പുതിയ ചാക്രികലേഖനത്തില്‍ ഭ്രൂണഹത്യയ്‌ക്കെതിരെ ആഞ്ഞടിച്ച് പാപ്പാ

പുതിയ ചാക്രികലേഖനത്തില്‍ ഭ്രൂണഹത്യയ്‌ക്കെതിരെ ആഞ്ഞടിച്ച് പാപ്പാ

pappaലോകം ആകാംക്ഷയോടെ കാത്തിരുന്ന ഫ്രാന്‍സിസ് പാപ്പായുടെ ഏറ്റവും പുതിയ ചാക്രിക ലേഖനം ‘ലൗദാത്തോ സീ’ പ്രകാശിതമായി. ആഗോളതാപനം, മലിനീകരണം, വംശനാശം, ലോകത്തിലെ അസമത്വം പ്രകൃതിവിഭവങ്ങളിലുണ്ടാക്കുന്ന ദുസ്വാധീനം തുടങ്ങിയ ഒട്ടേറെ വിവാദവിഷയങ്ങളെ കുറിച്ച് പരമാര്‍ശിക്കുന്നുണ്ട്, 184 പേജുള്ള ഈ ചാക്രിക ലേഖനത്തില്‍. അതോടൊപ്പം ഭ്രൂണഹത്യ, ജനസംഖ്യാനിയന്ത്രണം, ലിംഗമാറ്റം തുടങ്ങിയ വിഷയങ്ങളെ കുറിച്ചുള്ള വീക്ഷണവും അദ്ദേഹം വ്യക്തമാക്കുന്നു.

പ്രകൃതിസംരക്ഷണത്തിനായി ആശങ്ക പ്രകടിപ്പിക്കുന്നവര്‍ ഭ്രൂണഹത്യയെ ന്യായീകരിക്കുന്നതിനെ ഫ്രാന്‍സിസ് പാപ്പാ നിശിതമായി വിമര്‍ശിച്ചു. മനുഷ്യഭ്രൂണത്തെ സംരക്ഷിക്കുന്നതില്‍ പരാജയപ്പെടുന്ന നാം ദുര്‍ബലരായ മറ്റു ജീവജാലങ്ങളെ ഓര്‍ത്തു സങ്കടപ്പെടുന്നതില്‍ എത്രമാത്രം ആത്മാര്‍ത്ഥയുണ്ടെന്ന് ചിന്തിക്കണമെന്ന് പാപ്പാ ചോദിച്ചു. പുതിയ ജീവനെ സ്വാഗതം ചെയ്യാനുള്ള മനസ്സിന്റെ തുറവി നഷ്ടമാകുമ്പോള്‍ മറ്റെല്ലാത്തിന്റെയും നേര്‍ക്ക് നാം പുറംതിരിയുന്നു’ പാപ്പാ പറഞ്ഞു.

ജനസംഖ്യാനിയന്ത്രണത്തെ കുറിച്ചും പാപ്പാ പരാമര്‍ശിക്കുന്നുണ്ട്. പാവങ്ങളുടെ പ്രശ്‌നം പരിഹരിക്കേണ്ടതെങ്ങനെ എന്ന് ക്രിയാത്മകമായി ചിന്തിക്കു്ന്നതിനു പകരം ചിലര്‍ മനുഷ്യരുടെ പിറവി കുറയ്ക്കുന്നതിനെ കുറിച്ചാണ് ചിന്തിക്കുന്നത്. ചിലര്‍ അമിതമായ കൈവശം വച്ചിരിക്കുന്ന വിഭവങ്ങള്‍ പാവങ്ങള്‍ക്ക് പങ്കിട്ടു നല്‍കുന്നതിനെ കുറിച്ചാണ് നാം ചിന്തിക്കേണ്ടതെന്ന് പാപ്പാ പറഞ്ഞു.

ലിംഗമാറ്റത്തിനു വേണ്ടി വാദിക്കുന്നവരോടും പാപ്പാ തന്റെ നയം വ്യക്തമാക്കുന്നു. ദൈവം ദാനമായി തന്ന സ്വന്തം ശരീരം പരിപാലിക്കുന്നതിനെ കുറിച്ചും  അദ്ദേഹം പറയുന്നുണ്ട്. ശരീരത്തിലൂടെയാണ് നാം പുറം ലോകത്തോടു ബന്ധം സ്ഥാപിക്കുന്നത്. സ്വന്തമാണെന്നു കരുതി ശരീരത്തിന്റെ മേല്‍ പരമാധികാരം സ്ഥാപിക്കുന്നതിനെ പാപ്പാ വിമര്‍ശിക്കുന്നു. ശരീരത്തെ ബഹുമാനിക്കണം. തോന്നുംപോലെ അതിനെ എന്തു ചെയ്യാന്‍ മനുഷ്യന് അവകാശമില്ല. ശരീരത്തിന് അതിന്റേതായ ഒരു പ്രകൃതിയുണ്ട്’ പാപ്പാ വ്യക്തമാക്കി.

കാലവാസ്ഥയെ കുറിച്ച് വ്യക്തമായ കാഴ്ചപ്പോടോടെ പാപ്പാ സംസാരിക്കുന്നുണ്ട്: ‘കാലവസ്ഥയില്‍ വളരെ ആശങ്കാജനകമായ വ്യതിയാനം സംഭവിക്കുന്നത് നാം കാണുന്നു. അതിന് ശക്തമായ ശാസ്ത്രീയ തെളിവുകളുണ്ട്’ പാപ്പാ ലൗദാത്തേ സീയില്‍ പറയുന്നു. ജലനിരപ്പ് ഉയരുന്ന പ്രതിഭാസവും കാലവാസ്ഥയിലുണ്ടാകുന്ന പാരമ്യവാസ്ഥകളും പാപ്പാ ഉദ്ധരിക്കുന്നുണ്ട്. ‘ജീവിതശൈലിയും ഉത്പാദനശൈലിയും ഉപഭോഗശൈലിയും മാറ്റേണ്ടത് നമ്മുടെ ഭാഗത്തു നിന്ന് അത്യാവശ്യമായിരിക്കുന്നു’ പാപ്പാ പറയുന്നു.

ഭൂമിയെ സഹോദരി എന്നും അമ്മ എന്നും വിളിക്കുന്ന വി. ഫ്രാന്‍സിസ് അസീസ്സിയുടെ സൂര്യകീര്‍ത്തനത്തില്‍ നിന്നും എടുത്തിട്ടുള്ള നാമം ഉദ്ധരിച്ചു കൊണ്ട് പാപ്പാ പറയുന്നു: ‘നാം അവളുടെ മേല്‍ അടിച്ചേല്‍പിക്കുന്ന ദ്രോഹവും ദൈവം അവള്‍ക്കു നല്‍കിയ വിഭവങ്ങളുടെ നിരുത്തരവാദപരമായ ചൂഷണവും മൂലം ഈ സഹോദരി നിലവിളിക്കുകയാണ്. ഭൂമിയുടെ അധീശന്മാരായി സ്വയം അവരോധിച്ച് നാം അവളെ കൊള്ളയടിക്കുകയാണ്. നമ്മുടെ മനസ്സിലെ പാപപങ്കിലമായ അവസ്ഥ ഈ മണ്ണിലും പ്രതിഫലിക്കുന്നു. വെള്ളത്തിലും ജീവന്റെ എല്ലാ രൂപങ്ങളിലും.’ പാപ്പാ വിശദീകരിക്കുന്നു.

ജനങ്ങളുടെ ആരോഗ്യത്തെ തന്നെ ബാധിക്കുന്ന വിധമുള്ള മലിനീകരണത്തെ ശക്തമായി അപലപിക്കുന്ന പാപ്പാ ‘ഉപയോഗിച്ചു വലിച്ചെറിയുന്ന’ സംസ്‌കാരത്തെ നിശിതമായി വിമര്‍ശിക്കുന്നു. ഇന്നത്തെ തലമുറയെയും ഭാവി തലമുറയെയും മുന്നില്‍ കണ്ട് ചാക്രികമായ ഉത്പാദന രീതി നാം സ്വീകരിക്കേണ്ടിയിരിക്കുന്നു എന്ന് പാപ്പാ ഓര്‍മിപ്പിക്കുന്നു. റീസൈക്കിള്‍ ചെയ്തു വീണ്ടും ഉപയോഗിക്കാനും ഉപഭോഗം നിയന്ത്രിക്കാനും പാഴാക്കാതെ പരമാവധി ഉപയോഗിക്കാനും ശ്രദ്ധ വയ്ക്കണം.

 

അഭിലാഷ് ഫ്രേസര്‍.

You must be logged in to post a comment Login