പുതിയ സ്വപ്‌നങ്ങള്‍ നെയ്യുന്നവരാകുക

ഓരോ പുതുവര്‍ഷത്തിലും ഓരോ പുതിയ തീരുമാനങ്ങള്‍ എടുക്കുന്നവരാണ് പലരും. പക്ഷേ എടുക്കുന്ന തീരുമാനങ്ങള്‍ ഫലപ്രദമായി നടപ്പിലാക്കാന്‍ കഴിഞ്ഞവരും അതേക്കുറിച്ച് അന്തിമവിശകലനം നടത്തുന്നവരും വളരെ കുറവായിരിക്കും. മദ്യപാനവും പുകവലിയും അവസാനിപ്പിക്കുമെന്നതുപോലെയുളള തീരുമാനങ്ങള്‍ക്കപ്പുറം- അത്തരം തീരുമാനങ്ങള്‍ നല്ലതുതന്നെ. എങ്കിലും അവയ്ക്കപ്പുറമുള്ള തീരുമാനങ്ങളെക്കുറിച്ചാണ് പറയാന്‍ ഉദ്ദേശിക്കുന്നത് എന്നതിനാല്‍- മറ്റ് ചില തീരുമാനങ്ങളാണ് നാം ഓരോ പുതുവര്‍ഷത്തിലും കൈക്കൊള്ളേണ്ടതെന്ന് തോന്നുന്നു.

അതെ, പുതുവര്‍ഷത്തില്‍ പുതിയ സ്വപ്നങ്ങളാണ് നമുക്കുണ്ടാവേണ്ടത്. എന്നാല്‍ അതോടൊപ്പം പഴയ സ്വപ്നങ്ങളെ നഷ്ടപ്പെടുത്താതെയും കൈക്കുള്ളില്‍ ഒതുങ്ങാത്തവയാണ് ആ സ്വപ്നമെങ്കില്‍ അവയെ വഴിവക്കില്‍ ഉപേക്ഷിക്കാതെയും അതോര്‍ത്ത് നിരാശപ്പെടാതെയും നാം മുന്നോട്ടുപോകുക. അതാണ് ഓരോ പുതിയ വര്‍ഷവും നമ്മോട് ആവശ്യപ്പെടുന്നത്. സഫലമാകാതെപോയ സ്വപ്നങ്ങളെയോര്‍ത്ത് നിരാശപ്പെട്ടിരുന്നാല്‍ വരാനിരിക്കുന്ന സ്വപ്നങ്ങള്‍ കൂടി നമുക്ക് നഷ്ടപ്പെട്ടുപോയേക്കാം.

പുതുവര്‍ഷത്തില്‍ അല്ലെങ്കില്‍ ഓരോ പുതുവര്‍ഷത്തിലും നാം നിരാശപ്പെടുന്നതിന് പിന്നിലെ കാരണളില്‍ ചിലത് നാം കണ്ട സ്വപ്നങ്ങള്‍ സഫലമായില്ലെന്നതും നാം എടുത്ത തീരുമാനങ്ങള്‍ നടപ്പില്‍ വരുത്താന്‍ കഴിഞ്ഞില്ല എന്നതുമാണ്. ഒരു വര്‍ഷം കൂടി കടന്നുപോയി, ഒരു വയസ് കൂടി എന്നിട്ടും ഞാനൊരിടത്തും എത്തിയില്ല എന്ന ചിന്ത സാധാരണമാണ്.

പെട്ടെന്നൊരു നിമിഷം കൊണ്ട് എല്ലാ പുതിയ തീരുമാനങ്ങളും ഉടനടി നടപ്പിലാക്കാന്‍ കഴിയുമെന്ന് ആരും കരുതരുത്. നീന്തല്‍ പഠിക്കുന്നതുപോലെയോ സൈക്കിള്‍ ചവിട്ടാന്‍ പഠിക്കുന്നതുപോലെയോ ആണ് പുതിയ തീരുമാനങ്ങള്‍ നടപ്പില്‍ വരുത്താന്‍ ശ്രമിക്കുന്നതും. എത്ര വെള്ളം കുടിച്ചാണ് ഒരാള്‍ നീന്തല്‍ വിദഗ്ദന്‍ ആകുന്നത്. എത്ര തവണ മറിഞ്ഞുവീണിട്ടാണ് സൈക്കിള്‍ ചവിട്ടാന്‍ നാം പഠിച്ചത്. അപ്പോള്‍ പുതിയ തീരുമാനങ്ങള്‍ നടപ്പില്‍ വരുത്താന്‍ ശ്രമിക്കുമ്പോള്‍ ചില പരാജയങ്ങള്‍ സംഭവിക്കുമെന്ന് മനസ്സില്‍ അറിഞ്ഞിരിക്കുന്നത് നല്ലതായിരിക്കും. ആ തിരിച്ചറിവില്ലെങ്കില്‍ ചില ചെറിയ വീഴ്ചകളില്‍ പോലും നമ്മള്‍ മനസ്സു മടുത്തവരായിപ്പോകും.

പരാജയങ്ങള്‍ ഉണ്ടാവുമെന്ന് കരുതി പരാജയങ്ങളെ ന്യായീകരിക്കാന്‍ ശ്രമിക്കുന്നതും നന്നല്ല. ഒരാള്‍ പരിശ്രമിക്കാതെയും അദ്ധ്വാനിക്കാതെയും ചില കാര്യങ്ങളിലേര്‍പ്പെട്ട് അഹിതകരമായി സംഭവിച്ചുകഴിയുമ്പോള്‍ പരാജയങ്ങളെ കുറ്റപ്പെടുത്തുന്നത് ന്യായീകരിക്കത്തക്ക ഒന്നല്ല. മറിച്ച് ഒരാള്‍ വിജയത്തിലെത്താന്‍ വേണ്ടി പരമാവധി ശ്രമിച്ചതിന് ശേഷം അതിലയാള്‍ക്ക് തന്റേതല്ലാത്ത കാരണങ്ങള്‍ കൊണ്ട് ചിലപ്പോള്‍ തന്റേതുതന്നെയായ പരിമിതികള്‍ കൊണ്ട് പരാജയം നുണയേണ്ടിവന്നാല്‍ അതിന് പിന്നെയും ചില സമാശ്വാസമൊക്കെയുണ്ട്. ഇത്തരം ചില പൊതുതത്വങ്ങളെ മനസ്സില്‍ കരുതിക്കൊണ്ട് പുതുവര്‍ഷത്തിലെ പുതുതീരുമാനങ്ങളെ നടപ്പില്‍ വരുത്താന്‍ ശ്രമിക്കുന്നത് നന്നായിരിക്കും.

ചെറിയ ചെറിയ തീരുമാനങ്ങളെ നടപ്പില്‍വരുത്താനാണ് നാം ആദ്യം ശ്രമിക്കേണ്ടത്.ഒരു സുപ്രഭാതത്തില്‍ എണീറ്റ് വന്നിട്ട് എല്ലാ തീരുമാനങ്ങളും കൂടി ഒറ്റയടിക്ക് നടപ്പില്‍വരുത്താന്‍ ശ്രമിച്ചാല്‍ ഒരു തീരുമാനം പോലും നടപ്പിലാക്കാന്‍ കഴിയണമെന്നില്ല. എന്നാല്‍ ക്രമേണ സാവധാനം ചില തീരുമാനങ്ങളെ നടപ്പില്‍വരുത്താന്‍ ശ്രമിച്ചാലോ വിജയം സുനിശ്ചിതമായിരിക്കുകയും ചെയ്യും. പയ്യെതിന്നാല്‍ പനയും തിന്നാം എന്നാണല്ലോ ചൊല്ല് തന്നെ.
എല്ലാ വിജയങ്ങളും കണ്ണടച്ച് തുറക്കുന്ന നിമിഷത്തില്‍ സംഭവിച്ചവയല്ല. എത്രയോ പരീക്ഷണനിരീക്ഷണങ്ങള്‍ക്ക് ശേഷമാണ് ചില ശാസ്ത്രസത്യങ്ങളും മനുഷ്യചരിത്രത്തെ തന്നെ തകിടം മറിച്ച ചില കണ്ടുപിടിത്തങ്ങളുമൊക്കെ സംഭവിച്ചിട്ടുള്ളത്.

ഇന്ന് ലോകമെങ്ങും അറിയപ്പെടുന്ന പൗലോ കൊയ്‌ലോയും നമ്മുടെ എംടിയുമൊക്കെ ഒറ്റയടിക്ക് പ്രശസ്തരായവരൊന്നുമല്ല. പത്രമോഫീസുകളിലേക്ക് അയ്ക്കുന്ന രചനകളെല്ലാം മടക്കത്തപാലില്‍ തന്നെ മടങ്ങിവന്നിരുന്ന ഒരു കാലത്തെക്കുറിച്ച് കാഥികന്റെ പണിപ്പുരയിലാണെന്ന് തോന്നുന്നു എംടി എഴുതിയിട്ടുണ്ട്. മനോരോഗിയാണെന്ന് സ്വന്തം കുടുംബം തന്നെ മുദ്രകുത്തി പൗലോ കൊയ്‌ലോയെ മാനസികാരോഗാശുപത്രിയില്‍ അടച്ചിട്ടുണ്ട്. ദസ്തയോവിസ്‌ക്കി കടന്നുപോയ നിഷേധാത്മകമായ അനുഭവങ്ങളെയും പ്രസാധകന്റെ ചൂഷണത്തെയും മറ്റും ഒരു സങ്കീര്‍ത്തനം പോലെയിലൂടെയെങ്കിലും നാം വായിച്ചറിഞ്ഞിട്ടുണ്ട്. ഇതൊക്കെ ചില ചെറിയ ഉദാഹരണങ്ങളാണ്.

തീരുമാനങ്ങള്‍ നടപ്പില്‍ വരുത്താനും സ്വപ്നങ്ങള്‍ സഫലമാക്കാനുമുള്ള ശ്രമത്തിനിടയില്‍ ഏല്‌ക്കേണ്ടി വന്ന തിക്താനുഭവങ്ങളുടെ ചെറിയ സൂചനകള്‍ മാത്രം.
അപ്പോള്‍ ഈ വിജയങ്ങളൊക്കെ പെട്ടെന്നൊരു ദിനം കൊണ്ട് സംഭവിച്ചവയല്ല എന്നാണ് നാം മനസ്സിലാക്കേണ്ടത്. വളരെ ക്രമാനുഗതവും സാവധാനവുമായിരുന്നു അത്.

മന:ശാസ്ത്രവിദഗ്ദരൊക്കെ മുമ്പോട്ടുവയ്ക്കുന്ന ചില നിര്‍ദ്ദേശങ്ങളുണ്ട്. വിജയത്തിലെത്താനുള്ള വര്‍ഷം കണക്കൂക്കൂട്ടുക എന്നതാണത്. അതായത് നാല്പത്തിയഞ്ചാം വയസില്‍, മുപ്പത്തിയഞ്ചാം വയസില്‍ എനിക്ക് ഇതായിത്തീരണം..ഈ വിജയം ആ പ്രായത്തിനുള്ളില്‍ എനിക്ക് കൈവരിക്കണം.ഇങ്ങനെ ചില തീരുമാനങ്ങള്‍ കൈക്കൊള്ളുക. അത് നടപ്പില്‍ വരുത്താനായി ശ്രമിക്കുക. ഒരുപാട്ടുകാരനോ സംഗീതജ്ഞനോ ക്രിക്കറ്ററോ രാഷ്ട്രീയക്കാരനോ എഴുത്തുകാരനോ ഒക്കെ ആയിത്തീരുന്നത് പെട്ടെന്നൊരു നിമിഷം കൊണ്ട് സംഭവിക്കുന്ന മാന്ത്രികവിദ്യയല്ല.അതിന് നീണ്ടകാലത്തെ അദ്ധ്വാനവും സാധനയും കാത്തിരിപ്പും ആവശ്യമാണ്. ഇങ്ങനെ കാത്തിരിക്കാനും പ്രയത്‌നിക്കാനും സ്വപ്നങ്ങളെ ഓരോ വര്‍ഷവും ഓരോ നിമിഷവും തൂത്തുമിനുക്കിയെടുക്കാനും നാം തീരുമാനമെടുക്കുക.

ചില നഷ്ടങ്ങളെയോര്‍ത്തുള്ള ഓര്‍മ്മയായിരിക്കും നമ്മളെ പുതുവര്‍ഷത്തില്‍ ഭാരപ്പെടുത്തുന്നത്. ചില സാമ്പത്തികനഷ്ടങ്ങള്‍..പ്രണയപരാജയങ്ങള്‍.. അതുമല്ലെങ്കില്‍ മരണംപോലെയുള്ള നിത്യവിരഹങ്ങള്‍..നഷ്ടങ്ങള്‍..ശരിയാണ് ഓരോന്നിലും വേദനയുണ്ടാകും..സങ്കടമുണ്ടാകും. അതെക്കുറിച്ചുള്ള നേരിയപരാമര്‍ശം പോലും നമ്മുടെ കണ്ണ്‌നനയ്ക്കുകയും ചെയ്യും. എങ്കിലും എന്നും അതോര്‍ത്ത് നമുക്ക് വിലപിച്ചിരിക്കാന്‍ കഴിയുമോ..
സങ്കടങ്ങളില്‍ നിന്ന് പുറത്തുകടക്കാന്‍ ശ്രമിക്കുക. ഒരു വാതിലടച്ച് സാക്ഷയിട്ട് നാം മുറിക്കുള്ളില്‍കഴിയുകയാണെന്ന് വിചാരിക്കൂ.. നമ്മള്‍ തന്നെ വിചാരിച്ചാലേ അത് തുറക്കാന്‍ പറ്റൂ.. നമ്മള്‍ തന്നെ വിചാരിച്ചാലേ അതില്‍ നിന്ന് പുറത്തുകടക്കാന്‍ കഴിയൂ. ഇതുപോലെയാണ് നമ്മെ വരിഞ്ഞുമുറുക്കിയിരിക്കുന്ന നിഷേധാത്മകവിചാരങ്ങളുടെ കാര്യവും. കിണറ്റില്‍ വീണുപോയ ഒരാള്‍ക്ക് ഒരു കയര്‍ ഇട്ടുകൊടുക്കുന്നുവെന്ന് വിചാരിക്കൂ. അയാള്‍ ആ കയറില്‍ പിടിമുറുക്കിയാലല്ലേ വലിച്ചു കരയ്‌ക്കെത്തിക്കാന്‍ കഴിയൂ. ഇതുപോലെയാണ് നമ്മുടെ കാര്യവും. നമ്മള്‍ ചിലപ്പോള്‍ നിരാശയുടെ പടുകുഴിയിലായിരിക്കും. ആരെങ്കിലും നമ്മെ രക്ഷിക്കാന്‍ തയ്യാറായിരിക്കുകയും ചെയ്യും. പക്ഷേ നമ്മളും കൂടി ശ്രമിക്കണ്ടെ.

നാം വിചാരിക്കാതെ നമ്മെ രക്ഷിക്കാന്‍ ആര്‍ക്കും സാധിക്കുകയില്ല.സ്വപ്നങ്ങള്‍ സഫലമാകാന്‍ വിഘാതം നില്ക്കുന്ന ഇത്തരം ചിന്തകളെ ഭേദിക്കുമെന്ന് തീരുമാനമെടുക്കുക. എന്റെ സ്വപ്നങ്ങള്‍ക്ക് ആരും ഞാന്‍ തന്നെ കൂച്ചുവിലങ്ങിടാന്‍ പാടില്ല. ഇത്തരമൊരു ഉറച്ച തീരുമാനമെടുക്കുക..

ജീവിതത്തെക്കുറിച്ച്, ഭാവിയെക്കുറിച്ച് സ്വപ്നങ്ങളുള്ള വ്യക്തികളാണ് നാമെങ്കിലും ചിലപ്പോഴെങ്കിലും അത് സാക്ഷാത്ക്കരിക്കാനുള്ള വഴികളെക്കുറിച്ച് കൃത്യമായ പദ്ധതികള്‍ നമുക്കുണ്ടായിരിക്കണമെന്നില്ല. ഒരു സദ്യ നടത്തുമ്പോള്‍ അതിന് വേണ്ട സാധനങ്ങള്‍ ഏതൊക്കെയാണെന്ന് നാം ലിസ്റ്റ് എടുക്കാറുണ്ടല്ലോ? അതുപോലെ തന്നെ നമ്മുടെ മുന്‍ഗണനകള്‍ ഏതൊക്കെയാണെന്ന് കൃത്യമായി ചില കാര്യങ്ങളെ അടയാളപ്പെടുത്തുന്നത് നല്ലതായിരിക്കും.

ഒരു പക്ഷേ പലതരത്തിലുള്ള കഴിവുകള്‍ ഉളള വ്യക്തിയായിരിക്കാം നിങ്ങള്‍. എങ്കിലും ഒരു പ്രത്യേകതരം കഴിവായിരിക്കാം നിങ്ങളെ മാത്രമായി ശ്രദ്ധേയനാക്കുന്നത്. അല്ലെങ്കില്‍ ഒരാഗ്രഹം മാത്രമായിരിക്കാം ശക്തമായി നിങ്ങളുടെ ഉള്ളില്‍ ചെറുപ്പം മുതല്‍ക്കേ ഉണ്ടായിരിക്കുക. ആ ആഗ്രഹത്തിന്റെ സാഫല്യത്തിന് വേണ്ടി നിങ്ങള്‍ എത്രമാത്രം ശ്രമിച്ചു, അതെത്രത്തോളം സാധിതമായി, ഇനിയും എന്തെങ്കിലും ചെയ്യേണ്ടതായിട്ടുണ്ടോ എന്ന് വസ്തുനിഷ്ഠമായി വിലയിരുത്തുക. ഏതാഗ്രഹമാണോ ചെറുപ്പം മുതല്‍ക്കേ നിങ്ങളുടെ ഉള്ളില്‍ ഉണ്ടായിരുന്നത്, എത്ര എതിര്‍പ്പുകളോ തിരസ്‌ക്കരണങ്ങളോ ഉണ്ടായിരുന്നിട്ടും ഏത് മോഹമാണോ നിങ്ങളെ മുമ്പോട്ട് നയിച്ചത് അതായിരിക്കും നിങ്ങളെ വിജയിയാക്കുവാനായി ദൈവം മാറ്റിനിര്‍ത്തിയിരിക്കുന്ന ഘടകം. അതിന്റെ വിജയത്തിന് വേണ്ടി ശ്രമിക്കു..അദ്ധ്വാനിക്കുക..കാത്തിരിക്കുക..

എന്നാല്‍ ആ വിജയത്തിലെത്താന്‍ നമുക്ക് ഇനിയും ഏറെ ദൂരം നടക്കേണ്ടതായി വന്നേക്കാം.. കഷ്ടപ്പാടുകള്‍ സഹിക്കേണ്ടതായി വന്നേക്കാം.. പക്ഷേ തളരരുത്.. സ്വപ്നങ്ങളെ പാതിവഴിയില്‍ ഉപേക്ഷിക്കുകയുമരുത്. അതാണ് വലിയ കാര്യം. സ്വപ്നങ്ങളെസൂക്ഷിക്കുക..എന്തും നമുക്ക് നഷ്ടം വന്നേക്കാം. എന്നാല്‍ ഒന്നിനെ മാത്രം നമുക്ക് നഷ്ടപ്പെടുത്തരുത്. സ്വപ്നങ്ങളെ.നമ്മുടെ പ്രതീക്ഷകളെ.. അത് തകര്‍ന്നാല്‍ പിന്നെ നമ്മളില്ല.

അതുകൊണ്ട് എന്റെ സ്വപ്നങ്ങളെ ഞാന്‍ തകര്‍ക്കുകയില്ല ക്ലാവ് പിടിച്ച ഓട്ടുപാത്രങ്ങളെ കഴുകിതുടച്ച് തിളക്കമുള്ളതാക്കി മാറ്റുന്നതുപോലെ ഞാനെന്റെ സ്വപ്നങ്ങളെ കഴുകിതുടച്ച് സൂക്ഷിക്കുമെന്ന് ഓരോ ദിവസവും പറയുമെന്ന് തീരുമാനമെടുക്കുക…
സര്‍വ്വോപരി ശുഭാപ്തിവിശ്വാസിയായിരിക്കുക. ശുഭാപ്തിവിശ്വാസിയെന്നാല്‍ അതിന് ദൈവവിശ്വാസിയെന്നുകൂടി അര്‍ത്ഥമുണ്ട്.

ദൈവത്തില്‍ വിശ്വസിക്കുന്നവന് ശുഭാപ്തിവിശ്വാസിയാകാതിരിക്കാന്‍ കഴിയില്ല. ശുഭാപ്തിവിശ്വാസി ദൈവത്തിന്റെ കൈപിടിച്ച് നടക്കുന്നു. അതുകൊണ്ടാണവന്‍ ഏതു വേനലുകള്‍ക്കുമപ്പുറം പെരുമഴ സ്വപ്നം കാണുന്നത്.

ഓരോ സ്വപ്നവും പ്രതീക്ഷകളുമാണ് ഓരോ ദിവസത്തെയും കടന്നുപോകാന്‍ നമ്മെ പ്രേരിപ്പിക്കുന്നത്. ഓരോ പ്രഭാതത്തിലും നാം നമ്മോട് തന്നെ പറയുക.. ഞാന്‍ എന്റെ സ്വപ്ത്തിലേക്ക് ഒരു ചുവടുകൂടി അടുത്തിരിക്കുന്നു. ഞാന്‍ കൈ നീട്ടിയാല്‍ തൊടാന്‍ പാകത്തില്‍ അത് എന്റെ സമീപത്തുതന്നെയുണ്ട്..ഞാനത് കൈപ്പിടിയില്‍ ആക്കുക തന്നെ ചെയ്യും. ഇത്തരം തീരുമാനങ്ങള്‍ നമ്മുടെ ജീവിതത്തെ കൂടുതല്‍ പ്രകാശമാനമാക്കും.

പുതിയ തീരുമാനങ്ങള്‍ കൊണ്ടു മാത്രമല്ല പഴയ നല്ല തീരുമാനങ്ങളെ ഒരിക്കല്‍ക്കൂടി ഓര്‍മ്മ പുതുക്കിയെടുത്തുകൊണ്ടുമാണ് നാം പുതുവര്‍ഷത്തിലേക്ക് പ്രവേശിക്കേണ്ടത്.

എല്ലാ നല്ല തീരുമാനങ്ങള്‍ക്കും പുതുവര്‍ഷമംഗളങ്ങള്‍.

 

വിനായക് നിര്‍മ്മല്‍

You must be logged in to post a comment Login