പെസഹ; കാല്‍കഴുകല്‍ ശുശ്രൂഷയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വീണ്ടും ചരിത്രം രചിച്ചു

പെസഹ; കാല്‍കഴുകല്‍ ശുശ്രൂഷയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വീണ്ടും ചരിത്രം രചിച്ചു

വത്തിക്കാന്‍: മുസ്ലീങ്ങളും ഹിന്ദുക്കളും കത്തോലിക്കരും കോപ്റ്റുകളും ഇവാഞ്ചലിക്കല്‍സും എല്ലാം സഹോദരന്മാരും ഒരേ ദൈവത്തിന്റെ മക്കളുമാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. നമുക്ക് സമാധാനത്തില്‍ ജീവിക്കുക എന്നതാണ് മുഖ്യം. നമ്മളോരോരുത്തരും നമ്മുടേതായ മതത്തിന്റെ വിശ്വാസത്തില്‍ നിന്നുകൊണ്ട് ലോകത്ത് സാഹോദര്യം പുലരാന്‍ വേണ്ടി ദൈവത്തോട് പ്രാര്‍ത്ഥിക്കുക. മുപ്പത് വെള്ളിക്കാശിന് വേണ്ടി ആരും സഹോദരനെ കൊല്ലാതിരിക്കട്ടെ.

പെസഹാവ്യാഴാഴ്ചയിലെ കാല്‍കഴുകല്‍ ശുശ്രൂഷയില്‍ സംസാരിക്കുകയായിരുന്നു മാര്‍പാപ്പ. 25 രാജ്യങ്ങളില്‍ നിന്നുള്ള 900 അഭയാര്‍ത്ഥികള്‍ താമസിക്കുന്ന കാസറ്റല്‍ന്യുവോ ദി പോര്‍ത്തോയിലായിരുന്നു ചടങ്ങുകള്‍. എട്ടുപുരുഷന്മാരുടെയും നാലു സ്ത്രീകളുടെയും കാലുകളാണ് മാര്‍പാപ്പ കഴുകി ചുംബിച്ചത്. അതില്‍ നാലുപേര്‍ നൈജീരിയയില്‍ നിന്നുള്ള കത്തോലിക്കരും മൂന്നുപേര്‍ എരിത്രിയയില്‍ നിന്നുള്ള കോപ്റ്റിക് ക്രൈസ്തവരുമായിരുന്നു മൂന്നു മുസ്ലീങ്ങളും ഹിന്ദുവും ഇറ്റലിക്കാരനുമായിരുന്നു മറ്റുള്ളവര്‍.

നമ്മള്‍ വ്യത്യസ്തരാണ്, നമ്മുടേത് വ്യത്യസ്ത സംസ്‌കാരവും മതങ്ങളുമാണ്. എന്നാല്‍ നമ്മള്‍ സഹോദരങ്ങളാണ്. മാര്‍പാപ്പ ഓര്‍മ്മിപ്പിച്ചു.

ആയുധ വില്പനക്കാരും നിര്‍മ്മാതാക്കളും ഇന്നത്തെ യുദാസുമാരാണെന്നും ബ്രസല്‍സിലെ ഭീകരാക്രമണങ്ങളെ സൂചിപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. ആയുധനിര്‍മ്മാതാക്കള്‍ക്ക് വേണ്ടത് രക്തമാണ്, സമാധാനമല്ല,യുദ്ധമാണ് വേണ്ടത് സാഹോദര്യമല്ല.

റോമില്‍ നിന്ന് പതിനാറ് മൈല്‍ അകലെയുള്ള കാസ്‌റ്റെല്‍ന്യുവോ ദി പോര്‍ട്ടോ എന്ന അഭയാര്‍ത്ഥിക്യാമ്പിലായിരുന്നു കാല്‍കഴുകല്‍ ശുശ്രൂഷ. കഴിഞ്ഞവര്‍ഷം പാപ്പ കാല്‍കഴുകല്‍ ശുശ്രൂഷയില്‍ മുസ്ലീം സ്ത്രീയെ പങ്കെടുപ്പിച്ചിരുന്നു.

ചടങ്ങുകള്‍ക്ക് ശേഷം മാര്‍പാപ്പ അഭയാര്‍ത്ഥികള്‍ക്ക് ചെറിയ തുക പാരിതോഷികമായി നല്കി. 849 പുരുഷന്മാരും 36 സ്ത്രീകളും 7 കുട്ടികളുമാണ് ഇവിടെയുള്ളത്. എണ്‍പത് ശതമാനവും 19 നും 26 നും മധ്യേ പ്രായമുള്ളവരാണ്.

You must be logged in to post a comment Login