പെസഹായ്ക്ക് സ്ത്രീകളുടെ പാദം കഴുകാന്‍ ഭാരതീയ ലത്തീന്‍ മെത്രാന്‍മാരുടെ ആഹ്വാനം

പെസഹായ്ക്ക് സ്ത്രീകളുടെ പാദം കഴുകാന്‍ ഭാരതീയ ലത്തീന്‍ മെത്രാന്‍മാരുടെ ആഹ്വാനം

പെസഹാ ശുശ്രൂഷയിലെ സുപ്രധാന ഭാഗമായ പാദക്ഷാളനകര്‍മത്തില്‍ ഈ വര്‍ഷം സ്ത്രീകളെ കൂടി ഉള്‍പ്പെടുത്തണമെന്ന് ലത്തീന്‍ മെത്രാന്‍ സമിതിയുടെ ആഹ്വാനം. ഇത് സംബന്ധിച്ച സര്‍ക്കുലര്‍ ഇന്ത്യയിലെ എല്ലാ ലത്തീന്‍ ദേവാലയങ്ങളിലേക്കും അയച്ചു കൊടുത്തു.

പെസഹാ പാദക്ഷാളനത്തിനുള്ള നിയമം ഭേദഗതി ചെയ്തു കൊണ്ട് ഫ്രാന്‍സിസ് പാപ്പാ നല്‍കിയ ആഹ്വാനത്തെ കുറിച്ച് എടുത്തു പറയുന്ന സര്‍ക്കുലര്‍ സ്ത്രീകളെ പാദക്ഷാളന കര്‍മത്തില്‍ ഉള്‍പ്പെടുത്തണമെന്ന് പ്രത്യേകം പറയുന്നുണ്ട്. 12 പുരുഷന്മാര്‍ എന്ന വാക്ക് ദൈവജനത്തില്‍ നിന്നു പന്ത്രണ്ടു പേര്‍ എന്നാക്കി കൊണ്ടാണ് പാപ്പാ പരമ്പരാഗത രീതി ഭേദഗതി ചെയ്തത്.

താന്‍ പാപ്പാ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട ഉടനെ നടന്ന പെസഹാ ആചരണത്തില്‍ ഫ്രാന്‍സിസ് പാപ്പാ റോമിലെ തടവുകാരുടെ പാദങ്ങള്‍ കഴുകിയിരുന്നു. അവരില്‍ കത്തോലിക്കരല്ലാത്ത പെണ്‍കുട്ടികളും ഉണ്ടായിരുന്നു.

സഭയുടെ അച്ചടക്കത്തില്‍ വരുത്തുന്ന മാറ്റമായി ഇതിനെ കാണേണ്ടതില്ല എന്ന് വത്തിക്കാന്‍ വക്താവ് അഭിപ്രായപ്പെട്ടുവെങ്കിലും പാപ്പായുടെ സന്ദേശം ഇതില്‍ നിന്ന് വ്യക്തമാണെന്ന് കോണ്‍ഫറന്‍സ് ഓഫ് കാത്തലിക് ബിഷപ്‌സ് ഓഫ് ഇന്ത്യ അധ്യക്ഷന്‍ കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് പറഞ്ഞു.

പുതിയ നിയമപ്രകാരം കാല്‍ കഴുകപ്പെടുന്നവരുടെ എണ്ണത്തിനും പരിധി വച്ചിട്ടില്ല. സമൂഹത്തില്‍ നിന്ന് ഒരു ചെറിയ സംഘം ആളുകളെ പുരോഹിതന് തെരഞ്ഞെടുക്കാം. ‘പുരുഷന്മാരും സ്ത്രീകളും യുവാക്കളും വൃദ്ധരും രോഗികളും ആരോഗ്യവാന്മാരും വൈദികരും സന്ന്യസ്തരും അല്മായരും അടങ്ങുന്ന സംഘമാവാം അത്.’ പുതിയ നിയമം വ്യക്തമാക്കുന്നു.

You must be logged in to post a comment Login