പുകയൂതുന്ന വെൺപ്രാവുകൾ 

പുകയൂതുന്ന വെൺപ്രാവുകൾ 
“ഒന്ന് പുകയ്‌ക്കുന്നോ? … ആകാശത്തേയ്ക്ക് നീട്ടി ഒരു പുക…. സാറയ്ക്കു വേണ്ടി?”
“വേണ്ട റെജിനാ… എനിക്ക്  പുകയുടെ സഹായം വേണ്ടതില്ലന്നാണ് സാറ പറയാറ്.”
വർഷങ്ങൾക്കു മുൻപ് ഒരു ജനുവരി പുലരിയിൽ ഞാനും സാറയും ഈ മരച്ചുവട്ടിൽ വന്നിരുന്നു. എട്ടു മാസം പ്രായമുള്ളോരാൺകുട്ടിയുടെ  നീല പടർന്നു തുടങ്ങിയ പിഞ്ചുമേനിക്ക് ജീവൻ പകരാനുള്ള ശ്രമം പരാജയപ്പെട്ട ദിവസം.  ഒരു മണിക്കൂറോളം നീണ്ട ശ്രമം നിർത്തി കൈകഴുകുമ്പോൾ  എന്റെ കണ്ണുകളിൽ നനവുണ്ടായിരുന്നു. അവളുടെ കണ്ണുകളിൽ നിർവികാരതയും. ചാരുബഞ്ചിലിരുന്ന് ആകാശത്തേയ്ക്ക് പുകയൂതുന്ന അവളോട്, അന്നാദ്യമായി ഞാനും ഒരു പുക കടം ചോദിച്ചു. യാഥാസ്ഥിക കുടുംബചട്ടക്കൂടുകളിൽ വളരുന്ന മലയാളി നേഴ്സിന്‌  ജനിച്ചിട്ട് ഇന്നുവരെ രുചിക്കാൻ കഴിയാതെ പോയ പുക.
സാറ സ്നേഹത്തോടെ വിലക്കി. “നിനക്ക് പുകയുടെ രുചി അറിയേണ്ട  കാര്യമില്ല. നിനക്ക് നല്ല മാതാപിതാക്കളുണ്ട്, കുടുംബമുണ്ട്, കുട്ടികളുണ്ട്. സ്നേഹിക്കാനും സമാശ്വസിപ്പിക്കാനും ധാരാളം ബന്ധുക്കളുണ്ട്. പുക ശാപമാണ്. ഇല്ലാത്ത ശീലങ്ങൾ വെറുതെ തുടങ്ങേണ്ട. ഇതു  സാറായുടെ ദീർഘ നിശ്വാസങ്ങളാണ് . ആകാശങ്ങളിലെവിടെയോ പാറിപ്പറക്കുന്ന ആത്മാക്കൾക്ക്  ആരുമില്ലാത്ത സാറയുടെ സ്നേഹനിശ്വാസങ്ങൾ”
സാറയ്ക്കു കറുപ്പും കടുംനീലയും യൂണിഫോറങ്ങളോടായിരുന്നു കമ്പം. ആറടിയോളം പൊക്കത്തിൽ സ്വർണ്ണ തലമുടി ഉയർത്തികെട്ടി വേഗത്തിൽ നടക്കുമ്പോൾ ഒരു പെൺകുതിരപോലെ തോന്നിച്ചിരുന്നു..
ഒറ്റക്കായിരുന്നു അവളുടെ പോരാട്ടങ്ങൾ. ഓർമ്മകൾ പിച്ചവച്ചതു ഫോസ്റ്റർ ഹോമുകളിൽ. അനാഥത്വത്തിലും പോരാടിയവൾ. പല ജോലികളും ചെയ്തു, തൂപ്പുകാരിയായി തുടങ്ങി ഒടുവിൽ  പക്വമതിയായ എമർജൻസി  നഴ്‌സായിമാറുന്നതിനിടയിൽ   എത്രയോ വേഷങ്ങൾ. ബാല്യം മുതൽ പലവിധ പീഡനങ്ങൾ, എന്നും വേട്ടയാടുന്ന അനാഥത്വത്തിന്റെയും ഒറ്റപെടലിന്റെയും നൊമ്പരങ്ങൾ.
പ്രണയം തോന്നിയിട്ടുണ്ടെങ്കിലും ഒന്നും ശരിയായില്ല. ഒരു പെൺകുട്ടി  തന്റെ ശരീരത്തിനെതിരെ  ഓർമ്മവെച്ച നാൾ മുതൽ നേരിടേണ്ടിവന്ന വൈകൃതങ്ങളും, അവ മനസ്സിലേപ്പിച്ച കറുത്ത പോറലുകളും ഒരാളെയും വിശ്വസിക്കാനാവാത്തവിധം അവളുടെ മനസ്സിനെ വല്ലാത്ത ഒരു അരക്ഷിതാവസ്ഥയിലാണെത്തിച്ചത്.
എച്ചിൽകൂനയ്ക്കരികെ ഈച്ച പാറുന്ന പുളിച്ച ഛർദ്ദിൽ പോലെയാണ് അറിവില്ലാപ്രായത്തിൽ പീഡിപ്പിച്ചവരെ കുറിച്ചുള്ള ഓർമ്മകൾ.
ഇടയ്ക്കെപ്പോഴോ തനിക്കു തുണയായ ദിവ്യകാരുണ്യസിസ്റ്റേഴ്സിനൊപ്പം  മഠത്തിൽ ചേരണമെന്ന് ആഗ്രഹമുണ്ടായിട്ടുണ്ട്. അതിനുവേണ്ട നൈർമ്മല്യം ഇല്ലാതെയാക്കിയവരോട് മനസ്സുകൊണ്ട് പൊറുക്കാൻ അവൾക്കായിട്ടുണ്ടോ എന്നറിയില്ല.
രണ്ടു മുറി വീട്ടിൽ താമസം.  വീട്ടിലും പറമ്പിലും നിറയെ പൂച്ചകൾ, ഒട്ടും ഇണങ്ങാത്ത കാട്ടുപൂച്ചകൾ. രാത്രിയിൽ അവർ കൂട്ടമായി കരയുമ്പോൾ അയൽവാസികൾക്ക് ശല്യം. മൃഗ സംരക്ഷണക്കാർക്കു പൂച്ചകളെ കൈമാറിയതോടെ സാറ വീണ്ടും ഒറ്റക്കായി. ഒന്നിനും ആരെയും ആശ്രയിക്കാറില്ല. ആവശ്യമില്ലാത്ത ബാധ്യതകൾ വെറുതെ സൃഷ്ടിക്കേണ്ടതില്ലല്ലോ.
അൻപതാം പിറന്നാൾ  ആഘോഷിക്കുന്നതിനെ പറ്റി സാറ ചിന്തിച്ചിരുന്നു. കൂട്ടുകാരെയെല്ലാം കൂട്ടി ഒരു ഔട്ടിങ്. സാറയുടെ വിരലിൽ എണ്ണാൻ മാത്രം ചുരുങ്ങിയ സൗഹാർദ്ദങ്ങളിൽ ഞാനും റെജീനയും ഉൾപ്പെട്ടിരുന്നു.
ജോലിക്കിടയിൽ ബോധം കേട്ട് വീഴുകയായിരുന്നു സാറ. നിലക്കുന്ന ഹൃദയത്തിന് ഉയിരേകാൻ ശ്രമിക്കവേ നെഞ്ചത്ത് സാമാന്യം വലിപ്പത്തിൽ പച്ച കുത്തിയിരിക്കുന്നു. “സ്റ്റോപ്പ്” “Do not Resucitate” നെഞ്ചിലിടിച്ചും കൃത്രിമ ശ്വാസം നൽകിയുമൊന്നും ജീവൻ നിലനിർത്തേണ്ടതില്ലെന്നു വ്യക്തമായി,  പറയാതെ പറഞ്ഞവൾ. മൂടൽ മഞ്ഞിൽ വിറങ്ങലിച്ച ആത്മാക്കളുടെ കൂട്ടത്തിൽ സാറ  അലിയുന്ന കാഴ്ച കണ്ടുനിൽക്കുന്നതിനാവതില്ലാതെ പുറത്തിറങ്ങിയതാണ് ഞാനും റെജീനയും. എല്ലാം നൊടിയിടയിൽ കഴിഞ്ഞു, ഇനി കറുത്ത കുപ്പായക്കാരുടെ ഊഴം.
“റെജിനാ, നീയെപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ, നമ്മുടെ തൂവെള്ള കുപ്പായങ്ങൾ എവിടെപ്പോയി മറഞ്ഞെന്നു? നേഴ്‌സുമാർക്കു  വെളുപ്പിൽ ഒരു മാലാഖഛായ ഉണ്ടായിരുന്നു. വെൺപ്രാവുകൾ പോലെ.
പുകവലി ആരോഗ്യത്തിന് ഹാനികരമാണെന്ന് രോഗികളെ പഠിപ്പിക്കുന്നവർ, പുകമണം വലയം ചെയ്യുന്നവർ ആയതെങ്ങനെയെന്ന്?”
ഈ നാടിന്റെ ജീവിതരീതികൾ തലച്ചോറിൽ കുത്തിനിറയ്ക്കുന്ന  സമ്മർദ്ദമാകാം, വിശ്വസിക്കാനൊരു ദൈവമില്ലാത്തതാകാം. സന്തുഷ്ടമായ വാർദ്ധക്യം പ്രത്യാശിക്കാനില്ലാത്തതാകാം. ഒന്നിലും സന്തോഷം കണ്ടെത്താനാകാത്തതാകാം.
മെഡിക്കൽ ബില്ലുകളും ഇൻഷുറൻസ് കമ്പനികളും വാണിയാനും വാണിയാത്തിയും കളിക്കവെ, ഇടയിൽ പെട്ടു ഞെരുങ്ങുന്നു  മദ്ധ്യവർഗം.
ആതുരാലയങ്ങൾ ക്രിസ്തുവിന്റെ രോഗസൗഖ്യശുശ്രൂഷകളുടെ തുടർച്ചയായിരുന്നു. ആശുപത്രികളിൽ നിന്നും ക്രിസ്തുവും ക്രൂശിതരൂപങ്ങളും  പടിയിറക്കപ്പെട്ടു. സഹിക്കുന്നവരിൽ  ക്രിസ്തു ഇല്ലാതായി തുടങ്ങിയിരിക്കുന്നു. പകരം വായിൽ നിന്ന് അറിയാതെ വീണു പോകുന്ന ഒരു വാക്കിന് പോലും നേഴ്‌സിനെയും ഹോസ്പിറ്റൽ മാനേജ്മെന്റിനെയും  കോടതികയറ്റാൻ, നഷ്ടപരിഹാരം കൊണ്ട് ശിഷ്ട കാലം സുഖിക്കാൻ വെമ്പുന്ന ഒരു കൂട്ടം രോഗത്തൊഴിലാളികൾ ഉദയം ചെയ്തിരിക്കുന്നു..
ഇവരുടെ ഇടയിലും ശരിക്കും സഹിക്കുന്നവരുണ്ടാകാം. എങ്കിലും ഭയമാണ്, സ്വന്തം നിലനില്പിനെ തന്നെ തുലാസിൽ തൂക്കാൻ ആർക്കാണ് താല്പര്യം.
ഇൻഷുറൻസ്കാരും   മെഡിക്കൽ ബിസിനസ്സ് മാഫിയകളും അനാവശ്യസമ്മർദ്ധം തരുമ്പോൾ നേഴ്‌സുമാരും പകച്ചു പോകുന്നു. മനസ്സും മനഃസാക്ഷിയുമൊക്കെ ഒരുവശത്തു ഒതുക്കി നിർത്തി പരിമിതമായ സമയത്തിനിടയിൽ ശ്വാസം പോലും ശരിക്കെടുക്കാതെ  ജോലിചെയ്തു നടക്കുന്നതിനിടയിലെപ്പോഴോ ആയിരിക്കാം, സമാധാനത്തിന്റെ വെള്ളകുപ്പായങ്ങൾ കളഞ്ഞു പോയ വെൺപ്രാവുകൾ പുകയൂതി തുടങ്ങിയത്.
പ്രസവവാർഡിൽ നിന്നും ഏതോ നവജാത ശിശുവിനായി മുഴങ്ങുന്ന സംഗീതം കേൾക്കാം. സാറ വീണ്ടും ജനിച്ചതാകാം. ഇനിയൊരു ജന്മമുണ്ടെങ്കിൽ നല്ല ഒരു അച്ഛന്റെയും അമ്മയുടെയും കുട്ടിയായി ജനിച്ചു, അവരുടെ  തണലിൽ വളരണമെന്ന് അവൾ ഒരുപാടു ആഗ്രഹിച്ചിരുന്നു.
ആരും ഉപദ്രവിക്കാത്ത ബാല്യം  സകല പെൺകുട്ടികൾക്കും സകലആൺകുട്ടികൾക്കും നേർന്നു കൊണ്ടു, സാറയ്ക്കു സമർപ്പണം….!
എ. എസ്. റീഡ്‌

You must be logged in to post a comment Login