പൊന്നുരുന്നിയിലെ പൊന്ന്

1944 മുതല്‍ 47 വരെ കൊല്ലം ആശ്രമത്തിലെ വികാരിയായിരുന്നു തിയോഫിനച്ചന്‍. 1947 മെയില്‍ മാവേലിക്കര കുന്നം സേക്രഡ് ഹാര്‍ട്ട് ആശ്രമത്തിലെ ഗാര്‍ഡിയനായി. ശ്രീരംഗത്തെ അമലാശ്രമത്തിലും അദ്ദേഹം ചെലവഴിച്ചിട്ടുണ്ട്. അവിടെ നിന്ന് അദ്ദേഹം ഊട്ടി രൂപത ഉള്‍പ്പെടുന്ന കോട്ടഗിരിയിലേക്ക് യാത്രയായി. സ്‌ക്രിപിചച്ചറിന്റെയും പ്രഭാഷണകലയുടെയും പ്രഫസര്‍, വികാരി ചാപ്ലിന്‍ എന്നിങ്ങനെ വിവിധ ഉത്തരവാദിത്തങ്ങള്‍ അദ്ദേഹത്തിന് കോട്ടഗിരിയില്‍ നിര്‍വഹിക്കാനുണ്ടായിരുന്നു. അവിടെ മലയാളികള്‍ക്കായി വാര്‍ഷികധ്യാനവും ചൊവ്വാഴ്ചകളില്‍ വി. അന്തോനീസിന്റെ നൊവേനയും ആരംഭിച്ചു. പൊന്നുരുന്നിയില്‍ കാറ്റിക്കിസം ക്ലാസുകള്‍ക്ക് തുടക്കം കുറിച്ചതും തിയോഫിനച്ചനാണ്.

ഇന്ത്യയില്‍ കപ്പൂച്ചിന്‍ സഭയുടെ പതിനേഴാമത്തെ ആശ്രമമായ പൊന്നുരുന്നി ആശ്രമവും വി. പത്താം പീയൂസിന് പ്രതിഷ്ഠിക്കപ്പെട്ട ദൈവാലയവും പണികഴിപ്പിച്ചത് തിയോഫിനച്ചനാണ്. ആ നാടിന്റെ വികസനത്തിന് പ്രധാന പങ്കുവഹിച്ച വ്യക്തിയും അദ്ദേഹം തന്നെ.

1958 ജനുവരി 28 നാണ് എറണാകുളത്ത് ഒരു കപ്പൂച്ചിന്‍ ആശ്രമം സ്ഥാപിക്കാനുള്ള അനുവാദം റോമില്‍ നിന്ന് ലഭിക്കുന്നത്. വരവുകാട് കേന്ദ്രമാക്കിയായിരുന്നു പ്രവര്‍ത്തനം ആരംഭിച്ചത്. വരവുകാടിനെ സഭയുടെ പ്രധാനകേന്ദ്രങ്ങളില്‍ ഒന്നായിമാറ്റണമെന്ന ഭാരിച്ച ഉത്തരവാദിത്തമാണ് അധികാരികള്‍ തിയോഫിനച്ചനെ ഏല്പിച്ചത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അതിന്റെ ഭാഗമായിരുന്നു. ഇക്കാര്യത്തില്‍ തന്നെ സഹായിക്കാന്‍ തിയോഫിനച്ചന്‍ കൂടെക്കൂട്ടിയത് തന്റെ ആത്മമിത്രമായ ഫുള്‍ജെന്‍സച്ചനെയാണ്.

അവിടെ പ്രവര്‍ത്തനം ആരംഭിക്കുന്നതിനുള്ള ശ്രമങ്ങളില്‍ മുഴുകവെ തന്നെ സര്‍ക്കാരില്‍ നിന്ന് സഭാധികൃതര്‍ക്ക് ഒരു അറിയി പ്പ് ലഭിച്ചു. കപ്പല്‍നിര്‍മ്മാണശാല ആരംഭിക്കുന്നതിനായി പ്ര സ്തുത സ്ഥലം വിട്ടുകൊടുക്കണമെന്നതായിരുന്നുവത്.
അതുപ്രകാരം മറ്റൊരു സ്ഥലം ആശ്രമത്തിനായി കണ്ടുപിടിക്കേണ്ടത് തിയോഫിനച്ചന്റെ കടമയായി. അന്വേഷണം ചെന്നുനിന്നത് പാലാരിവട്ടം സെന്റ് ജോണ്‍ ദ ബാപ്റ്റിസ്റ്റ് ഇടവകയില്‍പെട്ട രണ്ടേക്കര്‍ സ്ഥലത്താണ്. എന്നാല്‍ താന്‍ ആഗ്രഹിക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ആ സ്ഥലം തികയില്ലെന്ന് മനസ്സിലായപ്പോള്‍ തൊട്ടടുത്ത 30 സെന്റ് സ്ഥലം കൂടി വിലകൊടുത്തുവാങ്ങാന്‍ അച്ചന്‍ തയ്യാറായി.

പള്ളിപണിക്കെതിരെ എതിര്‍പ്പുകളും തടസ്സങ്ങളും ഭീഷണികളും പലതവണ അച്ചന് അഭിമുഖീകരിക്കേണ്ടി വന്നു. പണി നിര്‍ത്തിവയ്ക്കണമെന്ന 2500 പേര്‍ ഒപ്പിട്ട ഹര്‍ജി വരെയുണ്ടായിട്ടുണ്ട്. എന്നാല്‍ അതിനെയെല്ലാം അതിജീവിക്കാന്‍ അച്ചന് പ്രാര്‍ത്ഥനയില്‍ അടിയുറച്ച കരുത്തുണ്ടായിരുന്നു.

പെരുമാറ്റത്തിലെ സൗമ്യതയും മാന്യതയും കൊണ്ടാണ് അന്വേഷണഉദ്യോസ്ഥന്മാരെ പോലും തിരിച്ചയ്ക്കാന്‍ അച്ചന് കഴിഞ്ഞത്.
ആര്‍ച്ച് ബിഷപ് ഡോ വലേറിയന്‍ ഡിസൂസയാണ് ആശ്രമത്തിന്റെ ആധാരശില ആശീര്‍വദിച്ചത്. ആര്‍ച്ച് ബിഷപ് ഡോ. ജോസഫ് അട്ടിപ്പേറ്റി കല്ലു സ്ഥാപിക്കുകയും 5000 രൂപ സംഭാവന നല്കുകയും ചെയ്തു. ഭിക്ഷ യാചിച്ചാണ് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കുള്ള തുക അച്ചന്‍ കണ്ടെത്തിയിരുന്നത്. വല്യച്ചനോടുള്ള സ്‌നേഹവും ആദരവും കാരണം തൊഴിലാളികള്‍ കഴിയുന്നത്ര സൗജന്യങ്ങള്‍ അനുവദിച്ചുവെങ്കിലും ആഴ്ചയില്‍ അയ്യായിരം രൂപയോളം അച്ചന് കണ്ടെത്തണമായിരുന്നു.

1959 സെപ്റ്റംബര്‍ 27 ന് ആശ്രമകെട്ടിടത്തിന്റെ ഒരു ഭാഗം പൂര്‍ത്തിയായി.1959 ഒക്‌ടോബര്‍ നാലിന് തുടങ്ങിയ ദൈവാലയനിര്‍മ്മാണം 1965 മാര്‍ച്ച് എട്ടിന് പൂര്‍ത്തിയായി. അന്നേ ദിവസം ആര്‍ച്ച് ബിഷപ് ഡോ. ജോസഫ് അട്ടിപ്പേറ്റി ദൈവാലയത്തിന്റെ പ്രതിഷ്ഠ നിര്‍വഹിച്ചു.
ആശ്രമത്തിന്റെ പണി ഏതാണ്ട് പൂര്‍ത്തിയായിക്കഴിഞ്ഞപ്പോള്‍ പൊന്നുരുന്നിക്കാരുടെ വല്യച്ചന്‍ അപ്പസ്‌തോലിക്ക് സ്‌കൂളിന്റെ പണി ആരംഭിച്ചു. ചെറുപ്പക്കാരുടെ കലാഭിരുചി വളര്‍ത്താന്‍ ശാന്തികലാനിലയവും അതിന് വേണ്ടി സ്ഥിരം സ്റ്റേജും പാരീഷ് ഹാളും അന്ന് പുതുമയുള്ള സംരംഭങ്ങളായിരുന്നു. ഇവയെല്ലാം പൊന്നുരുന്നി എന്ന ദേശത്തിന്റെ മുഖച്ഛായ മാറ്റുകയായിരുന്നു.

അന്‍പത്തഞ്ചുവര്‍ഷം മാത്രം ഭൂമിയില്‍ ജീവിച്ച് മരിച്ച അദ്ദേഹത്തിന്റെ പ്രധാന ശുശ്രൂഷാമണ്ഡലവും പൊന്നുരുന്നിയാണ്. അവസാനത്തെ പത്തുവര്‍ഷം പൊന്നുരുന്നി മാത്രം കേന്ദ്രീകരിച്ചുള്ളതായിരുന്നു.

കുടുംബവും സ്‌നേഹവുമായിരുന്നു തിയോഫിനച്ചന്റെ ഇഷ്ടപ്പെട്ട ധ്യാനവിഷയങ്ങള്‍. അവയെക്കുറിച്ച് എത്ര പറഞ്ഞാലും മതിയാവുകയില്ലായിരുന്നു അദ്ദേഹത്തിന്. വികാരങ്ങളോ ഹൃദ്യമായ വാക്കുകളോ സ്‌നേഹമല്ലെന്നും ദൃഢവും അഗാധവും ശാശ്വതവുമായ പരസ്പര സമര്‍പ്പണവുമാണ് ത്യാഗവുമാണ് സ്‌നേഹമെന്നും അദ്ദേഹം എല്ലാവരെയും പഠിപ്പിച്ചു. സ്‌നേഹമാണ് കുടുംബത്തിന്റെ ജീവന്‍ എന്നും അദ്ദേഹം പഠിപ്പിച്ചു.

നസ്രത്തിലെ തിരുക്കുടുംബത്തെ അദ്ദേഹം എല്ലാ കുടുംബങ്ങള്‍ക്കും മാതൃകയായി ഉയര്‍ത്തിക്കാട്ടി. ഒരുമിച്ച് പ്രാര്‍ത്ഥിക്കുന്ന കുടുംബം ഒരുമിച്ച് കഴിയുമെന്ന് അച്ചന്‍ പറഞ്ഞുകൊടുത്തു. ഒരുവന്റെ ജീവിതത്തിന് നിറവും രൂപവും ഭാവവും കൊടുക്കുന്ന മഹത്തായ ഇടമായി അച്ചന്‍ കുടുംബത്തെ വിലയിരുത്തി. കുടുംബം മനുഷ്യന്റെ സ്വപ്നവും പ്രതീക്ഷയും ആനന്ദവുമാണ്.
മാതാവിനോട് തീവ്രഭക്തിയാണ് തിയോഫിനച്ചന്‍ പുലര്‍ത്തിയിരുന്നത്. മാതാവിനെക്കുറിച്ച് മരിയവിരുദ്ധര്‍ പറയുന്നതെന്തും ആ മനസ്സിനെ കുത്തിനോവിപ്പിച്ചു. ”വ്യാകുലമാതാവേ, ദുഷ്ടന്മാര്‍ നിന്നെ ആക്ഷേപിക്കുമ്പോള്‍ ഞങ്ങള്‍ നിന്നെ സ്‌നേഹിക്കുകയും നിന്റെ സ്തുതിഗീതങ്ങള്‍ പാടുകയും ചെയ്യും” എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രാര്‍ത്ഥനയും അദ്ദേഹം പഠിപ്പിച്ച പ്രാര്‍ത്ഥനയും.

fr-_theophine_Au1968 ഏപ്രില്‍ നാല്
അമ്പത്തഞ്ച് വര്‍ഷം നീണ്ട സ്വാര്‍ത്ഥക ജീവിതത്തിനൊടുവില്‍ സഹനങ്ങളുടെയും വേദനകളുടെയും ഭൗമികലോകത്തില്‍ നിന്ന് വേദനകളില്ലാത്ത ലോകത്തിലേക്ക് തിയോഫിനച്ചന്‍ യാത്രയായത് അന്നായിരുന്നു. 20 വര്‍ഷങ്ങളോളം അദ്ദേഹം രോഗിയായിരുന്നു. കൊല്ലത്ത് അസിസ്റ്റന്റ് സുപ്പീരിയറായി സേവനമനുഷ്ഠിക്കുമ്പോള്‍ തന്നെ തിയോഫിനച്ചന്‍ പ്രമേഹരോഗത്തിന് അടിമയായിക്കഴിഞ്ഞിരുന്നു, ദൈവം അദ്ദേഹത്തിന് നല്കിയ വിശിഷ്ട സമ്മാനമെന്നതുപോലെ.

കാരണം പ്രമേഹം പൂര്‍വ്വികര്‍ക്കാര്‍ക്കും ഉണ്ടായിരുന്നില്ല. ക്രിസ്തുവിന്റെ പീഡാസഹനങ്ങളോട് താദാത്മ്യപ്പെടുവാന്‍ കഴിയത്തക്കവിധത്തില്‍ ഉണങ്ങാത്ത ഒരു മുറിവുമായാണ് ഇക്കാലമത്രയും അദ്ദേഹം ജീവിച്ചുപോന്നത്. വലതുകാലില്‍ മുട്ടിന് താഴെയായി ആറിഞ്ച് നീളവും മൂന്നിഞ്ചുവീതിയുമുള്ളതായിരുന്നു ആ വ്രണം. നിത്യവും ഇന്‍സുലിന്‍ കുത്തിവയ്‌ക്കേണ്ട സ്ഥിതിയായിരുന്നു അദ്ദേഹത്തിന്.

രാവിലെയും വൈകുന്നേരവും സ്വന്തമായി അദ്ദേഹം ഇന്‍സുലിന്‍ എടുക്കുമായിരുന്നു. പ്രമേഹരോഗികള്‍ക്കുള്ള ഭക്ഷണക്രമം ഒരിക്കലും പാലിക്കാത്ത തിയോഫിനച്ചന്‍ ഒരു കൊച്ചുകുട്ടിക്കുള്ളത്ര ഭക്ഷണം മാത്രമേ കഴിച്ചിരുന്നുള്ളൂ.

വെള്ളിയാഴ്ചയിലെ ഉപവാസം രോഗിയായിരുന്നിട്ടും പാലിക്കാന്‍ അച്ചന്‍ ശ്രദ്ധിച്ചു.രോഗത്തെ മുന്‍നിര്‍ത്തി അദ്ദേഹം പ്രത്യേകം ആനുകൂല്യങ്ങളോ ദയയോ പ്രതീക്ഷിച്ചുമില്ല, കൈപ്പറ്റിയുമില്ല. ഏറ്റെടുക്കേണ്ട കര്‍മ്മങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറിയതുമില്ല.

എന്നാല്‍ ആരോഗ്യനില തീരെ മോശമായതോടെ ധ്യാനപ്രസംഗങ്ങള്‍ ഒഴിവാക്കിത്തുടങ്ങി. പിന്നീട് സുപ്പീരിയര്‍ പദവിയും ഒഴിഞ്ഞു. പക്ഷേ അപ്പോഴും രോഗശാന്തി ശുശ്രൂഷയും കൗണ്‍സലിംങും ഭവനസന്ദര്‍ശനവും നിര്‍ബാധം തുടര്‍ന്നു.

1960 മുതല്‍ പെട്ടെന്ന് അബോധാവസ്ഥയിലായിപ്പോകുന്ന അത്യാസന്നനിലയായ ഡയബറ്റിക് കോമ എന്ന അവസ്ഥ അച്ചനെ വേട്ടയാടിത്തുടങ്ങി. പലപ്പോഴും ആശുപത്രികളില്‍ ദിവസങ്ങളോളം കഴിച്ചുകൂട്ടേണ്ടി വന്നു.

അച്ചന്റെ രോഗാവസ്ഥയറിഞ്ഞ് ആശ്രമത്തിന്റെ ഫാമിലി ഡോ ക്ടറായ ഡോ. സുധാകരന്‍ പരിശോധിക്കാനെത്തി. വിദഗ്ദ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിക്കണമെന്ന നിര്‍ദ്ദേശം അച്ചന്‍ ആദ്യം തള്ളിക്കളഞ്ഞുവെങ്കിലും ആശ്രമാധികാരിക്ക് കീഴ്‌പ്പെടണമെന്ന നിയമം അനുസരിച്ച് അനുസരിക്കാന്‍ തയ്യാറായി.

ശൈശവദശയിലായിരുന്ന എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലിലായിരുന്നു പ്രവേശിപ്പിച്ചത്. ഡോ. പുളിക്കന്റെ നിര്‍ദ്ദേശാനുസരണം ഡോ. സെബാസ്റ്റ്യന്‍ സക്കറിയ വല്യച്ചനെ പരിശോധിച്ചു. പ്ലെയ്ന്‍ ഇന്‍സുലിന്‍ കുത്തിവയ്ച്ചിട്ടും സാധാരണനിലയിലേക്ക് അച്ചന്‍ മടങ്ങിയില്ല. രാത്രി ഒമ്പതുമണിക്ക് തിയോഫിനച്ചന് രോഗീലേപനം നല്കി. ബ്ര. ഇസിദോറും അപ്പസ്‌തോലിക് സ്‌കൂളിലെ അന്തേവാസികളായ വി.എ. അഗസ്റ്റിനും റ്റി.ഒ. ഫ്രാന്‍സീസും മാത്രമേ ആ സമയത്ത് വല്യച്ചന്റെ രോഗക്കിടയ്ക്കരികില്‍ ഉണ്ടായിരുന്നുള്ളൂ.

സമയം രാത്രി 11.15.
അച്ചന്‍ കണ്ണുകള്‍ തുറന്നു. സമീപത്തുണ്ടായിരുന്നവര്‍ക്ക് പ്രതീക്ഷയായി. പക്ഷേ അടുത്തനിമിഷം ആ കണ്ണുകള്‍ എന്നേയ്ക്കുമായി അടഞ്ഞു. ശ്വാസം നിലച്ചു. മൂന്നുപേര്‍ക്കും അത് മരണമായിരുന്നുവോ എന്നുപോലും തിരിച്ചറിയാന്‍ കഴിഞ്ഞില്ല. കാരണം അത്രയ്ക്കും സ്വാഭാവികവും ശാന്തവുമായിരുന്നു തിയോഫിനച്ചന്റെ മരണം.
ഒരു കുഞ്ഞ് ഉറങ്ങുന്നതുപോലെ അത്രയ്ക്കും പ്രശാന്തതയിലായിരുന്നു തിയോഫിനച്ചന്റെ അന്ത്യനിദ്ര. എല്ലാവരെയും അഭിവാദ്യം ചെയ്യുന്നതുപോലെ മരിച്ചുകിടക്കുമ്പോഴും ആ മുഖത്ത് ചിരി മാഞ്ഞിരുന്നില്ല. ഫ്രാന്‍സിസ്‌ക്കന്‍ സന്ന്യാസവസ്ത്രം അണിഞ്ഞ്, കപ്പൂച്ചിന്‍സഭയുടെ നിയമാവലിപുസ്തകം കയ്യിലേന്തി ഒരു വിശുദ്ധനായി ശവപേടകത്തിനുള്ളില്‍ തിയോഫിനച്ചന്‍ ഉറങ്ങിക്കിടന്നു. ചുറ്റും പ്രിയപ്പെട്ടവരുടെ സങ്കടങ്ങള്‍ കണ്ണീരായി പെയ്തു.

അതിന് അകമ്പടിയായി നിരന്തരമായ വി. കുര്‍ബാനകളും ഒപ്പീസുകളും ഉയരുന്നുണ്ടായിരുന്നു. വിശുദ്ധനായ തങ്ങളുടെ വല്യച്ചനെ അവസാനമായി ഒരുനോക്കുകാണുവാന്‍ ജനം സങ്കടമര്‍ത്തി നിരനിന്നു. അവര്‍ കൊന്തയും വെന്തീങ്ങയും തൂവാലകളും അച്ചന്റെ ഭൗതികശരീരത്തില്‍ തൊട്ടുവന്ദിച്ചു. ഒരു തിരുശേഷിപ്പ് സൂക്ഷിച്ചുവയ്ക്കണമെന്ന ആഗ്രഹത്തോടെ.. ആ ഭൗതികദേഹം തൊട്ടുവണങ്ങിയ ചിലര്‍ക്ക് ആ ശരീരത്തില്‍ മരണത്തിന്റെ തണുപ്പല്ല അനുഭവപ്പെട്ടത്, മറിച്ച് ജീവന്റെ ചൂടായിരുന്നു. അതായിരുന്നു അത്ഭുതവും.

അന്ത്യോപചാരമര്‍പ്പിക്കാനെത്തിയവരുടെ നീണ്ട നിര കാരണം രാത്രി എട്ടുമണിയോടെയാണ് തിയോഫിനച്ചന്റെ ഭൗതികശരീരം കല്ലറയില്‍ അടക്കം ചെയ്തത്.

ജീവിച്ചിരുന്നപ്പോഴേ വിശുദ്ധനായി ജനം വിശ്വസിച്ചിരുന്ന തിയോഫിനച്ചന്റെ സമാധിക്ക് മുമ്പില്‍ ഇന്ന് അനേകായിരങ്ങള്‍ ജീവിതത്തിന്റെ തീരാ സങ്കടങ്ങള്‍ക്കായി മുട്ടുകുത്തി മാധ്യസ്ഥം യാചിക്കുന്നു. സ്വര്‍ഗ്ഗത്തിലിരുന്ന് തിയോഫിനച്ചന്‍ ആ പ്രാര്‍ത്ഥനകള്‍ ദൈവത്തിന് സമര്‍പ്പിച്ച് അനേകരുടെ കണ്ണീരുകള്‍ തുടച്ചുകൊടുത്തുകൊണ്ടിരിക്കുന്നു.

”പിതാവിനോടും പരിശുദ്ധാരൂപിയോടും കൂടെ നിത്യമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന കര്‍ത്താവീശോമിശിഹാ നിങ്ങളെ സംരക്ഷിക്കുവാന്‍ നിങ്ങളോടുകൂടെയുണ്ടായിരിക്കട്ടെ” എന്ന അദ്ദേഹത്തിന്റെ ശാന്തഗംഭീരമായ ആശീര്‍വാദസ്വരം ഇപ്പോഴും കാതുകളില്‍ മുഴങ്ങുന്നുണ്ടെന്നും അദ്ദേഹത്തിന്റെ ആശീര്‍വാദകരം തങ്ങളുടെ ശിരസിന് മീതെയുണ്ടെന്നും സമാധിയിങ്കല്‍ എത്തുന്ന ഓരോ വിശ്വാസിക്കും അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നു.

പ്രിയപ്പെട്ട തിയോഫിനച്ചാ, അങ്ങയുടെ സവിധത്തിലേക്ക് ഞങ്ങളുടെ ജീവിതനിയോഗങ്ങളും സങ്കടങ്ങളും സമര്‍പ്പിച്ചുകൊണ്ട്, ഞങ്ങള്‍ക്കുവേണ്ടി മാധ്യസ്ഥം യാചിക്കണമേയെന്ന് പ്രാര്‍ത്ഥിക്കുന്നു..

( ദൈവദാസന്‍ തിയോഫിനച്ചന്‍റെ ജീവിതകഥ ഇവിടെ പൂര്‍ണ്ണമാകുന്നു.)

വിനായക് നിര്‍മ്മല്‍

You must be logged in to post a comment Login