പോളണ്ടില്‍ യുവാക്കള്‍ക്കായി സന്യാസ സമൂഹം സ്ഥാപിച്ച വൈദികന്‍ വിശുദ്ധ പദവിയിലേക്ക്

പോളണ്ടില്‍ യുവാക്കള്‍ക്കായി സന്യാസ സമൂഹം സ്ഥാപിച്ച വൈദികന്‍ വിശുദ്ധ പദവിയിലേക്ക്

പോളണ്ട്: യുവാക്കള്‍ക്കായുള്ള പോളണ്ടിലെ ആദ്യ സന്യാസ സമൂഹം സ്ഥാപിച്ച വാഴ്ത്തപ്പെട്ട സ്റ്റാനിസ്‌ലേയസ് പാപ്ക്‌സിന്‍സിയെ ജൂണ്‍ 5ന് വിശുദ്ധനായി ഉയര്‍ത്തും. ഈ പ്രഖ്യാപനത്തിലൂടെ എല്ലാവരിലേക്കും തുറന്നിരിക്കുന്ന ദൈവകരുണയുടെ ഹൃദയം ആളുകളിലേക്ക് എത്തിക്കുന്നതിനായി പരിശ്രമിച്ച വാഴ്ത്തപ്പെട്ട പാപ്ക്‌സിന്‍സിയുടെ ശ്രമങ്ങളാണ് ലോകം അറിയുവാന്‍ ഇടയാകുന്നതെന്ന് പോളണ്ട് ബിഷപ്പുമാര്‍ പറഞ്ഞു.

വാഴ്ത്തപ്പെട്ട സ്റ്റാനിസ്‌ലേയസ് പാപ്ക്‌സിന്‍സി സ്ഥാപിച്ച മരിയന്‍സ് ഓഫ് ദി ഇമ്മാകുലേറ്റ് കണ്‍സപ്ഷന്‍ സഭയില്‍  ഇപ്പോള്‍ 19 രാജ്യങ്ങളിലായി 500 വൈദികരാണ് ഉള്ളത്. പശ്ചാത്തപിക്കുന്ന ഏതു പാപിക്കും മുന്‍പില്‍ പരിത്രാണത്തിന്റെ വാതില്‍ അടഞ്ഞുകിടക്കില്ല എന്നു കാണിച്ചു തന്നയാളാണ് വാഴ്ത്തപ്പെട്ട പാപ്ക്‌സിന്‍സിയെന്ന് പോളണ്ട് ബിഷപ്പുമാര്‍ ഇടയലേഖനത്തില്‍ പറഞ്ഞു.

ദൈവത്തോടും മനുഷ്യരോടും രാജ്യത്തോടുമുള്ള സ്‌നേഹമാണ് മറ്റുള്ളവര്‍ക്കായി സേവനം ചെയ്യുവാന്‍ ഇദ്ദേഹത്തെ പ്രേരിപ്പിച്ചത്. പോളണ്ടിലെ പൊഡീഗ്രോഡ്‌സീയില്‍ ഒരു കൊല്ലന്റെ മകനായി ജനിച്ച ഇദ്ദേഹം സ്‌പെയിന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പിയാരിസ്റ്റ് സഭാ സമൂഹത്തില്‍ 1654ല്‍ ചേര്‍ന്നു. 1661ല്‍ വൈദികനായി.

എന്നാല്‍ തന്റെ സഭാ സമൂഹത്തിന്റെ പ്രവര്‍ത്തനരീതികളില്‍ അതൃപ്തനായ ഇദ്ദേഹം അവിടെ നിന്നും ഇറങ്ങി പുതിയൊരു ധ്യാന കേന്ദ്രം സ്ഥാപിച്ചു. അവിടെ അദ്ദേഹം ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നതിനും പരിശുദ്ധ കന്യാമറിയത്തോടുള്ള ഭക്തി പ്രചരിപ്പിക്കുന്നതിനും പ്രാധാന്യം നല്‍കി.

ഗോറാ കാല്‍വാരിയായില്‍ വച്ച് മരിച്ച ഇദ്ദേഹത്തെ അടക്കിയിരിക്കുന്നത് മരിയന്‍ ചര്‍ച്ച് ഓഫ് ദി ബ്ലെസഡ് വെര്‍ജിനിലാണ്. 2007സെപ്റ്റംബറിലാണ് പാപ്ക്‌സിന്‍സിയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത്.

You must be logged in to post a comment Login