പുരാണപഠനവും ഗുരുകുലസമ്പ്രദായവും ഏര്‍പ്പെടുത്തുന്ന ദേശീയ വിദ്യാഭ്യാസനയത്തിനെതിരെ സിബിസിഐ

പുരാണപഠനവും ഗുരുകുലസമ്പ്രദായവും ഏര്‍പ്പെടുത്തുന്ന ദേശീയ വിദ്യാഭ്യാസനയത്തിനെതിരെ സിബിസിഐ

ന്യൂഡല്‍ഹി: കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രാലയത്തിനു വിദഗ്ധ സമിതി സമര്‍പ്പിച്ച കരടു വിദ്യാഭ്യാസനയത്തിനെതിരേ സിബിസിഐ. വിദ്യാഭ്യാസരംഗത്ത് അടിസ്ഥാനമാതൃകയായി പുരാണ പഠനവും ഗുരുകുല സമ്പ്രദായവും ഏര്‍പ്പെടുത്താനുള്ള കരടു നയത്തിലെ നിര്‍ദേശങ്ങളെയാണ് സിബിസിഐ നിശിതമായി വിമര്‍ശിക്കുന്നത്.

കപട ദേശീയതയാണു കരടു വിദ്യാഭ്യാസ നയത്തില്‍ മുഴച്ചുനില്‍ക്കുന്നത് രാജ്യത്തിന്റെ മത,സാംസ്‌കാരിക, ഭാഷാ ആചാര വൈവിധ്യങ്ങളെ മറികടന്ന് ഏകസംസ്‌കാരത്തെയും പുരാണങ്ങളെയും അടിച്ചേല്‍പ്പിക്കാനുള്ള ശ്രമമാണ് ഇതിലെ നിര്‍ദേശങ്ങള്‍.

ദേശീയ വിദ്യാഭ്യാസ നയങ്ങള്‍ ന്യൂനപക്ഷങ്ങള്‍ക്ക് എതിരാണെന്നു ചുരുക്കിപ്പറയുന്നതിനേക്കാള്‍ പട്ടിക ജാതി-പട്ടിക വര്‍ഗങ്ങള്‍ക്കും ദളിത് ആദിവാസി വിഭാഗങ്ങള്‍ക്കും പാവപ്പെട്ടവര്‍ക്കും ഗ്രാമീണര്‍ക്കും, പാര്‍ശ്വവത്കരിക്കപ്പെട്ടവരും പാവപ്പെട്ടവരും വനിതകളും ഉള്‍പ്പെടുന്ന ബഹുഭൂരിപക്ഷത്തിനും തന്നെ എതിരാണെന്നു വ്യക്തമായി പറയാമെന്നു സിബിസിഐ സര്‍ക്കാരിനു സമര്‍പ്പിച്ച പ്രതികരണത്തില്‍ ചൂണ്ടിക്കാട്ടുന്നു.

ക്രൈസ്തവ മൂല്യങ്ങള്‍ ഒരിക്കലും വര്‍ഗ, വര്‍ണ, ജാതി ഭേദങ്ങളെ അനുവദിക്കുന്നില്ല. ഈ രാജ്യത്തിന്റെ വിദ്യാഭ്യാസ വളര്‍ച്ചയില്‍ ക്രൈസ്തവ മിഷണറിമാരുടെ രക്തവും വിയര്‍പ്പും പങ്കു ചേര്‍ന്നിട്ടുണ്ട്. രാജ്യത്തെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പലതും ക്രൈസ്തവ സ്ഥാപനങ്ങളാണ്. ന്യൂനപക്ഷമാണെങ്കിലും നൂറ്റാണ്ടുകളായി രാജ്യത്തെ ഭൂരിപക്ഷത്തെ വിദ്യാഭ്യാസപരമായി ശാക്തീകരിച്ചു കൊണ്ടിരിക്കുകയാണെന്നും സിബിസിഐ വ്യക്തമാക്കി. 25000ത്തിലേറെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്ന കത്തോലിക്കാ സഭയുടെ വിദ്യാഭ്യാസ രംഗത്തെ സേവനങ്ങളെ കരടു നയത്തില്‍ പാടേ വിസ്മരിച്ചുവെന്നും ചൂണ്ടിക്കാട്ടി.

ന്യൂനപക്ഷാവകാശങ്ങള്‍ സംബന്ധിച്ചു ഭരണഘടന നല്‍കുന്ന ഉറപ്പുകളുടെ ലംഘനവും രാജ്യത്തിന്റെ വൈവിധ്യത്തിനും മതേതര സ്വഭാവത്തിനും എതിരുമാണ് കരടു നയത്തിലെ നിര്‍ദേശങ്ങള്‍.

വിദ്യാഭ്യാസത്തിന്റെ ചുമതല യുള്ള കാബിനറ്റ് മന്ത്രി കേന്ദ്രത്തില്‍ എത്തിയിട്ടും കൂടിക്കാഴ്ചയ്ക്ക് ഇതുവരെ തയാറായിട്ടില്ലെന്നും സിബിസിഐ സെക്രട്ടറി ജനറല്‍ ബിഷപ് തിയഡോര്‍ മസ്‌കരീനാസ് ചൂണ്ടിക്കാട്ടി.

ഇന്ത്യ മതേതര രാജ്യമാണ്. ഇവിടെ ഒരു സ്ഥാപനത്തിലും ആരും മതം പഠിപ്പിക്കേണ്ടതില്ലെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. കായിക വിദ്യാഭ്യാസത്തിന്റെ ഭാഗമായി പാഠ്യപദ്ധതിയില്‍ യോഗ ഉള്‍പ്പെടുത്താനുള്ള കരട് വിദ്യാഭ്യാസ നയത്തിലെ നിര്‍ദേശത്തെയും അദ്ദേഹം വിമര്‍ശിച്ചു.

ടി.എസ്.ആര്‍. സുബ്രഹ്മണ്യന്‍ അധ്യക്ഷനായ വിദഗ്ധസമിതി കേന്ദ്ര സര്‍ക്കാരിനു സമര്‍പ്പിച്ച കരട് നയത്തിലെ അപാകതകള്‍ ചൂണ്ടിക്കാട്ടിയും വിമര്‍ശനങ്ങളും നിര്‍ദേശങ്ങളും ഉള്‍ക്കൊള്ളിച്ച് സിബിസിഐ ഒരു നയരേഖ ജൂലൈ 29നു സര്‍ക്കാരിനു സമര്‍പ്പിച്ചിട്ടുണ്ട്. സിബിസിഐ സെക്രട്ടറി ജനറല്‍ ബിഷപ് തിയഡോര്‍ മസ്‌കരീനാസ്, സിബിസിഐ വിദ്യാഭ്യാസ, സാംസ്‌കാരിക വിഭാഗം ചെയര്‍മാന്‍ ബിഷപ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്, സിബിസിഐ വിദ്യാഭ്യാസ, സാംസ്‌കാരിക വിഭാഗം ദേശീയ സെക്രട്ടറി ഫാ. ജോസഫ് മണിപ്പാടം എന്നിവരുടെ നേതൃത്വത്തില്‍ വിവിധ രൂപതകളില്‍നിന്ന് അഭിപ്രായ രൂപീകരണം നടത്തിയതിനു ശേഷം തയാറാക്കിയ നയരേഖയാണു സര്‍ക്കാരിനു സമര്‍പ്പിച്ചിരിക്കുന്നത്.

You must be logged in to post a comment Login