പെരിയാറില്‍ വിദ്യാര്‍ത്ഥിയും രക്ഷിക്കാന്‍ ശ്രമിച്ച വൈദികനും മുങ്ങിമരിച്ചു

പെരിയാറില്‍ വിദ്യാര്‍ത്ഥിയും രക്ഷിക്കാന്‍ ശ്രമിച്ച വൈദികനും മുങ്ങിമരിച്ചു

പെരുമ്പാവൂര്‍: പെരിയാര്‍ തീരത്ത് വിനോദസഞ്ചാരത്തിനെത്തിയ സംഘത്തില്‍പ്പെട്ട വൈദികനും വിദ്യാര്‍ത്ഥിയും പെരിയാര്‍ നദിയില്‍ മുങ്ങിമരിച്ചു. പെരുമ്പാവൂര്‍ സെന്റ് ജോര്‍ജ് ലത്തീന്‍ പള്ളി വികാരി ഫാദര്‍ അഗസ്റ്റിന്‍ വൈരമണ്‍(36), കൂവപ്പടി മദ്രാസ് കവല മഞ്ഞളിവീട്ടില്‍ ജോയല്‍(13) എന്നിവരാണ് മരിച്ചത്.

ഇന്നലെ ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം. ഒഴുക്കില്‍പ്പെട്ട ജോയലിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് ഫാദര്‍ അഗസ്റ്റിനും 20 അടി താഴ്ചയുള്ള പുഴയില്‍ മുങ്ങിമരിച്ചത്. ഇരുവരെയും രക്ഷിക്കാന്‍ നാട്ടുകാര്‍ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. നാട്ടുകാരും മണല്‍ത്തൊഴിലാളികളും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് അര മണിക്കൂര്‍ തിരച്ചില്‍ നടത്തിയതിനു ശേഷമാണ് മൃതദ്ദേഹങ്ങള്‍ കണ്ടെത്തിയത്. പള്ളിയിലെ വിശ്വാസോത്സവ ക്യാമ്പിന്റെ ഭാഗമായാണ് ഇവര്‍ പെരിയാര്‍ തീരത്തെത്തിയത്. സംഘത്തില്‍ 17 പേരുണ്ടായിരുന്നു.

വണ്ടിപ്പെരിയാര്‍ സ്വദേശിയായ ഫാദര്‍ അഗസ്റ്റിന്‍ ഇക്കഴിഞ്ഞ ജനുവരിയിലാണ് പൗരോഹിത്യത്തിന്റെ 10-ാം വാര്‍ഷികം ആഘോഷിച്ചത്. 6 മാസം മുന്‍പാണ് പെരുമ്പാവൂര്‍ ഇടവകാ വികാരിയായി ചുമതലയേറ്റത്.

മരിച്ച ജോയല്‍ ഏഴാ ക്ലാസ് വിദ്യാര്‍ത്ഥിയാണ്. കഴിഞ്ഞ വര്‍ഷമാണ് ജോയലിന്റെ പിതാവ് ക്യാന്‍സര്‍ ബാധിതനായി മരിച്ചത്.

ഇരുവരുടെയും മൃതദ്ദേഹങ്ങള്‍ പെരുമ്പാവൂര്‍ ലത്തീന്‍ കത്തോലിക്കാ പള്ളിയില്‍ പൊതുദര്‍ശനത്തിനു വെച്ചു.ജോയലിന്റെ സംസ്‌കാരം ഇന്നു രാവിലെ 8.30ന് മുടിക്കല്‍ സേക്രട്ട് ഹാര്‍ട്ട് പള്ളിയില്‍ നടന്നു.

ഫാദര്‍ അഗസ്റ്റിന്റെ മൃതദ്ദേഹം ഇന്നു സ്വദേശമായ വണ്ടിപ്പെരിയാറിലേക്ക് കൊണ്ടുപോയി. മൂന്നാര്‍ മൗണ്ട് കാര്‍മ്മല്‍ പള്ളി സെമിത്തേരിയില്‍ ഇന്നു വൈകിട്ട് നാലു മണിക്ക് സംസ്‌കാരം നടത്തും.

You must be logged in to post a comment Login