയെങ്കിലുമൊക്കെ രക്ഷിക്കുമായിരുന്നില്ലേ? പക്ഷേ നാം അത് ചെയ്തില്ല. വേട്ടയാടപ്പെട്ട കുഞ്ഞാടിനെപോലെ പിടിച്ചുകെട്ടി മുന്നില്‍ കൊണ്ടുനിര്‍ത്തിയവന്റെ കണ്ണിലേക്ക് ദൈന്യതയോടെ നോക്കാന്‍ പീലാത്തോസിന് കഴിയാതെ പോയി. ഒരാള്‍ക്കൂട്ടത്തിന്റെ  ആക്രോശങ്ങള്‍ക്കിടയില്‍ സ്വന്തം മനസ്സാക്ഷിയുടെ സ്വരം ശ്രവിക്കാന്‍ അയാക്ക്‌ സാധിക്കാതെ പോയി..

ആന്ധ്യമായ തീരുമാനങ്ങള്‍ക്കും രൂപമില്ലാത്ത  ആള്‍ക്കൂട്ടത്തിന്റെ സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്കുമിടയില്‍ കൈകള്‍ കഴുകി  അയാള്‍ സ്വന്തം ഭാഗം സുരക്ഷിതമാക്കി..  സ്വന്തം മനസ്സാക്ഷിയെ തൃപ്തിപ്പെടുത്താനെന്ന വിധത്തില്‍.. എനിക്ക് ഈ നീതിമാന്റെ രക്തത്തില്‍ പങ്കില്ല.. നോക്കൂ. നീതിമാനെന്ന്തിരിച്ചറിഞ്ഞിട്ടും നീതി നടപ്പിലാക്കാന്‍കഴിയാതെപോകുന്ന വിധത്തില്‍ അധികാരത്തോടുള്ള അയാളുടെ ദാഹം..!

ചെയ്യേണ്ടനന്മ എന്താണെന്ന് അറിഞ്ഞിട്ടും അത് ചെയ്യാതിരിക്കുന്നവന്‍ പാപം ചെയ്യുന്നു എന്ന വാക്കുകള്‍ അന്വര്‍ത്ഥമാകുന്നത് പീലാത്തോസിന്റെ ജീവിതത്തോട് ചേര്‍ത്തുവയ്ക്കുമ്പോഴാണ്. ഭൂരിപക്ഷത്തിന്റെ താല്പര്യങ്ങള്‍ക്ക് വേണ്ടിയുള്ള നിലയുറപ്പിക്കലുകളില്‍ ചിലപ്പോഴെങ്കിലും നീതി അവകാശപ്പെട്ടവന് അത്‌നിഷേധിക്കപ്പെടുന്നുണ്ട്. പക്ഷേ നമുക്കെപ്പോഴും ഭൂരിപക്ഷത്തിന്റെ താല്പര്യം സംരക്ഷിക്കുന്നതിലാണ താല്പര്യം..

കാരണം അതിലാണ് നമ്മുടെ നിലനില്പ്. ഭൂരിപക്ഷത്തിന്റെ താല്പര്യങ്ങള്‍ ജനുവിനാണോ എന്ന് തിരക്കാറില്ല.  എന്റെ അധികാരത്തിന് ഭീഷണിയാണെന്നോ എന്നെ വേണ്ടത്ര പരിഗണിക്കുന്നില്ലെന്നോ എന്റെ സ്വാതന്ത്ര്യത്തിന് പരിധികള്‍ നിശ്ചയിക്കുന്നുണ്ടെന്നോ ഒക്കെയുള്ള തിരിച്ചറിവില്‍ മറ്റൊരാളെ ക്രൂശിക്കാന്‍ നമുക്ക് എന്ത് ഉത്സാഹമാണ്! അയാളെ ന്യായാധിപന്റെ മുന്നിലെത്തിച്ച് നാം കൈകള്‍ കഴുകുന്നു.

അല്ലെങ്കില്‍ മരണയോഗ്യന്‍ ബറാബാസായിരുന്നോ യേശുവായിരുന്നോ? ഭൂരിപക്ഷം സംസാരിക്കുന്നത് എല്ലായ്‌പ്പോഴും സത്യത്തിന് വേണ്ടിയാണെന്ന അതിധാരണകളൊന്നും നമുക്ക് വേണ്ട. ന്യൂനപക്ഷത്തിന് വേണ്ടിആരും സംസാരിക്കാനില്ലെന്ന്കരുതി അവിടെ നീതി അവകാശമല്ലെന്ന് കരുതുകയും വേണ്ട.

നിന്റെ കാര്യത്തില്‍ ഉദാസീനത പുലര്‍ത്തിക്കൊണ്ടും നിന്റെ കാര്യത്തില്‍ റിസ്‌ക്ക് ഏറ്റെടുക്കാന്‍ വൈമനസ്യം പുലര്‍ത്തിക്കൊണ്ടുമാണ് ഞാന്‍ എന്റെ കൈകള്‍ കഴുകുന്നത്. ഇനി ഇത് എന്റെ കാര്യമല്ല. എനിക്ക് ഇതില്‍ പങ്കില്ല. സ്വയം ന്യായീകരണത്തിന്റെ ഒരു തലം എല്ലാ കൈ കഴുകലുകള്‍ക്കും പിന്നിലുണ്ട്. സ്വയം രക്ഷപ്പെടലിന് വേണ്ടിയുള്ള ദാഹം എല്ലാ കൈകഴുകലുകള്‍ക്കും പിന്നിലുണ്ട്.

സ്വന്തം തെറ്റിനെ ഏറ്റുസമ്മതിക്കാത്തവരൊക്കെ എത്രയോ ചെറിയ മനസ്സുള്ളവരാണ്. ഒരിക്കലും സ്വന്തം തെറ്റ് സമ്മതിക്കാത്തവരും പീലാത്തോസിനെ പോലെ കൈ കഴുകിക്കൊണ്ടിരിക്കുകയാണ്.

യാത്രയ്ക്കിടെ കണ്ട ഒരു ചുവരെഴുത്ത് ഹൃദയത്തില്‍ തുളഞ്ഞു കയറി. നമ്മുടെ ഗാന്ധിജിയുടേതാണ് ആ വരികള്‍- തെറ്റ് ഏറ്റുപറയുമ്പോള്‍ എനിക്ക് എന്തെന്നില്ലാത്ത ധൈര്യം അനുഭവപ്പെടുന്നു എന്ന്.

ഡോണ്‍ ബോസ്‌ക്കോയുടേതാണെന്ന് തോന്നുന്നു കുട്ടിക്കാലത്തെ ഒരു സംഭവം വായിച്ചിട്ടില്ലേ..അമ്മയില്ലാത്ത സമയത്ത് കളിക്കിടയില്‍ എങ്ങനെയോ പൂപ്പാത്രം താഴെ വീണു പൊട്ടി .മറ്റാരെയെങ്കിലും തെറ്റിദ്ധരിക്കാതിരിക്കാനായി അമ്മ വരുമ്പോഴേ വാതില്ക്കല്‍ തെറ്റ് ഏറ്റുപറഞ്ഞ് ശിക്ഷ സ്വീകരിക്കാനായി വടിയും പിടിച്ചുനില്ക്കുകയാണ് അവന്‍.

പീലാത്തോസുമാരാകാതിരിക്കാനുള്ള വഴികള്‍ അത്ര ദുഷ്‌ക്കരമൊന്നുമല്ല സുഹൃത്തേ..ഇത്തിരിയൊക്കെ മനസ്സിന് വെട്ടം ഉണ്ടായാല്‍ മതി.  നമുക്ക് പീലാത്തോസുമാരാകാനുള്ള സാധ്യത ഒഴിവാക്കുകയെങ്കിലും ചെയ്യാം.

ചിരിക്കുമ്പോള്‍ കൂടെ ചിരിക്കാന്‍ ആയിരം പേര് വരും, കരയുമ്പോള്‍ കൂടെ കരയാന്‍ നിന്‍ നിഴല്‍ മാത്രം വരും എന്ന ശ്രീകുമാരന്‍ തമ്പിയുടെ വരികളും ഓര്‍ത്തുപോകുന്നു. ഒരാളുടെ ക്ഷേമത്തിലും സമൃദ്ധിയിലും പങ്കുചേരാന്‍ എല്ലാവരും ഉണ്ടാവും..ഞാന്‍ കാരണമാണ്‌ നീ ഈ നിലയിലായിരിക്കുന്നത് എന്ന മട്ടിലുള്ള അവകാശവാദങ്ങള്‍..ഇന്നത്തെ നിന്റെ സന്തോഷത്തിനും സ്ഥാനമാനങ്ങള്‍ക്കും ഞാനാണ് ഉത്തരവാദിയെന്ന മട്ടിലുള്ള ഓര്‍മ്മപ്പെടുത്തലുകള്‍.

പക്ഷേ ഒരു വീഴ്ച വന്നാലോ.. എല്ലാം നിന്റെ തെറ്റ്..നിന്റെ തീരുമാനങ്ങളിലെ അപക്വത.. നിന്റെ എടുത്തുചാട്ടം..നിന്റെ വിവേകരഹിതമായ തിരഞ്ഞെടുപ്പ്.. എനിക്ക്അതില്‍ പങ്കില്ല..
തീര്‍ച്ചയായും ഈ വാക്കുകളുടെ പിന്നിലും ഒരുപീലാത്തോസുണ്ട്. നിനക്കുവേണ്ടി റിസ്‌ക്ക് ഏറ്റെടുക്കാന്‍ ഞാന്‍ തയ്യാറല്ല. തീന്‍മേശ സമൃദ്ധിയിലെ കൂട്ടുകാരന്‍ വറുതിയുടെ കാലത്ത്കൂടെ യുണ്ടാകാത്തപ്പോള്‍ അവനും ഒരു പീലാത്തോസാണ്.

നമ്മുടെ കൈകളില്‍ ആരുടെയൊക്കെയോ രക്തക്കറകള്‍ പുരണ്ടിട്ടില്ലേ.. അത് ശാരീരികമായി കൊലപ്പെടുത്തിയത് മാത്രമല്ല.. നമ്മുടെ സ്വാര്‍ത്ഥതയ്ക്ക് വേണ്ടി, നമ്മുടെ ലക്ഷ്യത്തിന് വേണ്ടി.. ആരെയൊക്കെയോ വിട്ടുകളഞ്ഞതിന്റെ കറയാണത്. ക്രൂശിക്കാന്‍ വിട്ടുകൊടുത്തതിന്റെ ഖേദമാണത്. ഷേക്‌സ്പിയറിയന്‍ കഥാപാത്രത്തെപോലെ ചില കൈകഴുകലുകളുടെ കറ നമ്മുടെ ആത്മാവില്‍ നിന്ന് മാഞ്ഞുപോയിട്ടുമുണ്ടാവില്ല..

ഈ ദിനങ്ങള്‍ നമ്മുടെ അത്തരം കറകള്‍ കഴുകിക്കളയാന്‍ വേണ്ടിയുള്ളതാകട്ടെ.. അറിഞ്ഞോ അറിയാതെയോ പീലാത്തോസുമാരായിട്ടുണ്ടെങ്കില്‍ അതിനെയോര്‍ത്ത് മിഴിനീരൊഴുക്കാന്‍ നമുക്ക് കഴിയട്ടെ..കൈ കഴുകുന്നപീലാത്തോസില്‍നിന്ന് കാല്‍കഴുകുന്ന യേശുവിലേക്കുള്ള എന്റെ ദൂരം കുറയ്ക്കണമേയെന്നായിരിക്കട്ടെ ഈ ദിനങ്ങളിലെ നമ്മുടെ പ്രാര്‍ത്ഥന.

 

വിനായക് നിര്‍മ്മല്‍

You must be logged in to post a comment Login