പോരാ, പോരാ…?

പോരാ, പോരാ…?

അടുത്തയിടെ വായിച്ചവയില്‍ വല്ലാതെ മനസ്സ് നൊന്ത ഒരു വാര്‍ത്തയുണ്ട്. കാസര്‍ഗോഡു നിന്നാണത്. വീട്ടുജോലിക്ക് നിന്ന ഒരു എഴുവയസുകാരിയെ കഴുത്തില്‍ കത്തിവച്ചും പട്ടിണിക്കിട്ടും തല മൊട്ടയടിച്ചും ജോല ി ചെയ്യിച്ച സംഭവമാണത്.

മകനെയാണ് അപ്പോള്‍ ഓര്‍മ്മ വന്നത്. അവന് ഈ മാസം പതിനാറിന് ഏഴുവയസ് പൂര്‍ത്തിയാകുന്നതേയുള്ളൂ. അവന്റെ പ്രായത്തിലുള്ള ഒരു കുട്ടി. ദൈവമേ, സങ്കടം വന്നെന്റെ കണ്ണ് നിറയ്ക്കുന്നു.

എങ്ങനെ തോന്നും ഒരാള്‍ക്ക് അത്രയുമൊക്കെ ക്രൂരത ഒരു കുട്ടിയോട് ചെയ്യാന്‍..?

മകന് ഇടയ്ക്ക് കുരുത്തക്കേടുകള്‍ക്ക് അടിവച്ചുകൊടുക്കുകയും നുള്ളുകയും ഒക്കെ ചെയ്തിട്ടുണ്ടെങ്കില്‍ പോലും അതിന് ശേഷം എത്രയോ ഭാരമാണ് മനസ്സില്‍ തോന്നിയിട്ടുള്ളത്. പാവം എന്റെ മോന്‍ എന്ന് ഒരിക്കല്‍പോലും സങ്കടം തോന്നാതിരുന്നിട്ടില്ല.

കളിച്ചുനടക്കേണ്ട പ്രായത്തില്‍ ഒരുവീട്ടില്‍ വേലയ്ക്ക് നില്‍ക്കാന്‍ മാത്രം എത്രയോ വലിയ നിസ്സഹായതയും ദാരിദ്രവുമായിരിക്കാം ആ കുഞ്ഞിന്റെ വീട്ടിലുണ്ടായിരിക്കുക എന്നും ആലോചിച്ചുപോകുന്നു. കൂടുതല്‍ ജോലി എടുപ്പിക്കാന്‍ വേണ്ടിയായിരുന്നു ആ പീഡനങ്ങളെല്ലാം. ഒരു ഏഴുവയസുകാരിക്ക് ചെയ്യാന്‍ കഴിയുന്നതിനെല്ലാം പരിധിയില്ലേ..?

സത്യത്തില്‍ ആ പെണ്‍കുഞ്ഞ് ഒരു പ്രതീകമാണ്. തല മുണ്ഡനം ചെയ്തും കഴുത്തില്‍ കത്തിവയ്ക്കപ്പെട്ടും ജോലി ചെയ്യാന്‍ നിര്‍ബന്ധിതരാകുന്ന അനേകമനേകം തൊഴിലാളികളുടെ പ്രതീകം.

പ്രമുഖമായ ചില വസ്ത്രവ്യാപാരകേന്ദ്രങ്ങളില്‍ സെയില്‍സ് ഗേളായി ജോലി ചെയ്യുന്നവര്‍ക്ക് ഇരിക്കുവാന്‍ അനുവാദമില്ലെന്നത് പോട്ടെ, ശാരീരികാവശ്യങ്ങള്‍ കൃത്യസമയത്ത് നിര്‍വഹിക്കാന്‍പോലും സമയം ലഭിക്കാറില്ലെന്ന് പറഞ്ഞുകേള്‍ക്കുന്നു. ന്യായമായ അവകാശങ്ങള്‍ക്ക് വേണ്ടി അവര്‍ നടത്തിയ ധീരസമരങ്ങളുടെ അലകള്‍ കെട്ടടങ്ങിയതേയുള്ളൂ.

വളരെ വൈകി മാത്രം സ്ഥാപനത്തില്‍ നിന്നിറങ്ങി വീട്ടില്‍ എത്താന്‍ ധൃതിപിടിച്ചോടി രാത്രിബസുകളില്‍ ഒടിഞ്ഞുതൂങ്ങിയിരുന്ന് ഉറങ്ങിപ്പോകുന്ന അനേകം സ്ത്രീകള്‍ നഗരങ്ങളിലെ ബസ് യാത്രകളിലെ സ്ഥിരം കാഴ്ചയാണ്. വീട്ടിലും വിശ്രമമില്ലാത്ത പാവം സ്ത്രീകള്‍.

മുതലാളിത്തത്തിന്റെ ഇരുണ്ടമുഖമാണ് തൊഴിലാളികളെ  ഇപ്രകാരം ചൂഷണം ചെയ്യല്‍. ഓരോ മുതലാളിയും തൊഴിലാളിയോട് പറയുന്നത് ഇതാണ്.പോരാ പോരാ..നീ ചെയ്തത് പോരാ..ഇനിയും നീ ജോലി ചെയ്യണം.. ഇനിയും…

നിന്നിലെ സാധ്യതകളെയല്ല നിന്റെ സ്ഥാപനം പ്രയോജനപ്പെടുത്തുന്നത്..നിന്റെ വളര്‍ച്ചയുമല്ല. നീ വഴി എന്റെ സ്ഥാപനം കരസ്ഥമാക്കാനുള്ള നേട്ടങ്ങള്‍ക്കുവേണ്ടിയാണ് ഞാന്‍ നിന്നെ ഉപയോഗിക്കുന്നത്. അതൊരിക്കലും നിന്നോടുള്ള എന്റെ സ്‌നേഹമല്ല.. എന്റെ തന്നെ സ്വാര്‍ത്ഥതയാണ്. ഒരു കസ്റ്റമര്‍ സാധനം വാങ്ങാതെ പോയാല്‍ പോലും പഴി കേള്‍ക്കപ്പെടുന്ന എത്രയോ സെയില്‍സ്‌ ഗേളുമാര്‍!

ഞെക്കിപിഴിയപ്പെടുന്ന കരിമ്പിന്‍ച്ചണ്ടികളാണ് എന്നും എവിടെയും എക്കാലത്തും തൊഴിലാളികള്‍. ഒരു സ്ഥാപനത്തിന്റെ വളര്‍ച്ചയ്ക്ക് വേണ്ടി ചോര നീരാക്കി മാറ്റിയിട്ടും പെന്‍ഷന്‍ പറ്റുന്നതോടെ അവര്‍ അവിടെ ആരുമല്ലാതായിത്തീരുന്ന എത്രയോ സംഭവങ്ങളുണ്ട് നമുക്ക് ചുറ്റും?

തൊഴിലാളിയെ സ്‌നേഹിക്കുന്ന എത്ര മുതലാളിമാരുണ്ടിവിടെ?  അവരെ അംഗീകരിക്കാനോ പ്രോത്സാഹിപ്പിക്കാനോ മനസ്സുള്ളവര്‍?

അല്ലെങ്കില്‍ പറയൂ, നിങ്ങള്‍ ഒരാള്‍ക്കെങ്കിലും തൊഴില്‍ നല്കുന്ന വ്യക്തിയാണെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ തൊഴിലാളിയെ നോക്കി അയാളുടെ പ്രവൃത്തിയെക്കുറിച്ച് ഒരു അഭിനന്ദനവാക്കെങ്കിലും പറഞ്ഞിട്ടുണ്ടോ? അയാള്‍ ചെയ്തതിന് അപ്പുറം ചെയ്യാതെ പോയതിലേക്കല്ലേ നിങ്ങളുടെ കണ്ണുകള്‍ ആദ്യം എത്തുന്നത്?

ഇനി നിങ്ങള്‍ ഒരു തൊഴിലാളിയാണെങ്കില്‍ നിങ്ങള്‍ക്ക് ഇന്നേവരെ എത്ര അഭിനന്ദനവചസുകള്‍ നിങ്ങളുടെ മുതലാളിയില്‍ നിന്ന് കിട്ടിയിട്ടുണ്ട്? നിന്ദാവാക്കുകളെയും കുറ്റങ്ങളെയുംക്കാള്‍ വളരെ പിന്നിലായിരിക്കും അവ എപ്പോഴും എന്നത് തീര്‍ച്ചയാണ്.

സ്വകാര്യസ്ഥാപനങ്ങളെ പോലെ തന്നെയാണ് നമ്മുടെ ചില സ്ഥാപനങ്ങളും എന്നതാണ് ഒരു യാഥാര്‍ത്ഥ്യം. എത്ര ചെയ്താലും തൃപ്തിവരാത്തവര്‍.. തൊഴിലാളിയെ അടിമയെപോലെ കാണുന്നവര്‍..നമ്മുടെ ആത്മീയസ്ഥാപനങ്ങളിലും അത്തരം ശീലങ്ങളൊക്കെയുണ്ട്.

ഏറ്റവും വലിയ സാമ്പത്തികസ്രോതസായിട്ടാണ് സഭയെ എക്കാലവും പരിഗണിച്ചുപോരുന്നത്..എന്നിട്ടും സഭയുടെ കീഴില്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലാണ് ഏറ്റവും കുറവു ശമ്പളം ലഭിക്കുന്നത് എന്നതാണ് ഒരു വൈരുദ്ധ്യം..അത് സ്‌കൂളായാലും ആശുപത്രിയായാലും പത്രമോഫിസായാലും. ജീവിതത്തില്‍ നടപ്പില്‍ വരുത്താത്ത പരിഗണനയും സ്നേഹവും കാരുണ്യവും പ്രസംഗങ്ങളിലും എഴുത്തുകളിലും മാത്രമായി പരിമിതപ്പെടുന്നു.!

തൊഴിലാളിയെ അംഗീകരിക്കാനും സത്യസന്ധതയോടെ സ്‌നേഹിക്കാനും കഴിയുമ്പോള്‍ മാത്രമേ സ്ഥാപനത്തെ സ്‌നേഹിക്കാന്‍ തൊഴിലാളിക്കുമാവൂ. അപ്പോള്‍ മാത്രമേ അയാളിലെ സാധ്യതകള്‍ അതിന്റേതായ രീതിയില്‍ പുറത്തുവരൂ. സൂര്യവെളിച്ചമേല്ക്കാത്ത  ചെടിയും സൂര്യവെളിച്ചമേല്ക്കുന്ന ചെടിയും വളര്‍ന്നുവരുന്നതിലെ അന്തരം സയന്‍സ്‌ക്ലാസുകളില്‍ മാത്രമല്ല ജീവിതത്തിലെ എല്ലാ തൊഴില്‍വഴികളിലും പാഠമാവേണ്ടതാണ്..

അനുബന്ധം: ഒരു കരിസ്മാറ്റിക് കണ്‍വന്‍ഷന്‍ പന്തല്‍.സ്റ്റേജില്‍ പ്രെയ്‌സ് ആന്റ് വര്‍ഷിപ്പ്. നേതൃത്വം നല്കുന്ന ആള്‍ ആദ്യം ഇങ്ങനെ പറയുന്നു,

സ്തുതിക്കുക ദൈവത്തെ സ്തുതിക്കുക.. ആളുകള്‍ സ്തുതിച്ചുതുടങ്ങി.

അടുത്തുനില്ക്കുന്ന, ഇരുവശങ്ങളിലും നില്ക്കുന്ന രണ്ടുപേര്‍ കേള്‍ക്കത്തക്ക ഉച്ചത്തില്‍ സ്തുതിക്കുക എന്ന് അടുത്ത നിര്‍ദ്ദേശം.

ആളുകള്‍ അത് അനുസരിക്കുന്നു.. ഇനി അഞ്ചുപേര്‍ കേള്‍ക്കത്തക്ക ഉച്ചത്തില്‍ സ്തുതിക്കുക.. ലീഡറിന്റെ അടുത്ത നിര്‍ദ്ദേശം.

ആളുകളുടെ സ്തുതിപ്പിന്റെ ശബ്ദം വീണ്ടും ഉയര്‍ന്നു.

ഇനി സമീപത്തുള്ള പത്തുപേര്‍ കേള്‍ക്കെ സ്തുതിക്കുക..

ആളുകള്‍ അതും അനുസരിച്ചു.

അപ്പോഴതാ അടുത്ത വിളംബരം .

ഈ പരിസരം മുഴുവന്‍ കേള്‍ക്കത്തക്ക ഉച്ചത്തില്‍ സ്തുതിക്കുക.. ഇപ്പോള്‍ ജനങ്ങള്‍ സകലതും മറന്ന് സ്തുതിക്കുകയാണ്..കൊടുങ്കാറ്റിന്റെ ഇരമ്പല്‍ പോലെ..

അപ്പോഴതാ വരുന്നു ലീഡറിന്റെ മൈക്കിലൂടെയുള്ള സ്വരം..പോരാ പോരാ.. ഇതുപോരാ..

ദൈവമേ.. നമ്മളെ ആര്‍ത്തിക്കാരായി മാറ്റിയത് ഇത്തരം ചില പ്രാര്‍ത്ഥനകളാണോയെന്ന് എനിക്ക് ബലമായ സംശയമുണ്ട്. പോരാ പോരാ എന്നത് ഒരു മനോഭാവമാണ്.അല്ലാതെ അതൊരിക്കലും പ്രാര്‍ത്ഥനയുടെ രീതിയല്ല. എത്ര കിട്ടിയാലും മതിയാവാത്ത മനസ്സിന്റെ അത്യാഗ്രഹമാണത്..

പോരാ പോരാ എന്നല്ല ചിലതിനോടൊക്കെ മതിയെന്ന് പറയാനും നമുക്ക് കഴിയണം..അത് മനസ്സിന്റെ ആര്‍ജ്ജവമാണ്..വ്യക്തിത്വത്തിന്റെ സവിശേഷതയാണ്. നട്ടെല്ലുള്ള ആത്മീയതയുടെ ലക്ഷണമാണ്.

ഇനിയും കിട്ടാനുള്ള സ്ഥാനങ്ങളോടും പദവികളോടും പ്രശസ്തിയോടും സ്ഥാപനത്തിന്റെ വളര്‍ച്ചയോടുമല്ല പോരാ പോരാ എന്ന് പറയേണ്ടത്..ഞാന്‍ ഇപ്പോള്‍ ജീവിക്കുന്ന രീതികളോട്,മറ്റുള്ളവരോടുള്ള എന്റെ ഇടപെടലുകളോട് ഞാന്‍ ഇങ്ങനെയായാല്‍ പോരായെന്നും ഞാന്‍ ഇനിയും നന്നാവാനുണ്ട് എന്ന മട്ടിലുമായിരിക്കട്ടെ നമ്മുടെ പോരാ പോരാ വിളികള്‍.

എന്നിട്ട് ലൗകികവും നമ്മെ വരിഞ്ഞുമുറുക്കിയിരിക്കുന്നതുമായ എല്ലാതരം ബന്ധനങ്ങളോടും മതിയെന്ന് പറയുക.. എത്ര നേടിയിട്ടും ഞാന്‍ ഒന്നും കൊണ്ടുപോകുന്നില്ല എന്ന് ലോകം അറിയാനായി ശവമഞ്ചത്തില്‍ എന്റെ കൈകള്‍ പുറത്തേയ്ക്കിടുക എന്ന് പറഞ്ഞ നെപ്പോളിയനെ ഓര്‍മ്മിക്കുക..

തൊഴിലാളിയെ ചൂഷണം ചെയ്തും പിഴിഞ്ഞും അവന്റെ സന്തോഷങ്ങള്‍ അപഹരിച്ചും നീ നേടിയെടുക്കുന്ന വിജയങ്ങളും പ്രശസ്തിയും നിന്നെ ദൈവത്തിന് പ്രിയപ്പെട്ടവനാക്കുമോ എന്ന് മാത്രം അന്വേഷിക്കുക.. ആ ഉത്തരം ധ്യാനിച്ചിട്ടായിരിക്കട്ടെ ഇനിയുള്ള നിന്റെ ജീവിതവും പ്രവര്‍ത്തനവും..

 

വിനായക് നിര്‍മ്മല്‍

You must be logged in to post a comment Login