പെരിയപ്പുറം സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് ദേവാലയം മതമൈത്രിയുടെ പ്രതീകം: മാര്‍ കല്ലറങ്ങാട്ട്

പെരിയപ്പുറം സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് ദേവാലയം മതമൈത്രിയുടെ പ്രതീകം: മാര്‍ കല്ലറങ്ങാട്ട്

കൂത്താട്ടുകുളം: മതമൈത്രിയുടേയും മതസൗഹാര്‍ദത്തിന്റേയും ഉത്തമ ഉദാഹരണമാണ് പെരിയപ്പുറം സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് ദേവാലയമെന്ന് പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു.

പുതുക്കി പണിത പെരിയപ്പുറം സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് പള്ളിയുടെ കൂദാശാകര്‍മം നിര്‍വഹിച്ചശേഷം ദിവ്യബലി അര്‍പ്പിച്ച് സന്ദേശം നല്കുകയായിരുന്നു അദ്ദേഹം. ദേവാലയം പുതുക്കി നിര്‍മിക്കുന്നതിന് ഇതര സമുദായത്തിലെ അംഗങ്ങളുടെയും വൈദികരുടെയും പിന്തുണയും സഹായവും ലഭിച്ചു. ഓര്‍ത്തഡോക്‌സ്, യാക്കോബായ സഭകളിലെ വൈദികര്‍ ഈ ചടങ്ങില്‍ പങ്കുചേരാന്‍ എത്തിയത് ഇതിന്റെ ഉദാഹരണമാണ്.കേരളത്തിലെ ക്രൈസ്തവ പാരമ്പര്യത്തിന്റെ അനശ്വരമായ പ്രതീകം കൂടിയാണ് ഈ ദേവാലയമെന്ന് ബിഷപ് കൂട്ടിച്ചേര്‍ത്തു.

ബിഷപ് മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍ ദേവാലയ പ്രവേശനവും പാലാ രൂപത സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ കൊടിമരം വെഞ്ചരിപ്പും നിര്‍വഹിച്ചു. സത്‌ന ബിഷപ് മാര്‍ ജോസഫ് കൊടകല്ലില്‍ കല്‍ക്കുരിശ് വെഞ്ചരിപ്പും പ്രിസ്റ്റണ്‍ രൂപത നിയുക്ത ബിഷപ് മാര്‍ ജോസഫ് ശ്രാമ്പിക്കല്‍ ഗ്രോട്ടോ വെഞ്ചരിപ്പും നിര്‍വഹിച്ചു. ചിക്കാഗോ ബിഷപ് മാര്‍ ജേക്കബ് അങ്ങാടിയത്ത് മുഖ്യകാര്‍മികത്വം വഹിച്ചു.

അനൂപ് ജേക്കബ് എംഎല്‍എയും ഇടവകയിലേയും സമീപ ഇടവകകളിലേയും വൈദികരും വിശ്വാസികളും ചടങ്ങില്‍ പങ്കെടുത്തു.

You must be logged in to post a comment Login