പുണ്യാളന്‍ തൊട്ടു; ഉണങ്ങിയ കോവല്‍വള്ളി പൂവിട്ടു

പുണ്യാളന്‍ തൊട്ടു; ഉണങ്ങിയ കോവല്‍വള്ളി പൂവിട്ടു

കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ മലയോട് മാറി കടലില്‍ പോയി പതിക്കാന്‍ പറഞ്ഞാല്‍ അപ്രകാരം സംഭവിക്കും എന്ന ക്രിസ്തു മൊഴികളുടെ അര്‍ത്ഥം ഒരു പക്ഷേ ഇപ്പോള്‍ മറ്റാരെയും കാള്‍ കൂടുതല്‍ മനസ്സിലാവുന്നത് സുനിലിനായിരിക്കും. ഹൈന്ദവസമുദായാംഗവും ഏറ്റുമാനൂര്‍ സ്വദേശിയുമായ സുനില്‍ മകന് വേണ്ടി പ്രാര്‍ത്ഥിക്കാനാണ് കോട്ടയം നാഗമ്പടം സെന്റ് ആന്റണീസ് ദേവാലയത്തിലെത്തിയത്.

കണ്ണിന് കാഴ്ച ശക്തി കുറഞ്ഞുകൊണ്ടിരിക്കുന്ന അസുഖമായിരുന്നു മകന്. ചൊവ്വാഴ്ചകളില്‍ ദേവാലയത്തില്‍ ഇടനെഞ്ച് പൊടിയുന്ന വേദനയോടെ കരങ്ങള്‍ കൂപ്പി മിഴിനീര് തൂകി നില്ക്കുന്ന ആയിരക്കണക്കിന് വിശ്വാസികള്‍ക്കിടയില്‍ സുനിലുമുണ്ടായിരുന്നു. അവിടെ നിന്ന് കേട്ട അത്ഭുതങ്ങളുടെ സാക്ഷ്യവിവരണം ശക്തമായ വിശ്വാസമായി അയാളുടെ ഉള്ളില്‍ നിറഞ്ഞിരുന്നു.

അത്തരമൊരു ദിവസങ്ങളിലൊന്നിലാണ് റെസിഡന്‍സ് അസോസിയേഷന്‍കാര്‍ അടുത്തുള്ള എല്ലാ വീടുകളിലേക്കും നടാന്‍ ആവശ്യമായ പയര്‍വിത്തുകളും കോവല്‍തണ്ടുകളും നല്കിയത്. അല്പം ഉണങ്ങിത്തുടങ്ങിയ കോവല്‍ തണ്ടായിരുന്നു സുനിലിന്റെ കുടുംബത്തിന് കിട്ടിയത്.

എങ്കിലും അത് നട്ടുവയ്ക്കാന്‍ ഭാര്യ പറഞ്ഞു. പക്ഷേ എന്തുകൊണ്ടോ സുനിലിന് അങ്ങനെ തോന്നിയില്ല. പകരം സുനില്‍ ആ കോവല്‍ തണ്ട് അന്തോനീസ് പുണ്യാളന്റെ ഫോട്ടോയുടെ പുറകില്‍ വയ്ക്കുകയാണ് ചെയ്തത്. മാത്രവുമല്ല അത്ഭുതപ്രവര്‍ത്തകനല്ലേ അന്തോനീസ് പുണ്യാളന്‍.പുണ്യാളച്ചന്‍ വേണമെങ്കില്‍ മുളപ്പിക്കട്ടെ എന്ന് അല്പം വെല്ലുവിളിക്കുകയും ചെയ്തു.

അടുത്തദിവസം സുനിലിന്റെ കൈ തട്ടി അന്തോണീസ് പുണ്യാളച്ചന്റെ ഫോട്ടോ താഴെ വീണു. അപ്പോള്‍ അത്ഭുതകരമായ ഒരു കാഴ്ചയാല്‍ സുനിലിന്റെ കണ്ണുകള്‍ വിടര്‍ന്നു. ഫോട്ടോയുടെ പുറകില്‍ നിന്നും താഴെ വീണ കോവല്‍വള്ളി നിറയെ പൂക്കളും കായ്കളും..ഇലകള്‍ ഉണ്ടായിട്ടുമില്ല. ഉണങ്ങിത്തുടങ്ങിയ കോവല്‍വള്ളി, മണ്ണില്‍പോലും നടാതെ പൂവിട്ടതും അതില്‍ കായ്കള്‍ ഉണ്ടായതും അന്തോനീസ് പുണ്യാളച്ചന്‍ ചെയ്ത അത്ഭുതമല്ലാതെ മറ്റെന്താണ്?

സുനിലിന്റെ വീട്ടില്‍ നടന്ന ഈ അത്ഭുതം നാടാകെ അറിയാന്‍ ഒട്ടും വൈകിയില്ല. അതോടെ വിശ്വാസികളുടെ പ്രവാഹം അവിടേയ്ക്ക് ആരംഭിക്കാനും. നേരത്തെ ഉണ്ടായ പൂക്കളും കായ്കളും യാതൊരു കോട്ടവും വരാതെ നിലനില്ക്കവെ തന്നെ പുതിയ പൂക്കളും കായ്കളും അതില്‍ ഉണ്ടാവുകയും ചെയ്യുന്നു എന്നതാണ് ഏറ്റവും ഒടുവില്‍ കിട്ടിയ വാര്‍ത്ത.

ഇന്നലെ സെന്റ് ആന്റണീസ് ദേവാലയത്തില്‍ സുനില്‍ തന്റെ വീട്ടില്‍ സംഭവിച്ച അത്ഭുതം വിശ്വാസികളോട് പ്രഖ്യാപിക്കുകയും ചെയ്തു. ദൈവം നടത്തുന്ന വഴികളെക്കുറിച്ച് ചിന്തിക്കാന്‍ ഇത്തരം ചില സംഭവങ്ങള്‍ ഇടയാക്കുമെന്നാണ് ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ പൂവത്തിങ്കല്‍ ഇതേക്കുറിച്ച് അഭിപ്രായപ്പെട്ടത്. സുനിലിന് തന്റെ വിശ്വാസം പ്രഖ്യാപിക്കാന്‍ ഒരവസരം കൊടുക്കുകമാത്രമാണ് ഞങ്ങള്‍ ചെയ്തത്. ഇതില്‍കൂടുതലായൊന്നും ഇതേക്കുറിച്ച് പറയാനില്ല..അച്ചന്‍ വ്യക്തമാക്കി.

ഓരോരുത്തര്‍ക്കും അവനവരുടെ വിശ്വാസം പ്രധാനപ്പെട്ടതാണല്ലോ. അതനുസരിച്ച് വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനും ഓരോരുത്തര്‍ക്കും അവകാശവുമുണ്ട്.

You must be logged in to post a comment Login