പൂന്തോട്ടത്തിലെ കമ്പിവേലി

പൂന്തോട്ടത്തിലെ കമ്പിവേലി

meshകർക്കശക്കാരനായ ഗുരുവിനോടോരിക്കൽ ശിഷ്യൻ ചോദിച്ചു : അങ്ങെന്തു കൊണ്ടാണ് ഇത്രമാത്രം നിബന്ധനകൾ അങ്ങയുടെ ശിഷ്യരുടെമേൽ അടിച്ചേ ൽപ്പിക്കുന്നത് . അത് കാണരുത്, അവിടെ പോകരുത്,തുടങ്ങിയ അനേകം വിലക്കുകൾ അങ്ങ് എന്ത് കൊണ്ടാണ് നല്കുന്നത്.

ചെറിയ ഒരു പുഞ്ചിരിയോടെ ഗുരു ശിഷ്യനെയും കൂട്ടി അടുത്തുള്ള മനോഹരമായ ചെറിയ ഒരു ഉദ്യാനത്തിലേക്ക് നടന്നു. സുഗന്ധം പരത്തുന്ന വർണ്ണങ്ങൾ വാരി വിതറുന്ന ആ പൂന്തോട്ടം ചുറ്റും കമ്പി വേലി കെട്ടി അടച്ചിരുന്നു. തോട്ടക്കാരന് മാത്രം കയറാൻ കമ്പ് കൊണ്ട് നിർമ്മിച്ച ഒരു ചെറിയ വാതിൽ ഉദ്യാനത്തിന്റെ പിന്നിലായി നിർമ്മിച്ചിരുന്നു.

ഗുരു ശിഷ്യനോട് ചോദിച്ചു എന്തുകൊണ്ടാണ് ഈ മനോഹരമായ പൂന്തോട്ടം കമ്പി വേലി കൊണ്ട് കെട്ടി അടച്ചിരിക്കുന്നത്. വളരെ പെട്ടന്ന് ശിഷ്യൻ മറുപടി പറഞ്ഞു “ഈ പൂന്തോട്ടത്തിലേക്ക് പുറത്തുനിന്നും ആരും കയറി നശിപ്പിക്കതിരിക്കാൻ”.

ഗുരു തുടർന്നു എങ്കിലും ഈ പൂക്കളുടെ പരിമളം ഈ പരിസരം മുഴുവൻ പടരുന്നില്ലേ ? ഇവയുടെ മനോഹാരിത നമുക്കൊക്കെ കണ്ടാസ്വദിക്കാൻ സാധിക്കുന്നില്ലേ ? അതിനൊന്നും ഈ കമ്പി വേലി നമുക്ക് തടസ്സമാകുന്നില്ല. ഇതുപോലെ തന്നെയാണ് നമ്മുടെ ജീവിതത്തിലെ ചട്ടങ്ങളും നിബന്ധനകളും. നമ്മെയും നമ്മുടെ ആത്മാവിനേയും പുറത്തുള്ളവർ നശിപ്പികതിരിക്കാൻ അവ നമ്മെ സഹായിക്കും. നമ്മുടെ ഉള്ളിൽ നിന്നും നന്മയും സ്നേഹവും പുറത്തേക്കു വമിക്കുനതിന് ചട്ടവട്ടങ്ങൾ തടസ്സമാകുകയുമില്ല.
പലപ്പോഴും നമ്മിൽ പലരും ഈ ചോദ്യങ്ങൾ പരസ്പരം ചോദിക്കാറില്ലേ ? ഭാര്യാ ഭർത്താക്കന്മാർ പരസ്പരവും, മക്കൾ മാതാപിതാക്കളോടും ഈ ചോദ്യം ആവർത്തിക്കാറില്ലേ? ഇന്റർനെറ്റും, ഫേസ് ബുക്കും, വാട്സ് ആപ്പും ഒക്കെ ഉപയോഗിച്ചാൽ എന്താ തെറ്റ്? അതുപയോഗിക്കുന്ന പ്രവർത്തി തെറ്റാകുന്നില്ലെങ്കിലും നമ്മിലേക്ക് തെറ്റ് കടന്നു വരാൻ അതൊക്കെ ഒരു ചലകങ്ങളാകാറില്ലേ.

ഫേസ് ബുക്കിൽ കണ്ടു പരിചയപ്പെട്ട വ്യക്തിയുമായി കളമശ്ശേരിയിൽ വാടകവീട്ടിൽ ഒന്നിച്ചു താമസിച്ചിരുന്ന ബിരുദാനന്തര വിദ്യാർത്ഥിനി അനൂജ (23) 2015 മേയ്മാസം 15, വെള്ളിയാഴ്ച താമസ സ്ഥലത്തു തൂങ്ങിമരിച്ചു. അവളുടെ കാമുകൻ ഒരു കൊലപാതക കേസിൽ പ്രതിയയിരുന്നെന്നു അവൾ മരിക്കുമ്പോൾ പോലും അറിഞ്ഞിരിക്കില്ല. അപരിചിതരെ ഫേസ് ബുക്കിൽ സുഹൃത്താകരുതെന്നും, എല്ലാ സുഹൃത്തുകളെയും കണ്ണടച്ചു വിശ്വസിക്കരുതെന്നും അവളോട്‌ അവളുടെ മാതാ പിതാക്കളും, കൂട്ടുകാരും എത്രയോ തവണ പറഞ്ഞിട്ടുണ്ടാവും!

പരിധികളും, അതിരുകളും, ചട്ടങ്ങളുമൊക്കെ നമ്മുടെ നന്മയ്ക്കുവേണ്ടിയാണ് എന്ന ബോധ്യം നമുക്കുണ്ടായാൽ അവ നമ്മുടെ ജീവിതത്തെ ഭാരപ്പെടുത്തില്ല. നല്ല വ്യക്തികൾ സ്വന്തം നന്മകൊണ്ട് മറ്റുള്ളവരെ ആകർഷിക്കുന്നു , ഒപ്പം മറ്റുള്ളവരിലെ തിന്മകൾ സ്വന്തം ജീവിതത്തെ മലിനമാക്കാതെ കമ്പിവേലി കെട്ടി സൂക്ഷിക്കുകയും ചെയ്യുന്നു. മലീമസമായ പരിസരങ്ങളിലെ തിന്മകളുടെ സ്വാധീനം നമ്മെ വഴി തെറ്റിക്കാതിരിക്കാൻ മുള്ള് വേലികൾ നമ്മെ സഹായിച്ചേക്കും.

ജഡമോഹങ്ങള്‍ നിങ്ങളെ കീഴ്പ്പെടുത്താന്‍ തക്കവിധം പാപം നിങ്ങളുടെ മര്‍ത്യശരീരത്തില്‍ ഭരണം നടത്താതിരിക്കട്ടെ.(റോമ 6 :12)

 

ജോ കാവാലം.

You must be logged in to post a comment Login